രാജ്യത്ത് ആദ്യമായി പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ നിർമിച്ച വിമാനത്താവളം, പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ തന്നെ ആദ്യ വിമാനത്താവളം തുടങ്ങി നേട്ടങ്ങളുടെ പൊൻതൂവലുകൾ പലതുണ്ട്, കൊച്ചിക്ക്. പുതിയ ടി 3 ടെർമിനൽ കൂടി ഉദ്‌ഘാടനം ചെയ്യപ്പെട്ടതോടെ കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന്റെ വളർച്ചയുടെ ഒരു സുപ്രധാന ഘട്ടമാണ് പൂർത്തിയാകുന്നത്.
നിലവിലുള്ള ആഭ്യന്തര-രാജ്യാന്തര ടെർമിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടിയുണ്ട് മൂന്നാം ടെർമിനലിന്. ടെർമിനൽ, ഫ്ലൈ ഓവർ, ഏപ്രൺ (വിമാനങ്ങൾ എത്തിച്ചേരുന്ന ഇടം) എന്നിവയുൾപ്പെടെ 1,100 കോടി രൂപ മുതൽമുടക്കിലാണു പുതിയ ടെർമിനൽ നിർമിച്ചത്. 2014 ഫെബ്രുവരിയിൽ തറക്കല്ലിട്ട ടെർമിനൽ റെക്കോർഡ് വേഗത്തിലാണു പൂർത്തിയാക്കിയത്.
ആഗോളവും തദ്ദേശീയവുമായ ഒട്ടേറെ കലാരൂപങ്ങളെ സമന്വയിപ്പിച്ചാണു ലോകനിലവാരത്തിലുള്ള ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. വിശാലമാണ് ഇന്റീരിയർ സ്‌പേസ് എല്ലാംതന്നെ. ഫോൾസ് സീലിങ്ങിൽ തീർത്ത കസ്റ്റം, വാംടോൺ ലൈറ്റിങ് അകത്തളത്തിൽ മാസ്മരികത നിറയ്ക്കുന്നു. ടെർമിനൽ കവാടം കടന്നെത്തുമ്പോൾ സ്വീകരിക്കുന്നതു തൃശൂർ പൂരത്തിന്റെ മാതൃകയിൽ 15 ഗജവീരൻമാരുടെ ശിൽപം. മുന്തിയ മാർബിളുകൾ ഫ്ലോർ അലങ്കരിക്കുന്നു. കസ്റ്റമൈസ്ഡ് വോൾപാനലുകൾ ചുവരുകൾ അലങ്കരിക്കുന്നു
എയർ കണ്ടീഷനിങ് ഉൾപ്പെടെ ചതുരശ്രഅടിക്ക് 4250 രൂപ മാത്രമാണു നിർമാണച്ചെലവ്. അനുബന്ധ സൗകര്യ വികസനം, വിമാനത്താവള സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ചെലവ് കൂടി ഉൾപ്പെടുത്തിയാൽ ചതുരശ്ര അടിക്കു 5,700 രൂപ മാത്രം.
പുതിയ ടെർമിനൽ മൂന്നു നിലകളിലാണ്. താഴെ അറൈവൽ ഭാഗവും മുകളിൽ ഡിപാർച്ചർ വിഭാഗവും പ്രവർത്തിക്കും. മണിക്കൂറിൽ 4000 യാത്രക്കാരെ വരെ ഇവിടെ കൈകാര്യം ചെയ്യാനാകും. അഞ്ചു വലിയ വിമാനങ്ങളും 10 ചെറിയ വിമാനങ്ങളും പാർക്ക് ചെയ്യാവുന്ന 15 ബേയുണ്ടാകും. ഡിപാർച്ചർ വിഭാഗത്തിലേക്കു പ്രത്യേക എലിവേറ്റഡ് റോഡുമുണ്ട്.
ഡിപാർച്ചർ വിഭാഗത്തിൽ 86 ചെക്ക്ഇൻ കൗണ്ടറുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ 56 ചെക്ക് ഇൻ കൗണ്ടറുകളാണ് ആരംഭിക്കുക. 40 വീതം ഇമിഗ്രേഷൻ, എമിഗ്രേഷൻ കൗണ്ടറുകളുമുണ്ട്. ഇതിൽ 10 എണ്ണം വീതം പ്രത്യേക പരിഗണന അർഹിക്കുന്നവർക്കു വേണ്ടിയുള്ളതാണ്. ഡിപാർച്ചർ, അറൈവൽ വിഭാഗങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുമുണ്ട്.
ഡിപാർച്ചർ വിഭാഗത്തിനു മുകളിലായി ഫുഡ് കോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. വെർട്ടിക്കൽ ഓർക്കിഡ് ഗാർഡൻ, ബിസിനസ് ലോഞ്ച്, മെഡിക്കൽ ഇൻസ്പെക്‌ഷൻ റൂം, 10 എയ്റോ ബ്രിജ്, ഒൻപതു വിഷ്വൽ ഡോക്കിങ് ഗൈഡൻസ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ വേറെ.
വിമാനത്താവളത്തിന്റെ സൗരോർജ ഉൽപാദന ശേഷി ഇപ്പോൾ 15.5 മെഗാവാട്ടാണ്. ടി 3 ടെർമിനലിന്റെ ആവശ്യങ്ങൾ പരിഗണിച്ച് ആറു മെഗാവാട്ട് ശേഷി കൂടി വർധിപ്പിക്കുന്നുണ്ട്. ടെർമിനലിനു മുന്നിൽ നിർമിച്ച പുതിയ കാർ പാർക്ക് ഏരിയയുടെ മേൽക്കൂരയിൽ കൂടി പാനലുകൾ സ്ഥാപിച്ചു സൗരോർജ ഉൽപാദനം നടത്തി ഗ്രീൻ പോർട്ട് എന്ന പെരുമ വർധിപ്പിക്കുകയാണു സിയാൽ.
ഒരു മെഗാവാട്ട് വൈദ്യുതിയാണ് ഈ സോളർ കാർ പോർട്ടിൽ നിന്നുള്ള ഉൽപാദനം. ഇലക്ട്രിക് കാറുകൾക്കു ചാർജിങ് സൗകര്യവും കാർ പോർട്ടിലുണ്ടാകും. രാജ്യത്തിനുതന്നെ മാതൃകയായി സിയാൽ ഉയർന്നുപറക്കട്ടെ.