കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ഔഷധച്ചെടിയാണു തിപ്പലി. പലതരം തിപ്പലി ഉള്ളതായി പറയപ്പെടുന്നു. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി എന്നിങ്ങനെ. കുരുമുളകിനോടു വളരെ സാമ്യമുണ്ടെങ്കിലും അത്രത്തോളം ഉയരത്തിൽ വളരില്ല. തിരികളിലാണ് കായ്കൾ ഉണ്ടാകുക. ഇതു വിളഞ്ഞു പാകമായി കറുത്ത നിറമായിത്തീരുന്നു. ഇതുണക്കിയെടുക്കുന്നതാണ് ഔഷധയോഗ്യമായ ഭാഗം.
മേൽമണ്ണും മണലും ചാണകപ്പൊടിയും സമംചേർത്തു നിറച്ച പോളിത്തീൻ കൂടുകളിൽ 15–20 സെ.മീ നീളമുള്ള തണ്ടുകൾ നട്ട് വേരുപിടിപ്പിച്ചുള്ളതാണ് നടീൽവസ്തു. നടാൻ പറ്റിയ കാലം ജൂൺ– ജൂലൈ.
നല്ല നീർവാർച്ചയുള്ള സ്ഥലത്തെ വളക്കൂറുള്ള മണ്ണ് കൃഷിക്കുത്തമം. സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ തുടങ്ങി 1000 മീറ്റർ വരെ ഉയരത്തിൽ തിപ്പലി കൃഷി ചെയ്യാം. തുറസ്സായ സ്ഥലം കൃഷിക്ക് അനുയോജ്യമല്ല. കൃഷിസ്ഥലത്ത് 25 ശതമാനമെങ്കിലും തണൽ വേണം.