Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളിബാഗിലെ തെങ്ങിൻതൈ

coconut-seedlings Representative image

ചോദ്യം ഉത്തരംവിളകൾ

Q. തെങ്ങിൻതൈകൾ ഉൽപാദിപ്പിക്കാൻ വിത്തുതേങ്ങ മണ്ണിൽ പാകി കിളിർപ്പിച്ചെടുക്കുകയാണ് പണ്ടേയുള്ള രീതി. എന്നാൽ ഈയിടെയായി പോളിബാഗിൽ നട്ടുവളർത്തിയെടുക്കുന്നതിനു പ്രചാരമേറി വരുന്നു. ഈ രീതിയുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്.

ആർ.എം. വർഗീസ്, പള്ളിക്കുന്നേൽ, വെള്ളാങ്ങല്ലൂർ

തെങ്ങ് ദീർഘകാല വൃക്ഷവിളയാണ്. തൈ നട്ടാൽ വിളവു ലഭിച്ചുതുടങ്ങാൻ നാലഞ്ചു വർഷം വേണ്ടിവരുന്നു. അപ്പോൾ മാത്രമേ വിളവിന്റെ അളവ്, മേന്മകൾ എന്നിവ യഥാർഥത്തിൽ തിരിച്ചറിയാനാവുകയുള്ളൂ. അതിനാൽ വിത്തുതേങ്ങ ശേഖരിക്കുന്നതിനു മാതൃവൃക്ഷങ്ങൾ തിരഞ്ഞെടുക്കുക, വിത്തിനു ക്ഷതം സംഭവിക്കാതെ സംഭരിക്കുക, അടുത്തതു പാകുന്നതിനു സമയമാകുന്നതുവരെ സൂക്ഷിക്കുക, നഴ്സറി പരിചരണം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

പോളിബാഗ് നഴ്സറി പരിപാലനം: കിളിർത്തു തുടങ്ങിയ വിത്തുതേങ്ങയാണ് പോളിബാഗിൽ നടുക. ഇതിനാവശ്യമായ പോളിബാഗിന്റെ വലുപ്പം 60x40 സെ.മീറ്ററും അടിഭാഗത്ത് 8–10 ദ്വാരങ്ങൾ ഇട്ടിട്ടുള്ളതുമാകണം. ഇതിൽ 2:1:1 അനുപാതത്തിൽ മേൽമണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ കൂട്ടിക്കലർത്തിയ മിശ്രിതം നിറച്ചുവേണം വിത്തുതേങ്ങ പാകാൻ. സാധാരണ രീതിയിലുള്ള പറിച്ചുനടീലിൽ നേരിടുന്ന ക്ഷതം പോളിബാഗ് തൈകളിൽ സംഭവിക്കുന്നില്ല. തന്നെയുമല്ല, തൈകൾ നല്ല കരുത്തോടെ വളരുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വേനൽക്കാലത്ത് തണൽ ക്രമീകരിക്കുകയും യഥാസമയം നനയ്ക്കുകയും ചെയ്യണം. നഴ്സറി തുറസ്സായ സ്ഥലത്തെങ്കിൽ മഴക്കാലം കഴിഞ്ഞാലുടൻ പുതയിടുകയും പന്തലിട്ട് തണൽ നൽകുകയും വേണം. നഴ്സറിയിൽ കളവളർച്ച നിയന്ത്രിക്കുക. കീട, രോഗബാധകൾക്കെതിരെ ജാഗ്രത പാലിക്കുക. പോളിബാഗിൽ പാകിയശേഷം അഞ്ചുമാസമായിട്ടും കിളിർക്കാത്ത തേങ്ങകൾ ഉപേക്ഷിക്കുക.

പോളിബാഗിലെ തൈകൾക്കു സംരക്ഷണച്ചെലവ് കുറവാണ്. തൈ വളർച്ചയ്ക്ക് ആവശ്യമായ വ്യത്യസ്ത ഉൽപാദക ഘടകങ്ങൾ ഒ‌ട്ടും നഷ്ടപ്പെടാതെ ചെടിക്ക് ഉപയോഗിക്കാനാകുന്നു. കീട, രോഗ നിയന്ത്രണം സുഗമമാക്കുന്നു.

പോളിബാഗ് തൈകൾ ദൂരേക്കു കൊണ്ടുപോകേണ്ടി വന്നാൽ അതിനു വേണ്ടിവരുന്ന ചെലവ് സാധാരണ തൈകളുടേതിനേക്കാൾ കൂടുതലായിരിക്കുമെന്നത് വാങ്ങുന്ന കർഷകർക്ക് അധിക ബാധ്യതയാകും.

മങ്കോസ്റ്റിൻ കായ്ക്കാൻ

mangosteen മങ്കോസ്റ്റിൻ

Q. എന്റെ പറമ്പിൽ 30 വർഷം പ്രായമായ മങ്കോസ്റ്റിൻ മരം ഉണ്ട്. അതു വർഷങ്ങളായി പൂവിടുന്നുണ്ട്, എന്നാൽ കായ്ക്കുന്നില്ല. കായ്പിടിത്തത്തിന് പ്രത്യേക പരിചരണം നൽകേണ്ടതുണ്ടോ. മങ്കോസ്റ്റിനിൽ ആൺ–പെൺ മരങ്ങൾ പ്രത്യേകമുണ്ടോ.

പ്രിയ മോഹൻലാൽ, ചെമെക്കാട്, കൊല്ലം

ആറ്റുതീരങ്ങളിലാണ് മങ്കോസ്റ്റിൻ നന്നായി വളരുക. മങ്കോസ്റ്റിൻ തൈകൾ നട്ടാൽ ആറാം വർഷം മുതൽ കായ്ക്കാൻ തുടങ്ങും. മരം വളരുന്തോറും കായ്കളുടെ എണ്ണം കൂടും. നല്ല ആദായം 12–ാം വർഷം ലഭിച്ചുതുടങ്ങും. ഒരു മരത്തിൽനിന്നു സാധാരണ സാഹചര്യത്തിൽ 1000–2000 കായ്കൾ ലഭിക്കും. എന്നാൽ കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം, കൃഷിരീതി എന്നിവയനുസരിച്ചു കായ്പിടിത്തം വ്യത്യസ്തമാകും. കടുത്ത വരൾച്ച, കനത്ത മഴ, പൂവിടുന്നതിനു മുമ്പുള്ള കനത്ത മഴ ഇവയെല്ലാം കായ്പിടിത്തത്തെ ബാധിക്ക‍ാം. കാലാവസ്ഥാഭേദമനുസരിച്ച് കായ്കൾ ഉണ്ടാകുന്ന സമയം വ്യത്യാസപ്പെടാം. സമതലങ്ങളിൽ സാധാരണയായി പൂക്കാലം നവംബർ –ഡിസംബർ മാസങ്ങളും ഉയർന്ന പ്രദേശങ്ങളിൽ ഏപ്രിൽ മാസവുമാണ്. ശിഖരങ്ങളു‌ടെ അറ്റത്താണ് പൂക്കൾ ഉണ്ടാകുക. പൂക്കൾ വിരിഞ്ഞതിനു ശേഷം പഴമാകാൻ 98–105 ദിവസം വരെ വേണ്ടിവരും.

മങ്കോസ്റ്റിൻ മരങ്ങളിൽ പെൺപൂക്കൾ മാത്രമേ കാണാറുള്ളൂ. ആൺമരങ്ങളുടെ സഹായം ഇല്ലാതെതന്നെ കായ് പിടിക്കാനും വിത്ത് ഉൽപാദിപ്പിക്കാനും മങ്കോസ്റ്റിനു കഴിവുണ്ട്.

താങ്കളുടെ തോട്ടത്തിൽ ചെടികൾക്ക് ശരിയായ പരിചരണം ലഭിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കുക. മഴക്കാലാരംഭത്തോടെ മരത്തിനു ചുറ്റും നേരിയ താഴ്ചയിൽ തടമെടുത്ത് ജൈവവളങ്ങളിട്ടു മൂടണം. പത്തു വർഷമായ മരമൊന്നിന് പ്രതിവർഷം 100 കിലോ ജൈവ വളം ചേർക്കാം. പുറമേ, കപ്പലണ്ടിപ്പിണ്ണാക്ക് അല്ലെങ്കിൽ വേ‍പ്പിൻപിണ്ണാക്ക് 2–3 കി‍ലോ, എല്ലുപൊടി 2 കിലോ എന്നിവയും മഴക്കാലത്തിനു തൊട്ടുമുൻപു മേൽവളമായി 17:17:17 കോംപ്ലക്സ് വളം ഒരു കിലോയും ചേർക്കണം. മണ്ണിന്റെ മേൽനിരപ്പിനോടു ചേർന്ന് വേരുകൾ ധാരാളമായുണ്ടാകും. അതിനാൽ ചുവടു താഴ്ത്തി കിളയ്ക്കുകയോ ഉഴുകയോ ചെയ്യരുത്.

തണലും മണ്ണിൽ മതിയായ അളവിൽ ഈർപ്പാംശവും ആവശ്യമാണ് മങ്കോസ്റ്റിന്. ഇലകൾ, തൊണ്ട്, ചകിരി, കമ്പോസ്റ്റ്, വിളാവശിഷ്ടങ്ങൾ എന്നിവകൊണ്ട് ചുവട്ടിൽ പുതയിടുന്നത് നന്ന്. വേനലിൽ നനയ്ക്കണം. എന്നാൽ മരങ്ങൾ പൂവിടുന്നതിനു തൊട്ടുമുമ്പുള്ള ഒരു മാസം നനയ്ക്കാൻ പാടില്ല. നനച്ചാൽ ചിലപ്പോൾ പൂക്കൾക്ക് പകരം തളിരുകളാണ് ഉണ്ടാകുക.

കേരളത്തിലെ വീട്ടുവളപ്പുകളിലാണ് സാധാരണയായി മങ്കോസ്റ്റിൻ കൃഷി ചെയ്തുപോരുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, തോട്ടഭാഗം, ഇരവിപേരൂർ, മാരാമൺ, റാന്നി, കോന്നി തുടങ്ങിയ പ്രദേശങ്ങളിലാണ് മങ്കോസ്റ്റിൻ കൃഷി കൂടുതലുള്ളത്. ഏതെങ്കിലും കൃഷിയിടം സന്ദർശിച്ച് കാര്യങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കുക.

തണ്ണിമത്തൻ കൃഷി കേരളത്തിൽ

watermelon തണ്ണിമത്തൻ

Q. തണ്ണിമത്തൻ നമ്മുടെ നാട്ടിൽ നന്നായി കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്നവരുണ്ട്. എങ്കിലും കൃഷി അത്ര വ്യാപകമല്ല. കൃഷിക്കു പറ്റിയ സമയം, പരിചരണമുറകൾ എന്ന‍ിവയെക്കുറിച്ച് അറിയണം.

എസ്. സിന്ധു മോഹൻ, മോഹന സൗധം, പേരയം

വേനൽക്കാലത്താണ് തണ്ണിമത്തൻ കേരളത്തിലെ വിപണികളിൽ ധാരാളം ലഭിക്കുക. ഇവയിൽ നല്ല പങ്കും അയൽസംസ്ഥാനങ്ങളിൽനിന്നാണ് എത്തിക്കുന്നത്. എന്നാൽ കേരളത്തിലും ഇതു കൃഷി ചെയ്യാം. തണ്ണിമത്തൻ കൃഷിക്ക് യോജിച്ച കാലങ്ങൾ ജനുവരി–ഏപ്രിൽ, ഒക്ടോബർ–ജനുവരി. വിളവിന്റെ മേന്മയ്ക്ക് വേനൽക്കാലമാണു നല്ലത്. മഴക്കാലത്ത് ഗുണം കുറയും. പ്രധാന ഇനങ്ങൾ ഷുഗർ ബേബി, അർക്ക ജ്യോതി. നനയ്ക്കാമെങ്കിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കൃഷി ചെയ്യാം.

വിത്തും വിതയും: നിരകൾ തമ്മിൽ മൂന്നു മീറ്ററും തടങ്ങൾ തമ്മിൽ രണ്ടു മീറ്ററും അകലം കണക്കാക്കി 60 സെ.മീ. വ്യ‍ാസത്തിലും 30–45 സെ.മീ. താഴ്ചയിലും തടമെടുത്ത് നല്ലതുപോലെ പൊടി‍ഞ്ഞു പാകമായ കാലിവളം/കമ്പോസ്റ്റ് കുഴിയിൽനിന്നുമെടുത്ത മേൽമണ്ണുമായി കലർത്തി കുഴി നിറയ്ക്കണം. ഇവിടം നിരപ്പാക്കിയശേഷം ഓരോ കുഴിയിലും മൂന്നോ നാലോ വിത്തുവീതം പാകണം.

വളം ചേർക്കൽ: തണ്ണിമത്തന്റെ വൻതോതിലുള്ള കൃഷിക്കു സാധ്യത തരിശിട്ടിരിക്കുന്ന നെൽപ്പാടങ്ങളിലാകാം. എങ്കിൽ ഹെക്ടറിനുള്ള പൊതുശുപാർശ താഴെ:

അടിസ്ഥാനവളമായി കാലിവളം/കമ്പോസ്റ്റ് 8–10 ടൺ. ഇതോടൊപ്പം അടിവളമായി യൂറിയ 80 കിലോ, റോക്ഫോസ്ഫേറ്റ് 125 കിലോ, പൊട്ടാഷ് വളം 50 കിലോ, രണ്ടാംവളം യൂറിയ 40 കിലോ വീതം വള്ളി നീളുമ്പോഴും പൂവിടുമ്പോഴും.

പരിചരണം: കായ്കൾ മൂപ്പാകുന്നതുവരെ രണ്ടു ദിവസം കൂടുമ്പോൾ നനയ്ക്കണം. പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന അവസരങ്ങളിൽ തടത്തിൽ ഈർപ്പം നല്ല തോതിൽ ഉണ്ടാകണം. ഈർപ്പനഷ്ടം ഒഴിവാക്കാൻ തടത്തിൽ ഇലകൾ, വൈക്കോൽ, പായൽ എന്നിവകൊണ്ട് പുതയിടുന്നതു നന്ന്.

വിളവെടുപ്പ്: പെൺപൂവ് വിരിഞ്ഞ് 30 ദിവസം കഴിയുന്നതോ‌ടെ കായ്കൾ മൂപ്പെത്തും, പറിച്ചെടുക്കാം. പരിചയസമ്പന്നരായ കർഷകർ, വിരൽകൊണ്ട് ത‌ട്ടി ഉണ്ടാക്കുന്ന ശബ്ദംകൊണ്ട് വിളവു തിട്ടപ്പെടുത്താറുണ്ട്. പറിച്ചെടുത്ത കായ്കൾ നല്ല തണലിൽ സൂക്ഷിക്കണം. ഒരു ഹെക്ടറിൽനിന്നുമുള്ള ശരാശരി വിളവ് 40 ടൺ.

തേങ്ങാവെള്ളം വിനാഗിരി

vinegar വിനാഗിരി

Q. വീട്ടാവശ്യത്തിനു തേങ്ങാവെള്ളത്തിൽനിന്നു വിനാഗിരി തയാറാക്കുന്നത് എങ്ങനെ.

ഡൽസി ബെന്നി, പറവട്ടിൽ, മൂക്കന്നൂർ

വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. അതിനാൽ കൂടുതൽ പഞ്ചസാര ചേർത്ത് അതിന്റെ അളവ് 10 ശതമാനമാക്കണം. ഇത് യീസ്റ്റ് ഉപയോഗിച്ച് 4–5 ദിവസം പുളിപ്പിച്ചതിനുശേഷം ലഭിക്കുന്ന തെളിഞ്ഞ ദ്രാവകമെടുത്ത് അസക്ടോബാക്ടർ ബാക്ടീരിയ അടങ്ങിയ മാതൃവിനാഗിരിയുമായി ചേർത്ത് വിനീഗർ ഉൽപാദക ജനറേറ്ററിലേക്ക് മാറ്റി അസറ്റിക് അമ്ലത്തിന്റെ അളവ് നാലു ശതമാനമാക്കണം. എന്നിട്ട് പാസ്ചരീകരണം നടത്തി കുപ്പികളിൽ നിറച്ചു സീൽ ചെയ്ത‍ു സൂക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് നാളികേര വികസന ബോർഡിന്റെ എറണാകുളം ഓഫിസുമായി (ഫോൺ: 0484 2377266, 2377267) ബന്ധപ്പെടുക.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in

Your Rating: