Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഭാഷ് ചന്ദ്രന്റെ കഥകള്‍

അച്ഛനും അമ്മയും എനിക്കിട്ട പേരു സുരേഷ് കുമാര്‍ എന്നാണ്. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും എന്നെ ഇന്നും വിളിക്കുന്നത് സുരേഷിന്റെ ലോപമായ സുരു എന്നുതന്നെ. കടുങ്ങല്ലൂരിലെ ബാലവാടിയില്‍ സുരേഷ്‌കുമാറായിത്തന്നെയാണ് ഞാന്‍ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്. അപ്പോഴാണ് വീട്ടില്‍ അച്ഛന്‍ ചില്ലിട്ടുതൂക്കിയിരുന്ന ചില ചിത്രങ്ങള്‍- പേരും പ്രശസ്തിയുമുള്ള ചിലരുടെ ചിത്രങ്ങള്‍- സുരേഷ് കുമാറിന്റെ ബാല്യത്തിലേക്ക് ഇറങ്ങിവന്നത്.

അവരില്‍ ഏറ്റവും കേമന്‍ സൈനിക അരയില്‍ വാളും വഹിച്ച് തല ഉയര്‍ത്തി നിന്ന സുഭാഷ് ചന്ദ്രബോസായിരുന്നു. കുപ്പായക്കുടുക്കില്‍ പൂ കുത്തിനിന്ന നെഹ്‌റുവിനെ എനിക്കെന്തോ ബോധിച്ചിരുന്നില്ല. ഒന്നാം ക്ലാസില്‍ ചേരാനായി അച്ഛന്റെ കൈത്തണ്ടയില്‍ തൂങ്ങി ആലുങ്ങല്‍ സ്‌കൂളിലേക്ക് നടക്കുമ്പോള്‍ അച്ഛന്‍ ഓര്‍മ്മിപ്പിച്ചു. ഇന്നുമുതല്‍ മോന്‍ പഠിച്ചുതുടങ്ങുകയാണ്. പഠിച്ചു പഠിച്ചു വലിയ ഒരാളായി മാറണം കേട്ടോ. സുരേഷ് കുമാര്‍ എന്ന വലിയ ആളെ ഞാന്‍ സങ്കല്പിച്ചു നോക്കി. അയ്യേ ഞാന്‍ കരഞ്ഞു. ചന്ദ്രന്‍ പിള്ളസാറിന്റെ മുന്നില്‍ രജിസ്ട്രറില്‍ പേരു ചേര്‍ക്കാനായി അച്ഛന്‍ പേരു പറഞ്ഞു സുരേഷ് കുമാര്‍. ഞാന്‍ പൊട്ടിക്കരഞ്ഞു. എനിക്കാ പേര് വേണ്ട എനിക്ക് സുഭാഷ് ചന്ദ്രബോസിന്റെ പേരു മതി. ചന്ദ്രന്‍പിള്ള സാര്‍ ചിരിച്ചു. കരയണ്ട നിനക്ക് ആ പേരുമതിയെങ്കില്‍ അങ്ങനെ. തല്‍ക്കാലം നമുക്ക് സുഭാഷ് ചന്ദ്രന്‍ എന്ന് മതി. ബോസൊക്കെ നീ വലുതാകുമ്പോ തനിയെ ആയിക്കോ.
 
ആ കുട്ടി വലുതായി. പക്ഷേ വലുതായപ്പോള്‍ അവന്‍ തന്റെ പേരൊന്നും നീട്ടി വലുതാക്കിയില്ല.  എന്നാല്‍ സ്വയം സ്വീകരിച്ച ആ പേരില്‍ അവന്‍  അറിയപ്പെട്ടുതുടങ്ങി. സ്വന്തം നാടിന്റെ അതിരുകളില്‍ നിന്ന് മലയാളത്തിന്റെ വിശാലതയിലേക്ക്.. മലയാളം സ്‌നേഹിച്ച സാഹിത്യകാരന്മാരില്‍ ഒരാളായി ആ പേര് വിളങ്ങി. അതെത്ര സുഭാഷ് ചന്ദ്രന്‍. 

താനെങ്ങനെ സുരേഷ് കുമാറില്‍ നിന്ന് സുഭാഷ് ചന്ദ്രനായി മാറി എന്ന് വിവരിക്കുന്ന അദ്ദേഹത്തിന്റെ  പേര് എന്ന ലേഖനത്തിലെ ഏതാനും വരികളാണ് മുകളിലെഴുതിയത്.  സുഭാഷ് ചന്ദ്രന്റെ  മധ്യേയിങ്ങനെ എന്ന അനുഭവക്കുറിപ്പുകളുടെ പുസ്തകത്തിലാണ് ഈ ലേഖനം ഉള്‍പെടുത്തിയിരിക്കുന്നത്.
 
സുഭാഷ് ചന്ദ്രന്റെ കഥകള്‍ക്കെങ്ങനെ ഇത്രത്തോളം ആഴമുണ്ടായി എന്ന് അമ്പരക്കുന്നവര്‍ക്ക് ഈ വൈയക്തികാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും കഥകളെ അതിശയിപ്പിക്കുന്ന ആഴമുള്ള ഈ കുറിപ്പുകളുടെ രചയിതാവിന്റെ കഥകള്‍ അങ്ങനെയായതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന്. സുഭാഷ് ചന്ദ്രന്റെ കഥാകഥന രീതിയെക്കാള്‍ ലളിതമായതുകൊണ്ട്  ഈ  ലേഖന സമാഹാരം വായനക്കാരനെ  അനുഭവങ്ങളുടെ പാരമ്യത്തിലേക്ക് കൊണ്ടുപോയി കൂടുതല്‍ തീവ്രതയുള്ള വായനാനുഭവം സമ്മാനിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ അച്ഛന്‍ എന്ന ലേഖനം.
 
പരിമിതമായ സാമ്പത്തികചുറ്റുപാടുകളുടെയും ബന്ധുജനങ്ങളുടെ പിന്തുണയുടെ അഭാവത്തിലും ജീവിച്ചുവരവെ, ഭാര്യ   ഒരുവര്‍ഷത്തിനിടയില്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അല്പം പ്രായോഗികതയോടെ  അബോര്‍ഷന്‍ നടത്താനാണ് ആ ദമ്പതികള്‍ തീരുമാനിച്ചത്. എന്നാല്‍ അബോര്‍ഷന് മുമ്പുള്ള കൗണ്‍സലിംങില്‍  അത് ചെയ്യുന്ന വിധം കേട്ട് ഭാര്യ ബോധരഹിതയായി നിലംപതിച്ചപ്പോഴാണ് ഡോക്‌ടേഴ്‌സിന് കാര്യം പിടികിട്ടിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്താലാണ് സ്വമനസ്സാലെയല്ല അവള്‍ അബോര്‍ഷന് സമ്മതിച്ചിരിക്കുന്നത് എന്ന്.

ഒടുവില്‍ രണ്ടാമത്തെ കുഞ്ഞിനെയും വളര്‍ത്താന്‍ ദമ്പതികള്‍ തീരുമാനിക്കുകയാണ്.  നല്ലവനായ ഡോക്ടര്‍ ചികിത്സയും ഓപ്പറേഷനും താന്‍ തന്നെ നടത്തിക്കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. മൂന്നു ദിവസം കഴിഞ്ഞ് സിസേറിയനും പ്രസവം നിര്‍ത്തലും എല്ലാം കൂടി വെറും എഴുപത് രൂപയുടെ ബില്ലടച്ച് ആ കുടുംബം ആശുപത്രി വിട്ടു.

പ്രിയപ്പെട്ട മകളേ ഒന്നുമോര്‍ക്കാതെ ഒന്നുമറിയാതെയും നിന്നെ ഇല്ലായ്മ ചെയ്യാനാണല്ലോ ദുഷ്ടനായ ഞാന്‍ അന്ന് ഇറങ്ങിപ്പുറപ്പെട്ടത്. ആ പാപത്തിന് നീ അച്ഛന് മാപ്പുതന്നുവോ എന്ന് മകളുടെ കളിചിരികള്‍ കാണുമ്പോള്‍ കുറ്റബോധത്താല്‍ നീറി സുഭാഷ് ചന്ദ്രന്‍ എന്ന അച്ഛന്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ ഉളളിലിരുന്ന് ദൈവത്തിന്റെ ശബ്ദമുള്ള ഒരാള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത് ഇങ്ങനെയാണ്, ആയിരം മുഖങ്ങള്‍ക്കിടയില്‍ നിന്ന് നിന്റെ മുഖത്തിന്  നേരെ മാത്രം കൃഷ്ണമണിയുറക്കാത്ത കണ്ണുകള്‍ കൊണ്ട് ഒരു മാത്ര കൃതജ്ഞതയിലെന്നപോലെ അവള്‍ ആദ്യമായി നോക്കിയ ആ നിമിഷം ശബ്ദമുണ്ടാക്കാനായപ്പോൾ നിനക്ക് നേരെ മാത്രം വാ പിളര്‍ത്തി ആദ്യമായി അച്ഛാ എന്നുച്ചരിച്ച ആ നിമിഷം, സ്ത്രീകള്‍ക്ക് മാത്രം കഴിയുന്ന അപാരമായ കരുണയോടെ അവള്‍ നിനക്ക് മാപ്പ് നല്‍കിക്കഴിഞ്ഞുവല്ലോ?

ജീവന്റെ പക്ഷം ചേരാന്‍ ഒരാളെ തീര്‍ച്ചയായും പ്രേരിപ്പിക്കുന്ന ലേഖനമാണിത്. ഇത് വായിച്ചിട്ടുള്ള എത്രയോ പേര്‍ ഇതികം അബോര്‍ഷനില്‍ നിന്ന് പിന്തിരിഞ്ഞിട്ടുണ്ടാവുമെന്നും വെറുതെ ചിന്തിച്ചുപോകുന്നു.
അച്ഛന്‍, ആ ഇരുണ്ട നാളുകള്‍ തുടങ്ങിയവയാണ് ഇതേപോലെ തീവ്രതയുള്ള മറ്റ് വ്യക്തനുഭവ ലേഖനങ്ങള്‍.

വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞ് കാണാറുള്ള അച്ഛനെ ഫാക്ടറിയില്‍ വച്ച് കരിയും പൊടിയും പിടിച്ച പച്ച വേഷത്തില്‍ കാണുമ്പോഴുണ്ടാകുന്ന നടുക്കത്തെക്കുറിച്ച് അച്ഛന്‍ എന്ന ലേഖനത്തില്‍ സുഭാഷ് ചന്ദ്രന്‍ എഴുതുന്നുണ്ട്.  ഒരേ നിറത്തിലും തരത്തിലും പെട്ട ഒരുപാടാളുകളുടെ കൂട്ടത്തില്‍ എന്റെ അച്ഛനും എന്നാണ് കുട്ടിയായ സുഭാഷ്ചന്ദ്രന്റെ സങ്കടം.

അച്ഛനെ കുറിച്ച് അതുവരെയുണ്ടായിരുന്ന എല്ലാ ധാരണകളും കടപുഴകി പോയതുപോലെ.. ആയിരക്കണക്കിന് ഒരാള്‍ മാത്രമായി തന്റെ അച്ഛന്‍ പരിമിതപ്പെട്ടുപോയതിലാണ് അവന്റെ വിഷമം. ഒരേപോലെയുള്ള കുറെയാളുകള്‍ക്കിടയില്‍ സ്വന്തം മക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത മട്ടിലുള്ള എല്ലാ പണികളെയും ഞാന്‍ വെറുത്തു. എത്ര വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നാലും അതാ അദ്ദേഹം എന്ന് ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു സ്ഥാനവും ജോലിയും നേടിയെടുക്കുമെന്ന് വാടകസൈക്കിളിന്റെ  കുഴലില്‍ ഇരുന്നുകൊണ്ട് ഞാന്‍ മനസ്സില്‍ ശപഥം ചെയ്തു.

അതെ, ആ ശപഥം വെറുതെയായില്ല. ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുന്ന വിധത്തില്‍ മാത്രമല്ല മറ്റ് പലരെക്കാളും ഉയരത്തിലും മീതെയും നില്ക്കാന്‍ കഴിയുന്ന സ്ഥാനം  ഇന്ന് സുഭാഷ് ചന്ദ്രന്‍ നേടിയെടുത്തുകഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ അതിനുള്ള തെളിവാണ്.

Your Rating: