Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളയാണെ സത്യം!

India Bull Taming

മൃഗസ്നേഹത്തിന്റെ പേരിൽ ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ‘പെറ്റ’ സംഘടനയ്ക്കറിയുമോ, തമിഴ്നാട്ടുകാർ കാളകളെ നോക്കുന്നതു പൊന്നുപോലെയാണ്. ഇതാ, ഒരു ജെല്ലിക്കെട്ടുകാളയുടെ കഥ:

ആനകളെ പോറ്റുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഒരു കാളയെ ജെല്ലിക്കെട്ടുവീരനാക്കാനെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ മടിക്കേണ്ട. കാളയാണെ അതാണു സത്യം.തമിഴന്മാർ ജെല്ലിക്കെട്ടുകാളകളെ പരിപാലിക്കുന്നത് എങ്ങനെയെന്നറിഞ്ഞാൽ മലയാളികളുടെ നാട്ടാനകൾ തുമ്പിക്കൈയിൽ വിരൽവച്ചുപോകും. അന്തമാതിരിയാണു ജെല്ലിക്കെട്ടുകാളകളുടെ വാഴ്കൈ.

മൃഗസ്‌നേഹത്തിന്റെ പേരിൽ ജെല്ലിക്കെട്ടിനെ എതിർക്കുന്ന ‘പെറ്റ’ സംഘടനക്കാരെക്കാൾ തങ്ങൾ കാളകളെ സ്‌നേഹിക്കുന്നുണ്ടെന്നു തമിഴ്നാട്ടുകാർ വീമ്പുപറയുന്നതല്ല. തമിഴർക്കു ജെല്ലിക്കെട്ടുകാള വീട്ടിലെ ഇളയ മകനാണ്. സ്വന്തം കിടപ്പുമുറിയിൽപോലും പല തമിഴർക്കും ഫാൻ ഉണ്ടാകില്ല. പക്ഷേ, തൊഴുത്തിൽ എസി ഫിറ്റ് ചെയ്‌തിട്ടുണ്ടാകും. നാലുനേരവും മൃഷ്ടാന്നഭോജനം; മരുന്നുതേച്ചു കുളി; നല്ല മസിലും ആരോഗ്യവും വരാൻ കൃത്യമായ വർക്ക്ഔട്ട്. ഇതു ജെല്ലിക്കെട്ടുകാള ഡാ!

അഴകാനല്ലൂർ– ജെല്ലിക്കെട്ടിന്റെ അഴക് മധുര ജില്ലയിലെ അഴകാനല്ലൂർ ഗ്രാമത്തിൽ നടക്കുന്ന ജെല്ലിക്കെട്ടാണു ലോകപ്രശസ്തം. തടിമാടന്മാരായ ജെല്ലിക്കെട്ടുകാളകൾ ഏറ്റവുമധികം അധിവസിക്കുന്നതും അഴകാനല്ലൂരിൽത്തന്നെ. ഈ ഗ്രാമത്തിലെ ഓരോ വീട്ടുകാർക്കും ഒരു കാളയെങ്കിലും ഉണ്ടാകും. രാവിലെതന്നെ കാളയെ എണ്ണതേച്ചു കുളിപ്പിച്ച് കുറിയും മാലയുമൊക്കെ ഇട്ടു സുന്ദരക്കുട്ടപ്പന്മാരാക്കി അങ്ങനെ നിർത്തിയിരിക്കുന്നതു കാണാം. തവിട്, പരുത്തി, കാലിത്തീറ്റ, പച്ചരി, തേങ്ങ, പാൽ, മുട്ട, കത്തിരിക്ക, നാടൻ മരുന്നുകൾ, വാഴപ്പഴം എന്നിവയടങ്ങിയതാണു ഭക്ഷണക്രമം.ഒരു ജെല്ലിക്കെട്ടുകാളയെ ഒരു മാസം കഷ്ടി തീറ്റിപ്പോറ്റാൻ ഏറ്റവും കുറഞ്ഞത് 25,000 രൂപ വേണം. നാടൻ മരുന്നുകൾ പ്രോട്ടീൻ പൗഡറിനു വഴിമാറിയിട്ടുണ്ട് ഇപ്പോൾ. പാലും മുട്ടയും, പിന്നെ തൊഴുത്തിൽപാട്ടും വീട്ടിലെ മൂത്ത സ്‌ത്രീക്കാണു കാളകളുടെ മെനു കൃത്യമായി നോക്കാനുള്ള ചുമതല. അതിരാവിലെ കാളയെ എഴുന്നേൽപിച്ച് ഔഷധക്കൂട്ടു നിറച്ച കാടിവെള്ളവും പച്ചപ്പുല്ലും നൽകും. പിന്നീടു മരുന്നെണ്ണ തേച്ചു കാളയെ പുലർവെയിലിൽ മണിക്കൂറുകളോളം നിർത്തും. ഇനിയാണു കാളയുടെ രാജകീയ കുളി. ആനയെ കുളിപ്പിക്കുന്നതുപോലെയാണു കാളക്കുളി. കഴുത്തൊപ്പം വെള്ളത്തിൽ നിർത്തി രാമച്ചവും കച്ചോലവും ഇഞ്ചയുമൊക്കെ തേച്ചുള്ള നീരാട്ടാണ്. കുളി കഴിഞ്ഞാൽ പാലും മുട്ടയും. ഇതിന്റെയൊക്കെ അളവ് കാളയുടമയുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. എന്തായാലും, വീട്ടിൽ ഉണ്ടാക്കുന്ന സ്‌പെഷൽ വിഭവങ്ങളിൽ ഒരു ഓഹരി കാളയ്‌ക്കുകൂടി ശാപ്പിടാനുള്ളതാണ്.

വൈകിട്ടും കാളയെ കുളിപ്പിക്കും. എസി മാത്രമല്ല, മിക്ക തൊഴുത്തുകളിലും ഫാനും മ്യൂസിക് സിസ്റ്റവും വരെയുണ്ടാകും. വണ്ടുകളെയും പ്രാണികളെയും കൊതുകുകളെയുമൊക്കെ അകറ്റാൻ പുകച്ചിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ശ്വസിച്ചാവും കാളയുറക്കം. അങ്ങനെ, കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്നു നോക്കിയിരുന്ന് ഒരു കാളക്കുഞ്ഞിനെ ആറു വർഷത്തോളം പരിപാലിക്കും. ആറാം വയസ്സിലാകും കാളകളുടെ ആദ്യ ജെല്ലിക്കെട്ട്.ഒരു കാളയെ തീറ്റിപ്പോറ്റി കിടുവാക്കി ജെല്ലിക്കെട്ടിനൊരുക്കാൻ ആറു വർഷംകൊണ്ടു ചെലവിടേണ്ടിവരുന്നത് ഏകദേശം 18 ലക്ഷം രൂപ!

നീന്തലിനും പരിശീലനം ആറാം വയസ്സിൽ ജെല്ലിക്കെട്ടിന് ഒരു വർഷം മുൻപുതന്നെ കായികപരിശീലനം തുടങ്ങും. അപൂർവമായെങ്കിലും ചിലർ മൂന്ന്-നാല് വയസ്സുള്ള കാളകളെയും മൽസരത്തിനിറക്കാറുണ്ട്. കായിക പരിശീലനത്തിന്റെ ചുമതല പുരുഷന്മാർക്കാണ്. വർഷങ്ങളുടെ അനുഭവസമ്പത്തുള്ളയാളാകും കാളകളുടെ ഫിസിക്കൽ ട്രെയിനർ. ഓട്ടവും ചാട്ടവും മാത്രമല്ല, നീന്തലിലും പരിശീലനമുണ്ട്. നന്നായി നീന്തിയാൽ മാത്രമേ മസിലുകൾ മുഴച്ചങ്ങനെ നിൽക്കുകയുള്ളൂ.

പരിശീലന ഗ്രൗണ്ടിൽ വലിയ തെങ്ങിൻതടികൊണ്ടു വേലികെട്ടിയിട്ടുണ്ടാകും. ഇതു ചാടിക്കടന്നു കാളകൾ ഓടണം – ഹർഡിൽസ് മൽസരംപോലെ. ചാക്കുകെട്ടിൽ മണൽ നിറച്ചു കാളകളുടെ മുന്നിൽ വയ്‌ക്കും. ഇതു കൊമ്പുകൊണ്ടു കുത്തിമറിച്ചിടണം. മതിൽക്കെട്ടിൽ മുൻകാലുകൾ ഉയർത്തിവച്ചു രണ്ടുകാലിൽ നിൽക്കണം.കഠിനപരിശീലനമാണ്! സ്വന്തം മുതലാളിയാണെങ്കിലും മുതുകിൽ തൊട്ടുകളിച്ചാൽ ആ സെക്കൻഡിൽ കൊമ്പുകൊണ്ടു കുടഞ്ഞു നിലത്തിടാൻവരെ പഠിപ്പിക്കും.

കാള ജയിക്കും, മുതലാളി ചിരിക്കും നന്നായി പരിപാലിച്ചാൽ കാളയ്‌ക്കു നല്ല ഉശിരും മേനിയഴകും കൈവരും. ഇങ്ങനെ പൊന്നുപോലെ വളർത്തിയ കൂറ്റനൊരു കാള, വാടിവാസലിലേക്കു (കാളകൾ മൽസരക്കളത്തിലേക്ക് ഇറങ്ങുന്ന ഇടനാഴി) കുതിച്ചുവരുന്നതു കണ്ടാൽ ഒരുമാതിരിപ്പെട്ട തമിഴ് വീരന്മാരുടെയൊക്കെ ധൈര്യം ചോർന്നുപോകും. ആരും എതിരിടാനില്ലെന്നു വരുമ്പോൾ കാള പുല്ലുപോലെ ജയിക്കുകയും ചെയ്യും. കാളയുടമയുടെ അഭിമാനം വാനോളമുയരും. ജയിച്ച കാളയ്‌ക്കും അതിന്റെ ഉടമയ്‌ക്കും പിന്നെ നാട്ടിലെങ്ങും വീരപരിവേഷമാണ്. കാളയുടെ ചെലവിൽ ഫ്രീയായി കിട്ടുന്ന ഈ ബിൽഡ്അപ്പിനു വേണ്ടിയാണു ലക്ഷക്കണക്കിനു രൂപ അവർ മുടക്കുന്നതും.