300 വർഷത്തിന്റെ പെരുമ, തേടി വന്ന സിനിമകൾ...മന കഥ പറയുന്നു

തച്ചുശാസ്ത്രത്തിന്റെയും പൈതൃകത്തിന്റെയും അത്ഭുതം നിറഞ്ഞ കൂടലാറ്റുപുറത്ത് മനയുടെ വിശേഷക്കാഴ്ചകൾ!

പൈങ്കുളം കൂടലാറ്റുപുറത്ത് മന 300 വർഷത്തെ പൈതൃകത്തിന്റെ കുടചൂടി നിൽപാണ്. പ്രധാന കവാടത്തിനു മുകളിൽ ഇരുവശത്തും അക്കാലത്തെ വാളേന്തിയ പോരാളിയുടെ പൂർണകായ ശിൽപങ്ങൾ. സാധാരണ മനകളിൽ കാണാത്ത ഈ കാഴ്ചയിൽ നിന്നു തുടങ്ങുന്നു കൂടലാറ്റുപുറത്ത് മനയുടെ വിശേഷക്കാഴ്ചകൾ!

ചെറുതുരുത്തി പൈങ്കുളം സെന്ററിനു സമീപമുള്ള മനപ്പടി സ്റ്റോപ്പിൽ നിന്നാൽ ഈ മന കാണാം. നിലവിൽ മനയിലെ കാരണവർമാരുടെ മുത്തച്ഛനായ കൂടലാറ്റുപുറത്ത് നാരായണൻ നമ്പൂതിരിപ്പാടാണു പുനർനിർമാണങ്ങൾക്കു നേതൃത്വം നൽകിയത്.

മനയിലെ നമ്പൂതിരിമാർ പണ്ട് ഉപയോഗിച്ചിരുന്ന മാവിൻതടിയിൽ തീർത്ത തോണി.

പതിനാറ്കെട്ടായിരുന്നു ആദ്യത്തെ മന. 1952–53 കാലത്തെ ഭാഗം വയ്പിനുശേഷം 1977ല്‍ പകുതിയിലേറെ ഭാഗം പൊളിച്ചു നീക്കി. മൂന്നു നിലകളിലായി 5000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള മനയിൽ തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാട്ടിനി ഇവയ്ക്കുപുറമേ പ്രസവശുശ്രൂഷകൾക്ക് ഉപയോഗിച്ചിരുന്ന വടക്കേ അറ, പുറത്തളം, അടുക്കള ഇവയും ചേർന്നു 18 മുറികൾ! 1950 കാലങ്ങളിൽ ഭാഗം വയ്ക്കുമ്പോൾ 31 പേരായിരുന്നു താമസക്കാർ.  

ശ്രീലകത്ത് പൂജിക്കുന്ന പരശുരാമന്റെ ധാരുശിൽപം, ഇരുമ്പുകൊണ്ടു നിർമിച്ച ഭാരമേറിയ ലോക്കർ ഇവയെല്ലാം മനയിലെ കൗതുകങ്ങൾ. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓട് ലോഹത്തിൽ നിർമിച്ച അഷ്ടമംഗലതട്ട്, ഭീമാകാരമായ ഗോവണികൾ, തട്ടുകൾ ഇവയെല്ലാം മനയിലെ മായാക്കാഴ്ചകൾ.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓട് ലോഹത്തിൽ തീർത്ത അഷ്ടമംഗലക്കെട്ട്. അഷ്ടമംഗലത്തിലെ ചില ഇനങ്ങളായ അരി, നെല്ല്, താളിയോല തുടങ്ങിയവയും കാണാം.

മനയ്ക്കു സമീപം സ്വന്തം ക്ഷേത്രമായ പൈങ്കുളം തൃക്കോവിലും പാമ്പിൻകാവും ക്ഷേത്രക്കുളവും സ്ഥിതി ചെയ്യുന്നു. മനയ്ക്കു സ്വന്തമായി കൂടൽ രാമചന്ദ്രൻ എന്ന ആനയും ഉണ്ടായിരുന്നു. സിനിമക്കാർ ഈ മനയും തേടിയെത്തിയിട്ടുണ്ട്. ആലോലം, ആറാം തമ്പുരാൻ, നഖക്ഷതങ്ങൾ, ചെണ്ട എന്നീ സിനിമകളിൽ മന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൂടലാറ്റുപുറത്ത് മനയുടെ പ്രത്യേകതകൾ

∙ പ്രധാന കവാടത്തിനു മുകളിൽ ഇരുവശത്തും അക്കാലത്തെ വാളേന്തിയ പോരാളിയുടെ പൂർണകായ ശിൽപങ്ങൾ.

∙ കൂടലാറ്റുപുറത്ത് മനയുടെ ഉടമസ്ഥതയിൽ മലബാർ, പാലക്കാട്, തൃശൂർ ജില്ലകളിലായി പത്തോളം ക്ഷേത്രങ്ങൾ.

∙ യാത്രക്കായി ഉപയോഗിച്ചിരുന്ന മഞ്ചൽ (ഡോലി), പുഴ കടക്കുന്നതിനായി ഏറെക്കാലം മുൻപ് മാവിന്റെ തടികൊണ്ടു നിർമിച്ച തോണി ഇവ സൂക്ഷിച്ചിരിക്കുന്നു.

∙ 81 വർഷം മുൻപ് നവീകരിച്ചെങ്കിലും പൈതൃകം നഷ്ടമാകാതെയുള്ള രൂപകൽപന.