സങ്കടത്തിന്റെ എക്കൽക്കറുപ്പിൽനിന്ന് ഒരു കുഞ്ഞുചെടിയായി മുളച്ച്, പൊടുന്നനെ ഇലച്ചിറകുകൾ വീശി ഒരു പച്ചക്കുതിരയായ്, മന്ത്രക്കുതിരയായ് കുതിക്കുന്ന വാക്കുകളുടെ കവിയാണു ലോപ. കോടി വാക്കുകൾ ഉള്ളിലുള്ളപ്പോഴും അനുയോജ്യ പദം തേടി അലയുന്ന അസ്വസ്ഥാത്മാവിന്റെ ഉടമ. സാമൂഹികജീവിതം ദുഃഖങ്ങളും ആശങ്കകളും നിരാശയും സമ്മാനിക്കുമ്പൊഴും മരണം പോലെ സ്വന്തന്ത്രമാണു ജീവിതവും എന്നു സൗമ്യമെങ്കിലും തീവ്രമായി ഓർമിപ്പിക്കുന്ന ജാഗ്രതയുടെ ശബ്ദം. നാവുകൾ നിശ്ശബ്ദമാക്കപ്പെടുന്ന കാലത്തു പേനകൾ കുത്തിയുടയ്ക്കപ്പെടുമ്പോൾ മഷി വറ്റാത്ത തൂലികയുമായി കവിതയുടെ പ്രതിരോധം തീർക്കുന്ന കവി.
പരസ്പരം എന്ന കാവ്യസമാഹാരത്തിലൂടെ ഇരുൾത്തടങ്ങളിൽ കാവ്യമായ് ഉദിച്ചുനിൽക്കുന്ന കവിതയുടെ വെളിച്ചം വിതറിയ ലോപ. പുതിയ സമാഹാരമായ ‘വൈക്കോൽപ്പാവ’ യിൽ ഇരുണ്ടനാട്ടിലും വരണ്ട കാട്ടിലും ചിരി തളിച്ചു പറന്നുനടക്കാൻ ശേഷിയുള്ള വാക്കിന്റെ ചിറകിലേറി കവിത കുറിക്കുന്നു. ആന്തരസംഗീതത്തിന്റെ അഭാവത്താൽ ആർദ്രത നഷ്ടപ്പെട്ട മലയാള കാവ്യഭൂമികയിൽ താളവും ലയവും നിറഞ്ഞ മുഗ്ധഭാവനയുടെ വർഷമായി പെയ്തുനിറയുന്നു.
സ്ത്രീകൾക്കു സമൂഹം കൽപിച്ചുകൊടുത്ത സ്ഥാനങ്ങളും മാനങ്ങളുമുണ്ട്. പണ്ടുപണ്ടേയുള്ള നാട്ടുനടപ്പ്. പരിമിതകളുടെ ഇട്ടാവട്ടങ്ങൾ. കാലങ്ങളിലൂടെ ശക്തി സംഭരിച്ചു മുന്നേറുന്ന അധാർമികതയുടെ ശക്തിദുർഗങ്ങൾക്കുമുന്നിൽ പതറിനിൽക്കുന്നില്ല ലോപയുടെ സ്ത്രീകഥാപാത്രങ്ങൾ. അവർ വെല്ലുവിളി മുഴക്കുന്നില്ല. ശക്തിപ്രദർശനം നടത്തുന്നുമില്ല. പകരം കഴിവുകൾ തിരിച്ചറിഞ്ഞ്, ആത്മവിശ്വാസത്തിന്റെ വിളക്കാവുന്നു. ആരുടെയോ ഉടുപ്പിൽ കുത്തിനിറച്ചു നിൽക്കുന്ന വൈക്കോൽപ്പാവയെ കനമില്ലെന്നു പറഞ്ഞു കളിയാക്കാറുണ്ട് കണ്ടോരൊക്കെയും.
ചട്ടിത്തൊപ്പിയിൽ കണ്ണും കാതും മറച്ച്, കുരിശിൽ കൈകൾ തറച്ച് അണിയിച്ചൊരുക്കിയ രൂപം. വീട്ടിലും നാട്ടിലും ആർക്കുമാർക്കും കണ്ണുതട്ടാതെ വാഴാൻ സൃഷ്ടിച്ച ജൻമം. കാലങ്ങളായി അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതീകം. ലോപയുടെ വൈക്കോൽപ്പാവ വ്യത്യസ്തമാവുന്നത് ദൗർബല്യങ്ങൾ എണ്ണിപ്പറയുന്നതിലല്ല. കരഞ്ഞു കരഞ്ഞു തളർന്നിട്ടും കണ്ണീർ വാർക്കുന്നതിലുമല്ല. തീപ്പൊരി പോലുമില്ലാതെ ഒരൊറ്റനോട്ടത്താൽ കത്തുമെന്നു പറയുമ്പോൾതന്നെ പച്ചയ്ക്കും കത്താൻ കരുത്തുണ്ടെന്നു പറയുന്നിടത്താണ്.
വെറുതെ പറയുകയല്ല, ചരിത്രം ജീവനോടെ കത്തിക്കാൻ ശ്രമിച്ച ജോൻ ഓഫ് ആർക്കിനെ കവിതയിലേക്ക് ആനയിച്ച് ചരിത്രത്തിൽതൊട്ട് ആണയിടുന്നു. ‘പച്ചയ്ക്കും കത്തുമെന്നു പണ്ടേ കാട്ടിയോൾ’ എന്ന ഒറ്റ വരിയിലൂടെ ദൗർബല്യങ്ങളുടെ കൂട് പൊട്ടിച്ച് ഈ വൈക്കോൽപ്പാവ സ്വന്തം കാലിൽ നിന്നു കരുത്ത് പകരുന്നു. തീ കത്തിച്ചു രസിക്കാൻ വന്നവർ, കണ്ണിൽ ജ്വാലയുമായി ജീവനോടെ കത്തിക്കാൻ വന്നവർ, ആവലാതികളും പരാതികളും ഒറ്റയടിക്കു തീർക്കാൻ വന്നവർ സ്വയം നിന്നുകത്തുന്ന വൈക്കോൽപ്പാവയുടെ അടുത്തേക്കുവരാൻപോലും അധൈര്യപ്പെടുന്നു.
പിറന്ന മാത്രമുതലേ കരച്ചിലിന്റെ തീറാധാരം സ്വന്തമാക്കിയ നായികമാർ ഏറെയുണ്ട് നമുക്ക്. വിരൽത്തുമ്പിൽ ചിണുങ്ങിയും വാലാട്ടി വിധേയത പ്രദർശിപ്പിച്ചും വാതു വയ്ക്കുന്ന വാക്കിൻമേൽ നിസ്സഹായതയായും തുടരുന്ന സ്ത്രീജൻമം. പൈങ്കിളിപ്പെണ്ണായും പെൺകിളിയായും സ്നിഗ്ധതയുടെ ആൾരൂപമായവർ. കാലമെന്ന വിടനായ രാവണൻ ചൂണ്ടകോർത്ത് ഇരയായി കൂടെനടത്തുന്നവർ. ഇവർക്കു നായികാവേഷം കൊടുത്ത് ആഘോഷിച്ച ചരിത്രത്തോട് കവി പറയുന്നു:
ചോര ചാലിച്ചൊരുക്കൂ നീ
മഷി വറ്റാത്ത തൂലിക !
കവിതയുടെ പ്രിസം കടന്നെത്തുമ്പോൾ ഏകാന്തതയ്ക്കേഴു വർണം എന്നെഴുതിയിട്ടുണ്ട് ഒരു കവി. നല്ല കവിതയുടെ മൗലികതയാണത്. ഏകാന്തതയെപ്പോലും ഏഴഴകാക്കുന്ന മാന്ത്രികത. അനുഭവങ്ങളും അനുഭാവങ്ങളും ലോപയിലൂടെ വാക്കുകളായി ഒഴുകിവരുമ്പോൾ ആസ്വാദകർ അനുഭവിക്കുന്നുണ്ട് മൗലികഭാവനയുടെ ശക്തിസൗന്ദര്യങ്ങൾ. സാധാരണമായ ഒരു സൈക്കിളിനെക്കുറിച്ചെഴുതുമ്പോഴും തൊട്ടാവാടിയെ തൊട്ടുതലോടുമ്പോഴും അതിരിലെ മരങ്ങളെ കാണുമ്പോഴുമെല്ലാം കവിതയ്ക്കു മാത്രം സാധിക്കുന്ന പുനരവതാരങ്ങൾ കവി ഉറപ്പുവരുത്തുന്നു.
ശ്രീമയനായ വാക്കിനാണ് വൈക്കോൽപ്പാവ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ടെല്ലാ കവിതകളിലും ഒന്നിൽക്കൂടുതൽതവണ വാക്ക് പരാമർശിക്കപ്പെടുന്നു. വഴുക്കും വാക്കിൻ തോണിപ്പടിയിൽനിന്നു കൂപ്പുകുത്തിയ കവിയുടെ നിലവിളിയെക്കുറിച്ച് സമാഹാരത്തിലെ ആദ്യകവിതയായ ആഴത്തിൽ പറഞ്ഞുതുടങ്ങുന്ന കവി മൗനത്തിന്റെ തണുത്ത വിത്തുകൾ ആഴത്തിൽ കുഴിച്ചിട്ട് കവിതയായി വിരിയിക്കുന്നതിനെക്കുറിച്ച് പിന്നെയും പിന്നെയും പാടുന്നു.
കാലത്തിന്റെ ക്രൂരതകൾ ആഴത്തിൽ അലട്ടുന്നുണ്ട് കവിമനസ്സിനെ. വലുതാവേണ്ട എന്ന കവിതയിൽ സ്നേഹിച്ചുതീരാത്ത അമ്മയുടെ സ്നേഹവാൽസല്യങ്ങൾ പുരാണഭാവനകളോട് ഇടകലർന്ന് ഭക്തിയും സ്നേഹവും സമന്വയിക്കുന്ന ചിത്രം വരയ്ക്കുന്നു. മണ്ണും വെണ്ണയുമൊന്നാക്കിയുണ്ണും കുസൃതിയും തുടയിൽ താളമിട്ടുറക്കുന്ന അമ്മയും. കുസൃതിക്കാലം തീരുന്നതോടെ ലോകത്തിന്റെ യുദ്ധഭൂമിയിൽ പൊരുതാനിറങ്ങുന്ന കണ്ണനോട് വലുതാവേണ്ട എന്നപേക്ഷിക്കുന്നു അമ്മ. കുറുമ്പു കാണിക്കുന്ന, പിണങ്ങുന്ന ചെറുക്കനായി വലുതാവാതെ എന്നും അരികിൽത്തന്നെ നിൽക്കുക.
വലുതാവേണ്ട നീ കണ്ണാ,
പൊരുതാൻ, വാതുവയ്ക്കുവാൻ
തുനിയുന്നോർക്കിടയിൽ നിന്റെ
കരുതൽ വേണ്ട ശ്രീധര
മുമ്പ് ‘ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെൻമകനേ’ എന്നു നെഞ്ചുപൊട്ടിപ്പാടിയ പിതാവിനെ മലയാളം കണ്ടു. അത്രത്തോളം തന്നെ തീഷ്ണത ആവാഹിക്കുന്നുണ്ട് വാൽസല്യനിർഭരമായി, സൗമ്യസ്വരങ്ങൾ ഉരുവിടുന്ന ലോപയുടെ അമ്മ.
സ്വർണത്തിനു സുഗന്ധം പോലെയാണു നല്ല കവിതയ്ക്കു വൃത്തനിബദ്ധമായ താളം. ഭാഷയിൽ ആഴമേറിയ അറിവും ആത്മാവിൽ അലതല്ലുന്ന സംഗീതവും സ്വന്തമായ കവികൾക്കു മാത്രം കരഗതമായ പ്രതിഭ. ആധുനിക മലയാള കവികളിൽ ദുർലഭമായ ഈ സവിശേഷത ലോപയുടെ കവിതകളിൽ സുലഭം. വീണ്ടും വായിക്കാനും ഓർമയിൽ സൂക്ഷിക്കാനും ഓർത്തെടുത്തു നുകരാനും പ്രേരണയാവുന്ന മൊഴിമുത്തുകൾ.
ഇനി നിന്റെ ചിരിയെന്റെ–
യിരുൾ വീണ കരളിന്റെ–
യിതളിൽ വീണലിയുവാ–
നമൃതമായ്ത്തൂവുക (പരസ്പരത്തിലെ പ്രണയപൂർവ്വം എന്ന കവിത )
ഹൃദയം പടംപൊഴി–
ച്ചിഴയാൻ മുതിർന്നാലു–
മരുതേയൊപ്പം ഞാനു–
മെന്നു നീ കലമ്പുമ്പോൾ
സ്നേഹമെന്നാണോ നിന്നെ
വിളിക്ക; അന്തിത്തിരി–
കൂടിയും കെടാൻ വെമ്പും
മാത്രയിൽ; കോടക്കാറ്റിൽ (പരസ്പരത്തിലെ സ്നേഹമെന്നാണോ എന്ന കവിത )
വശ്യമെങ്കിലും ഗംഭീരവും ശാലീനമങ്കിലും ശക്തവുമായ കാവ്യതേജസ്സ്. വൃത്തവും താളവും മിക്ക കവിതകൾക്കും അലങ്കാരമാകുമ്പോഴും ഗദ്യകവിതകളിലും അനുഭൂതികളുടെ ആഴങ്ങളിലേക്കു വാക്കിന്റെ വലയെറിയാൻ കവിക്കു കഴിയുന്നു. എഴുതുന്ന പെണ്ണേ എന്ന കവിത മികച്ച ഉദാഹരണം. ഉള്ളിലെ അലർച്ചകൾ ചുണ്ടിൽ ചേർത്ത ചൂണ്ടുവിരൽ തുളച്ച് പുറത്തേക്കു തൂവരുതെന്ന് അനുശാശിക്കുന്ന സമൂഹത്തിന്റെ മുന്നറിയിപ്പുകൾ കവി കേൾക്കുന്നുണ്ട്. നിലവിളികൾ മുഴങ്ങുമ്പോഴും കേട്ടമട്ടു നടിക്കരുതെന്ന ഉപദേശങ്ങൾ. ഒരുമ്പോട്ടൊരെയൊന്നിനേം മനസ്സിന്റെ മുറ്റത്തേക്കുപോലും കയറ്റരുതെന്ന നിർദേശങ്ങൾ.
പേനയിൽ ഹൃദയരക്തം നിറയ്ക്കരുതെന്ന ആഹ്വാനങ്ങൾ....എല്ലാം കേട്ടിട്ടും ലോപയുടെ പെണ്ണിന് എഴുതാതിരിക്കാൻ ആവുന്നില്ല. നിലവിളികൾക്കു ചെവികൊടുത്തും സ്വാതന്ത്ര്യത്തെ വാരിപ്പുണർന്നും വറ്റാത്ത തൂലികയുമായി ലോപയുടെ വാക്ക് വീഞ്ഞിനിട്ട മുന്തിരി പോലെ മൃണ്മമയമായി അടങ്ങുന്നു. അടിയിൽ ഒട്ടിപ്പിടിക്കാനല്ല; ഉയർന്നുവരുന്ന കുതിപ്പാകാൻ പുളിച്ചും എരിച്ചും മധുരിച്ചും പാകപ്പെട്ടു കിടക്കുന്നു. പതയുന്നില്ലെങ്കിലും ഇല്ലാതാകുന്നില്ല. മട്ടായി അടിത്തട്ടിൽ ചുരുങ്ങിക്കിടക്കുന്നു. ചെരിച്ചൊഴിച്ചു ചിരിക്കുമ്പോഴായിരിക്കും അവൾ –എഴുതുന്ന പെണ്ണ്– വാക്കുകളുടെ ലഹരിയായി ഉയർന്നുവരുന്നത്.
വിരൽത്തുമ്പത്തൊഴുക്കാവും
സുഫലേ, വന്നു കാണുവാൻ
ഇടവന്നില്ലയിന്നോള
മെങ്കിലും നെഞ്ചിനുള്ളിലെ
മൂകതയ്ക്കു മിടിപ്പേകും
ജീവോദ്ധാരിണിയാണു നീ..
ഞാനാം ചെളിയിൽ വേരോടും
വെള്ളത്താമരയാണു നീ...