ഈ പൊളിച്ചു മാറ്റുന്നത് വെറുമൊരു വീടല്ല, ചരിത്രമാണ്...

ലാറി ബേക്കർ നിർമിച്ച ആദ്യ വീടുകളിലൊന്ന് പൊളിക്കുന്നു.

ഉള്ളൂരിലെ ചരിത്രമുറങ്ങുന്ന ആ വീട് കൂടി പൊളിച്ചുമാറ്റുന്നതോടെ ഓർമയാകുന്നതു പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കർ ജില്ലയിൽ ആദ്യം നിർമിച്ച കെട്ടിടങ്ങളിലൊന്നാണ്. ഉള്ളൂർ പാലത്തിനു സമീപമുള്ള വീട് ലാറി ബേക്കർ നി‍ർമിക്കുന്നത് 1970കളിലാണ്. അധ്യാപകനായിരുന്ന ഡോ.നമ്പൂതിരിയുടെ ആവശ്യപ്രകാരമാണ് ഈ  ദൗത്യം ബേക്കർ ഏറ്റെടുത്തതെന്നു ഹാബിറ്റാറ്റ് മേധാവിയും ചീഫ് ആർക്കിടെക്റ്റുമായ ശങ്കർ ഓർമിക്കുന്നു. 

സിലിണ്ടർ ആകൃതിയിൽ നിർമിച്ചാൽ കുറച്ചുസ്ഥലത്തു കൂടുതൽ വിസ്തീർണം ലഭിക്കുമെന്ന നിഗമനത്തിൽ ഇരുവരുമെത്തി. അഞ്ച് മക്കളുള്ള ഡോ.നമ്പൂതിരിക്ക് ആറു മുറികളുള്ള വീട് വേണമെന്നായിരുന്നു ഡിമാൻഡ്. കുട്ടികൾക്കു സ്വന്തമായിരുന്നു പഠിക്കാൻ വേണ്ടിയാണു മുറികൾ ആവശ്യപ്പെട്ടത്. എന്നാൽ ആറ് മുറികൾ അനാവശ്യമാണെന്നായിരുന്നു ബേക്കറിന്റെ പക്ഷം. മക്കൾ പഠിച്ചു വിദേശത്തൊക്കെ പോയിക്കഴിയുമ്പോൾ ഇവ പരിപാലിക്കുക എളുപ്പമല്ലെന്നു രസകരമായി ബേക്കർ പറഞ്ഞുവച്ചു. പക്ഷേ നമ്പൂതിരി വിട്ടില്ല, ഹാസ്യരൂപേണ പല നിർദേശങ്ങളും ബേക്കർ മുന്നോട്ടുവച്ചെങ്കിലും നമ്പൂതിരി വഴങ്ങിയില്ല. ഒടുവിൽ സമ്മതം മൂളി. മൂന്നു നിലകളിലായി ആറ് മുറികൾ നിർമിച്ചു. ബേക്കറിനെ വിശ്വസിച്ചു വീട് നിർമിച്ച ആദ്യ വ്യക്തികളിലൊരാളായിരുന്നു ഡോ.നമ്പൂതിരി.

വീടിന്റെ പ്രത്യേക സ്വഭാവത്തെക്കുറിച്ച് അറിഞ്ഞു സന്ദർശിക്കാനാനെത്തിയ ഡൽഹി ഡവലപ്മെന്റ് അതോറിറ്റി ആ വീടിനു കണക്കാക്കിയത് 10 വർഷത്തെ ആയുസ്സു മാത്രം. അതു കഴിഞ്ഞു വീട് നിലംപതിക്കുമെന്നായിരുന്നു നിരീക്ഷണം. എന്നാൽ 45 വർഷങ്ങൾ കഴിഞ്ഞിട്ടും വീട് അനങ്ങാതെ നിന്നു. നമ്പൂതിരിയുടെ കുടുംബം പിന്നീട് വീട് മറ്റൊരാൾക്കു വിൽക്കുകയും ചെയ്തു. 

ബേക്കറിന്റെ ജന്മശതാബ്ദി ആചരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഓർമയ്ക്കായി കാര്യമായൊന്നും മാറിമാറി വന്ന സർക്കാരുകൾ ചെയ്തിട്ടില്ലെന്ന പരാതിയാണ് ബേക്കർ ആരാധകർക്കുള്ളത്.