ഏലത്തെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് അഴുകൽ. ഇത് കായ്ചീയൽ എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിലാണ് അഴുകൽ രോഗം കൂടുതലായി കണ്ടുവരുന്നത്.
ഒരിനം കുമിളാണ് രോഗഹേതു. മഴക്കാലത്താണ് രോഗം രൂക്ഷമാകുക. ഏലച്ചെടിയുടെ ഇല, ചിമ്പ്, ശരം, കായ് തുടങ്ങി എല്ലാ ഭാഗങ്ങളിലും ഈ രോഗം ബാധിക്കുന്നു. ആദ്യ രോഗലക്ഷണം തിളച്ചവെള്ളം വീണാലുണ്ടാകാവുന്ന പാടുകൾക്കു സമം. ഈ രോഗലക്ഷണം വലുതാകുന്നതോടെ ഇലയുടെ തുമ്പുകൾ ഉണങ്ങി കീറുകയും അടിവശത്തുവച്ചു മുറിഞ്ഞു തൂങ്ങുകയും ചെയ്യും. രോഗം ബാധിച്ച ഇളംകൂമ്പുകൾ വിടരാതെ ചീഞ്ഞുപോകുകയും തണ്ടുകൾ ഒടിയുകയും ചെയ്യുന്നു.
രോഗം കായ്കളെ ബാധിക്കുമ്പോഴാണു നഷ്ടം കൂടുതലാകുക. രോഗം ബാധിച്ച കായ്കൾ നിറം മങ്ങി അഴുകി തുടങ്ങുന്നു. കൂടാതെ ചീഞ്ഞമണവും ഉണ്ടാകുന്നു. ഇവ വേഗത്തിൽ കൊഴിയുകയും ചെയ്യും. രോഗബാധ ശരത്തേൽ ആകുമ്പോൾ ചുവടുവച്ച് അഴുകി ഉണങ്ങിപ്പോകും. ആത്യന്തികമായി തോട്ടംതന്നെ നശിക്കാം. വിളവുനഷ്ടം സാധാരണ 30 ശതമാനത്തിലേറെയായിരിക്കും.
ഈ രോഗനിവാരണത്തിനുള്ള പ്രതിരോധ നടപടികൾ ഇപ്രകാരം.
കാലവർഷാരംഭത്തോടെ ചെടിച്ചുവട്ടിൽനിന്നും ചപ്പുചവറുകൾ നീക്കംചെയ്യുക. തണൽ ക്രമീകരിക്കുക. തോട്ടത്തിൽ നീർവാർച്ചാ സൗകര്യവും വരുത്തുക.
രോഗം വരാതിരിക്കാനും വന്നാൽ വ്യാപിക്കാനിടയാകാതെ നിയന്ത്രിക്കാനും മരുന്നുതളിയും നടത്തേണ്ടതാണ്. ബോർഡോമിശ്രിതം അല്ലെങ്കിൽ ഡൈതേൻ എം. 45 ഫലപ്രദമായ നിയന്ത്രണോപാധികളാണ്. ബോർഡോമിശ്രിതം 1 ശതമാനം വീര്യത്തിലും ഡൈതേൻ എം. 45 2 ഗ്രാം, 1 ലീറ്റർ വെള്ളത്തിൽ എന്ന തോതിലും കലക്കി തളിക്കാം. ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ മരുന്നുതളി രണ്ടോ മൂന്നോ തവണ നടത്തണം. ഇതിനു പുറമെ ചെടിച്ചുവട്ടിൽ മേൽപ്പറഞ്ഞ ലായനികളിലൊന്ന് 3–4 ലീറ്റർ എന്ന അളവിൽ ജൂലൈ– ഓഗസ്റ്റ് മാസങ്ങളിൽ ഒഴിച്ചു നനയ്ക്കുന്നതും രോഗം വരാതെ കാക്കും.