ഈ സ്മാരകത്തിന് പറയാനുള്ളത് 500 വർഷം പഴക്കമുളള ഒരു പ്രണയകഥ

ഗുജറാത്തിലെ രുദാബായ് സ്റ്റെപ് വെൽ(step well) യാത്രാനുഭവങ്ങളുമായി ആർക്കിടെക്ട് ഇനേഷ്

വർഷത്തിലൊരിക്കൽ ഒരു യാത്ര പതിവുള്ളതാണ്. ഓഫീസിലെയും വീട്ടിലെയും എല്ലാ തിരക്കുകളും മാറ്റിവച്ച് ഒരു മാസത്തോളം നീണ്ട ഒറ്റയ്ക്കുള്ളൊരു യാത്ര. ഇന്ത്യയുടെ വാസ്തുവിദ്യാ വൈഭവവും കലകളും സംസ്കാരവും ജീവിത രീതികളുമെല്ലാം അറിയുക എന്ന ലക്ഷ്യമാണ് ഈ യാത്രകളുടെയെല്ലാം പിറകിൽ. അതുകൊണ്ടുതന്നെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഒഴിവാക്കി വാസ്തുശാസ്ത്രപരമായി പ്രാധാന്യമുള്ള കാഴ്ചകളിലേക്കാണ് ശ്രദ്ധയൂന്നാറുള്ളത്.

ഗ്രാമങ്ങളിൽ താമസിച്ച് അവരുടെ ഭക്ഷണവും ജീവിത രീതിയും എല്ലാം അറിയുമ്പോഴാണ് യാത്രയുടെ യഥാർഥസത്ത് ലഭിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ സംസ്കാരം വെറുതെ അറിയുക മാത്രമല്ല ചെയ്യുന്നത്. കാണുന്ന കാഴ്ചകളെല്ലാം ഫോട്ടോകളിലൂടെയും വിഡിയോയിലൂടെയും വരകളിലൂടെയും ‘റിക്കോഡ്’ ചെയ്തു വയ്ക്കുന്നുമുണ്ട്. വാസ്തു ശാസ്ത്രപരമായി ശ്രദ്ധേയമായ കെട്ടിടങ്ങളുടെ ചിത്രങ്ങൾ സ്പോട്ടിൽ വച്ചു തന്നെ വരച്ച് ചില്ലിട്ടുവയ്ക്കുന്നതും എന്റെയൊരു രീതിയാണ്. ഈ ചിത്രങ്ങളും വീഡിയോയുമെല്ലാം പൊതുജനങ്ങൾക്കു വേണ്ടി പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. ആ ഘട്ടം കൂടി കഴിയുമ്പോഴേ യാത്ര പൂർത്തിയാകൂ എന്നാണ് തോന്നാറുള്ളത്.

സ്റ്റെപ് വെല്ലുകളുടെ ലോകം

ഇത്തരമൊരു യാത്രയുടെ ഭാഗമായി 2010 ലാണ് അഹമ്മദാബാദ് സന്ദർശിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സർവസാധാരണമായ സ്റ്റെപ് വെൽ ആയിരുന്നു ലക്ഷ്യം. വരണ്ട കാലാവസ്ഥയുള്ള ഉത്തരേന്ത്യൻ ഗ്രാ‌‌മങ്ങളിൽ വെള്ളം ലഭിക്കാനുള്ള പൊതുജലാശയങ്ങളാണ് സ്റ്റെപ് വെല്ലുകൾ. ഗുജറാത്തി ഭാഷയിൽ ‘വാവ്’ എന്നാണ് സ്റ്റെപ് വെൽ അറിയപ്പെടുന്നത്. 120 ലേറെ സ്റ്റെപ് വെല്ലുകൾ അഹമ്മദാബാദിലും പരിസരങ്ങളിലും ഉണ്ടെങ്കിലും അദാലജിലെ രുദാബായ് സ്റ്റെപ് വെല്ലാണ് തിരഞ്ഞെടുത്തത്. കാരണം, വാസ്തു ശാസ്ത്രപരമായി വളരെയധികം പ്രത്യേകതകളുള്ള ഈ സ്റ്റെപ് വെലൽ ഒരു പ്രണയ സ്മാരകം കൂടിയാണ്.

കാലം കാത്ത പ്രണയകാവ്യം

അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തിൽ ഭൂമിയുടെ അടിയിലേക്ക് പണിതുയർ ത്തിയ രീതിയിലാണ് സ്റ്റെപ് വെല്ലുകൾ.

500 വർഷത്തിലധികം പഴക്കമുണ്ട് രുദാബായ് സ്റ്റെപ് െവല്ലിന്. 1499 ലാണ് ഇതിന്റെ പണി പൂർത്തീകരിച്ചതെന്നു കരുതുന്നു. വഗേല ഗോത്രത്തിന്റെ നേതാവായിരുന്ന റാണാ വീർ സിങ് വഗേലയുടെ ഭാര്യയായിരുന്നു രുദാബായ്. റാണാവീർ സിങ് വഗേല, ഈ പ്രത്യേക സ്റ്റെപ് വെല്ലിന്റെ നിർമാണം പൂർത്തികരിക്കും മുമ്പ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മഹമൂദ് ബേഗഡ എന്ന മുസ്‌ലിം ഭരണാധികാരിയാണ് വീർ സിങ് വാഗേലയെ കൊന്ന് രാജ്യം പിടിച്ചടക്കിയത്. അതിസുന്ദരിയായിരുന്ന രുദാബായിയെ ഭാര്യയാക്കാൻ മഹമൂദ് ബേഗഡ ആഗ്രഹിച്ചു. സ്റ്റെപ് വെല്ലിന്റെ നിർമാണം പൂർത്തീകരിച്ചതിനുശേഷം വിവാഹത്തിനു സമ്മതിക്കാമെന്നതായിരുന്നു. രുദാബായിയുടെ നിബന്ധന. ഏകദേശം 20 വർഷത്തോളം നീണ്ടു പണി. പണി പൂർത്തീകരിച്ചപ്പോൾ സ്റ്റെപ് വെല്ലിലെ ജലാശയത്തിൽ ചാടി ജീവൻ വെടിഞ്ഞാണ് ഭർത്താവിനോടുളള തന്റെ പ്രണയം രുദാബായ് തെളിയിച്ചത്. രുദാബായിയെ വളരെയേറെ സ്നേഹിച്ചിരുന്ന മഹമൂദ് ആ ജലാശയത്തിന് അവരുടെ പേരു നൽകി ആദരിച്ചു.

തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളിൽ നിന്ന് രുദാബായ് സ്റ്റെപ് വെല്ലിലേക്ക് പടികളുണ്ട്. വടക്കു ഭാഗത്താണ് ജലാശയം.

ഇന്തോ– ഇസ്ലാം ആർക്കിടെക്ചറിന്റെ മനോഹരമായൊരു ഉദാഹരണമാണ് രുദാബായ് സ്റ്റെപ് വെൽ. വീർ സിങ് വഗേലയുടെ കാലത്ത് ഘടന പൂർത്തിയാക്കിയെങ്കിലും രുദാബായിയുടെ മേൽനോട്ടത്തിൽ മഹമൂദാണ് കൊത്തുപണികളും മറ്റു ഘടകങ്ങളും കൂട്ടിച്ചേർത്തത്. അറബിക് – പേർഷ്യൻ ശൈലിയിൽ സ്ഥിരമായി കാണുന്ന പൂക്കളും ജ്യാമിതീയ ഡിസൈനുകളുമെല്ലാം ഇവിടെ കാണാം. ഉത്തരേന്ത്യയിൽ സുലഭമായ സാൻഡ് സ്റ്റോണാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൃദുവായതിനാൽ കൊത്തുപണി എളുപ്പമാണെന്നത് സാൻഡ് സ്റ്റോണിന്റെ പ്രത്യേകതയാണ്. പിന്നീട് വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ സാൻഡ് സ്റ്റോണിന് കടുപ്പം കൂടുന്നു.

അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തിൽ ഭൂമിയുടെ അടിയിലേക്ക് പണിതുയർത്തിയ രീതിയിലാണ് സ്റ്റെപ് വെല്ലുകൾ. പേര് സൂചിപ്പിക്കുന്നതുപോലെ പടികൾ ഇറങ്ങി ഒടുവിൽ ജലാശയത്തിലേക്ക് എത്തിച്ചേരുന്നു. പുറത്തുനിന്നു നോക്കുന്നയാൾ വെറുമൊരു മണ്ഡപം മാത്രമേ കാണുകയുള്ളൂ. തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളിൽ നിന്ന് രുദാബായ് സ്റ്റെപ് വെല്ലിലേക്ക് പടികളുണ്ട്. വടക്കു ഭാഗത്താണ് ജലാശയം.

കൊത്തുപണികളോടു കൂടിയ മണ്ഡപം, അതിനുശേഷം പടികൾ, വീണ്ടും മണ്ഡപം ഇങ്ങനെ അഞ്ച് നിലകളുടെ ഉയരം താഴേക്ക് ഇറങ്ങി വരണം. മണ്ഡപങ്ങൾ ഓരോന്നും കൊത്തുപണികളാലും ശിൽപങ്ങളാലും സമ്പന്നമാണ്. ഏറ്റവും താഴത്തെ തട്ടിൽ രണ്ട് ജലാശയങ്ങളാണ് ഉള്ളത്. ഒന്ന്, റാണിക്കു നീരാടാനുള്ള കുളം, രണ്ടാമത്തേത് വെള്ളം എടുക്കാനുള്ള കിണർ. വെള്ളം എടുക്കാൻ താഴേക്ക് ഇറങ്ങുമ്പോഴും വെള്ളവുമായി തിരിച്ചു കയറുമ്പോഴും യാതൊരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാണ് സ്റ്റെപ് വെല്ലിന്റെ സംവിധാനം. വെള്ളം ലഭിക്കാനുള്ള ഇടം എന്ന രീതിയിൽ മാത്രമല്ല സ്റ്റെപ് വെല്ലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് ഒരുമിച്ചിരിക്കാനും സല്ലപിക്കാനുമുള്ള ഇടംകൂടിയാണിത്. റാണിമാരും സമൂഹത്തിലെ ഉന്നത നിലയിലുള്ളവ‌രുമെല്ലാം എത്തുന്ന സ്ഥലമായതിനാൽ സംഗീതം പോലുള്ള വിവിധ കലകളും ഉത്സവങ്ങളുമെല്ലാം ഇവിടെ സാധാരണമായിരുന്നു. അതുകൊണ്ടുതന്നെ വളരെ സർഗാത്മകമായ ഇടങ്ങളായി കണക്കാക്കണം സ്റ്റെപ് വെല്ലുകളെ.

ആർക്കിടെക്ട് ഇനേഷ് വി. ആചാരി

ആർക്കിടെക്ചർ അദ്ഭുതം

ആർക്കിടെക്ടിന്റെ കണ്ണിലൂടെ നോക്കുമ്പോഴും വളരെ പ്രത്യേകതയുള്ളവയാണ് സ്റ്റെപ് വെല്ലുകൾ. ഭൂമിയുടെ അടിയിലേക്ക് കെട്ടിടങ്ങൾ പണിയുമ്പോൾ സ്വാഭാവികമായും ഭൂമിയുടെ മർദത്തെ നേരിടേണ്ടി വരും. അതുകൊണ്ടു തന്നെ ബീമുകളും അവയെ താങ്ങിനിർത്തുന്ന തൂണുകളുമാണ് പ്രധാനഭാഗങ്ങൾ. ഹിന്ദു– ജൈന ദേവതകളുടെ ശില്പങ്ങൾ, ഗ്രാമീണരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എന്നിവയെല്ലാം ഇവിടത്തെ ഭിത്തികളിൽ കാണാം. ആദ്യത്തെ നിലയിൽത്തന്നെ ഗണേശ ശില്പം കാണാം. താഴേക്കു പോകുംതോറും വെള്ളത്തോടു ബന്ധപ്പെട്ട കാര്യങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

രുദാബായ് സ്‌റ്റെപ് വെൽ

വെളിച്ചമെത്തുന്ന രീതിയും വളരെ ആകർഷകമാണ്. മുകളിലെ നിലകളിൽ കൂടുതലും താഴേക്കു വരുംതോറും കുറഞ്ഞും വരുന്ന വിധത്തിലാണ് വെളിച്ചം ഒഴുകിയെത്തുന്നത്. ഓരോ നിലയിലും മണ്ഡപങ്ങൾക്കു മുകളിൽ കൂരയുണ്ട്. പടികൾ തുറന്നിരിക്കുകയും ചെയ്യുന്നു. ഇരുളും വെളിച്ചവും തമ്മിലുള്ള ഒരുതരം കണ്ണുപൊത്തിക്കളി! ചൂടും കുളിരും ഇതേരീതിയിൽ ഇടകലർന്നു വരുന്നുണ്ട്. ഒരു വിധത്തിൽ പറഞ്ഞാൽ സുഖദുഃഖ സമ്മിശ്രമായ ജീവിതത്തെ സൂചിപ്പിക്കുന്നതു കൂടിയാണ് സ്റ്റെപ് വെല്ലുകൾ. ഏറ്റവും അടിത്തട്ടിലെത്തുമ്പോൾ ജലാശയങ്ങളുടെ കുളിര് മനസ്സിനെയും ശരീരത്തെയും ഒരുപോലെ പൊതിയുന്നു. തിരിച്ചു മുകളിൽ എത്തുമ്പോൾ ചൂടും അതേ അളവിൽത്തന്നെ ആശ്വാസം പകരും. രാത്രി സമയത്ത് വിളക്കു വയ്ക്കാനുള്ള ചെരാതുകളും ഭിത്തികളിൽ കാണാം. മൂന്ന് ദിവസങ്ങൾ വേണ്ടി വന്നു ഈ കെട്ടിടത്തിന്റെ ആർക്കിടെക്ചർ പ്രാധാന്യം ഭാഗികമായെങ്കിലും ഒപ്പിയെടുക്കാൻ.

പുരാവസ്തു വകുപ്പ് വേണ്ടത്ര ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ടെങ്കിലും സ്റ്റെപ് വെല്ലുകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വേണ്ടത്ര അവബോധമില്ല. വിരലിലെണ്ണാവുന്നത്ര വിദേശികളെയും വളരെ കുറച്ച് നാട്ടുകാരെയും മാത്രമായിരുന്നു അവിടെ കണ്ടത്. പ്രശസ്തമായ പല നിർമിതികളേക്കാളും വാസ്തു ശാസ്ത്രപരമായ പ്രാധാന്യം ഈ സ്റ്റെപ് വെല്ലുകൾക്ക് ഉണ്ടെന്ന വസ്തുത പറയാതിരിക്കാനാകില്ല. ഇത്തരം ആർക്കിടെക്ചർ അദ്ഭുതങ്ങളുടെ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിലൂടെ കേരളത്തിലെ ചെറിയൊരു ശതമാനം ജനങ്ങൾക്കിടയിലെങ്കിലും ഇത്തരം നിർമിതികൾ പ്രചാരത്തിലാകും എന്നാണ് എന്റെ വിശ്വാസം. യാത്രകളിൽ താത്പര്യമുള്ളവർ, കുറഞ്ഞ പക്ഷം ആർക്കിടെക്ചറിൽ താത്പര്യമുള്ളവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വാസ്തുവിദ്യാ മാതൃകയാണ് രുദാബായ് സ്റ്റെപ് വെൽ.

രുദാബായ് സ്റ്റെപ് വെല്ലിൽ എത്താൻ

പുറമെനിന്ന് ഒന്നോ രണ്ടോ മണ്ഡപങ്ങൾ മാത്രമാണ് രുദാബായ് സ്‌റ്റെപ് വെല്ലിന്റെതായി കാണുക.

ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലാണ് രുദാബായ് സ്റ്റെപ് വെൽ സ്ഥസ്ഥിതി ചെയ്യുന്നത്. ഗാന്ധി നഗറിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമുള്ള അദാലജ് എന്ന ഗ്രാമത്തിലാണ് ഈ സ്റ്റെപ് വെൽ. അഹമ്മദാബാദിൽ നിന്ന് 18 കി. മീ അകലം മാത്രം. തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ കാലുപർ. അടുത്തുതന്നെയുള്ള റാണി കി വാവ് സ്റ്റെപ് വെൽ യുനസ്കോ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ആർക്കിടെക്ട് ഇനേഷ് വി. ആചാരി

എറണാകുളത്ത് ഇനേഷ് ഡിസൈൻസ് എന്ന ആർക്കിടെക്ചർ സ്ഥാപനം നടത്തുന്നു. ഇന്ത്യൻ ആർക്കിടെക്ചറിനോട് പ്രത്യേക താത്പര്യമുള്ള ഇനേഷ് വി. ആചാരി ചിത്രകാരൻ കൂടിയാണ്.