പൊൻമുട്ടയിടാൻ ബ്രഹ്മ മുതൽ ഒണഗഡോറി വരെ

ബ്രഹ്മ ഇനം പൂവനും പിടയും. ചിത്രം: റിജോ ജോസഫ്

‘ഒന്നരക്കോടി രൂപ കടമുള്ളവൻ ദൈവത്തിലാശ്രയിക്കുമ്പോൾ ഒന്നരലക്ഷം മാത്രം കടമുള്ളവൻ ആത്മഹത്യ ചെയ്യാൻ ഓടുന്നു’ – കടക്കെണിയിൽനിന്നു രക്ഷതേടി പ്രാർഥിക്കാനെത്തിയ തന്നെക്കുറിച്ചു പണ്ടൊരിക്കൽ വൈദികൻ പ്രസംഗിച്ച വാചകങ്ങളാണ് സാമ്പത്തികബാധ്യതമൂലം വിഷമിക്കുന്നവരോട് ഷെറിക്കു പറയാനുള്ളത്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതക്കാരനായ ഒരാൾ ആ പ്രസംഗം കേട്ട് ആത്മഹത്യാതീരുമാനം മാറ്റിയെന്നതു മറ്റൊരു കഥ. ഏതായാലും ദൈവത്തിലാശ്രയിച്ച ഷെറിയെ രക്ഷിക്കാൻ ദൈവദൂതന്മാരെത്തി; അലങ്കാരക്കോഴികളുടെ രൂപത്തിൽ. ഇന്ന് ഒന്നരക്കോടി രൂപയുടെ കടം ഏറിയ പങ്കും അടച്ചുതീർത്ത് ആത്മവിശ്വാസത്തോടെ ഷെറി പറയുന്നു– അലങ്കാരക്കോഴികളുടെ ചിറകിനു കീഴിലാണ് ദൈവം എന്നെ സംരക്ഷിച്ചത്.

വായിക്കാം ഇ - കർഷകശ്രീ

വിലയിടിവിനെ തുടർന്ന് പീരുമേട്ടിലെ ഏലക്കൃഷി നഷ്ടത്തിലായപ്പോഴാണ് കടം തന്നെ വിഴുങ്ങിയതെന്നു ഷെറി. അറുപതോളം തൊഴിലാളികൾക്കു വേതനം നൽകാനാവാതെ തോട്ടം പൂട്ടേണ്ടിവന്നു. കോട്ടയം കുഴിമറ്റത്തെ ചിറക്കുഴി തറവാട്ടിൽ തിരികെയെത്തിയപ്പോൾ എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. വിരസമായ ആ ദിവസങ്ങളിൽ നേരംപോക്കിനു വാങ്ങിയ ഒരു ജോഡി കൊച്ചിൻ ബാന്റം കോഴികളാണ് ഷെറിയുടെ ജീവിതമാകെ മാറ്റിമറിച്ചത്. അവ മുട്ടയിട്ടപ്പോൾ അട വച്ചത് വരുമാനപ്രതീക്ഷയിലായിരുന്നില്ല. എന്നാൽ കുഞ്ഞുങ്ങൾ രണ്ടു മാസം വളർച്ചയെത്തിയപ്പോൾ അവയെ മികച്ച വിലയ്ക്ക് വാങ്ങാനാളുണ്ടായി. പ്രതീക്ഷിക്കാത്ത ആദായം കിട്ടിയതോടെ കൂടുതൽ ഇനങ്ങളെ വളർത്താൻ ആവേശമായി. പുതിയ ഇനങ്ങൾ, പുതിയ കൂടുകൾ എന്നിങ്ങനെ സംരംഭം വളർന്നു. ഒരു ഘട്ടത്തിൽ എഴുപതിനം അലങ്കാരക്കോഴികൾ തനിക്കുണ്ടായിരുന്നെന്ന് ഷെറി. പിന്നീട് പ്രായോഗിക കാരണങ്ങളാൽ വില കുറഞ്ഞ ഇനങ്ങളെ ഒഴിവാക്കി 45 ഇനങ്ങളിലേക്ക് പരിമിതപ്പെടുത്തി.

ഒണഗഡോറി കോഴികളുമായി ഷെറി. ചിത്രം: റിജോ ജോസഫ്

കടം തിരിച്ചടയ്ക്കാൻ ഈ കോഴികളിൽനിന്നുള്ള വരുമാനമായിരുന്നു മുഖ്യ ആശ്രയം. വിരിഞ്ഞിറങ്ങിയാൽ ആയിരങ്ങൾ വരുമാനമേകുന്ന പൊൻമുട്ടകളാണ് അവ ഷെറിക്കു നൽകിയത്. പതിന്നാലു വർഷംകൊണ്ട് എഴുപതു ലക്ഷം രൂപ തിരിച്ചടവും വീട്ടുചെലവുകളും മക്കളുടെ വിദ്യാഭ്യാസവുമൊക്കെ നടത്താൻ, മുട്ടയിട്ടും അടയിരുന്നുമൊക്കെ അവ അറിഞ്ഞു സഹായിച്ചു. ബാക്കി തുക കണ്ടെത്താൻ കുറച്ചു സ്ഥലം വിൽക്കേണ്ടിവന്നു. ഇന്ന് ഒരു ലക്ഷം രൂപയിലേറെ കോഴിവളർത്തലിലൂടെ ഇദ്ദേഹം മാസംതോറും നേടുന്നുണ്ട്.

മുന്തിയ ഇനം അലങ്കാരക്കോഴികൾ മാത്രമാണ് ഇപ്പോൾ ഈ ഫാമിലുള്ളത്. കാൽലക്ഷം രൂപയ്ക്കടുത്തു വിലയുള്ള പൂവൻകോഴിയെക്കുറിച്ച് കേൾക്കുമ്പോൾ വേണ്ടെന്നു പറയുന്നവർ പോലും കണ്ടുകഴിയുമ്പോൾ ഒരെണ്ണം വാങ്ങാമെന്നു ചിന്തിക്കും – അതാണ് ബ്രഹ്മ. എടുപ്പും വലുപ്പവുമുള്ള ശരീരം, കാൽപാദം വരെ മൂടിയ തൂവൽ കാലുറയുള്ള ഈ യൂറോപ്യൻ അലങ്കാരക്കോഴികളിലെ സൂപ്പർസ്റ്റാറാണ്. മുറ്റത്തൊരു കൊമ്പനോ കാങ്കയം കാളയോ നിൽക്കുന്ന ഗമയാണ് ബ്രഹ്മയുണ്ടെങ്കിൽ. ഇവിടുത്തെ 45 ഇനം അലങ്കാരക്കോഴികളുടെ ക്യാപ്റ്റനാണ് ഇവൻ. ഇവയുടെ കറുപ്പും തവിട്ടും നിറഭേദങ്ങളാണ് ഷെറിയുടെ ശേഖരത്തിലുള്ളത്. അമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെ പിതൃദേശങ്ങളുള്ള അലങ്കാരക്കോഴികൾ ഈ ടീമിനു രാജ്യാന്തര ഫുട്ബോൾ ക്ലബിന്റെ ഭാവം നൽകുന്നു. താരമൂല്യം കൂടുതലുള്ളവയ്ക്കു വിലയേറുമെന്നു മാത്രം.

ഫ്രിസ്‌ലർ. ചിത്രം: റിജോ ജോസഫ്

ഷെറിയുടെ ടീമിലെ മറ്റ് ചില അംഗങ്ങളെക്കൂടി പരിചയപ്പെടുമ്പോൾ കാര്യം കൂടുതൽ വ്യക്തമാവും. ബഫ് കൊച്ചിൻ എന്ന ഇനവും കാലിൽ തൂവലുള്ളവയാണ്. മഷി കുടഞ്ഞാലെന്നപോലെ ചിതറിയ പുള്ളികളുള്ള ബഫ് കൊച്ചിൻ കോഴി ജോഡിക്ക് ഒമ്പതിനായിരം രൂപ വിലയുണ്ടത്രെ. ചീപ്പ് പോലുള്ള പൂവും ഈയിനത്തിന്റെ സവിശേഷതയാണ്. ഇവയുടെ പൂർവികർ ചൈനാക്കാരായിരുന്നു. എന്നാൽ ബ്രിട്ടനിലേക്കും അമേരിക്കയിലേക്കുമൊക്കെ കുടിയേറി കിട്ടിയ പരിഷ്കാരങ്ങളുമായാണ് ഇവയെ ഇപ്പോൾ കിട്ടുക. ബ്ലാക്ക് ഫ്രിസ്‌ലർ എന്ന പേരുള്ള അമേരിക്കൻ ബാന്റം കോഴിയുടെ തൂവലുകൾ ചുരുണ്ടിരിക്കും. ജോഡിക്ക് 6000 രൂപ വില. സ്വയം ചുരുണ്ട് ശരീരം പന്തുപോലെയാക്കാൻ ഇവയ്ക്ക് കഴിയും. ഈയിനത്തിൽ തന്നെ ചുരുളാത്ത തൂവലുകളോടു കൂടിയ കറുത്ത കോഴികളെയും വെളുത്ത ചുരുളൻ തൂവലുകൾ മാത്രമുള്ള ഇനവും ഇദ്ദേഹത്തിനു സ്വന്തമാണ്. നമ്മുടെ നാട്ടിൽ കൂടുതൽ പ്രചാരത്തിലുള്ള പോളിഷ് ക്യാപ്പാണ് ഷെറിയുടെ ശേഖരത്തിലെ മറ്റൊരു പ്രമുഖ ഇനം. കറുപ്പും ചുവപ്പും ഇടകലർന്ന നിറത്തോടുകൂടിയ, തലയിൽ ഏതാനും വെളുത്ത തൂവലോടു കൂടിയ ഗോൾഡൻ പോളിഷ് ക്യാപ്പിനു 15,000 രൂപ വരെ വില കിട്ടും. വെളുപ്പ്, കറുപ്പ്, വെള്ളി നിറങ്ങളിലുള്ള പോളിഷ് ക്യാപ്പും ഇദ്ദേഹത്തിനുണ്ട്. മില്ലി കോഴികൾ മാത്രം ഒമ്പതു നിറഭേദങ്ങളിലുണ്ട്. ബൽജിയം, ഡെന്മാർക്ക് എന്നിവയാണ് മില്ലി കോഴികളുടെ സ്വദേശം. ജപ്പാനിൽനിന്നുള്ള ഗോൾഡൻ ഫീനിക്സ് കോഴിക്ക് 7000 രൂപയാണ് വില. ഇതിന്റെ തന്നെ കറുപ്പ്, വെളുപ്പ് നിറഭേദങ്ങളുമുണ്ട്. മൂന്നിനത്തിനും ഒരു മീറ്റർ നീളത്തിലുള്ള അങ്കവാലുണ്ടാവും. വെള്ള ഫീനിക്സ് പക്ഷികളുമായി സാമ്യമുള്ള മറ്റൊരിനത്തിന്റെ പേര് രസകരമാണ് – ഒണഗഡോറി. ഇംഗ്ലീഷ് ഗെയിം കോക്ക്, മംഗോളിയൻ, ഹംപ്സ്റ്റർ തുടങ്ങിയ ഇനങ്ങളും ഇവിടുണ്ട്.

അലങ്കാരക്കോഴികൾ മികച്ച ആദായം തരുന്ന ബിസിനസാണെന്ന കാര്യത്തിൽ ഷെറിക്കു സംശയമില്ല. കടക്കെണിയിലായ തന്നെ വരുമാനത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ഇവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ കോഴികളെപ്പോലെ കൂട്ടിലടച്ചു വളർത്താം. മുട്ടക്കോഴികളുടെ സ്റ്റാർട്ടർ, ഫിനിഷർ തീറ്റ നൽകിയാൽ മതി. ചില ഇനങ്ങൾ കുറച്ചു മാത്രം മുട്ടയിടുമ്പോൾ പ്രതിവർഷം 220 മുട്ട തരുന്ന അലങ്കാരക്കോഴികളുമുണ്ട്. മുട്ടയുടെ എണ്ണം കുറയുമ്പോൾ വില ഉയരുമെന്നതിനാൽ ആദായസാധ്യത ചുരുങ്ങില്ല. നാടൻ കോഴികളെപ്പോലെ അഴിച്ചുവിട്ടു വളർത്താനാവാത്തതിനാൽ തീറ്റച്ചെലവ് കൂടുതലായിരിക്കും. ഒരു കോഴിക്ക് ഒരു വർഷം 800 രൂപ ചെലവാക്കേണ്ടിവരുന്നതായാണ് ഷെറിയുടെ കണക്ക്. ഒരു ജോഡി അലങ്കാരക്കോഴിയിൽനിന്ന് കുറഞ്ഞത് അമ്പത് മുട്ട വിരിഞ്ഞുകിട്ടിയാൽ കുറഞ്ഞത് അഞ്ഞൂറു രൂപ നിരക്കിൽ 25000 രൂപ വരുമാനമായി. പൂവന്റെയും പിടയുടെയും തീറ്റച്ചെലവായി 1600 രൂപ കുറച്ചാലും ഏറെ ആദായം ബാക്കി.

ഫോൺ–9447791867