Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഴിയുരി വെള്ളംകൊണ്ട് നാടാകെ കൃഷി

river-bharathapuzha-nila

സൂര്യൻ മേലോട്ടു കയറിക്കൊണ്ടിരിക്കെ വെയിൽ തീയായി. കണ്ടത്തിലെ പൊടിമണ്ണ് പോലും ചുട്ടുപൊള്ളിത്തുടങ്ങി. ഭുജംഗയ്യന്റെ ശരീരമാകെ വിയർത്തുകുളിച്ചു. ഉഴവുചാലിൽ നിന്നുയർന്ന ചെമന്ന പൊടി പറ്റിപ്പിടിച്ച് ചായം പൂശിയ കളിവേഷം പോലെയായി ശരീരം. ഒടുക്കത്തെ ഉഴവാണിത്. ഇനി മഴ പെയ്യുന്നതുവരെ പൂട്ടേണ്ടതില്ല–ഭുജംഗയ്യൻ തീരുമാനിച്ചു. ഈ കണ്ടം കൂടി വേഗമൊന്ന് ഉഴുതുതീർത്താൽ മതി. അയാൾ വടിവീശി. കാളകളുടെ നടത്തത്തിനു വേഗം കൂട്ടി.

എല്ലാ ദിവസവും ഇങ്ങനെയാണ്. കഠിനമായ വെയിൽ. മഴ പെയ്യാനുള്ള പുഴുക്കമാണ് ഇതെന്നു കരുതിയവരെല്ലാം വിഡ്ഢികളായി. പകലൊക്കെ തീപോലുള്ള വെയിൽ. സന്ധ്യയായാൽ തണുത്ത കാറ്റിന്റെ വരവായി. തലയ്ക്കു മീതേ നിന്ന മേഘങ്ങൾ മണ്ണിൽ കാലൂന്നാതെ നീന്തിയകലുന്നു. എവിടെയോ പോയി മറയുന്നു. ഒഴുകിവരുന്ന മേഘങ്ങളിൽ ആശയർപ്പിച്ച് അവ ഭൂമിയിലേക്കിറങ്ങിയെത്തുന്ന രംഗം സ്വപ്നം കണ്ടുകൊണ്ടിരിക്കെ കൃഷിക്കാരുടെ മനസ്സ് ഉദ്വിഗ്നമാവാൻ തുടങ്ങി. ഇനിയും കുറെ ദിവസങ്ങൾ ഇങ്ങനെ കഴിഞ്ഞുപോയാൽ തങ്ങളുടെ ഒരു വർഷത്തെ ജീവിതത്തിനു മുഴുവൻ ആധാരമായ മുഹൂർത്തം വ്യർത്ഥമാവും. പിന്നെ അടുത്ത മഴക്കാലത്തിൽ പ്രതീക്ഷയർപ്പിച്ച് വെറുതെ കുത്തിയിരിക്കണം. അതും ശരിക്കും വന്നെത്തുമെന്നു കരുതേണ്ട. ആ മഴയും ചതിച്ചാൽ കർഷകരുടെ ഗതിയെന്ത്? (ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യന്റെ ദശാവതാരങ്ങൾ എന്ന പ്രശസ്ത നോവലിൽനിന്ന്)

നിങ്ങൾക്ക് 2016 ൽ ആകെ എത്ര മഴ കിട്ടി? കാലവർഷവും തുലാവർഷവും വേനൽമഴയുമൊക്കെ ചേർത്ത് പത്തു മഴദിനങ്ങൾ പോലും കിട്ടാത്ത പ്രദേശങ്ങളാണ് കേരളത്തിലുള്ളത്. വെള്ളം സംഭരിച്ചു സൂക്ഷിക്കാൻ വേണ്ടത്ര ശീലിച്ചിട്ടില്ലാത്ത സംസ്ഥാനത്തിനു ദാഹം തീർക്കാൻ ഭൂഗർഭജലം മാത്രമാണ് ഇനിയുള്ള ദിവസങ്ങളിൽ ആശ്രയം. താഴെത്തട്ടുവരെ നന്നായൊന്നു കുതിരാൻപോലും മഴയുണ്ടാകാത്ത നാട്ടിൽ ഭൂഗർഭജലനിരപ്പ് താഴുന്നത് സ്വാഭാവികം. ആകാശത്തുനിന്നോ ഭൂമിയില്‍നിന്നോ വേണ്ടത്ര ജലം കിട്ടില്ലെന്നുറപ്പായ സാഹചര്യത്തിൽ അടുത്ത ജൂൺവരെയെങ്കിലും വിളനാശമുണ്ടാകാതെ നിലനില്‍ക്കുന്നതിനുള്ള വഴികളാവണം കൃഷിക്കാരന്റെ അടിയന്തരചിന്ത. ആകെ കിട്ടിയ അഞ്ചോ ആറോ മഴയെ സംഭരണികളിലാക്കി സൂക്ഷിക്കാൻ ശ്രമിച്ചവർക്കു ബേജാറാകേണ്ടതില്ല. അതേസമയം മഴക്കുഴിയുണ്ടാക്കിയും കയ്യാലകെട്ടിയുമൊക്കെ മഴവെള്ളം ഭൂമിക്കടിയിൽ സംഭരിക്കാനുള്ള ശ്രമങ്ങൾ ഒരു പരിധിയിലപ്പുറം ഇത്തവണ ഫലപ്രദമായിട്ടില്ല. മഴ പെയ്താലല്ലേ മഴവെള്ളം സംഭരിക്കാനാവൂ. ആകെ പെയ്തിറങ്ങിയ ഇത്തിരി വെള്ളം കുത്തിയൊലിച്ചു പോകുന്നതു കണ്ടുനിന്നവർ ഇപ്പോൾ നെട്ടോട്ടമോടുകയേ നിവൃത്തിയുള്ളൂ.

ഫെബ്രുവരിയിൽ മഴ കിട്ടുമെന്നും വേനൽ അതികഠിനമാകില്ലെന്നുമുള്ള പ്രവചനങ്ങളിൽ നമുക്ക് ആശ്വസിക്കാം. ആ പ്രതീക്ഷ തെറ്റിയാലോ? ഒന്നാലോചിച്ചു നോക്കൂ. അടുത്ത മൂന്നു മാസം മഴയില്ലാതായാല്‍ കൃഷിയിടത്തിന്റെ ചിത്രം എന്താകുമെന്ന്. ദൈവത്തിന്റെ സ്വന്തം നാട് വിളകളുടെ ശ്മശാനഭൂമിയാകും. തീറ്റപ്പുല്ല് മുതൽ കൊന്നത്തെങ്ങുവരെ വേണ്ടത്ര വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി നിൽക്കുന്നത് കാണരുതെന്നുണ്ടെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആവശ്യമാണ്. കന്നുകാലികളും കോഴികളുമൊക്കെ സൂര്യാതപമേറ്റു വീഴാതിരിക്കാനും പ്രത്യേക മുൻകരുതൽ വേണം. ചുരുക്കത്തിൽ ഒരു കാര്‍ഷിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ പ്രവർത്തിച്ചാൽ മാത്രമേ ഇത്തവണത്തെ വേനലിന്റെ ആഘാതം കേരളത്തിനു നേരിടാൻ കഴിയുകയുള്ളൂ.

കുടിവെള്ള സംഭരണത്തിനു പരമപ്രാധാന്യം കിട്ടുന്ന കാലഘട്ടത്തിൽ വിളകളുടെയും വളർത്തുമൃഗങ്ങളുടെയും ദാഹശമനത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിലാണ് കൃഷി, മൃഗസംരക്ഷണ വകുപ്പുകളും കർഷകപ്രസ്ഥാനങ്ങളും കൂടുതലായി ശ്രദ്ധിക്കേണ്ടത്. മലിനജലമെന്ന പേരിൽ നാം ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗപ്പെടുത്തിയാൽ വിളകൾക്കാവശ്യമായ വെള്ളത്തിന്റെ വലിയൊരു ഭാഗം കണ്ടെത്താനാവും. വളർത്തുമൃഗങ്ങൾക്കാവശ്യമായ വെളളം പിന്നെയും വെല്ലുവിളിയായി തുടരുകയാണ്. വേണ്ടത്ര വെള്ളമില്ലെങ്കിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഡെയറി ഫാമുകളും മറ്റും കുഴയും. എന്നാൽ മിണ്ടാപ്രാണികൾക്കു വെള്ളമെത്തിക്കാൻ ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പാചകപ്പുരകൾക്കു കഴിയും. അവിടെ പാഴാകുന്ന കാടിവെള്ളവും കഞ്ഞിവെള്ളവുമൊക്കെ ഡെയറി ഫാമുകൾക്കു നൽകാവുന്നതാണ്.

ഓരോ പഞ്ചായത്തിലെയും കൃഷിയിടങ്ങളെ ജലലഭ്യതയുടെ കാര്യത്തിൽ സ്വയംപര്യാപ്തമെന്നും അല്ലാത്തതെന്നും തിരിക്കണം. സ്വയംപര്യാപ്തമല്ലാത്ത കൃഷിയിടങ്ങൾക്ക് പുറമേനിന്നു വെള്ളമെത്തിക്കാനുള്ള യത്നത്തിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ കൂടിയേ തീരൂ. പുറമേനിന്നും വെള്ളമെത്തിക്കേണ്ട കൃഷിയിടങ്ങളുടെ പട്ടികയുണ്ടാക്കി അവയുടെ മൊത്തം ജലാവശ്യം നിർണയിക്കുകയും അത് നിറവേറ്റാനുള്ള വഴികൾ തിരയുകയും വേണം. വെള്ളം നൽകുന്നതിൽ ഭക്ഷ്യവിളകൾക്ക് മുൻഗണന നൽകണമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. അതേസമയം ജലക്ഷാമമുള്ള സ്ഥലങ്ങളിൽ കൂടുതൽ വെള്ളം ആവശ്യമുള്ള ഹ്രസ്വകാലവിളകള്‍ നിരുൽസാഹപ്പെടുത്തുകയും വേണം. ആവശ്യത്തിനു ജലം ലഭിക്കുന്നതുള്‍പ്പെടെ എല്ലാ കൃഷിയിടങ്ങളിലും തുള്ളിനനയോ മറ്റ് സൂക്ഷ്മജലസേചന രീതികളോ നിർബന്ധിതമാക്കണം. അധികജലമുള്ള കൃഷിയിടങ്ങൾ തുള്ളിനനയിലൂടെ ലാഭിക്കുന്ന വെള്ളം മറ്റു കൃഷിയിടങ്ങളുമായി പങ്കു വയ്ക്കാൻ പ്രേരിപ്പിക്കണം. പ്രത്യുപകാരമായി തുള്ളിനന സംവിധാനത്തിനുള്ള ചെലവിന്റെ ഒരു ഭാഗമെങ്കിലും സബ്സിഡിയായി സർക്കാർ നൽകണം. ജലം തുള്ളിപോലും പാഴാക്കാതെ വിളപരിപാലനം നടത്താനുള്ള ചില മാതൃകകളാണ് ചുവടെ. അടുത്ത രണ്ടു മാസം കാർഷിക കേരളത്തിന്റെ മുഖ്യ അജണ്ടയാവേണ്ടതും ഇവ തന്നെ.

rain-graph

1. തുള്ളിനന

നൂറു തുള്ളി വെള്ളം വേണ്ട വാഴയ്ക്ക് നൂറു തുള്ളി മാത്രം, ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടില്ല. വെള്ളത്തിനൊപ്പം വളവും നൽകാം, കായികാധ്വാനമില്ലാതെ  നനയ്ക്കാം– തുള്ളിനനയെ കർഷകപ്രിയമാക്കുന്ന ഘടകങ്ങൾ പലതുണ്ട്. മരുഭൂമിയിൽപോലും കൃഷി സാധ്യമാക്കിയ തുള്ളിനനയോളം ശാസ്ത്രീയമായ നനരീതി ഭൂമുഖത്തുണ്ടെന്നു തോന്നുന്നില്ല. ജലം തുള്ളികളായി എണ്ണി നൽകാവുന്ന ഈ രീതി അടുത്തകാലത്ത് കേരളത്തിൽ കൂടുതൽ വ്യാപിച്ചിട്ടുണ്ടെങ്കിലും ഇനിയും ഇതിലേക്ക് കടന്നിട്ടില്ലാത്ത കൃഷിക്കാരാണേറെയും. പലർക്കും അടുത്തകാലം വരെ അനാവശ്യ ഏർപ്പാടായിരുന്നു ഇത്. പ്രാരംഭ മുതൽമുടക്കിനുള്ള മടി, സാങ്കേതികവിദ്യയോടുള്ള അകൽച്ച, കുഴലുകളുടെ പരിപാലനത്തിലുള്ള താൽപര്യക്കുറവ് തുടങ്ങിയ കാരണങ്ങളാൽ പലരും ഈ സംവിധാനത്തിനു കൃഷിയിടത്തിൽ ഇടം നല്‍കിയില്ല. തുള്ളിനന ഏർപ്പെടുത്തിയവർപോലും കൃത്യമായ പരിപാലനമേർപ്പെടുത്താതെ പ്രയോജനപ്രദമായ ഈ സംവിധാനം ഉപേക്ഷിക്കുന്നതിനും കാർഷികകേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ അവഗണനയ്ക്കും അലംഭാവത്തിനും അടിയന്തരപരിഹാരം കാണേണ്ട സമയമാണിത്. പരമാവധി കൃഷിയിടങ്ങളിൽ തുള്ളിനന ഒരുക്കിയേ മതിയാവൂ. ഇക്കാര്യത്തിൽ ഒരു ജനകീയ മുന്നേറ്റത്തിനുതന്നെ സാധ്യതയുണ്ട്. പഞ്ചായത്തുകളും സന്നദ്ധപ്രസ്ഥാനങ്ങളും സഹകരണബാങ്കുകളും കൃഷിവകുപ്പുമൊക്കെ ചേർന്ന് ഉൽപാദനം നടക്കുന്ന മുഴുവൻ കൃഷിയിടങ്ങളിലും തുള്ളിനനരീതി കൊണ്ടുവരണം. ഇതിനു വേണ്ടിവരുന്ന പ്രാരംഭ മുതൽമുടക്ക് താങ്ങാനാവാത്ത കൃഷിക്കാർക്ക് ആശ്വാസമായി ഇപ്പോൾ ചെലവ് കുറഞ്ഞ സംവിധാനം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

2. തിരിനന

തിരിവിളക്കുകൾ കണ്ടുപരിചയിച്ച തലമുറയ്ക്ക് തിരിനനയുടെ ടെക്നിക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.

ഗ്രോബാഗുകളുടെ ചുവട്ടിൽ തുളയിട്ടശേഷം വിളക്കിലെന്നപോലെ ഗ്ലാസ് വൂൾകൊണ്ടുള്ള തിരി അതിലൂടെ പുറത്തേക്കു കടത്തിവയ്ക്കുന്നു. നിലത്ത് തിരശ്ചീനമായി വച്ചിരിക്കുന്ന പിവിസി കുഴലില്‍ നിശ്ചിത അകലത്തിൽ തുളകളിട്ടശേഷം ഗ്രോബാഗിന്റെ ചുവട്ടിലെ തിരി കടത്തുകയും ഗ്രോബാഗ് രണ്ട് ഇഷ്ടികകളുടെ സഹായത്തോടെ കുഴലിനു മീതേ സ്ഥാപിക്കുകയും ചെയ്യുന്നു. എയർ കണ്ടീഷണറുകളിൽ ഉപയോഗിക്കുന്ന ഗ്ലാസ് വൂൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു പൊതിഞ്ഞ് സ്വയം തിരികൾ നിർമിക്കാവുന്നതേയുള്ളൂ. രണ്ടറ്റങ്ങളും മുകളിലേക്കു തുറന്നിരിക്കുന്ന കുഴലിൽ വെള്ളം നിറയ്ക്കുന്നതോടെ തിരിനന സംവിധാനം തയാർ.

കുഴലിലെ ജലം തിരിയിലൂടെ ക്രമമായി ഗ്രോബാഗിലെത്തുകയും ചെടികൾക്കു ലഭ്യമാവുകയും ചെയ്യുന്നു. പിവിസി കുഴലിനു പകരം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും ഗ്രോബാഗുകള്‍ക്കു ചുവട്ടിൽ വെള്ളം സംഭരിക്കാനായി ഉപയോഗിക്കാം. ഇതിനായി ഉപയോഗിക്കുന്ന വശങ്ങളില്‍ ദ്വാരമുണ്ടാക്കി തിരിയിട്ടാല്‍ മതിയാവും. മട്ടുപ്പാവിലും മറ്റും അടുക്കളത്തോട്ടമൊരുക്കുന്ന നഗരകർഷകർക്ക് ആ രീതി ഏറെ ഉപകാരപ്രദമാവും.

3. പുതയിടൽ

ഏറെ പ്രയാസപ്പെട്ട് വിളകളുടെ ചുവട്ടിലെത്തിക്കുന്ന വെള്ളം മുഴുവൻ ആവിയാകാൻ അനുവദിച്ചാൽ നിങ്ങളൊരു സ്മാർട് കർഷകനല്ല. ചെടികൾക്ക് വലിച്ചെടുക്കാവുന്ന വിധത്തിൽ കൂടുതൽ ദിവസം വേരുപടലത്തോടു ചേർന്ന് ഈർപ്പം നിലനിറുത്തിയാലേ നന ഫലപ്രദമാവൂ. പുതയിടലാണ് ഇതിനൊരു പരിഹാരം. രണ്ടു രീതിയിലുള്ള പുതയിടലാണ് പ്രചാരത്തിലുള്ളത്. ജൈവവസ്തുക്കൾകൊണ്ടുള്ള പുതയിടലും പ്ലാസ്റ്റിക് മൾച്ചിങ്ഷീറ്റുകൾ കൊണ്ടുള്ള പുതയിടലും. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിയിലാണ് പ്ലാസ്റ്റിക് പുത കൂടുതലായി കണ്ടുവരുന്നത്. അതേസമയം തെങ്ങിനും മറ്റ് ദീർഘകാല വിളകൾക്കും ജൈവവസ്തുക്കൾ പുതയായി നൽകിയാൽ മതിയാവും. മടലും തൊണ്ടുമൊക്കെ തെങ്ങിന്റെ തടത്തിൽ തന്നെ കൂട്ടിയിടുന്ന ശീലം മറക്കാത്ത കൃഷിക്കാർ ഇന്നുമുണ്ട്. പുതയുള്ള മണ്ണിൽനിന്നു ബാഷ്പീകരണം വഴി നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് കുറവായിരിക്കുമെന്നതിനാൽ നനകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനാവും. ഒരു സ്പോഞ്ച് പോലെ ജലം ആഗിരണം ചെയ്യുന്ന ജൈവപുത, മഴവെള്ളം മണ്ണിലേക്കു താഴാൻ സഹായിക്കുന്നു.

Your Rating: