Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എള്ളെണ്ണ മണം വീശും...

sesame എള്ള്

ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയുടെ കീർത്തി ഉയർത്തുന്ന വിളയാണ് എള്ള്. സെസാമം ഇൻഡിക്കം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എണ്ണക്കുരുവിളയായ എള്ള് വിത്തിൽ 50% എണ്ണയാണ്. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തു മൊത്തം 9010 ഹെക്ടർ പ്രദേശത്ത് എള്ള് കൃഷിചെയ്യുമ്പോൾ മുന്തിയ ഭാഗവും ഓണാട്ടുകര പ്രദേശത്താണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഓണാട്ടുകരയിലെ മണൽ നിലങ്ങളിൽ രണ്ടാം വിളയ്ക്കുശേഷം പരമ്പരാഗതമായി എള്ള് കൃഷി ചെയ്യുന്നു. ചിലയിടങ്ങളിൽ കര കൃഷിയായും ചെയ്യുന്നുണ്ട്.

വെള്ളം കെട്ടിക്കിടക്കാത്തതും നല്ല നീർവാർച്ചയുമുള്ള മണ്ണാണു കൃഷിക്ക് അനുയോജ്യം. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്തു വയൽ കൃഷിയും ഓഗസ്റ്റ്–ഡിസംബർ മാസങ്ങളിൽ കരകൃഷിയും നടത്തും. മൂപ്പെത്താൻ 100 മുതൽ 110 ദിവസം വരെ എടുക്കുന്ന വിത്താണു (സൂര്യ വിത്ത്) കരകൃഷിക്ക് അനുയോജ്യം. നെൽപാടങ്ങളിലേക്കു 80–90 ദിവസം മൂപ്പുള്ള കായംകുളം–ഒന്ന്, തിലോത്തമ, സോമ, തിലക് ഇനങ്ങളാണു മികച്ചത്. ഒരു ഹെക്ടർ സ്ഥലത്തേക്കു അഞ്ചു കിലോഗ്രാം വിത്ത് വിതയ്ക്കാൻ ആവശ്യമാണ്.

വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള വിളയാണെങ്കിലും വേനൽമഴ യഥാസമയം ലഭിച്ചില്ലെങ്കിൽ ജലസേചനം നടത്താൻ സൗകര്യമൊരുക്കണം. രോഗബാധ കുറവുള്ള വിളയാണ്.

എള്ള് ചെടികളുടെ ഇലകൾ മഞ്ഞനിറമായി കൊഴിഞ്ഞു തുടങ്ങുകയും കായ്കൾ മഞ്ഞനിറത്തിലാകുന്നതും വിളവെടുപ്പിനു പാകമായതിന്റെ ലക്ഷണമാണ്. പാകമായ ചെടികൾ രാവിലെയാണു പിഴുതെടുക്കുന്നത്. ചെടിയുടെ ചുവടുഭാഗം മുറിച്ചുകളഞ്ഞു നാലു ദിവസത്തോളം തണലുള്ള സ്ഥലത്ത് അടുക്കിവയ്ക്കും. പിന്നീട് ഇലകൾ കുടഞ്ഞു കളഞ്ഞു മൂന്നു ദിവസത്തോളം വെയിലത്തു ഉണക്കും. തുടർന്നു ചെറിയ കമ്പ് ഉപയോഗിച്ചു അടിച്ചു വിത്ത് വേർതിരിച്ച് എടുക്കും. ആദ്യ ദിവസം കിട്ടുന്ന എള്ള് ആണു വിത്തിനായി ഉപയോഗിക്കുന്നത്. എള്ളെണ്ണ ഔഷധഗുണമുള്ളതായാണു കരുതപ്പെടുന്നത്.

Your Rating:

Overall Rating 0, Based on 0 votes