Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലക്കേടു തീർക്കാം

rain

കാലാവസ്ഥ മാറുകയാണ്. കഠിനദിനങ്ങളാണ് മുൻപിൽ. ചൂടും തണുപ്പും കൂടും. കാലം തെറ്റിയുള്ള മഴയും ഉറപ്പ്. അതേസമയം, മഴ പ്രതീക്ഷിക്കുന്ന മാസങ്ങളിൽ അതു കിട്ടാക്കനിയാവുകയും ചെയ്യും. കഴിഞ്ഞ 130 വർഷങ്ങൾകൊണ്ട് ഒരു ഡിഗ്രി സെന്റിഗ്രേഡ് ആണ് ഭൂമുഖത്തെ ഊഷ്മാവ് കൂടിയത്. ധ്രുവപർവതപ്രദേശങ്ങളിലെ  മഞ്ഞുപാളികൾ ഉരുകിത്തുടങ്ങിയിരിക്കുന്നു. ഇതുമൂലം ഉയരുന്ന സമുദ്രനിരപ്പ് തീരദേശ ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണി ആയേക്കും. രണ്ടായിരത്തി എഴുപതോടെ 21 മുതൽ 71 സെന്റിമീറ്റർ വരെ സമുദ്രനിരപ്പ് ഉയർന്നേക്കാം എന്നാണ് പ്രവചനം.

കൃഷി, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, വനം, സമുദ്ര വിഭവങ്ങള്‍, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും കാലാവസ്ഥാവ്യതിയാനത്തിന്റെ ഗുണദോഷ ഫലങ്ങൾ അനുഭവപ്പെടാം. ഏറിയ പങ്കും ദോഷഫലങ്ങൾ ആയിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലം തെറ്റിയുള്ള മഴയും, മഴയുടെ അളവിൽ സംഭവിക്കാവുന്ന കുറവും, ചൂട് വർധിക്കുന്നതുമെല്ലാം വിളനാശത്തിനും കുറഞ്ഞ ഉൽപാദനത്തിനും കാരണമായേക്കാം.

വായിക്കാം ഇ - കർഷകശ്രീ

മഴക്കുറവാണ് ഏറെ ആശങ്കാജനകം. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 15 വരെ പെയ്ത തുലാവര്‍ഷ മഴയുടെ കണക്കു മാത്രം നോക്കിയാൽ മതി, പ്രശ്നം എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കാൻ. 469 മില്ലിമീറ്ററോളം മഴ ലഭ്യമാകേണ്ട ഇക്കാലയളവിൽ കേരളത്തിൽ ലഭിച്ചത് വെറും 180.2 മില്ലിമീറ്റര്‍. അതായത്, സാധാരണ ലഭ്യമാകുന്ന മഴയുടെ 38 ശതമാനം മാത്രമാണ് മൂന്നു മാസങ്ങളിലായി കേരളത്തിൽ പെയ്തത്. ലക്ഷദ്വീപിലാകട്ടെ 64% കുറഞ്ഞ് വെറും 112 മില്ലിമീറ്ററാണ് ആകെ ലഭിച്ച മഴ. കഴിഞ്ഞ മൂന്നു മാസത്തെ വർഷപാതം പരിശോധിച്ചാൽ 75 ശതമാനത്തോളം മഴക്കുറവുള്ള ജില്ലകള്‍ ആറാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം. 100 മില്ലിമീറ്ററിൽ താഴെ മാത്രം മഴ ലഭിച്ച ജില്ലകൾ നാല് – കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ. പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മികച്ച മഴ ലഭിച്ചത്. സാധാരണയായി ശക്തമായ തുലാവർഷം ലഭിക്കേണ്ട വടക്കൻ ജില്ലകളിൽ ഈ കാലയളവിൽ പെയ്തതും പരിമിത അളവിൽ മാത്രം. ഈ പ്രവണത വരുംവർഷങ്ങളിൽ തുടർന്നാൽ കേരളത്തിൽ ജലദൗർലഭ്യം അതിരൂക്ഷമാകാനാണ് സാധ്യത. വിശേഷിച്ച്, വേനൽ മാസങ്ങളിൽ.

rain

ഇടവപ്പാതി, തുലാവർഷ മഴലഭ്യതയിൽ 35 ശതമാനത്തോളം കുറവു സംഭവിച്ചതിനാൽ ഈ വർഷം വരൾച്ച ഭീകരമായിരിക്കുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ ഇത്തവണത്തെയും വരുംവർഷങ്ങളിലെയും ജലക്ഷാമത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങേണ്ടിയിരിക്കുന്നു. മണ്ണിനെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് ജനകീയ കൂട്ടായ്മയിലൂടെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് എപ്പോഴും നല്ലത്. കേരള സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിയായ ‘ഹരിത കേരള’ത്തിലൂടെ ഇതിനു കഴിയണം. ഒറ്റയ്ക്കും കൂട്ടായും നടപ്പാക്കാവുന്ന ഏതാനും ചില ജലസംരക്ഷണ പ്രവർത്തനങ്ങൾ താഴെ ചേര്‍ക്കുന്നു.

01. മഴയെ മണ്ണിലിറക്കാം: അടുത്തുവരുന്ന വേനൽമഴ മുതൽ ഇടവപ്പാതി മഴയിൽ വരെ കഴിയുന്നത്ര വെള്ളം മണ്ണിലിറക്കണം. പുതിയ ഉറവകളായി അത് നമ്മുടെ കിണറുകളിലേക്കും മറ്റു ജലസ്രോതസ്സുകളിലേക്കും ഒഴുകട്ടെ. ഭൂജല പരിപോഷണം ഉറപ്പാക്കാൻ എല്ലാ ഗ്രാമങ്ങളിലും കാവുകൾപോലെ ഏതാനും പ്രദേശങ്ങൾ കണ്ടെത്തി സംരക്ഷിക്കണം. റോഡുകളും പാലങ്ങളും വീടുകളും മറ്റുമായി ആവരണങ്ങൾ തീർക്കപ്പെടുന്ന ഭൂമിക്കു പകരമായി ജലം ഭൗമാന്തർഭാഗത്തേക്ക് ഇറക്കാവുന്ന കൂടുതൽ ഭൂപ്രദേശങ്ങൾ കണ്ടെത്തണം. പാടശേഖരങ്ങളും കാവുകളും കുളങ്ങളും മറ്റും സംരക്ഷിക്കുന്നതും നന്ന്. ദാഹിക്കുന്ന ഭൂമിക്ക് കുടിവെള്ളം ലഭിക്കാനായി മഴക്കുഴികളും നിർമിക്കാം. ഭൂമിയുടെ പ്രത്യേകതയനുസരിച്ച് യോജ്യമായ ഇടങ്ങളിൽ റീചാർജ് കിണറുകളും ആകാം.

02. മഴയെ കുടത്തിലടയ്ക്കാം: ഭൗമാന്തർഭാഗത്തേക്ക് കിനിഞ്ഞിറങ്ങുന്ന മഴവെള്ളം കുറെയൊക്കെ നമുക്കു കിണറുകളിൽ കൂടിയും മറ്റും തിരിച്ച് ലഭിക്കുന്നുണ്ടെന്നതു ശരിതന്നെ. വരൾച്ചയെ അടിയന്തിരമായി നേരിടാൻ ഫലപ്രദമായ മാർഗം മഴവെള്ള സംഭരണികൾ തന്നെ. മേൽക്കൂരയിൽനിന്നും മറ്റും ഒഴുകിവരുന്ന മഴവെള്ളം സംഭരിച്ച് ശുദ്ധീകരിച്ച് കടുത്ത വേനലിൽ ഉപയോഗിക്കാം.

03. മഴയെ കുളത്തിലാക്കാം: നേരിട്ടും ഒഴുകി വരുന്നതുമായ മഴവെള്ളം കുളങ്ങളിലും കിണറുകളിലും ഇറക്കി സംഭരിക്കാവുന്നതാണ്. ഇത് ഭൂജല പരിപോഷണത്തെയും സഹായിക്കുന്നു. പുരപ്പുറത്തെ വെള്ളം കിണറുകളിൽ എത്തിക്കുന്ന ‘മഴപ്പൊലിമ’ പദ്ധതി ഏറെ ശ്രദ്ധേയം. മേൽക്കൂരയിൽനിന്നൊഴുകി വരുന്ന മഴവെള്ളം ശുദ്ധീകരിച്ചു മാത്രമേ കിണറുകളിലേക്ക് എത്തിക്കാവൂ എന്നു മാത്രം.

04. തടയണകൾ, മറ്റു മണ്ണ്–ജല സംരക്ഷണ മാർഗങ്ങൾ: ഓടുന്ന വെള്ളത്തെ നടത്തുക എന്നതാണ് പ്രധാനം. സാവധാനം ഒഴുകുന്ന വെള്ളം ധാരാളമായി ഭൂമിക്കുള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നു. ഇതു മണ്ണൊലിപ്പും കുറയ്ക്കുന്നു. പുരയിടത്തിൽ വീഴുന്ന മഴവെള്ളം അവിടെത്തന്നെ സംരക്ഷിക്കുക, മണ്ണിലേക്കിറക്കുക എന്നിവ ഏറെ പ്രധാനമാണ്. കേരളത്തിൽ ഒരു ഹെക്ടർ പ്രദേശത്ത് ശരാശരി മൂന്നു കോടി ലീറ്റർ മഴവെള്ളമാണ് പെയ്തിറങ്ങുന്നത്. ഇതിന്റെ ഒരു ശതമാനം എങ്കിലും ഭൂമിക്കുള്ളിലേക്കെത്തിച്ചാൽ പത്തു ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ചെറിയ ഗ്രാമപ്രദേശത്തുനിന്നുമാത്രം 30 കോടി ലീറ്റർ ജലമാണ് ഭൂമിയുടെ ഉള്ളറകളിലെ ജലസംഭരണികളിലേക്കെത്തുക. തടയണകൾ, കോണ്ടൂർ കയ്യാലകൾ തുടങ്ങി ഏതു തരത്തിലുള്ള മണ്ണ്, ജല സംരക്ഷണ നിർമിതികളും ഇതിനു സഹായകമാകും.

05. ജലമലിനീകരണം ഒഴിവാക്കുക: മിക്ക പുഴകളും കുളങ്ങളും മറ്റു ജലസംഭരണികളും ഇന്ന് തീർത്തും മലിനമാണ്. മലിനീകരണം തടയാനും ജലശുദ്ധീകരണത്തിനുമുള്ള പ്രവർത്തനങ്ങൾ വേണം. ജലശുദ്ധീകരണത്തിനു കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സംരക്ഷണ അരിപ്പകൾ ജലസംഭരണികളുടെ തുടക്കത്തിലും പമ്പിങ് മുനമ്പുകളിലും സ്ഥാപിക്കണം. ഉള്ളിലേക്ക് ഒഴുകിയെത്തുന്ന വെള്ളവും പുറത്തെടുക്കുന്ന വെള്ളവും ശുദ്ധീകരിക്കാൻ ഇത് ആവശ്യമാണ്.

06. ജലസാക്ഷരത: സ്കൂൾ തലം മുതൽതന്നെ ജലസംരക്ഷണ– ശുദ്ധീകരണ പ്രക്രിയകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. സ്കൂളുകളിലും കോളജുകളിലും ക്ലാസുകളാകാം. പഞ്ചായത്തുകളിൽ പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റികൾ വിഭാവനം ചെയ്യാം. ജല പ്രവർത്തന ഗ്രൂപ്പുകൾ ആവിഷ്കരിച്ച് പ്രവർത്തനക്ഷമമാക്കാം.

വിദഗ്ധ സമിതികൾ ഗ്രാമതലം മുതൽ സംസ്ഥാനതലംവരെ വിവിധ തലങ്ങളിൽ രൂപീകരിക്കാം. ജലവും പരിസ്ഥിതിയും ഭൂമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും വികസനവകുപ്പുകളെയും ഗവേഷണസ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഭാവിപരിപാടികൾ കാലാനുസൃതമായി നടപ്പാക്കാൻ കഴിയണം.

കാലാവസ്ഥാ മാറ്റത്തിന്റെ ദോഷഫലങ്ങൾ നേരിടാൻ നാമും മാറണം. കാർഷിക കലണ്ടറും ജലസംരക്ഷണ പ്രവർത്തനങ്ങളും പുനഃക്രമീകരിക്കാനും ഏകോപിപ്പിക്കാനും കഴിയണം. പൊള്ളുന്ന വേനലിനെ നേരിടാൻ നാം ഇന്നേ തയാറെടുത്തേ മതിയാകൂ.

വിലാസം: പ്രിൻസിപ്പൽ സയന്റിസ്റ്റ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി), കൊച്ചി)