മഴയിൽ വലഞ്ഞ് റബർ കർഷകർ

കൊടുമൺ ∙ റബർ കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ കനത്തമഴ കാരണം ദുരിതത്തിലായി. മലയോരമേഖലയിൽ റബർ കൃഷിയാണ് ഉപജീവനമാർഗം. എന്നാൽ, കനത്തമഴ കാരണം ടാപ്പിങ് മേഖല സ്തംഭിച്ചിട്ട് മാസങ്ങളായി. വിലക്കുറവ് റബർമേഖലയെ കാര്യമായി ബാധിച്ചതിനു പുറമെയാണ് ഇപ്പോൾ ഈ സ്തംഭനാവസ്ഥയും ഉണ്ടായിരിക്കുന്നത്.

ടാപ്പിങ് നടന്നിട്ട് മൂന്നു മാസം

ടാപ്പിങ് മേഖലയിൽ ജോലി നോക്കുന്നവരും റബറിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ചെറുകിട കർഷകരും ദുരിതത്തിലാണ്. റബറിന് മഴക്കുട ഇട്ടവർക്കു പോലും ടാപ്പിങ് നടത്താൻ കഴിയുന്നില്ല. റബറിന് കൂടുതൽ വില ലഭിക്കുന്നതും ഉൽപാദനം നടക്കുന്നതും ജൂൺ, ജൂലൈ മാസങ്ങളിലാണ്. സർക്കാർ നടപ്പാക്കിയ റബർ വില സ്ഥിരതാ ഫണ്ട് നിലവിലുണ്ടെങ്കിലും പല കർഷകർക്കും അഞ്ചും ആറും മാസം കൂടുമ്പോൾ ഒരു മാസത്തിലെ ബിൽ തുക മാത്രമാണ് ലഭിക്കുന്നത്.ഇതു കൂടാതെ റബർ ഷീറ്റിനോടുള്ള തരംതിരിവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

ഗുണമേന്മയുള്ള ഷീറ്റുകൾക്കാണ് ആവശ്യക്കാർ ഏറെയും. അല്ലാതെയുള്ള ഷീറ്റുകൾക്ക് വിലക്കുറവാണ്. മഴ കാരണം ഷീറ്റുകൾ ഗ്രേഡ് ആക്കാൻ കർഷകർക്കും കഴിയുന്നില്ല. ഷീറ്റുകൾ വിറ്റുപോകാത്തതു കാരണം കർഷരിൽ നിന്ന് വിലക്കുറവിൽ റബർ എടുക്കേണ്ട സാഹചര്യം വ്യാപാരികൾക്കും വന്നുചേരുന്നു.

മലയോര മേഖലയിലെ വ്യാപാരം തകരുന്നു

റബർ മേഖലയിലെ സ്തംഭനാവസ്ഥ കാരണം വ്യാപാരമേഖല തകരുന്നു. പ്രതിസന്ധി കൂടുതലും റബറിനെ ആശ്രയിച്ച് കഴിയുന്ന വ്യാപാരമേഖലയ്ക്കാണ്. മിക്ക കടകളിലും കച്ചവടം തീരെ കുറവാണ്. കനത്തമഴയും റബർമേഖലയിലെ തകർച്ചയും തുടർന്നാൽ ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാവുകയും കച്ചവടം കുറയുമെന്നും വ്യാപാരികളും പറയുന്നു.

കഴിഞ്ഞ ഒരാഴ്ചക്കാലമായി വ്യാപാരം നടക്കുന്നില്ല. മിക്ക കടകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കാലവർഷക്കെടുതിയിൽ കാർഷിക വിളകൾ പാടെ വെള്ളത്തിലായതോടെ ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.ഓണവിപണിയിൽ ഏറ്റവും കൂടുത‍ൽ വിറ്റഴിക്കുന്ന ഏത്തക്കുല ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് ഇപ്പോൾ തന്നെ വില കൂടുതലാണെന്ന് കർഷകർ പറഞ്ഞു. പാടശേഖരങ്ങളിലെ ഏത്തവാഴകൾ മുഴുവൻ വെള്ളക്കെട്ടിലാണ്.

തൊഴിലാളികളും ദുരിതത്തിൽ

കനത്തമഴ കാരണം പ്ലാന്റേഷൻ തൊഴിലാളികളും ദുരിതത്തിലാണ്. മഴ കാരണം ടാപ്പിങ് നടത്താൻ കഴിയുന്നില്ല. തൊഴിലാളികൾ താമസിക്കുന്ന ലേബർലൈനുകൾ ചോർന്നൊലിക്കുകയാണ്.നിത്യോപയോഗസാധനങ്ങൾ സബ്സിഡി ഇനത്തിൽ നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്ന തരത്തിൽ തോട്ടം മേഖല കേന്ദ്രീകരിച്ച് തൊഴിലാളികൾക്കായി നീതി സ്റ്റോറുകൾ ആരംഭിക്കണം.

തൊഴിലാളികൾക്കായി ആരംഭിച്ച കന്റീനുകൾ പലതും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പലപ്പോഴും സമയാസമയങ്ങളിൽ ലഭിക്കുന്നില്ല. ആനുകൂല്യങ്ങൾ ബാങ്ക് വഴി ആക്കിയതും ബുദ്ധിമുട്ടായി. പ്രായമുള്ള പലർക്കും ബാങ്കുവഴിയുള്ള ഇടപാടുകളുടെ അറിവില്ലായ്മ ബുദ്ധിമുട്ടുണ്ടാക്കുന്നതായും തൊഴിലാളികൾ പറഞ്ഞു.