Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേന്ത്രവാഴയുടെ ശാസ്ത്രീയ കൃഷി

banana-plantain

ചോദ്യം ഉത്തരം ∙ വിളകൾ

Q. നാനൂറു മൂട് നേന്ത്രവാഴ നട്ടിട്ട് അഞ്ചു മാസമായി. വാഴയ്ക്ക് എൻപികെ വളങ്ങൾക്കു പുറമേ, കുമ്മായവും സൂക്ഷ്മമൂലകങ്ങൾ ചേർക്കേണ്ടതുണ്ടെങ്കിൽ അവയും ചേർക്കേണ്ടത് എങ്ങനെ. പാനമ രോഗവും പിണ്ടിപ്പുഴു ശല്യവും കഴിഞ്ഞ കാലങ്ങളിൽ നേരിട്ടിരുന്നു. എന്താണു പ്രതിവിധി.

ഡി.കെ. അബ്ദുൽ കരീം, പാണ്ടിതൊടിയിൽ, മഞ്ചേരി

മണ്ണിൽ മൂലകങ്ങളുടെ കുറവും കൂടുതലും വാഴയുടെ വളർച്ചയെ വേഗം ബാധിക്കുമെന്നതിനാൽ വളങ്ങൾ ശ്രദ്ധയോടെ ചേർക്കണം. നടുന്നതിനു മുമ്പ് കുമ്മായം ചേർത്ത് മണ്ണിലെ അമ്ലത കുറയ്ക്കണം. ഇതിനായി വാഴയൊന്നിന് അര കിലോ എന്ന തോതിൽ കുമ്മായപ്പൊടിയോ, ഡോളമൈറ്റോ ചേർക്കാം.

സൂക്ഷ്മമൂലകക്കുറവ് വ്യാപകമായതിനാൽ അവ അടങ്ങിയ മിശ്രിതം (മൈക്രോ ഫുഡ്) വാഴയൊന്നിന് 50 ഗ്രാം വീതം നട്ട് ഒരു മാസം ആകുമ്പോഴും, നാലാം മാസവും നൽകണം. നേന്ത്രവാഴ കുലച്ചാലുടനെ ഒന്നിനു യൂറിയ 65 ഗ്രാം എന്ന തോതിൽ ചേർക്കണം.

പാനമ വാട്ടം ഉണ്ടായിരുന്ന തോട്ടങ്ങളിൽ ഇത്തവണ വാഴ വേണ്ട, മറ്റൊരു വിളയാകട്ടെ. വിള പരിക്രമം വഴി പാനമ വാട്ടത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. പാനമ വാട്ടം കുറയ്ക്കുന്നതിന് മണ്ണിന്റെ പുളിരസം കുറയ്ക്കുന്നത് സഹായകമാകും.

നേന്ത്രന്‍ നട്ട് അഞ്ചു മാസത്തിനുശേഷം രാസകീടനാശിനി പ്രയോഗം പാടില്ല. എന്നാൽ ഈ സമയത്തിനു ശേഷമായിരിക്കും പിണ്ടിപ്പുഴു ശല്യം ഉണ്ടാകുക. ഉണ്ടായാൽ ഒരേക്കറിലേക്ക് അസഫേറ്റ് 75 S.P, 400 ഗ്രാം തോതിൽ ലായനിയാക്കി തളിക്കുക.

വാഴക്കൃഷിയെ കുറിച്ചു കൂടുതൽ അറിവിനും നടീൽവസ്തുക്കൾക്കും തൃശൂർ കണ്ണാറയിലുള്ള വാഴ ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0487–2699087

ഫിഷ് അമിനോ ആസിഡ് സ്വയമുണ്ടാക്കാം

Q. ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നത് എങ്ങനെ. ഇതിന്റെ ഉപയോഗം, കാലാവധി എന്നിവ അറിയണം. ഇതു വിൽക്കുന്നതിനു പ്രത്യേകാനുമതി വേണോ.

എം.എ. ഗോപാലൻ, തലക്കുളത്തൂർ, കോഴിക്കോട്

പച്ചമത്തി അഥവാ ചാള (അൽപം പഴകിയതായാലും മതി) 100 ഗ്രാം മൂന്നു നാലു കഷണങ്ങളാക്കുക. ഇതിലേക്കു 100 ഗ്രാം പൊടിച്ച ശർക്കര ചേർത്തിളക്കി ഒരു പാത്രത്തിൽ വായു കടക്കാതെ 15 ദിവസം അടച്ചു വയ്ക്കുക. അതിനുശേഷം ഈ മിശ്രിതം 2 മി.ലീ. എടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പത്തു ദിവസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ ഒഴിക്കുകയോ നാലില പ്രായം മുതൽ ചെടികളിൽ തളിക്കുകയോ ചെയ്യാം. ചെടികൾക്കു നല്ല വളർച്ചയുണ്ടാകും. ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് വായു കടക്കാത്ത പാത്രത്തിൽ അടച്ചുവച്ചാൽ ആറു മാസം വരെ കേടാകാതെയിരിക്കും.

ഫിഷ് അമിനോ ആസിഡ് സ്വന്തമാവശ്യത്തിന് ഉണ്ടാക്കാനോ ഉപയോഗിക്കാനോ ആരുടെയും അനുമതി വേണ്ട. വില്‍പനയ്ക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ സ്ഥലം കൃഷിഭവനുമായി ബന്ധപ്പെടുക.

നാടൻ മാവിന്റെ വളര്‍ച്ച നിയന്ത്രിക്കാം

mango-tree Representative image

Q. മാങ്ങയണ്ടി മുളപ്പിച്ചുണ്ടാക്കിയ നാടൻ മാവുകൾ വളരെ പൊക്കത്തിൽ വളരുന്നതിനാൽ വിളവെടുപ്പ് പ്രയാസമാണ്. ഇതിന്റെ മേലോട്ടുള്ള വളർച്ച തടയാനാകുമോ.

ഡി. സുഭഗൻ, ഫോർട്ടുകൊച്ചി

നാടൻ മാവുകൾ ഉയരത്തിൽ പടർന്നു പന്തലിച്ചു വളരുന്നു. ആകാര വലുപ്പത്തിന് ആനുപാതികമായി വിളവും ലഭിക്കും. മാവിന്റെ വളർച്ച നിയന്ത്രിക്കാനാകും.

ഇതിനുള്ള വഴികൾ: മാങ്ങയണ്ടി മുളപ്പിച്ചുള്ള തൈകൾക്കു പകരം ഗ്രാഫ്റ്റിങ്, സ്റ്റോൺ ഗ്രാഫ്റ്റിങ് രീതികളിൽ ഉൽപാദിപ്പിച്ച തൈകൾ നടുക. ഒരു യൂണിറ്റു സ്ഥലത്ത് കൂടുതൽ തൈകൾ നടാനുമാകുമെന്ന മെച്ചവുമുണ്ട്. പരിചരണങ്ങൾ അനായാസം നടത്താം. നാടൻ മാവുകളുടെയും ഒട്ടുതൈകൾ ഇപ്പോൾ വിൽപനയ്ക്കുണ്ട്. ഇപ്പോഴുള്ളതും ഉയരം കൂടിക്കൊണ്ടിരിക്കുന്നതുമായ നാടൻ മാവുകളുടെ നടുഭാഗത്തുള്ള പ്രധാന ശിഖരം മുറിച്ചു നീക്കി, മുറിഭാഗം ബോർഡോകുഴമ്പു തേച്ചു നിർത്തുക. വിളവെടുപ്പു കഴിഞ്ഞു മഴക്കാലാരംഭമായിരിക്കും ഇതിനു നല്ലത്.

കേരളത്തില്‍ സ്ട്രോബെറി

strawberry-fruit Representative image

Q. കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും കൃഷിരീതികളും അറിയണം.

എസ്.എൻ. വിമല, കൊട്ടേത്ത് ഹൗസ്, ആദിക്കാട്ടുകുളങ്ങര

സ്ട്രോബെറി പോഷകസമ്പന്നമായ പഴമാണ്. ജീവകം എ, ബി, ബി 2, സി എന്നിവയ്ക്കു പുറമേ കാത്സ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മിതശീതോഷ്ണ കാലാവസ്ഥയിലും നന്നായി വളരുന്ന ഇനങ്ങൾ ലഭ്യമായതോടെ കേരളത്തിൽ വയനാട്, ഇടുക്കി, നെല്ലിയാമ്പതി പ്രദേശങ്ങളിൽ ആരംഭിച്ച കൃഷി സമതലങ്ങളിലേക്കും വ്യാപിക്കുന്നു.

ഹൈറേഞ്ച് കാലാവസ്ഥയിൽ പിങ്കോറ, ചാൻസ്‌ലർ, ഫേൺ എന്നിവയാണ് നന്നായി വളരുന്ന ഇനങ്ങൾ. സ്ട്രോബെറി തറയിൽ ചേർന്നു വളരുന്നു. മണൽ കൂടിയ മണ്ണാണ് കൃഷിക്കു പറ്റിയത്. അൽപം അമ്ലത്വമുള്ള മണ്ണ് ഏറ്റവും യോജ്യം. നീർവാർച്ചയുള്ള സ്ഥലം നിർബന്ധം.

വള്ളിത്തല മുറിച്ചെടുത്ത കഷണങ്ങളാണ് നടീൽവസ്തു. ടിഷ്യു കൾച്ചർ തൈകളും ലഭ്യമാണ്. വിത്ത് മുളപ്പിച്ചും നടാം. കിളച്ചൊരുക്കിയ മണ്ണിൽ വാരങ്ങളെടുത്ത് തൈകൾ നടണം. ട്രൈക്കോഡെർമ ചേർത്ത ചാണകപ്പൊടി ഒരു കിലോ ച.മീറ്ററിന് എന്ന തോതിൽ നൽകുന്നതു നന്ന്.

ഹൈറേഞ്ച് കാലാവസ്ഥയിൽ വർഷം മുഴുവൻ കൃഷിയിറക്കാമെങ്കിലും ഏപ്രിൽ–മേയ് മാസങ്ങളാണ് ഏറ്റവും നല്ലത്. വൈക്കോൽകൊണ്ടു പുതയിടാം. പോളിത്തീൻ ഷീറ്റ് വിരിക്കുന്നതു വഴി കായ്ചീയൽ സാധ്യത കുറയ്ക്കാം.

ഹെക്ടറിനു ജൈവവളങ്ങൾ–20 ടൺ, രാസവളങ്ങൾ–നൈട്രജൻ 50 കിലോ, ഫോസ്ഫറസ് 40 കിലോ, പൊട്ടാഷ് 20 കിലോ എന്നിവ നൽകാനാണ് ശുപാർശ. വേനൽക്കാലത്തു വെള്ളം തുള്ളിനന രീതിയിൽ നൽകണം. വേരുചീയലിനും ഇലപ്പൊട്ടു രോഗത്തിനും എതിരെ കുമിൾനാശിനികൾ മണ്ണും ചെടിയും കുതിരത്തക്കവിധം തളിക്കുക. ഏപ്രിലിൽ നട്ടാൽ സെപ്റ്റംബറിൽ പൂവിടും. തേനീച്ച നല്ല പരാഗണ സഹായിയാണ്. വിളവെടുപ്പ് 2–3 ദിവസം ഇടവിട്ട്. ഒരു ചെടിയിൽനിന്ന് 20–30 പഴങ്ങൾ (ഒന്നിന്റെ തൂക്കം 5–8 ഗ്രാം) ലഭിക്കാം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്: കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in