Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാമ്പഴം പുഴുവില്ലാതെ

mango-juice

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം

ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മാമ്പഴ ഈച്ചയുടെ ഉപദ്രവംമൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ. മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ് പഴ ഈച്ചകൾ.

മാങ്ങയുടെ പുറംതൊലിയിൽ ഇവ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാൻ പരുവമാകുമ്പോൾ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നു തിന്നുകയും ചെയ്യുന്നു. കാർന്നു തിന്നാൻ തുടങ്ങുന്നതോടെ മാങ്ങയുടെ ഉൾഭാഗം വേഗത്തിൽ നശിക്കുകയും മാങ്ങ പെട്ടെന്നു പഴുക്കുകയും ഞെട്ടറ്റ് മണ്ണിൽ വീഴുകയും ചെയ്യുന്നു. ഇവയില്‍നിന്നു പുഴുക്കൾ വീണ്ടും മണ്ണിലെത്തി 8–10 ദിവസത്തിനുള്ളിൽ സമാധിദശയിലാകുന്നു. രണ്ടു മാസത്തിനകം ഈച്ചകളായി രൂപാന്തരപ്പെടുന്ന ഇവയിലെ പെണ്ണീച്ചകൾ വീണ്ടും മാങ്ങകളിൽ മുട്ട നിക്ഷേപിക്കുന്നു.

പഴ ഈച്ചകളുടെ വംശവർധന തടയുന്നതിന് ചീഞ്ഞ മാങ്ങകൾ എടുത്ത് കുഴിയിലാക്കി മണ്ണിട്ടു മൂടണം. മീതൈൽ യുജിനോൾ അടങ്ങിയ ഫിറമോൺ കെണികൾ ഇന്നു ലഭ്യമാണ്. ഇവ മാങ്ങ മൂപ്പെത്തുന്നതിനു മുമ്പു മാവിന്റെ ശിഖരത്തിൽ തൂക്കിയിടുക. ആൺ കായീച്ചകൾ കൂട്ടത്തോടെ ഈ കെണിയിൽ അകപ്പെടും. ഇവയെ നശിപ്പിച്ചു വംശവർധന തടയാം. കേരളത്തിൽ മാർച്ച്– ഏപ്രിൽ മാസത്തിലാണ് മാമ്പഴ ഈച്ചകളുടെ വംശവർധന ഏറ്റവും കൂടുതലായി കാണുന്നത്.

മൂപ്പെത്തിയ മാങ്ങകൾ പറിച്ചെടുത്തു സംസ്കരിക്കുകയാണെങ്കിൽ പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടും. 10 ലീറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ ആറു ലീറ്റർ തിളച്ച വെള്ളവും നാലു ലീറ്റർ തണുത്ത വെള്ളവും ചേർക്കുക. ഇതിലേക്ക് 200 ഗ്രാം ഉപ്പ് ചേർത്ത് ഇളക്കുക. മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ ഈ ലായനിയില്‍ 10–15 മിനിറ്റ് നേരം ഇട്ടുവയ്ക്കുക. മാങ്ങകൾ പൂർണമായും മുങ്ങിക്കിടക്കേണ്ടതുണ്ട്. ഇതിനുശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ടു നന്നായി തുടച്ചു പഴുപ്പിക്കുക. നല്ല മാമ്പഴം പുഴു ഇല്ലാതെ ലഭിക്കും.

മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം. ഈ മിശ്രിതത്തിൽ മാങ്ങ ഇടുമ്പോൾ പഴ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ ഉണ്ടാക്കിയ സുഷിരങ്ങൾ അൽപം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിന്റെ ചെറുകണികകൾ മാങ്ങയ്ക്കുള്ളിൽ കയറുകയും ചെയ്യുന്നു. ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും.

തയാറാക്കിയത്: സി. ജോസ് വർഗീസ്, ജോയിന്റ് ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ്