മാമ്പഴം ഫലങ്ങളുടെ രാജാവായാണല്ലോ അറിയപ്പെടുന്നത്. മാമ്പഴങ്ങളിലെ രാജാവെന്ന സ്ഥാനം ഭാരതത്തിലെ ‘അൽഫോൺസോ’ എന്ന ഇനത്തിനാണ്. ആയിരത്തോളം മാവിനങ്ങളുടെ കലവറയാണു ഭാരതം. അസം പോലുള്ള കിഴക്കൻ സംസ്ഥാനങ്ങളും ബർമയുമാണ് മാവിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ഇതാ കൂടുതൽ മാമ്പഴ വിശേഷങ്ങൾ:
മാമ്പഴത്തിന്റെ നാട്

ലോകത്തെമ്പാടും പ്രിയങ്കരമായ നിരവധി മാമ്പഴയിനങ്ങൾ ഭാരതത്തിലുണ്ട്. മാമ്പഴത്തിന്റെ ഉൽപാദനത്തിലും നമ്മുടെ നാട് ഒന്നാമതാണ്. അൽഫോൺസോ മാങ്ങ മഹാരാഷ്ട്രയിലാണു കൂടുതൽ കൃഷി ചെയ്യുന്നത്. സുവർണ മഞ്ഞനിറത്തിലുള്ള തൊലി, ക്രീം പോലെ മൃദുവായതും രുചികൂട്ടുന്ന ടെർപ്പനോയിഡുകൾ അധികമുള്ളതുമായ കാമ്പ്, മിർസീൻ എന്ന ഘടകം പകരുന്ന ഹൃദ്യമായ സുഗന്ധം എന്നിവയൊക്കെ ഈ മാവിനത്തെ പ്രിയങ്കരമാക്കുന്നു. ഗുജറാത്തിലെ ഗീർ പ്രദേശത്തു കൂടുതലായി കൃഷിചെയ്യുന്ന ഇനമാണ് കേസർ. ‘മാമ്പഴങ്ങളിലെ റാണിയായി’ അറിയപ്പെടുന്ന കേസർമാങ്ങയുടെ ഓറഞ്ചുനിറത്തിലുള്ള കാമ്പ്, ജ്യൂസിന്റെ അംശം കൂടുതലുള്ളതും ഏറെ രുചികരവുമാണ്. വീടാകെ സുഗന്ധപൂരിതമാക്കുന്നതാണു കേസറിന്റെ ഗന്ധം. വാരണാസിയിൽ കൂടുതൽ കാണുന്ന ലാങ്ക്‌റാ താരതമ്യേന ചെറുതെങ്കിലും ഇതിന്റെ ജ്യൂസ് മധുരത്തിലും രുചിയിലും മുന്നിലാണ്. തൊലിയിൽ മെറൂണും ചുവപ്പും നിറമുള്ള സുവർണരേഖ, നാരു കുറഞ്ഞതും മധുരം കൂടിയതുമായ കാമ്പുള്ള ചൗസ, വലുപ്പം കൂടിയതും ജ്യൂസിന്റെ അംശം അധികമുള്ളതുമായ ബാംഗ്ലോറാ, രുചിയിലും ഗുണത്തിലും മുന്നിലായ സിന്ധൂരാ, നല്ല സുഗന്ധവും രുചിയുമുള്ള നീലം, വലുപ്പവും ചാറിന്റെ അംശവും കൂടുതലുള്ളതും മണമുള്ളതുമായ മൽഗോവ, നാര് കുറഞ്ഞതും സുഗന്ധമുള്ളതുമായ ദഷേരി, നാര് കുറഞ്ഞതും ജ്യൂസ് കൂടുതലുള്ളതുമായ ഹിമസാഗർ, ഓവലാകൃതിയിൽ രുചികരമായ ബംഗനപ്പള്ളി എന്നിവയും ഭാരതത്തിലെ പ്രസിദ്ധമായ മാവിനങ്ങളിലുൾപ്പെടും. കലപ്പാടി, ജഹാംഗീർ, ഹിമാംപസന്ത്, സുരാംഗുഡി, റുമാനി, സുവർണ ജഹാംഗീർ, പഞ്ചദാരകലശം, ദിൽ പസന്ത്, കൊസേരി, ആലമ്പൂർ ബനേഷൻ തുടങ്ങി മാവിനങ്ങളുടെ പട്ടിക ഇനിയും നീളുന്നു. മാമ്പഴ ഉൽപാദനത്തിൽ ആന്ധ്രപ്രദേശ്, യുപി, കർണാടക, ബിഹാർ, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണു മുന്നിൽ.
നാടിന്റെ മധുര്യം

ഉപ്പുമാങ്ങ, അച്ചാറ്, അടമാങ്ങ, മാമ്പഴം തുടങ്ങി പലവിധത്തിൽ ഉപയോഗിക്കാവുന്ന നാട്ടുമാവിനങ്ങൾ കേരളത്തിലുണ്ട്. വാണിജ്യസാധ്യത കൂടിയ തനതിനങ്ങളാണ് ഒളോറും പ്രയോറും. നാര് കുറവുള്ള രുചികരമായ കാമ്പുള്ള കോട്ടുക്കോണം വരിക്ക, ചാറ് കൂടുതലുള്ളതും പുളിശേരി ഉണ്ടാക്കാൻ ഉപയോഗിക്കുന്നതുമായ ചന്ദക്കാരൻ, വലുതും ജ്യൂസ് നല്ല അളവിലുള്ളതുമായ കപ്പമാങ്ങ, ഉപ്പിലിടാൻ പറ്റിയ മൂവാണ്ടൻ, നാര് കുറഞ്ഞ മൃദുവായ കാമ്പുള്ള നമ്പ്യാർ മാങ്ങ അഥവാ കുറ്റ്യാട്ടൂർ, പേരക്കയുടെ സുഗന്ധമുള്ള പേരക്കാ മാങ്ങ, വെള്ളരിപോലെ പുളി കുറഞ്ഞ കാമ്പുള്ള വെള്ളരി മാങ്ങ, അച്ചാറിനു പറ്റിയ കിളിച്ചുണ്ടൻ എന്നിവയ്ക്കു പുറമെ ബപ്പക്കായ്, പനികണ്ടൻ, താളി, കൊളമ്പി, കല്ലുകെട്ടി, പുളിയൻ, വെള്ളായണിവരിക്ക, മുതലമൂക്കൻ, ഗോമാങ്ങ, കർപ്പൂരം എന്നിവയും കേരളത്തിലെ മുഖ്യ മാവിനങ്ങളാണ്. കപ്പലുമാങ്ങ, കസ്തൂരിമാങ്ങ, പഞ്ചസാരമാങ്ങ, തൊണ്ടുചവർപ്പൻ, വെള്ളക്കപ്പ, പൂച്ചെടിവരിക്ക, ചാമ്പവരിക്ക, ചുങ്കിരി, കടുക്കാച്ചി, നക്ഷത്രക്കല്ല്, കല്ലുനീലം, വട്ടമാങ്ങ, കുറുക്കൻ, മയിൽപീലിയൻ എന്നിവയൊക്കെ വിരളമായിക്കഴിഞ്ഞു. നൂറിൽപരം നാടൻ മാവിനങ്ങൾ കേരളത്തിലുണ്ട്.
മാവിന്റെ പുരാവൃത്തം

അയ്യായിരത്തോളം വർഷങ്ങൾക്കുമുമ്പേ മാവ് ഭാരതത്തിൽ കൃഷി ചെയ്തിരുന്നുവെന്നാണു കരുതപ്പെടുന്നത്. മാവ് ഐശ്വര്യദായിനിയാണെന്നാണു വിശ്വാസം. മാവിലകൾ വീടിന്റെ വാതിലിനു മീതെ കെട്ടിത്തൂക്കുന്നതു മുതൽ മാവുകളുടെ വിവാഹം നടത്തുന്നതുവരെയുള്ള ആചാരങ്ങൾ ഉത്തരേന്ത്യയിൽ നിലവിലുണ്ട്. കേരളത്തിലാകട്ടെ മാവില മുതൽ മാവിൻതടി വരെ നിത്യജീവിതത്തിന്റെയും ആചാരത്തിന്റെയും ഭാഗമായിരുന്നു. ‘മാതാവൂട്ടാത്തതു മാവൂട്ടും’, ‘മാമ്പൂ കണ്ടും മക്കളെക്കണ്ടും മദിക്കരുത്’, ‘പഴുത്ത മാവിലകൊണ്ടു പല്ലുതേച്ചാൽ പുഴുത്ത പല്ലും നവരത്നമാകും’, ‘മാവിൻപശ തട്ടാറായി’ തുടങ്ങിയ പഴഞ്ചൊല്ലുകൾ ഇതിനു ദൃഷ്ടാന്തമാണ്.
പേരിലുണ്ടൊരു കഥ

മാവിനങ്ങളുടെ പേരിനു പിന്നിൽ കഥയും കാര്യവുമുണ്ട്. മാങ്ങയുടെ സംസ്കൃതനാമം ‘അമൃഫലം’ എന്നാണ്. അതു ഹിന്ദിയിൽ ‘ആംഫൽ’ ആവുകയും തമിഴർ ഇതിനെ ‘ആം കായ്’ എന്നു വിളിക്കുകയും ചെയ്തു. ആം കായ് പിന്നീട് മാങ്കായും മാംഗോയുമായി. മാവിനങ്ങൾക്കു പിന്നിലും ഇത്തരം കഥകളുണ്ട്. അൽഫോൺസോ മാങ്ങയുടെ പേര് ‘അൽഫോൺസോ ഡി ആൽബിക്വിക്ക്’ എന്ന പോർച്ചുഗീസ് ജനറലിന്റെ പേരിൽനിന്നുണ്ടായതാണ്. ലക്നൗവിലെ ദഷേരി ഗ്രാമത്തിൽ ജന്മംകൊണ്ടതാണ് ദഷേരി. ഷേർഷാ സൂരി ചൗസ എന്ന പ്രദേശത്തെ യുദ്ധം ജയിച്ചപ്പോഴാണ് ആ പേരിൽ ഒരു മാവിനം പുറത്തിറങ്ങിയത്. വാരാണസിയിൽ ഒരു അംഗപരിമിതൻ (ലാങ്ക്റാ) കണ്ടെത്തിയ ഇനമാണ് ലാങ്ക്റാ. കുങ്കുമത്തിന്റെ മണമുള്ള ഇനമാണ് കേസർ. കിളിയുടെ ചുണ്ടുപോലെ കൂർത്ത അഗ്രഭാഗമുള്ളതാണ് കിളിച്ചുണ്ടൻ.
ഗുണത്തിലും രാജാവ്

മാമ്പഴം ഗുണത്തിലും ഏറെ മെച്ചമാണ്. വിറ്റമിൻ–എ, വിറ്റമിൻ–സി, ഫോളിക് അമ്ലം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഭക്ഷ്യനാര് എന്നിവ ഇതിൽ നല്ല അളവിലുണ്ട്. ശരീരത്തിലെ അമ്ലത്വം കുറയ്ക്കാൻ സഹായിക്കുന്ന മാമ്പഴം ത്വക്സൗന്ദര്യത്തെയും നേത്രാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. അർബുദം തടയാനും കൊളസ്ട്രോൾ കുറയ്ക്കാനും മാമ്പഴം സഹായിക്കും.
കേരളത്തിൽ പാലക്കാട്ടെ മുതലമടയിൽ മാത്രമാണ് മാവിന്റെ വാണിജ്യകൃഷി അധികമുള്ളത്. എന്നാൽ നമ്മുടെ വീട്ടുവളപ്പുകളിലെല്ലാം ഒരു മാവെങ്കിലും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇവ പടർന്നു പന്തലിച്ചു തണലും പ്രാണവായുവും ഫലങ്ങളും ലോഭമില്ലാതെ തന്നു. പക്ഷേ, നമ്മൾ ഈ മാമ്പഴ രാജാക്കന്മാരെ പടിയിറക്കിവിട്ട്, വിപണിയിലെ മാമ്പഴം വലിയ വിലയ്ക്കു വാങ്ങി കഴിക്കുകയാണ്. നാട്ടുമാവുകൾ സംരക്ഷിക്കാൻ നാമോരോരുത്തരും മുൻകൈയെടുക്കണം.