Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലുക്കില്ലാന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാ...

"ഹാസ്യത്തിന്റെ പലവിധ കൈവഴികളിൽ ഒന്നാണ് തമാശയെന്ന ജോക്ക്. സന്ദർഭോചിതമായി മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണത്. എന്നാൽ ഹാസ്യം അങ്ങനെയല്ല, അത് ആവർത്തിക്കപ്പെടുന്തോറും ചിരിയും ചിന്തയും ഉണർത്താൻ പ്രാപ്തമായ ഒരു ക്ഷീരബലയായിരിക്കണം."- ജോയ് മാത്യു..

ഒരു പുസ്തകത്തിന്റെ അവതാരിക ഇത്തരുണത്തിൽ വരണമെങ്കിൽ ഉറപ്പായും വിശ്വസിക്കാം ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചെഴുതുന്ന ഒരാളുടെ പുസ്തകത്തിനു തന്നെയാകും അതെന്ന്. സലിംകുമാർ എന്ന നടനെയും പ്രകൃതി സ്നേഹിയെയും മാത്രമേ ഒരുപക്ഷേ, നമ്മളറിയൂ, എഴുതാനും പറയാനും ഒരുപാട് കഥകളുള്ള ഒരു സലിം കുമാർ അത്രയ്ക്കങ്ങോട്ടു അപരിചിതനാണ്. സലിം കുമാറിനു വേണ്ടി അദ്ദേഹത്തിന്റെ ഓർമ്മകളെ പുസ്തകത്തിലാക്കിയിരിക്കുകയാണ് പ്രിയ സുഹൃത്ത് കെ.വി. മധു, "ഒരു ലുക്കില്ലാന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ..." എന്ന പുസ്തകത്തിൽ. സലിംകുമാർ ഫലിതങ്ങൾ എന്നാണു പുസ്തകത്തിന്റെ ബൈലൈൻ പോലും.

പലയിടങ്ങളിലായി പലവട്ടം പറഞ്ഞതും ഒരിക്കലും എങ്ങും പറഞ്ഞിട്ടില്ലാത്തതുമായ സലിംകുമാർ കോമഡികളുടെ എഴുത്തു രൂപമെന്നു തന്നെ ഈ പുസ്തകത്തെ അടയാളപ്പെടുത്താം. അവതാരികയിൽ ജോയ് മാത്യു വീണ്ടും ഇങ്ങനെ കൂട്ടി ചേർക്കുന്നു,

"തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നോ കൃത്യമായ നിരീക്ഷണങ്ങളിൽ നിന്നോ രൂപപ്പെടുമ്പോഴാണ് ഹാസ്യം ദോഷ നിർദ്ദോഷങ്ങളെയും ശുദ്ധാശുദ്ധങ്ങളെയും മാറി കടക്കുന്നത്". ഏതു വിഭാഗത്തിലാണ് സലിം കുമാർ എന്ന പ്രതിഭയുടെ ഹാസ്യങ്ങളെ അടുക്കി വയ്ക്കേണ്ടത്? എന്നതിന്റെ ഉത്തരമാണിത്. തീക്ഷ്ണമായ അനുഭവങ്ങളുടെ ഒടുക്കത്തിൽ നിന്നാണ് സലിം കുമാർ തന്നിൽ നിന്നുരുവാകുന്ന ഹാസ്യത്തെ കണ്ടെത്തുന്നത്. ചിരിച്ചാലും മരിക്കും ചിരിച്ചില്ലേലും മരിക്കും, എന്നാൽ പിന്നെ ചിരിച്ചു കൊണ്ട് മരിച്ചൂടെ എന്നൊരു ലൈൻ. 

ചിരിക്കാൻ തന്നെ നേരം തികയുന്നില്ല, പിന്നെയല്ലേ കരയാൻ... എന്നതാണ് ഈ പുസ്തകത്തിന്റെ സന്ദേശമെന്നു സലിം കുമാറിനു വേണ്ടി അദ്ദേഹത്തെ വാക്കുകളാക്കി പകർത്തിയ കെ.വി. മധു ആമുഖത്തിൽ പറയുന്നു. പലകാലങ്ങളിലായി മുളച്ചു പൊന്തിയ കഥകളെ കൂട്ടി ചേർത്ത് വയ്ക്കുക എന്നതു തന്നെ അദ്ധ്വാനം കലർന്ന ഒരു ജോലിയാകുന്നു. കെവി അത് മനോഹരമായി ചെയ്തിട്ടുമുണ്ട്. മുന്നിലെ സ്‌ക്രീനിൽ ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു മനുഷ്യനെ ഏതു വേഷത്തിലൂടെ കാണുമ്പോഴും അതെ ചിരിയോടെ തന്നെ കാണുന്നതാണ് എല്ലാവർക്കുമിഷ്ടം, കരച്ചിലുകളൊക്കെ ഉള്ളിലടക്കി സലിം കുമാർ ചിരിക്കാൻ പഠിച്ചതും അതുകൊണ്ടു തന്നെ ആയിരുന്നിരിക്കണം. 

"ദുരിതത്തിൽ അകപ്പെടുമ്പോൾ മേൽപ്പോട്ടു നോക്കി നിത്യേന സങ്കടം പറഞ്ഞാൽ ഉത്തരം ലഭിക്കില്ല എന്ന് ബോധ്യമായപ്പോൾ സത്യത്തിൽ ചിരിയാണ് മനസ്സിൽ വന്നത്. എന്നെത്തന്നെയോർത്തുള്ള ചിരി. ഒരുമാതിരി പുച്‌ഛിച്ചു കൊണ്ടുള്ള ചിരി. പിന്നീട് ഞാൻ ചിരിക്കാൻ ശീലിക്കുകയായിരുന്നു..." സലിംകുമാർ സ്വന്തം ചിരിയെ കുറിച്ച് പറയുന്ന ഈ വാക്കുകൾ കൂടി ഇല്ലാതെ ഈ പുസ്തകം വായിക്കാൻ തുടങ്ങാനാകില്ല.

മൂന്നു ഭാഗമായാണ് പുസ്തകത്തിലെ ചിരികളെ തരം തിരിച്ചിരിക്കുന്നത്. സലിം കുമാറിന്റെ ജീവിതത്തിന്റെ പല ഏടുകളിൽ സംഭവിച്ച പലതരം ചിരികൾ, ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായി പുറത്തേയ്ക്ക് വന്നെത്തുന്ന ചിരികൾ, അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിനിടയിലെ ചിരികൾ... എന്നിങ്ങനെയാണ് മൂന്നു ഭാഗം. 

സ്‌കൂൾ കാലങ്ങളും അടങ്ങാത്ത അഭിനയ മോഹവും പാർട്ടി പ്രവർത്തനവും എല്ലാം ചെറിയ ചെറിയ കുറിപ്പുകളായി പുസ്തകത്തിൽ കുറിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് വായന അത്രമേൽ ലളിതവും എളുപ്പവുമാണ്. സലിംകുമാറിനെ എല്ലാ എഴുത്തിലും അനുഭവിക്കാൻ കഴിയുന്നതുകൊണ്ടു പുസ്തകത്തിന്റെ രചയിതാവ് അക്ഷരങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുക തന്നെയാണ്. 

കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് സലിം കുമാർ. താനൊരു കോൺഗ്രസ്സ് അനുഭാവിയാണെന്ന കാര്യം സലിം കുമാർ എപ്പോഴും ഉറക്കെ പറഞ്ഞിട്ടുണ്ട്. സിനിമ-സാഹിത്യ രംഗത്തുള്ളവർ സ്വന്തം രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോഴും ഉറക്കെ പറയാൻ മടിക്കുന്നവരാകുമ്പോൾ അടിയുറച്ച കോൺഗ്രസ്സ് അനുഭാവം എഴുത്തിലും പ്രകടമാണ്. സലിംകുമാർ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന കാലം ഒരുപക്ഷേ അദ്ദേഹം അന്നൗൻസ്മെന്റിനായി ഇറങ്ങുന്നത് നാട്ടുകാർ എന്നും ഓർത്തു വയ്ക്കും. കാരണം മൈക്ക് കൈയ്യിൽ കിട്ടിയാൽ ആളുകളെ രസിപ്പിക്കുന്ന കാര്യത്തിൽ മിടുക്കനാണ് അദ്ദേഹം. പക്ഷേ, സലിം കുമാർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങാൻ വരെ കാരണം അത്തരത്തിലുള്ള ഒരു അന്നൗൻസ്മെന്റ് തമ്മിലടിയാണെന്നു കെ.വി. മധു പറയുന്നു. ഒരുപക്ഷേ, രസകരമായ ആ കഥ ഒന്നോർമ്മിപ്പിക്കാതെ ഈ പുസ്തകം അപൂർണമാകുന്നു. ഡി വൈ എഫ് ഐക്കാരുടെ എല്ലാ മുദ്രാവാക്യങ്ങൾക്കും കൗണ്ടർ വാക്യങ്ങൾ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുത്തു അതുറക്കെ മുഴക്കി തോൽപ്പിക്കുന്നതിന്റെ സുഖത്തിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്ത് ഡി വൈ എഫ് ഐ കണ്ടെത്തിയ "യൂത്തന്മാരെ പോത്തൻമാരെ" എന്ന മുദ്രാവാക്യത്തിന് കൗണ്ടർ വാക്യം തേടി ഉറക്കം പോലും നഷ്ടപ്പെട്ട സലിം കുമാർ തോൽവി സമ്മതിച്ചു ഒടുവിൽ പാർട്ടിയിൽ നിന്ന് സ്വയം പിൻവാങ്ങുകയാണ്. ആ തോൽവിയുടെ സങ്കടം ഉള്ളിലുള്ളപ്പോൾ തന്നെ അത് എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു തോൽവിയായി സ്വീകരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, എപ്പോഴും മനുഷ്യരെ ചിരിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളുടെ ഈ തോൽവി പോലും മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിരിക്കുള്ള വകയാണെന്നു സലിംകുമാറിനു നല്ല ബോധ്യമുണ്ട്. കാരണം മറ്റൊരാളുടെ തോൽവിയും ദുഖങ്ങളും പലർക്കും ചിരിക്കാനുള്ള വകകൾ തന്നെയാണ്. 

ചോദ്യോത്തര രൂപത്തിലാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഏറ്റവും ചിരി പടർത്തിയാതാവുക എന്നത് തന്നെ ഹൈലൈറ്റ്. എഴുത്തും വായനയുമുള്ള സലിംകുമാർ എന്തുവായിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന്, അറിവ് കുറഞ്ഞു എന്ന തോന്നലുണ്ടാകുമ്പോൾ സ്വയം നീട്ടിപ്പിടിച്ചിരുന്നു അങ്ങെഴുതും, ഒടുവിൽ അത് സ്വയം വായിച്ചു അറിവുണ്ടാക്കും, അറിവുണ്ടായ ശേഷം അത് കീറിക്കളയുകയും ചെയ്യും. സ്വയം വിമർശിക്കാനും സ്വയം ട്രോളുണ്ടാക്കാനും കഴിവുള്ള മനുഷ്യർ ചരിത്രത്തിൽ വളരെ കുറവേ ഉണ്ടാകൂ, ഒരു വി കെ എൻ എന്നൊക്കെയേ നാം കേട്ടിട്ടുമുള്ളൂ, പക്ഷേ, അപൂർവ്വമായി ഇത്തരം മനുഷ്യരുമുണ്ട്, അവർ ചരിത്രത്തിൽ ഇങ്ങനെയെങ്കിലും കുറിയ്ക്കപ്പെടേണ്ടത് അത്യാവശ്യമാകുന്നു. സലിംകുമാർ എന്ന വ്യക്തി ഇങ്ങനെ ചിരിക്കുന്നതെന്തിനെന്ന അഭിമുഖ ഭാഗത്തെ ചോദ്യത്തിന്, അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ ,

"ജീവിതത്തെ രണ്ടു കണ്ണുകളിലൂടെ നോക്കിക്കാണാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കണ്ണിലൂടെ നോക്കിയാൽ ആകെ മുഴുവൻ  സങ്കടക്കടലായിരിക്കും. രണ്ടാമത്തെ കണ്ണിലൂടെ നോക്കിയാൽ ജീവിതം ഉള്ളു തുറന്ന പൊട്ടിച്ചിരിയാണ്. എനിക്ക് രണ്ടാമത്തെ കണ്ണിലൂടെ കാണാനാണ് ഇഷ്ടമെന്ന് തോന്നിയിട്ടുണ്ട്...",അതേ അത് സത്യമാണ്. ചിരിച്ചു കൊണ്ട് തന്നെ ജീവിതം ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതിലും മനോഹരമായി ജീവിതത്തെ പറയാനാകില്ല. സലിം കുമാറിന്റെ ഈ ചിരി പുസ്തകം അദ്ദേഹത്തിലെ വ്യക്തിയെ കണ്ടെത്താനും ഒരുപക്ഷേ, സ്വയം വായനക്കാർക്ക് അവനവനിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനുമുള്ള ഇടം ഇടുന്നുണ്ട്. 

"ഫലിതരൂപത്തിലാണെങ്കിൽ പോലും ഒരാളെപ്പോലും കുത്തിനോവിക്കുവാനോ ഏതെങ്കിലും തരത്തിൽ മുറിവേൽപ്പിക്കാനോ സലിം കുമാർ തുനിഞ്ഞിട്ടില്ല" എന്ന് അവതാരികയിൽ ജോയ് മാത്യു ആവർത്തിക്കുമ്പോൾ ഇന്നത്തെ സോകോൾഡ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഓർത്തു പോകുന്നു. വിശ്വാസങ്ങളെ പോലും മുറിവേൽപ്പിച്ചു കൊണ്ട് മനുഷ്യർ സ്വന്തം ഇടം ഒരുക്കിയെടുക്കുമ്പോൾ ഇതുപോലെയുള്ള നിഷ്കളങ്കമായ ചിരികൾ ഇനിയുമുണ്ടാകണം എന്നും ആഗ്രഹിച്ചു പോകുന്നു. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review