സിനിമ, രാഷ്ട്രീയം... മാറ്റമില്ലാതെ തെക്കേടത്ത് മന

ഒരു വടക്കൻ വീരഗാഥ സിനിമയിൽ ഏതാനും രംഗങ്ങളിൽ ഈ മന ചിത്രീകരിച്ചിട്ടുണ്ട്.

എണ്ണിയാലൊടുങ്ങാത്തത്ര മുറികൾ, വിശാലമായ ഇടനാഴികൾ, കൂറ്റൻ തടികളിൽ കടഞ്ഞെടുത്ത പടവുകൾ... മനയിൽ നാം കയറുമ്പോൾ മന നമ്മുടെ മനസിലേക്കു കയറിവരും. എത്ര കൊടുംചൂടിലും ചെറു തണുപ്പ്. തൃശൂർ ജില്ലയിൽ എരുമപ്പെട്ടിക്കടുത്ത് കടങ്ങോട് പഞ്ചായത്തിലെ തെക്കേടത്തുമനയിലെ കാലാവസ്ഥാവിശേഷം അതാണ്. ഫാനിട്ടാലും കോൺക്രീറ്റ് സൗധങ്ങളിൽ വിയർത്തിരിക്കുമ്പോൾ ഈ മന മാടിവിളിക്കുന്നു.

110 വർഷം പഴക്കമുള്ള മന നിർമിച്ചതു ശങ്കരൻ ഭട്ടതിരി എന്നയാളാണ്. മൂന്ന് നിലകളിലായി നിർമിച്ചിട്ടുള്ള മനയുടെ പൗരാണികത ഒരു മാറ്റവുമില്ലാതെ ഇന്നും നിലനിർത്തിപ്പോരുന്നു. എം.ടി. – ഹരിഹരൻ കൂട്ടുകെട്ട് ഇതിഹാസമാക്കിയ ഒരു വടക്കൻ വീരഗാഥ സിനിമയിൽ ഏതാനും രംഗങ്ങളിൽ ഈ മന ചിത്രീകരിച്ചിട്ടുണ്ട്. കുടുംബസമേതം എന്ന ചിത്രവും ഇവിടെ ദൃശ്യവൽക്കരിച്ചു. ഇപ്പോൾ സിനിമാപ്രവർത്തകർ ചോദിച്ചെത്താറുണ്ടെങ്കിലും വിട്ടുകൊടുക്കാറില്ല.

മന കേടുപറ്റാതെ നിലനിർത്തുന്നതിനു വലിയ പ്രയത്നമാണു ഇപ്പോഴത്തെ അവകാശികൾ നടത്തുന്നത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി കൃത്യമായി നടത്തുകതന്നെ പ്രധാനം. കമ്യൂണിസ്റ്റ് ആചാര്യനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസിന്റെ ബന്ധുവീട് കൂടിയാണു തെക്കേടത്ത് മന.  

കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് ഇഎംഎസ് കുറച്ചുകാലം ഒളിവിൽ കഴിഞ്ഞ മന എന്നതും തെക്കേടത്തു മനയ്ക്ക് അവകാശപ്പെട്ട ചരിത്രം. തിരുവിതാംകൂർ ദേശവുമായി ബന്ധമുണ്ടായിരുന്നതിനാൽ കോട്ടയം ജില്ലയിലെ കുടമാളൂരും തെക്കേടത്തു മനയുണ്ട്. ഇവിടെ ഇപ്പോൾ മനയുടെ പുരയിടം അതേപടി നിലനിർത്തിയിരിക്കുന്നു.

കോട്ടയം കുടമാളൂരിലെ തെക്കേടത്ത് മന

തെക്കേടത്തുമനയുടെ പ്രത്യേകതകൾ

∙ നാലേക്കറോളം പുരയിടത്തിൽ 4000 ചതുരശ്രയടിയിലേറെ വലുപ്പമുള്ള മന.

∙ മൂന്നു നിലയിലായി 15 വലിയ മുറികൾ. ഇതിനു പുറമേ വിശാലമായ വടക്കിനി, തെക്കിനി, കിഴക്കിനി ഇടങ്ങൾ.

∙ വിസ്താരമേറിയ പൂമുഖം

∙ മനയോടു ചേർന്നു രണ്ടു വലിയ കുളങ്ങൾ

∙ ആട്ടുകട്ടിൽ, വലിയ അച്ചാർ ഭരണികൾ എന്നിവയുടെ ശേഖരം

∙ കുടുംബാംഗങ്ങളും തറവാട്ടുക്ഷേത്രത്തിലെ പൂജാരികളും അവരുടെ കുടുംബക്കാരുമായി ഇരുപതിലേറെപ്പേർ ഒരുകാലത്ത് മനയിൽ താമസിച്ചിരുന്നു.

∙ ഇഎംഎസ് കുറച്ചുനാൾ ഈ മനയിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്നു ചരിത്രം.

∙ വടക്കൻ വീരഗാഥ, കുടുംബസമേതം സിനിമകൾ ചിത്രീകരിച്ചത് ഈ മനയിൽ.