Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാംസ്യസമ്പന്നം പയർവിളകൾ

bean-payar-vegetable പയർ

ഉഷ്ണമേഖലകളിൽ കൃഷി ചെയ്തുവരുന്ന ഭക്ഷ്യവിളകളിൽ പയർവർഗങ്ങളുടെ സ്ഥാനം മുൻപന്തിയിൽതന്നെ. മാംസ്യ(പ്രോട്ടീൻ)ത്തിന്റെ സമ്പന്നസ്രോതസാണ് പയറിനങ്ങൾ. എന്നാൽ ആവശ്യമായതിന്റെ 0.1 ശതമാനം മാത്രമാണ് നമ്മുടെ ഉൽപാദനം. കൃഷി, ഉൽപാദനവർധനയ്ക്കു സംസ്ഥാനം ഊന്നൽ നൽകുന്ന അവസരത്തിലാണ് 2016 രാജ്യാന്തര പയർവിള വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുള്ളത്.

പയർവർഗച്ചെടികളുടെ സവിശേഷതയാണ് വേരുകളിലെ മുഴകൾ (മൂലാർബുദം). ഇവിടങ്ങളിൽ നൈട്രജൻ യൗഗീകരണ അണുക്കൾ വാസം ഉറപ്പിക്കുന്നു. ഇവ അന്തരീക്ഷ നൈട്രജനെ വലിച്ചെ‌ടുത്തു മണ്ണിൽ ചേർക്കുന്നതുമൂലം മണ്ണിന്റെ വളക്കൂറ് പുഷ്ടിപ്പെടുന്നു. പയറിന്റെ വിളവെടുപ്പിനുശേഷമുള്ള അവശിഷ്‌ടങ്ങളും നല്ല വളമാണ്.

കേരളത്തിൽ പാടത്തും പറമ്പിലും പയർവിളകൾ തനിവിളയായോ ഇടവിളയായോ സഹവിളയായോ കൃഷി ചെയ്യാം. പച്ചക്കറിയെന്ന നിലയിൽ ചെ‌ടിച്ചട്ടികളിലും ഗ്രോബാഗുകളിലും വളർത്താം. പന്തലിട്ടു വളർത്തേണ്ട വള്ളിപ്പയർ, കുറ്റിച്ചെടിയായി വളരുന്ന കുറ്റിപ്പയർ, നീളം കുറഞ്ഞ അമരപ്പയർ, ഒരു മീറ്ററിലധികം നീളം വരുന്ന വൻപയർ എന്നിങ്ങനെ വിവിധ തരമുണ്ട്.

വായിക്കാം ഇ - കർഷകശ്രീ 

പയർകൃഷിയിലേക്കു കൃഷിക്കാരെ ആകർഷിക്കാൻ അധികവിളവുശേഷിയുള്ളതും പൂർണമായും കീട, രോഗ വിമുക്തമായ നല്ല വിത്ത് കാലഗണന വിലയിരുത്തി സംഭരിക്കുകയും യഥാസമയം ആവശ്യക്കാർക്ക് എത്തിക്കുകയും വേണം. തരിശുസ്ഥലങ്ങളിൽ പയർകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ വേണം. തെങ്ങിൻതോപ്പുകളിൽ ഇടവിളയായും നെൽപ്പാടങ്ങളിൽ കൊയ‍്ത്തു കഴിഞ്ഞും, കപ്പ നട്ടിടത്ത് ആദ്യമാസങ്ങളിലും പയർകൃഷിയിറക്കാം. പരമാവധി വിളവു നേടാൻ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചു കർഷകരെ ബോധവൽക്കരിക്കണം.

കൃഷിക്കാവശ്യമായ നല്ല വിത്ത്, വളങ്ങൾ, സസ്യ സംരക്ഷണോപാധികൾ, വായ്പാ സഹായം, സുസ്ഥിര വിപണി എന്നിവ ഉറപ്പാക്കണം. പയർക്കൃഷിയിലൂടെ മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്താമെന്നു കർഷകരെ ബോധവൽക്കരിക്കുന്നതും നന്ന്. ദിവസേനയുള്ള ആഹാരത്തിൽ 104 ഗ്രാം പയർ ഉണ്ടായിരിക്കണമെന്ന് ആരോഗ്യശാസ്ത്രം അനുശാസിക്കുന്നു. ഇത് യാഥാർഥ്യമാകണമെങ്കിൽ പ്ര‍ാദേശികതലത്തിൽ ഉൽപാദനം വർധിപ്പിക്കാനാകണം. പയർ വിളകളെ ആക്രമിക്കുന്ന കീടരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്ക‍ാനാകണം. സംയോജിത നിയന്ത്രണമാണ് നല്ലത്. നൈട്രജൻ, പൊട്ടാഷ് എന്നിവയെക്കാൾ വേണ്ട‍തു ഫോസ്ഫറസാണ്. സൾഫർ, സിങ്ക്, മോളിബ്ഡിനം, ബോറോൺ, കൊബാൾട്ട് എന്നിവയും പ്രധാനം. മണ്ണുപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാകണം വളപ്രയോഗം. പുളിരസം കൂടിയ മണ്ണിൽ പയറിനു നല്ല വിളവു കിട്ടില്ല. പുളിരസം കുറയ്ക്കാൻ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ശുപാർശയനുസരിച്ചു കുമ്മായവസ്തുക്കൾ ചേർക്കേണ്ടതാണ്.

Your Rating: