മാവിൽ കായീച്ചയുടെ ആക്രമണം സാധാരണയാണ്. കായീച്ചയുടെ ശലഭത്തിനു സാധാരണ ഈച്ചയെക്കാൾ അൽപംകൂടി വലിപ്പമുണ്ടാകും. ഇവ വയറിന്റെ അഗ്രഭാഗത്തെ സൂചിപോലെയുള്ള അവയവംകൊണ്ട് മാങ്ങയുടെ തൊലിയിലൊരു സുഷിരം ഉണ്ടാക്കി വേനൽക്കാലത്തു മുട്ടയിടുന്നു. മുട്ടകളെ അകത്തേക്കു തള്ളി മാങ്ങയ്ക്കുള്ളിലാക്കുകയും ചെയ്യും. മുട്ട വിരിഞ്ഞിറങ്ങാൻ രണ്ടോ മൂന്നോ ദിവസം മതി. ഇത് 2-4 ആഴ്ചകൊണ്ട് പൂർണവളർച്ചയായി മാമ്പഴത്തിൽനിന്ന് പുറത്തെത്തി മണ്ണിലേക്കു വീഴുന്നു. പുഴു സമാധിയാകുന്നത് മണ്ണിലാണ്.
മാവിൽ നിന്നും പൊഴിഞ്ഞുവീഴുന്ന മാങ്ങകൾ മണ്ണിൽ കിടന്നു ചീയാനിടയാകാതെ അന്നന്നുതന്നെ പെറുക്കി നശിപ്പിക്കണം.
കെണികൾ തയാറാക്കി ഈച്ചയെ ആകർഷിച്ചു വകവരുത്താം. ഇതിനു മാലത്തയോൺ 20 മി.ലീറ്ററും പഞ്ചസാര 20 ഗ്രാമും 10 ലീറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി യോജിപ്പിച്ചു മാവിൽ തളിക്കുക. ഈ മരുന്നുലായനി കുടിക്കുന്ന ഈച്ചകൾ ചത്തൊടുങ്ങിക്കൊള്ളും.