ഉണങ്ങിയ മരച്ചില്ലകൾ പെട്ടെന്നു പച്ച അണിയുന്നു. വരണ്ടുണങ്ങിയ ഭൂമിയിലൂടെ ഒരു അരുവി ഒഴുകുന്നു... നിനച്ചിരിക്കാതെ തേടി വരുന്ന ഇത്തരം അത്ഭുതങ്ങൾ പോലെയാണ് പി.കെ പാറക്കടവിന്റെ വാക്കുകൾ. പരിചിതമായ അന്തരീക്ഷം. ഒന്നോ രണ്ടോ കഥാപാത്രങ്ങൾ ഏറ്റവും കുറവു വാക്കുകൾ. പക്ഷേ അവ സൃഷ്ടിക്കുന്നത് അർത്ഥത്തിന്റെ മഹാസമുദ്രം ആലോചനയിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന ചിന്തകളുടെ ഗാംഭീര്യം ഒരു പക്ഷേ മലയാള സാഹിത്യത്തിൽ തന്റേതുമാത്രമായ വഴിയിലൂടെ സഞ്ചരിച്ച് സ്വന്തമായ ഇരിപ്പിടം കണ്ടെത്തുന്ന എഴുത്തുകാരനാണ് അദ്ദേഹം. ഉദാത്തവും ആശയസമ്പുഷ്ടവും രമണീയവുമായ പാറക്കടവു കഥകളുടെ സമാഹാരം ‘ഭൂമി വാതുക്കലും പ്രണയത്തിന്റെ നാനാർത്ഥങ്ങളും’ വായനയെ മധുരമായ അനുഭവവും അനുഭൂതിയുമാക്കുന്നു.
‘മണ്ണുമായുള്ള ബന്ധം ഇല്ലാതായിപ്പോകുന്നതിന് ഞാൻ പാദരക്ഷ ഉപേക്ഷിച്ചു.
വായുവുമായുള്ള ബന്ധം ഇല്ലാതായിപ്പോകുന്നതിന് ഞാനെന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ചു.
നീയുമായുള്ള ബന്ധം ഇല്ലാതായിപ്പോകുന്നതിന്
ഞാനെന്നെത്തന്നെ ഉപേക്ഷിച്ചു (ബന്ധം)
അക്ഷരങ്ങൾ കൂടിച്ചേരുമ്പോൾ പുതിയൊരു വാക്കല്ല; നക്ഷത്രമാണ് ഉദിക്കുന്നതെന്ന പഴമൊഴിയിൽ വിശ്വസിക്കുന്നയാളാണു പാറക്കടവ്. വളരെ കുറച്ചു വാക്കുകളാൽ അദ്ദേഹം ആശയത്തിന്റെ നക്ഷത്രങ്ങൾ ഉദ്ദീപിക്കുന്ന കാഴ്ചയ്ക്കു ഭംഗിയേറെയുണ്ട്.
പ്രത്യേകിച്ച് ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ല പാറക്കടവിന്റെ കഥകൾ. ബന്ധങ്ങളുടെ അർഥവും അർഥരാഹിത്യവും അദ്ദേഹത്തിനു വിഷയങ്ങളാണ്. രാഷ്ട്രീയം വ്യക്തമായി കടന്നുവരുന്ന കഥകളുണ്ട്. സാമൂഹിക ജീവിതത്തിലെ പൊരുത്തക്കേടുകളും പുഴുക്കുത്തുകളും തുറന്നു കാട്ടുന്നവയുണ്ട്. തത്വചിന്തയും ഉദാത്ത തലങ്ങളെ സ്പർശിക്കുന്നവയുമുണ്ട്. ഓരോ വിഷയത്തിനും യോജിച്ച ശൈലി സ്വയമേ പ്രകടമാകുന്നു. ആലങ്കാരികമല്ലാത്ത ഭാഷയിൽ തനിക്കു പറയാനുള്ള കാര്യങ്ങൾ എഴുത്തുകാരൻ പെട്ടെന്നു പറഞ്ഞു പിൻവാങ്ങുന്നു. ബാക്കിയെല്ലാം സംഭവിക്കുന്നതു വായനക്കാരുടെ മനസ്സിൽ.
ജനൽക്കീറിലൂടെ പുറത്തേക്കു നോക്കി. അയാളുടെ ഭാര്യ മൊഴിഞ്ഞു. ആകാശത്ത് ഒറ്റ നക്ഷത്രങ്ങളുമില്ല. അയാൾ എഴുത്തു മേശയിലേക്കു വിരൽ ചൂണ്ടി നക്ഷത്രങ്ങളൊന്നാകെ അയാളുടെ കരൾച്ചോരകൊണ്ടെഴുതിയ കഥയിൽ (നക്ഷത്രം)
ശിൽപസൗന്ദര്യമാണ് പാറക്കടവുകഥകളുടെ ഏറ്റവും വലിയ ചാരുത. വലിയ ആശയങ്ങൾ ഏതാനും വരികളിൽ അടുക്കി വയ്ക്കുന്നതിന്റെ മികവ്. ഒരു വാക്കു പോലും കൂടുതലില്ല. കുറവുമില്ല. പണിക്കുറവു തീർന്ന സുഭഗമായ ഒരു ശിൽപം പോലെ കഥകൾ ആസ്വാദകരെ തേടുന്നു.
കാണാനാണു കണ്ണുകൾ. അവ ചൂഴ്ന്നെടുക്കപ്പെടുന്നതോടെ കാഴ്ചകൾ അവസാനിക്കും എന്നു കരുതുന്നതു െതറ്റ്. ചെന്നായ്ക്കളെപ്പോലെ ഒരു ദിനം അവർ എത്തി കൂർത്ത ആയുധങ്ങളുമായി. വന്നവർക്കാർക്കും കണ്ണുകളില്ല. പകരം രണ്ടു വലിയ കുഴികൾ കണ്ണുകളില്ലാതെ ഇവരെങ്ങനെ ലക്ഷ്യസ്ഥാനം കണ്ടു പിടിക്കുന്നു എന്ന് ആലോചിക്കുമ്പോഴേക്കും അവർ അയാളെ കീഴ്പ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തിരുന്നു. ലക്ഷ്യം നേടിയ സംതൃപ്തിയോടെ അവർ തിരിച്ചു പോകുമ്പോൾ അയാൾ പറഞ്ഞു:
എന്റെ ഉള്ള് മുഴുവൻ തുരന്നു നോക്കുക. ഉള്ളിലെവിടെയോ എല്ലാം കാണുന്ന ഒരു കണ്ണുണ്ട്. അതു കൂടി എടുത്തുകൊള്‍ ക.
എല്ലാം കാണുന്ന കണ്ണാണ് പാറക്കടവിന്റേത്. കാഴ്ചകൾ സമഗ്രവും സുന്ദരവുമായും അദ്ദേഹം വായനക്കാർക്കു സമ്മാ നിക്കുന്നു. വിശാലമായ ആകാശത്തിലെ ഒറ്റ നക്ഷത്രം പോലെ ശോഭ പരത്തുന്ന ആ കഥകൾ മലയാളത്തിലെ ഒറ്റപ്പെട്ട സൗന്ദര്യത്തുരുത്താകുന്നു.
Books In Malayalam Literature, Malayalam Literature News, Malayalam Book Review