Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖാവേ തിരിച്ചു തരൂ എന്റെ പ്രണയം...

‘‘ദാ ഇവിടെ അടുത്തു തന്നെയാണ് എന്റെ വീട്. ഞങ്ങളുടെ കൂടെ താമസിക്കാം. ഒരു രാത്രി ഇവിടെ കഴിഞ്ഞാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും രക്തം വെള്ളമല്ല അതിങ്ങനെ പാഴാക്കിക്കളയുന്നതു മഹാകഷ്ടമാണ്. 

ഞങ്ങളെപ്പറ്റി നിങ്ങൾ ഒന്നും എഴുതണ്ട ഓർമിച്ചാൽ മാത്രം മതി. ഞാനും നിങ്ങളും ഇവിടെ ഒരുമിച്ചിരുന്നു സംസാരിച്ച കാര്യങ്ങൾ... ഞങ്ങളുടെ കരച്ചിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ തിരിഞ്ഞു നോക്കണം. ഞങ്ങളെയും ഞങ്ങളുടെ വീടുകളെയും ഒരിക്കൽ കൂടി കാണണം. ഒരു അപരിചിതയുടേത് എന്ന പോലെയല്ല ഞങ്ങളുടെ സ്വന്തക്കാരിൽ ഒരാളായി കൂടുതലൊന്നും വേണ്ട. തിരിഞ്ഞു നോക്കിയാൽ മതി.’’

ഈ വാക്കുകളുടെ പ്രേരണയിൽ തിരിഞ്ഞു നോക്കിയ പത്രപ്രവർത്തക കേട്ടതും അറിഞ്ഞതും അസാധ്യമായ അനുഭവങ്ങൾ രക്തം മരവിപ്പിക്കുന്നവ. ലോക ചരിത്രത്തെ രണ്ടാക്കി വിഭജിച്ച രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത റഷ്യൻ വനിതകളുടെ അനുഭവങ്ങൾ.

ലോക മഹായുദ്ധത്തെക്കുറിച്ച് ഏറെ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടുകളിൽ പക്ഷേ, അവയിലൊന്നും രേഖപ്പെടുത്താതെ പോയി, രാജ്യം അപകടത്തിൽപ്പെട്ടപ്പോൾ യുദ്ധമുഖത്തേക്കു കുതിച്ചെത്തിയ ലക്ഷക്കണക്കിനു വനിതകളുടെയും പെൺകുട്ടികളുടെയും ജീവിതങ്ങൾ യുദ്ധത്തിന്റെ പിന്നണിയിലായിരുന്നില്ല അവർ; മുന്നണിയിൽത്തന്നെ. മുന്നണിപ്പോരാളികൾ ടാങ്ക് ഡ്രൈവർ, മെഷീൻ ഗണ്ണർ തുടങ്ങിയവയെല്ലാം സ്ത്രീലിംഗ പദങ്ങളായി മാറി. മുലയൂട്ടുന്ന കുഞ്ഞുങ്ങളെ ബന്ധുക്കളുടെ സംരക്ഷണയിലാക്കിപ്പോയവർ. എന്നു തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ലാതെ യാത്ര പോലും പറയാതെ പോയവർ. അവരെ കാത്തിരുന്നതോ, രക്തവും മരണവും മരവിപ്പും ദുരിതങ്ങളുടെ അന്തമില്ലാത്ത ദിനരാത്രങ്ങളും. ജീവനേക്കാൾ വലുതാണ് രാജ്യമെന്നുരുവിട്ടു ജീവൻ ത്യജിച്ചവർ എത്രയോ? ജീവഛവങ്ങളായി മടങ്ങിയെത്തിയവരാകട്ടെ യുദ്ധത്തിനു ശേഷം സാധാരണ ജീവിതം നയിക്കാൻ ബുദ്ധിമുട്ടി. ഓർമയിലെ സ്ഫോടനങ്ങളുമായി ജീവിതം തള്ളിനീക്കേണ്ടിവന്നവർ. അവരുടെ വാർദ്ധക്യങ്ങളിൽ മറവിയിലേക്കു മാഞ്ഞുപോകാൻ കൂട്ടാക്കാത്ത ഓർമകളെത്തേടി സ്വെറ്റ്ലാന അലക്സിവിച്ച് എന്ന പത്രപ്രവർത്തക എത്തിയപ്പോൾ പലരും കരഞ്ഞു. ഒന്നും മിണ്ടാനാകാതെ ഇരുന്നവരുമുണ്ട്. എല്ലാം തുറന്നു പറ‍ഞ്ഞവരുണ്ട്. അവരുടെ കഥകൾ സ്വെറ്റ്ലാന സമാഹരിച്ചു. ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇരുന്നൂറോളം സ്ത്രീപോരാളികളുടെ ലോകം കേട്ടിട്ടില്ലാത്ത കഥകൾ പൊളിഞ്ഞു തുടങ്ങിയ ഇരുമ്പുമറയ്ക്കുള്ളിലായിരുന്നു അന്നും സോവിയറ്റ് യൂണിയൻ. സെന്‍സർമാർ കത്രികയെടുത്തു, സ്വെറ്റ്ലാന കാത്തിരുന്നു ഗോർബച്ചേവിന്റെ കാലത്ത് റഷ്യയിലേക്കു പുറംലോകത്തിന്റെ വെളിച്ചം വീണപ്പോൾ സ്വെറ്റ്ലാനയുടെ അക്ഷരങ്ങളും വെളിച്ചം കണ്ടു.‘വാർസ് അൺവുമൺലി ഫെയ്സ്’ റഷ്യൻ ഭാഷയിൽ മാത്രം ഇരുപതു ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം 2015–ല്‍ നൊബേൽ സമ്മാനത്തിനർഹമായ പ്രശസ്ത പുസ്തകം ഗ്രീൻ ബുക്സ് മലയാളത്തിൽ അവതരിപ്പിക്കുന്നു – യുദ്ധ ഭൂമിയിലെ സ്ത്രീപോരാളികൾ. 

വിവിർത്തനം പുത്തേഴത്തു രാമൻ മേനോന്റെ മകൾ രമാ മേനോൻ. പൗലോ കൊയ്​ലോയുടെ ആൽകെമിസ്റ്റ് ഉൾപ്പെടെയുള്ള പുസ്തകങ്ങൾ മലയാളിയുടെ സ്വന്തമാക്കിയ അതേ വിവർത്തക.

‘‘തികച്ചും അപരിചിതമായൊരു വീട്ടിൽ അല്ലെങ്കിൽ ഒരു അപാർട്ട്മെന്റിൽ വളരെയധികം നേരം ഇരിക്കേണ്ടി വരും. ചിലപ്പോൾ ഒരു ദിവസം മുഴുവനും തന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിക്കും. പുതിയതായി വാങ്ങിയ ബ്ലൗസ് ഇട്ടു നോക്കും. പുതിയ പാചകക്കുറിപ്പുകളെക്കുറിച്ചും, മുടി ഭംഗിയാക്കി വയ്ക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കും. പേരക്കുട്ടികളുടെ ഫോട്ടോകൾ കണ്ട് രസിച്ചു ചിരിക്കും. അങ്ങനെ കുറേ നേരം കഴിയുമ്പോൾ, എപ്പോൾ എങ്ങനെയെന്നു പറയാൻ വയ്യ. ഏറെ കാത്തിരുന്ന ആ നിമിഷം ഓർക്കാപ്പുറത്തു വന്നെത്തും.’’ പിന്നെ മലവെള്ളപ്പാച്ചിൽ പോലെ ഓർമകളുടെ കുത്തൊഴുക്ക്... നഗരത്തിലെ അപാർട്ട്മെന്റുകളിൽ നിന്ന് നാട്ടിൻ പുറങ്ങളിലെ കൊച്ചു വീടുകളിൽ നിന്ന്. തെരുവുകളിൽ നിന്ന് തീവണ്ടി മുറികളിൽ നിന്ന് എല്ലാം സ്വെറ്റ്ലാന ശ്രദ്ധയോടെ കേൾക്കുന്ന സ്വയം ഒരു വലിയ ചെവിയായി മാറിയതു പോലെ. മറ്റുള്ളവർ പറയുന്നതു കേട്ടു കേട്ട് അവരുടെ ശബ്ദങ്ങൾ വായിച്ചെടുക്കുക സ്വെറ്റ്ലാനയുടെ സ്വഭാവം തന്നെയായി മാറി. യുദ്ധത്തെപ്പറ്റിയല്ല സ്വെറ്റ്ലാനയുടെ എഴുത്ത് യുദ്ധത്തിലുണ്ടായിരുന്ന മനുഷ്യനെക്കുറിച്ച് യുദ്ധത്തിന്റെ ചരിത്രമല്ല; വികാര–വിചാരങ്ങളുടെ ചരിത്രം. 

സ്വെറ്റ്ലാന എഴുതിയതെല്ലാം നുണയാണെന്ന് ആക്ഷേപിച്ച സെൻസർമാരോട് അവർ പറഞ്ഞു. ശരിയാണ് വലിയ ആർഭാടങ്ങളോട് എനിക്കു ബഹുമാനമില്ല. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ചെറിയ മനുഷ്യരെയാണ്. 

യുദ്ധം കഴിഞ്ഞു. കബന്ധങ്ങൾ ഉന്മാദ നൃത്തം ചവിട്ടിക്കുഴച്ച രണാങ്കണത്തിൽ സോവിയറ്റ് യൂണിയൻ വിജയത്തിന്റെ രക്തഹാരം ചാർത്തി. ജർമനിയിലെ ബർലിനിൽപ്പോലും ഉയർന്നു പാറി ചെങ്കൊടി. സഖാവേ... എന്ന വിളിക്കു ലോകം പ്രണയാർദ്രമായി കാതോർത്തു.

റഷ്യയിലെ ഒരു ഗ്രാമത്തിൽ യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തി ഒരു യുവാവ്. അയാളോടവൾ പറഞ്ഞു: ‘‘കൂട്ടുകാരാ യുദ്ധത്തിന്റെ കരി പിടിച്ച ഇഷ്ടികക്കൂമ്പാരങ്ങള്‍ക്കിടയിൽ എന്റെ മനസ്സ് മരവിച്ചു പോയിരിക്കുന്നു. എനിക്കു കുറച്ചു പൂക്കൾ സമ്മാനിക്കൂ. നല്ല വാക്കുകൾ പറയൂ. പ്രണയപൂർവ്വം പെരുമാറൂ. ഞാൻ എന്റെ സ്ത്രീ ശരീരം വീണ്ടെടുക്കട്ടെ’

രണ്ടാം ലോക മഹായുദ്ധം ലോകചരിത്രത്തെ വിഭജിച്ചുവെങ്കിൽ, ലോകമനസാക്ഷിയുടെ മേൽ വീണ മാരകശേഷിയുള്ള സ്ഫോടകവസ്തുവാണ് സ്വെറ്റ്ലാനയുടെ പുസ്തകം. മനുഷ്യത്വത്തിന്റെ മഹനീയ മാതൃക മനുഷ്യമുഖമുള്ള പത്രപ്രവർത്തനത്തിന്റെ ഉദാത്ത ഉദാഹരണം. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review