Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തക്കാളിക്കു ബാക്ടീരിയൽ വാട്ടരോഗം

tomato-vegetable തക്കാളി

ചോദ്യം ഉത്തരംവിളകൾ

Q. വേനൽക്കാലമായതിനാൽ വിദഗ്ധോപദേശം വാങ്ങി തക്കാളിച്ചെടികൾ രണ്ടു നേരം നനയ്ക്കുന്നുണ്ട്. എന്നിട്ടും ചെടികൾ വാടുന്നു. കുമിൾനാശിനി തളിക്കാൻ ഉപദേശം ലഭിച്ചിട്ടുണ്ട്. വാട്ടത്തിനു കാരണം കുമിൾതന്നെയോ.

ആർ. പങ്കജാക്ഷി, ശ്രീരാഗം, വല്ലപ്പുഴ

തക്കാളിച്ചെ‌ടി ഏതു ഘട്ടങ്ങളിലും വാടി നശിക്കാം. നനക്കുറവും കുമിൾബാധയും ഇതിനു കാരണമാകാം. ബാക്ടീരിയ ബാധയും കാരണമാകാം. ബാക്ടീരിയൽ രോഗബാധയുള്ള ചെടിയുടെ തണ്ട് പിളർന്നുനോക്കിയാൽ ഉൾഭാഗത്തിനു കറുപ്പുനിറമുള്ളതായി കാണാം. വാടിത്തുടങ്ങിയ ചെടിയുടെ തണ്ട് മുറിച്ചു നല്ല വെള്ളത്തിൽ മുക്കിവച്ചാൽ മുറിപ്പാടിൽനിന്നു വെളുത്ത നൂലുപോലെ ബാക്ടീരിയം ഊർന്നുവരുന്നതായി കാണാം. ഇവയെല്ലാം ബാക്ടീരിയൽ വാട്ടരോഗത്തിന്റെ ലക്ഷണങ്ങളാണ്. തക്കാളിക്ക് ഈ രോഗം വരാതിരിക്കാൻ താഴെപ്പറയുന്ന മുൻകരുതലുകളെടുക്കണം.

കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കാനിടയാക്കാതെ അധികജല നിർഗമന സൗകര്യം ഉണ്ടാക്കുക. രോഗലക്ഷണങ്ങൾ കണ്ട ചെടികൾ പിഴുതു നശിപ്പിക്കുക. ഈ രോഗത്തെ ചെറുക്കാൻ ശേഷിയുള്ള ശക്തി, മുക്തി, അനഘ എന്നീ ഇനങ്ങൾ കൃഷിചെയ്യുക. രോഗബാധ സ്ഥിരമായി കാണുന്ന തോട്ടത്തിൽ തക്കാളി ഉൾപ്പെടുന്ന വഴുതനവർഗ വിളകൾ തുടർച്ചയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക. തൈകൾ നടുന്നതിനു മുമ്പ് സെൻറ് ഒന്നിന് 10 ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ വിതറി മണ്ണിളക്കി യോജിപ്പിക്കുക. തൈകളുടെ വേരുഭാഗം സ്യൂഡോമോണാസ് കൾച്ചറിൽ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ) അരമണിക്കൂർ നേരം മുക്കിവച്ച് എടുത്തശേഷം നടുക. കോപ്പർ ഓക്സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്ട്രെപ്റ്റോസൈക്ലിൻ 200 പിപിഎം കൂടി ചേർത്ത് ചുവട്ടിൽ ഒഴിക്കുന്നതും രോഗനിയന്ത്രണത്തിനു സഹായകം.

കീടനാശിനി ഉപയോഗിക്കുമ്പോൾ‌

Q. നാനൂറ് ഏക്കർ പാടശേഖരത്തിൽ എനിക്ക് ഏഴ് ഏക്കർ സ്ഥലമുണ്ട്. ഇവിടെ മുഞ്ഞ തുടങ്ങിയ കീടങ്ങളുടെ ശല്യം കാണുന്നു. ജൈവകീടനാശിനി തയാറാക്കി ഇത്രയും സ്ഥലത്ത് ഉപയോഗിക്കുക പ്രായോഗികമല്ല. അതിനാൽ കടുത്ത വിഷവീര്യമില്ലാത്തതും നിലവിൽ ഉപയോഗിക്കാൻ ശുപാർശയുള്ളതുമായ രാസകീടനാശിനി തളിക്കാതെ നിവൃത്തിയില്ല. ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയിച്ചാൽ കൊള്ളാം.

പി.എച്ച്. സുബൈദ, സുബൈദ മൻസിൽ, ചേലോറ

രാസകീടനാശിനികൾ വെള്ളം ചേർത്ത് ഉപയോഗിക്കേണ്ടിവരുമ്പോൾ ശുദ്ധജലംതന്നെ ഉപയോഗിക്കണം. മരുന്നു തളിക്കുന്ന ആൾ കൈയുറകൾ, മാസ്ക്, തൊപ്പി, ഏപ്രൺ, ഫുൾ ട്രൗസർ, ഗൺബൂട്ട് എന്നിവകൊണ്ട് ശരീരം മുഴുവൻ മറയ്ക്കണം. ഉപയോഗത്തിനു മുമ്പ് പായ്ക്കറ്റുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കി അതനുസരിച്ചു പ്രവർത്തിക്കുക. ആവശ്യത്തിനുമാത്രം മരുന്നുലായനി തയാറാക്കുക. തരിരൂപത്തിലുള്ള കീടനാശിനികൾ അങ്ങനെതന്നെ ഉപയോഗിക്കണം. തരിയായുള്ള കീടനാശിനി വെള്ളത്തിൽ അലിയിക്കേണ്ടതില്ല.

തളിക്കാനുള്ള ലായനി തയാറാക്കി സ്പ്രേയറിലേക്കും മറ്റും ഒഴിക്കുമ്പോൾ തുളുമ്പിപ്പോകാതെ നോക്കണം. ശുപാർശ ചെയ്തിട്ടുള്ള അളവിൽ മാത്രം മരുന്ന് ഉപയോഗിക്കുക. ഉപയോഗിക്കുന്ന വിധം, സമയം, ഗാഢത എന്നിവ കൃത്യമായി പാലിക്കണം. തയാറാക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സ്പ്രേ ലായനി ശരീരത്തിൽ വീഴാനോ പുരളാനോ ഇടയാകരുത്. ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്. സ്പ്രേ ടാങ്ക് മണത്തുനോക്കാൻ പാടില്ല. കീടനാശിനി ഉപയോഗിക്കുന്നതിനിടെ ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പുക വലിക്കുക എന്നിവയൊന്നും പാടില്ല.

അടതാപ്പും അടപതിയനും

air-potato-vegetable-adathappu അടത്താപ്പ്

Q. അടത്താപ്പ്, അടപതിയൻ എന്നീ കിഴങ്ങുവിളകളുടെ കൃഷിരീതി അറിയണം.

അഹമ്മദ് തൻസീസ്, നടവത്ത് നഗർ, ആലപ്പുഴ

അടതാപ്പ്, അടപതിയൻ എന്നിവയുടെ പേരിൽ സാമ്യം ഉണ്ടെങ്കിലും രണ്ടും വ്യത്യസ്ത വിളകളാണ്. അടതാപ്പ് ഭക്ഷ്യയോഗ്യമായ കിഴങ്ങുവിളയും അടപതിയൻ ഔഷധസസ്യവുമാണ്.

അടതാപ്പ് കാച്ചിൽ ഇനത്തിൽപ്പെടുന്നു. കാച്ചിലിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം മണ്ണിനടിയിലാണ്. എന്നാൽ അടതാപ്പിന്റ‍േതു പടർന്നു കയറുന്ന വള്ളിയിലാണ്. കൃഷിരീതി കാച്ചിലിന്റേതുപോലെ. വേനൽക്കാലാവസാനം സ്ഥലം ഒരുക്കി മണ്ണ് പരുവപ്പെടുത്തി വിത്ത് നടുന്നു. മുഴുത്ത ഉരുളക്കിഴങ്ങിന്റെ അത്രയും വലുപ്പമുള്ള കിഴങ്ങ് മുറിക്കാതെ മുള മുകളിലേക്ക് ആക്കി നടുകയാണ് കൃഷിക്കാർ ചെയ്യാറുള്ളത്. മുപ്പത് സെന്റിമീറ്റർ അകലത്തിൽ കുഴിയെടുത്തതിൽ ധാരാളം ജൈവവളങ്ങളും ചേർത്ത് നട്ടാൽ വേനൽമഴ ലഭിക്കുന്നതോടെ മുളച്ചു പൊന്തും. വള്ളി നീളം വയ്ക്കുന്നതോടെ താങ്ങുകാലുകൾ നാട്ടി അതിലേക്കോ കയറുകെട്ടി അടുത്തുള്ള മരത്തിലേക്കോ പടർത്തി വിടുകയാണ് പതിവ്. വള്ളികളുടെ മുട്ടുകളിലാണ് കിഴങ്ങ് ഉണ്ടാകുക. മുകളിലേക്കു ചെല്ലുന്തോറും എല്ലാ മുട്ടുകളിലും ഒറ്റയ്ക്കോ കുലയായോ കിഴങ്ങുകൾ ഉണ്ടായിക്കിടക്കുന്നത് കണ്ടിട്ടുണ്ട്. ഏഴെട്ടു മാസംകൊണ്ട് വിളവെടുക്കാം. അടുത്ത കൃഷിയിറക്കുന്നതിനുള്ള വിത്തുകൾ തിരഞ്ഞെടുത്ത് സൂക്ഷിച്ചശേഷം ബാക്കിയുള്ളത് വീട്ടാവശ്യത്തിനെടുക്കാം. അടത്താപ്പിന് ഔഷധഗുണമുള്ളതായും പറയപ്പെടുന്നു. ഇതേക്കുറിച്ചും കൃഷിയെക്കുറിച്ചും അറിയുന്നതിന് ഫോൺ (കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം, ശ്രീകാര്യം, തിരുവനന്തപുരം) : 0471 2598551

അടപതിയൻ ഔഷധച്ചെടിയാണ്. ഔഷധയോഗ്യമായ ഭാഗം ചെടിയുടെ കിഴങ്ങും. പ്രജനനം വിത്തുകളിലൂടെയാണ്. കായ്കൾ വിളഞ്ഞു പാകമാകുന്നത് നവംബർ–ഡിസംബർ മാസങ്ങളിൽ. പൊട്ടിത്തുടങ്ങുന്നതിനു മുമ്പായി കായ്കൾ പറിച്ചെടുക്കണം. ശേഖരിച്ച വിത്തുകളിൽനിന്നു പഞ്ഞി നീക്കം ചെയ്ത് ഉണക്കി സൂക്ഷിക്കാം. വിത്തുകൾ പാകുന്നതിനു മുന്നോടിയായി നാലഞ്ചു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തെടുക്കുക. തവാരണയിൽ പാകി മുളപ്പിച്ച തൈകൾ ഒരു മാസം വളർച്ചയാകുന്നതോടെ 14x10 സെ.മീ വലുപ്പത്തിലുള്ള പോളിബാഗുകളിൽ പോട്ടിങ് മിശ്രിതം നിറച്ചു പറിച്ച‍ുനടാം. ഇനി കവറുകൾ തണലിൽ സൂക്ഷിച്ച് ഒന്നൊന്നര മാസമായാൽ പ്രധാന സ്ഥലത്തേക്ക് മാറ്റി നടാം.

കുഴികൾ 30 സെ.മീ. നീളം, വീതി, താഴ്ചയിലെടുത്ത് 10 കിലോ ചാണകപ്പൊടി / കമ്പോസ്റ്റോ ഇട്ട് പോളിബാഗ് നീക്കി തൈ ശ്രദ്ധാപൂർവം നടുക. മഴയില്ലെങ്കിൽ നനയ്ക്കണം. നവംബർ– ഡിസംബർ മാസങ്ങളിൽ കായ്കൾ ഉണ്ടാകും. പിന്നെ നനയ്ക്കേണ്ടതില്ല. വള്ളികൾ ഉണങ്ങിനശിക്കുമെങ്കിലും അടുത്ത മഴക്കാലത്ത് ചെടി കിളിർത്തു തുടങ്ങും. മേൽക്കൊടുത്ത രീതിയിൽ വീണ്ടും പടർന്നു വളരുന്നതിനു വേണ്ട ഒരുക്കം നടത്തുക. രണ്ടാം വർഷം കഴിയുന്നതോടെ വള്ളികൾ ഉണങ്ങുന്നു. ഇതോടെ കിളച്ചു കിഴങ്ങുകൾ ശേഖരിക്കാം. ശേഖരിച്ച കിഴങ്ങുകൾ 10 സെ.മീറ്റർ നീളമുള്ള കഷണങ്ങളാക്കി വെയിലിൽ ഉണക്കി വിൽക്കാം.

കൂടുതലറിയാൻ അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷൻ, ഓടക്കാലി. 0484 2659881

മികച്ച തൈകൾ

Q. വിത്തുകൾ കൂടാതെ, സസ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഉൽപാദിപ്പിച്ച തൈകൾ നടുന്നത് സാധാരണം. വിത്തിൽനിന്നുള്ളവയെക്കാൾ ഇതിനുള്ള മേന്മകൾ എന്തെല്ലാം.

എം.ടി. സ്കറിയ, നെടുമ്പള്ളിൽ, മുണ്ടത്തിക്കോട്

വിത്ത് ഒഴികെ ചെടിയുടെ ഇല, തണ്ട്, വേര് തുടങ്ങിയ ഭാഗങ്ങൾ ഉപയോഗിച്ചു തൈകൾ ഉൽപാദിപ്പിക്കുന്ന രീതിക്കു കായികപ്രവർധനം എന്നാണു പറയുക. ചെടിയുടെ കോശങ്ങൾ ഉപയോഗിച്ചും ഇതു നടത്താം.

മേന്മകൾ: മാതൃചെടിയുടെ എല്ലാ മേന്മകളും അതേപടി പുതിയ ചെടിയിലുണ്ടാകും. ഇവ വിത്തു മുഖേന ഉള്ളതിനേക്കാൾ നേരത്തെ പൂവിടുകയും കായ്ക്കുകയും ചെയ്യുന്നു. ചില പ്രത്യേക മണ്ണിലും കാലാവസ്ഥയിലും വളരാൻ പ്രയാസമുള്ള ചെടികളെ അതേ ചുറ്റുപാടിൽ വളരുന്ന ചെടികളുമായി ഒട്ടിച്ചോ മുകുളനം ചെയ്തോ വളർത്താനാകുന്നു. ചില ചെടികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉപകരിക്കുന്നു. ചെടികളുടെ വലുപ്പം കുറയ്ക്കാൻ ഈ രീതി പ്രയോജനപ്പെടുത്താം. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ സസ്യങ്ങൾ ഉൽപാദിപ്പിക്കാനാകുന്നു. ജാതിപോലുള്ള ചെടികളിലെ ആൺമരങ്ങളെ പെൺമരങ്ങളാക്കാം. ഒരു ചെടിയിൽത്തന്നെ പല നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കളും കായ്കളും ഉണ്ടാക്കാം.

പോരായ്മകൾ: രോഗമുള്ള ചെടികളിൽനിന്ന് ഉൽപാദിപ്പിക്കുന്ന തൈകളിൽ രോഗസാധ്യതയേറും. കമ്പു മുറിച്ചുനടീൽ, പതിവയ്ക്കൽ തുടങ്ങിയ രീതികൾ അവലംബിക്കുമ്പോൾ തായ്‌വേരിന്റെ അഭാവത്തിൽ ചെടികൾക്ക് മണ്ണിൽ ഉറച്ചുനിൽക്കാനുള്ള ബലം കുറവായിരിക്കും.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in