നാഗദന്തി ദഹനസംബന്ധമായ അസുഖങ്ങളെ ശമിപ്പിക്കാൻ പോന്ന അരിഷ്ടത്തിലെ ചേരുവകളിലൊന്നാണ്. ഇതിന്റെ വേര് ഔഷധാവശ്യത്തിന് ഉപയോഗിക്കുന്നു.
നാഗദന്തി കൃഷിയിറക്കുന്നത് 15 മുതൽ 20 സെ.മീ. നീളത്തിൽ മുറിച്ചെടുത്ത കമ്പുകൾ വേര് പിടിപ്പിച്ചെടുത്താണ്. തൈകൾ നടുന്നത് 5.2 മീറ്റർ അകലത്തിൽ 45 സെ.മീ. വീതം നീളം, വീതി താഴ്ചയുള്ള കുഴികളെടുത്തതിൽ 15 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലർത്തി നിറച്ചതിനു ശേഷമാകണം. ഒരു കുഴിയിൽ വേര് പിടിപ്പിച്ച രണ്ടു തണ്ടുകൾ വീതം നടുക. ആദ്യവിളവെടുപ്പിന് രണ്ടു വർഷം വേണ്ടിവരുന്നു. കിളച്ചെടുത്ത വേരുകൾ വൃത്തിയാക്കി വെയിലിൽ ഉണക്കി വിൽപന നടത്തുകയും ചെയ്യാം.
കൃഷിത്തോട്ടങ്ങളിൽ കള കയറാതിരിക്കാനും മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാനും നാഗദന്തിക്കൃഷി സഹായകമാണ്. ഇതോടൊപ്പം തൊട്ടങ്ങളില്‍നിന്നുമുള്ള മൊത്ത ആദായം വർധിക്കുകയും ചെയ്യും.