നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷിചെയ്തിരുന്നതും എന്നാൽ ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായതുമായ ചില നാടൻ പയറുവർഗങ്ങളെ വീണ്ടുമോർക്കാം. ഇവയുടെ തിരിച്ചുവരവ് ഭക്ഷണത്തിലെ പോഷകപൂരണത്തിനും നാടിന്റെ ജനിതക വൈവിധ്യത്തിനും മുതൽക്കൂട്ടാവും.
ചതുരപ്പയർ
നമ്മുടെ കാലാവസ്ഥയ്ക്കു ചേർന്നതും എല്ലാ ഭാഗങ്ങളും പച്ചക്കറിയായി ഉപയോഗിക്കാവുന്നതുമായ പോഷകസമ്പുഷ്ടമായ ചെടിയാണിത്. നനസൗകര്യമുണ്ടെങ്കിൽ ഏതു സമയത്തും ഇതു നടാം. വെള്ളക്കെട്ടുകൾ ഒഴികെ ഏതു പ്രദേശത്തും നന്നായി വളരും. നീളമുള്ള വള്ളികളുള്ള ചെടി വേലിക്കെട്ടിലോ മരങ്ങളിലോ പടർന്നു വളർന്നുകൊള്ളും. കാര്യമായ രോഗ, കീടബാധ ഇല്ല.
വിത്തു നട്ടു രണ്ടു മാസംകൊണ്ട് ഇതിൽനിന്നു കായ്കൾ കിട്ടിത്തുടങ്ങും. നല്ല പച്ചനിറമുള്ള കായ്കൾക്കു ചതുരാകൃതിയാണ്. ഇലകളും കായ്കളും പച്ചക്കറിയായി ഉപയോഗിക്കാം. കായ്കളിൽ 20–35% മാംസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കോശവളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഫോളെറ്റുകൾ, വിറ്റമിൻ സി, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും ഇതിൽ ധാരാളം.
ശീമപ്പയർ
നമ്മുടെ നാട്ടിൽ വാളരിപ്പയർ എന്നും അറിയപ്പെടുന്ന ഇതിന്റെ കായ്കൾ ഒരടിയോളം നീളമുള്ളതും പരന്നതുമാണ്. ഏതു കാലാവസ്ഥയിലും മണ്ണിലും നന്നായി വളരുന്ന ഈ ചെടിയും പടരുന്ന വള്ളികളുള്ളതാണ്. കുറ്റിച്ചെടിയായി മൂന്നോ നാലോ അടി ഉയരത്തിൽമാത്രം വളരുന്ന ഇനങ്ങളുമുണ്ട്. വേനൽക്കാലത്തും നന്നായി വളരും.
യോജിച്ച സാഹചര്യങ്ങളിൽ ഇവ നട്ട് രണ്ടു മാസംകൊണ്ടുതന്നെ വിളവെടുത്തു തുടങ്ങാം. കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങൾ ഒന്നര മാസംകൊണ്ടുതന്നെ കായ്ച്ചുതുടങ്ങും. ഇതിന്റെ കായ്കൾ അധികം മൂപ്പെത്തുന്നതിനു മുമ്പ് പച്ചക്കറിയായി ഉപയോഗിക്കാം. നന്നായി പാകം ചെയ്തു വേണം ഇവ ഉപയോഗിക്കാൻ. ഇലകൾ കാലിത്തീറ്റയായും ഉപയോഗിക്കാം. ഇതിൽ 49 ശതമാനം അന്നജവും 28 ശതമാനം മാംസ്യവും 9 ശതമാനം നാരും അടങ്ങിയിട്ടുണ്ട്.
അമരപ്പയർ
രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്നതാണ് അമരപ്പയർ. ഇതിന്റെ വേരുകൾ വളരെ ആഴത്തിൽനിന്ന് ഈർപ്പം വലിച്ചെടുക്കുന്നതിനാൽ വരണ്ട കാലാവസ്ഥയിലും വളർത്താം. ഇവയുടെ വേരുകളിൽ കാണപ്പെടുന്ന റൈസോബിയം എന്ന ബാക്‌ടീരിയ മുഖേന മണ്ണിൽ വളരെ ആഴത്തിൽ വരെ നൈട്രജന്റെ അളവ് കൂട്ടാൻ ഈ ചെടിക്കു സാധിക്കും. നമ്മുടെ സംസ്ഥാനത്തുള്ള ഏതു തരം മണ്ണിലും നന്നായി വളരും.
മണ്ണിൽ ഈർപ്പമുള്ള ഏതു കാലാവസ്ഥയിലും തയാറാക്കിയ തടങ്ങളിൽ ഒന്നര അടി അകലത്തിൽ അമരപ്പയർ വിത്തുകൾ നടാം. വളക്കൂറുള്ള മണ്ണിൽ വളപ്രയോഗം പോലും ഒഴിവാക്കാം. തുടർച്ചയായി കൃഷിചെയ്യുന്ന സ്ഥലമാണെങ്കിൽ ആവശ്യാനുസരണം ജൈവവളങ്ങൾ ചേർത്തുകൊടുക്കാം. രോഗ, കീടബാധ കുറവാണ്.
കായ്കളിൽ മാംസ്യത്തിന്റെയും നാരിന്റെയും അംശം കൂടുതലുണ്ട്. ഇതു കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവു കുറയുമെന്നു കണ്ടിട്ടുണ്ട്. അതിനാൽ പ്രമേഹരോഗികളും ഹൃദ്രോഗികളും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വിറ്റമിൻ എ,ബി,സി,കെ എന്നിവയ്ക്കു പുറമേ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളമുണ്ട്.
വിലാസം: അസിസ്റ്റന്റ് ഡയറക്ടർ, സംസ്ഥാന നീർത്തട വികസന പരിശീലന കേന്ദ്രം (IWDM-K), ചടയമംഗലം.
ഫോൺ: 9446446632