പ്രതീക്ഷകൾ അസ്തമിക്കാത്തവരുടെ ആകുലതകളും വിഹ്വലതകളും സൂക്ഷ്‌മമായി അവതരിപ്പിച്ച എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. നിരാശാഭരിതരുടെ ജീവിതമല്ല;പ്രതീക്ഷാനിർഭരമായ മനുഷ്യരുടെ ജീവിതത്തോടൊപ്പമാണ് അദ്ദേഹം യാത്ര ചെയ്‌തത്. ഗ്രനേഡിന്റെ തീവ്രത സന്തോഷിന്റെ രചനകളിൽ അന്തർലീനമാണ്. ഭീതിപടർത്തിയും ചിതറിത്തെറിച്ചും അവ സമകാലീന വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു. കഥയുടെ ഓരോ വരവും ഒന്നാന്തരമാണ്. അത് വിതയ്‌ക്കുന്ന ഒച്ചകളും വിവാദങ്ങളും സാഹിത്യത്തിലും സമൂഹത്തിലും മായാതെ കിടക്കുന്നു. വളഞ്ഞുനിന്നും ഒളിഞ്ഞുനിന്നും ആക്രമിച്ചിട്ടും ഒരു പരിക്കുമേൽക്കാതെ ആശയപോരാട്ടം നടത്തുകയാണ് അദ്ദേഹത്തിന്റെ രചനകൾ. കൊമാലയും പന്തിഭോജനവും അഭിനയമുഹൂർത്തങ്ങളും ശ്വാസവും ബിരിയാണിയും ഉയർത്തിയ വിവാദങ്ങളും സംവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. വായനയുടെ ജനാധിപത്യരീതികളെ മറികടന്ന് ജാതിയും മതവും ചേർത്താണ് വ്യാജ ഇടതുപക്ഷം സന്തോഷിന്റെ രചനകളെ വായിച്ചത്. അപ്പോഴൊന്നും കഥാകൃത്തോ കഥയോ ദുർബലരായില്ല. വർധിതവീര്യത്തോടെ പ്രകാശിച്ചും പ്രതിഷേധിച്ചും സന്തോഷും കഥകളും മലയാള സാഹിത്യത്തോടൊപ്പം ചേർന്നുനിന്നു. സന്തോഷിന്റെ സാഹിത്യവിചാരവും ജീവിതവീക്ഷണവും രാഷ്ട്രീയബോധവും ഈ സംഭാഷണങ്ങളിൽ തെളിഞ്ഞുവരുന്നുണ്ട്.
ആരെഴുതുന്നു എന്നല്ല എന്തെഴുതുന്നു എന്നതാണ് എഴുത്തു മുന്നോട്ടുവയ്‌ക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് സന്തോഷ് എഴുതിയിട്ടുണ്ട്. എന്തെഴുതുന്നു എന്നതുപോലെ ആരെഴുതുന്നു എന്നതും പ്രശ്‌നമായി മാറുന്നുണ്ടല്ലോ. ദലിതരും സ്‌ത്രീകളും എഴുതുമ്പോൾ ഇവർക്ക് ഇങ്ങനെ എഴുതാൻ ആര് അവകാശം കൊടുത്തു എന്ന ചോദ്യം ഒരെഴുത്തുകാരനെന്ന നിലയിൽ അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ?
എഴുത്തിന് ലിംഗജാതിമത വ്യത്യാസമില്ല. ആർക്കും എഴുതാനുള്ള സാഹചര്യമാണ് ആവശ്യം. ഒരുകാലത്ത് എഴുത്ത് വരേണ്യവർഗത്തിന്റെ കുത്തകയായിരുന്നു. ഇന്ന് അങ്ങനെയല്ല. എഴുത്തിൽ ജനാധിപത്യം വന്നുകഴിഞ്ഞു. മറാഠി എഴുത്തുകാരിൽ പ്രമുഖനായ ശരൺകുമാർ ലിംബാളയെപ്പോലുള്ള ദലിത് എഴുത്തുകാരൊക്കെ മുഖ്യധാരയിലേക്കു കടന്നുവരികയും പാർശ്വവത്‌കരിക്കപ്പെട്ട ജീവിതത്തിന്റെ ഇതുവരെ കാണാത്ത ഇരുണ്ട വൻകരയെ വായനക്കാർക്കു മുന്നിൽ തുറന്നുവയ്‌ക്കുകയും അതുവഴി ദലിത് ജീവിതത്തിന്റെ വ്യത്യസ്തമായ മുഖം കാണിച്ചുതരുകയും ചെയ്‌തു. കേരളത്തിൽ നാരായന്റെ കൃതികളും മാറ്റിനിർത്തിയവന്റെ നിലവിളികളെ പകർത്തി. ഇവരൊക്കെ അടിസ്ഥാനവർഗജീവിതത്തിന്റെ പ്രശ്‌നങ്ങൾ അതിനുള്ളിൽ നിന്നുകൊണ്ടുതന്നെ അവതരിപ്പിച്ചു. ഒരു കാലത്ത് തകഴിയെപ്പോലുള്ള എഴുത്തുകാരാണ് ഇത്തരത്തിലുള്ള പാർശ്വവത്‌കരിക്കപ്പെട്ടവരുടെ കഥ പറഞ്ഞത്. എന്നാൽ ഇപ്പോൾ അവർതന്നെ അവരുടെ പ്രശ്‌നങ്ങൾ തുറന്നെഴുതുകയാണ്. ദലിതെഴുത്തിനെ മാറ്റിനിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ സാഹിത്യത്തിനു കഴിയില്ല. ഇതുപോലെ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും തുറന്നെഴുതുന്ന സാഹചര്യം വന്നുകഴിഞ്ഞു. ഒരു കാലഘട്ടത്തിൽ ലളിതാംബിക അന്തർജനം നമ്പൂതിരി സമുദായത്തിനകത്ത് സ്‌ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുകാണിച്ചു. ഒരു സ്‌ത്രീക്ക് എന്തുകൊണ്ട് വിവാഹിതയാകാതെ ജീവിച്ചുകൂടാ എന്ന് അവിവാഹിത എന്ന കഥയിൽ അന്തർജനം ഉന്നയിച്ച ചോദ്യം പുരുഷാധികാരകേന്ദ്രത്തെ ഞെട്ടിപ്പിച്ചു. അതിനുശേഷം സാറാ ജോസഫ്, മാധവിക്കുട്ടി, സിതാര എന്നീ എഴുത്തുകാർ സ്‌ത്രീക്ക് ആത്മാവിലും ശരീരത്തിലും ഏൽക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെ രചനയിലേക്ക് തീവ്രമായി കൊണ്ടുവന്നു. സിതാരയുടെ അഗ്നി എന്ന കഥയെ ഉദാഹരണമായി കാണാം.
ഇതൊരു കുഴിയാണ്. നാം പെട്ടുപോയ കുഴി. കയറുന്തോറും വലിച്ചു താഴെയിടുന്നു. മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ഒരിടം. ഇതിനെ എങ്ങനെ അതിജീവിക്കാം. ഉഭയജീവിതം എന്ന കഥയിലെ കേന്ദ്രവാക്കുകളാണിവ. ജീവിതത്തെ അതിജീവിക്കാനുള്ള അതിതീവ്രമായ ശ്രമങ്ങളാണ് താങ്കളുടെ രചനകളെന്ന അഭിപ്രായത്തെ എങ്ങനെ നിരീക്ഷിക്കുന്നു.
മനുഷ്യനു പ്രതീക്ഷ കൊടുക്കാൻ കഴിയുന്നതായിരിക്കണം സാഹിത്യം. നിരാശാഭരിതനായ ഒരു ചെറുപ്പക്കാരൻ എന്റെ കഥകളിലില്ല. ഇതിൽനിന്ന് വ്യത്യസ്തമായി എഴുതുന്നവരുണ്ട്. ജീവിതത്തിലെ പ്രതീക്ഷകളെക്കുറിച്ച് എഴുതാത്തതുകൊണ്ട് അവ മികച്ചതല്ലെന്ന് ഞാൻ കരുതുന്നുമില്ല. പക്ഷേ, ഞാൻ അങ്ങനെ എഴുതാറില്ല. ജെ.എം. കുറ്റ്‌സിയുടെ ലൈഫ് ആൻഡ് ടൈം ഓഫ് മൈക്കിൾ കെ എന്ന നോവൽ എന്നെ ഏറെ ആകർഷിച്ച കൃതിയാണ്. ജന്മദേശം നഷ്ടപ്പെട്ട, മുച്ചെറിയനായ മൈക്കിൾ കെ എന്ന കഥാപാത്രം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ട്. ഒടുവിൽ എല്ലാ ക്ലേശങ്ങളും സഹിച്ച് അയാൾ ജന്മവീട്ടിലേക്ക് തിരിച്ചെത്തുന്നുണ്ട്. ആരോരുമില്ലാത്ത മൈക്കിൾ പായൽപിടിച്ച കിണറ്റിലേക്ക് ഒരു കൽത്തൊട്ടിയിറക്കി അതിൽനിന്നും തണുത്ത വെള്ളം കോരിയെടുത്ത് ഒരു കവിൾ കുടിച്ച് സുഖനിദ്രയിലേക്ക് ആത്മാവിനെ സ്വതന്ത്രമാക്കുന്ന ഒരു ചിത്രം നോവലിലുണ്ട്. നഷ്ടപ്പെട്ട ജീവിതം ആ ഒരു കവിൾ വെള്ളത്തിലൂടെ തിരിച്ചുപിടിക്കുകയാണ് മൈക്കിൾ കെ. ഇതുപോലെ കൈമോശംവന്ന സ്വപ്‌നങ്ങളെ അന്വേഷിച്ച് കണ്ടെത്തുകയാണ് എഴുത്തുകാരൻ ചെയ്യേണ്ടത്.
ഈ ലോകത്ത് ഒരെഴുത്തുകാരന്റെ ജീവിതം അർഥപൂർണമാക്കാൻ അംബ്രോസിനെപ്പോലെ ഒരേയൊരു വായനക്കാരൻ മാത്രം മതി. ഗ്രന്ഥലോകം എന്ന കഥയിൽ ഇങ്ങനെ എഴുതുന്നുണ്ട്. വായനക്കാർക്ക് ലഭിച്ച ഏറ്റവും മികച്ച രചനയാണിത്. ഈ കഥയുടെ രചനാപശ്ചാത്തലം അതിശയകരമാണ്. ദസ്തയേവ്‌സ്‌കി രജിസ്റ്ററിലൊപ്പുവച്ച് മരണപ്പെട്ടവനെ എടുത്തുകൊണ്ടുപോകുന്ന അവസാനരംഗം മറക്കാൻ കഴിയുന്നില്ലല്ലോ.
എഴുത്തുകാരനെ സൃഷ്ടിക്കുന്നത് വായനക്കാരൻ ആണ്. വാസ്തവം പറഞ്ഞാൽ എഴുത്തുകാരന്റെ ആത്മാവാണ് റീഡർ. റീഡറെ കേന്ദ്രമാക്കിയാണ് കഥ വികസിക്കുന്നത്. ഈ കഥ ഞാൻ സ്വപ്‌നത്തിൽ കണ്ടതാണ്. മഞ്ഞ് വീണു കൊണ്ടിരിക്കുന്ന നഗരത്തിൽ വീഞ്ഞപ്പെട്ടി കൊണ്ടു നിർമിച്ച ഒരു കുടിലിൽ ഞാൻ ഒറ്റയ്‌ക്ക് ഇരിക്കുകയാണ്. പുറത്ത് നല്ലതുപോലെ കാറ്റുണ്ട്. പൊടുന്നനെ ഡോർ തുറന്ന് ഒരാൾ അകത്തേക്കു വന്നു. ദസ്തയേവ്സ്കിയെപോലുള്ള ഒരാൾ. അയാൾ ചുരുട്ടുവലിക്കുന്നുണ്ടായിരുന്നു. മരിച്ചവർക്ക് വീഞ്ഞുകൊടുക്കേണ്ട ദിവസമാണ്, എന്റെ കൂടെ വരൂ എന്നയാൾ പറഞ്ഞു. ഞാൻ കൂടെപ്പോയി. എല്ലായിടത്തും മഞ്ഞായിരുന്നു. ഞങ്ങൾ ഒരു ശ്‌മശാനത്തിലെത്തി. വെളിച്ചം വിതറിനിന്ന ഒരു കുരിശിന്റെ ചുവട്ടിൽ ഞങ്ങൾ മാന്തി. പൊടുന്നനെ ഒരു കൈപ്പടം പുറത്തേക്ക് വന്നു; ഒപ്പം ഒരു വെള്ളിക്കാശും. ആ സ്വപ്‌നത്തിൽനിന്നാണ് കഥ എഴുതുന്നത്. ദസ്തയേവ്സ്കി എന്നെ സ്വാധീനിച്ച എഴുത്തുകാരനാണ്. ജീവിതത്തിലുള്ളതെല്ലാം അദ്ദേഹം രചനയിലേക്ക് എഴുതിച്ചേർത്തു. റീഡറുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ആധികാരികമായി പറഞ്ഞത് റോബർട്ടോ പൗലോനോവ് എന്ന എഴുത്തുകാരനാണ്. വായന ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെയാണെന്നും തുറന്നുചിന്തിക്കുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കൊമാല
മാധ്യമകേന്ദ്രിതമായ കഥകൾ കൂടുതൽ ശ്രദ്ധ നേടിയത് കൊമാല എന്ന രചനയിലൂടെയാണ്. രാത്രികാലത്തെ ഒരു കാഴ്‌ചയിൽനിന്നാണ് ഈ കഥ മാധ്യമനിലപാടുകളിലേക്കും വിമർശനങ്ങളിലേക്കും നീങ്ങുന്നത്. കൊമാലപോലൊരു കഥ എഴുതിപ്പോകുകയാണോ?
കൊമാല ആലോചിച്ച് ഉറപ്പിച്ച് എഴുതിയ രചനയാണ്. ഒരപകടം നേരിട്ട് കണ്ടതിന്റെ വേദന ആ കഥയിലുണ്ട്. എന്നാൽ ആ കാഴ്‌ചയിൽനിന്നു മാത്രമല്ല കഥ വന്നത്. ആ കാഴ്‌ച മൂന്നു വർഷം മനസ്സിൽ കിടന്നു. കേരളത്തിൽ കർഷക ആത്മഹത്യകൾ പെരുകിവന്ന സമയം. പത്രങ്ങളിലെല്ലാം നിരന്തരം വാർത്തകൾ വന്നു. മരിച്ചവർക്ക് സാമ്പത്തികസഹായം പ്രഖ്യാപിക്കുന്നു. അപ്പോൾ ജീവിക്കു ന്നതിനെക്കാൾ നല്ലതാണ് മരിക്കുന്നത് എന്നൊരു ചിന്ത കടക്കാരെ ബാധിക്കുകയും അതോടുകൂടി ആത്മഹത്യ വ്യാപകമാവുകയും ചെയ്‌തു. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയെ എഴുത്തിലേക്ക് കൊണ്ടുവരാതെ കേവലം ഉപരിപ്ലവമായ വിഷയങ്ങൾ അവതരിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്. ഈ വഴിയിൽ നിന്ന് മാറി നടന്നതിന്റെ ഫലമായിട്ടാണ് കൊമാല എന്ന കഥ ഉണ്ടാകുന്നത്.
ദാ, ആ വെളിച്ചം കണ്ടോ. അതാണെന്റെ വീട്, ഹൈവേയിൽ കിടന്ന് വണ്ടികിട്ടാതെ വിഷമിക്കുമ്പോഴാ ജീപ്പു ക ണ്ടത്. നിങ്ങൾ കയറ്റിയതുകൊണ്ട് സുഖമായിട്ടിങ്ങെത്തി. കൊമാലയിൽ ഏറെ വേദനിപ്പിച്ച ഒരു ഭാഗമാണിത്. അന്യന്റെ രക്തത്തിൽ ചവിട്ടി സ്വന്തം സുരക്ഷിതത്വം കൂട്ടുകയാണല്ലോ മനുഷ്യർ.
തന്നിലേക്കുതന്നെ ചുരുങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് പുതിയ സമൂഹം. കുടുംബം വ്യക്തികളിലേക്ക് ഒതുങ്ങിപ്പോകുന്നു. സാമൂഹികചിന്തകൾക്കു പകരം സ്വകാര്യചിന്തകൾ കടന്നുകൂടുന്നു. വീടുകളിൽ പരസ്‌പരം സംസാരിക്കുന്ന രീതി ഇന്നില്ല. നന്തൻകോട് കൂട്ടക്കൊലയിലെ ഭീകരത പരസ്‌പരം നിശ്ശബ്‌ദതയിൽനിന്നും ഉണ്ടായതാണ്. സോഷ്യൽമീഡിയായിൽ പ്രതികരണങ്ങളൊക്കെ വരുന്നുണ്ട്. പക്ഷേ, അത് ഫലപ്രദമാകുന്നില്ല. പ്രതികരണങ്ങൾ സന്ദേശങ്ങളായിമാത്രം മാറുകയാണ്. ശെൽവമണി സൂചിപ്പിച്ചതുപോലെ ആശുപത്രിയിലേക്ക് പോകുന്ന വാഹനത്തിൽനിന്നും പാതിവഴിയിൽ ഇറങ്ങിപ്പോകുന്ന കഥാപാത്രം നമ്മുടെ സമൂഹത്തിന്റെ യഥാർഥ പ്രതിനിധിയാണ്. മാധ്യമസ്ഥാപനങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മതസംഘടനകളിലും ഈ പ്രതിനിധിയെ കാണാൻ കഴിയും.
ടെലിവിഷൻ വാർത്താവതരണരീതി എല്ലാ കാലത്തും വിമർശനവിധേയമാവുകയാണ്. അർണോസ് ഗോസ്വാമിയെപ്പോലുള്ളവരുടെ വാർത്താവതരണരീതി കൊമാലയെ വീണ്ടും ഓർമിച്ചെടുക്കാൻ സഹായിക്കുന്നുണ്ട്.
2006–ൽ ആണ് കൊമാല വരുന്നത്. മാധ്യമങ്ങളുടെ പൊതുരീതികളെയെല്ലാം കഥ വിമർശിക്കുന്നുണ്ട്. പരസ്യങ്ങളുടെ ഇടവേളകളിൽ മാത്രമാണ് വാർത്തകൾക്ക് സ്ഥാനം. കോർപ്പറേറ്റുകൾ ആ രീതിയാണ് സ്വീകരിക്കുന്നത്. വാർത്തകൾ വായിക്കുന്നയാൾ കോമാളിയും അരാഷ്ട്രീയവാദിയുമായി മാറുന്ന സ്ഥിതിയുണ്ട്. ഗോസ്വാമിയെപോലുള്ളവർ ചർച്ച നയിക്കുമ്പോൾ ഇരുവശങ്ങളിലും ഇരിക്കുന്നവർക്ക് യാതൊരു പ്രാധാന്യവും ലഭിക്കുന്നില്ല. അയാൾ ചർച്ചയെ നിയന്ത്രിക്കുകയും അതിൽ സമ്പൂർണമായ ആധിപത്യം പുലർത്തുകയും ചെയ്യുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തിരസ്കരിക്കുകയോ പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ചർച്ചയിൽ പങ്കെടുക്കുന്നവരെ തന്റെ അഭിപ്രായത്തിലേക്ക് കൊണ്ടുവരാനാണ് അയാൾ ശ്രമിക്കുന്നത്. എതിരാളികളെ രാജ്യദ്രോഹികൾ എന്നു വിശേഷിപ്പിക്കുന്നത് അയാളുടെ ക്രൂരതനിറഞ്ഞ വിനോദമാണ്. മാധ്യമങ്ങൾ സദാചാര പൊലീസിന്റെ പണി ചെയ്യേണ്ട കാര്യമില്ല. എറണാകുളം മറൈൻ ഡ്രൈവിൽ ശിവസേന ചെയ്‌തതും ഇതൊക്കെത്തന്നെയാണ്.
അഭിനയ മുഹൂർത്തങ്ങൾ
നീയാര് സോഷ്യൽ ആക്‌ടിവിസ്റ്റോ? പ്രതികരിക്കും മുമ്പ് നീ പോയി കൃത്യമായി ചാനലുകൾ കാണ്. എം.ടിവിക്കാരിൽനിന്ന് മോഷ്ടിച്ചെടുത്ത ഒരു ഐറ്റമാണിത്. വിഷ്വൽമീഡിയാരംഗത്തെ സാഹസികജേർണലിസം. എടപെടുന്നോനെ വിഡ്‌ഢിയാക്കുന്ന ജേർണലിസം. പുതിയ മാധ്യമപ്രവർത്തനം നിരന്തരം വിമർശനം നേരിടുകയാണല്ലോ.
അഭിനയമുഹൂർത്തങ്ങൾ എന്ന കഥ സൂര്യ ടി.വി.യിലെ തരികിട പ്രോഗ്രാമിനെതിരെയുള്ള പ്രതിഷേധമായിരുന്നു. മുകുന്ദന്റെ ദൽഹി 1981 എന്ന കഥയുടെ തുടർച്ചയായി ഈ കഥയെ വായിക്കാം. മുകുന്ദന്റെ കഥയിലെ രണ്ടു ചെറുപ്പക്കാരുടെ നാല് കണ്ണുകളാണ് ലോകത്തെ ആദ്യത്തെ വിഷ്വൽ മീഡിയ എന്നു പറയേണ്ടിവരും. നോക്കിനിൽക്കുക, പ്രതികരിക്കാതിരിക്കുക എന്ന കുറ്റകൃത്യത്തിലേക്കാണ് ആ കണ്ണുകൾ വളർന്നത്. അന്നത്തെ സംഭവങ്ങളെപ്പോലെയല്ല ഇപ്പോൾ. എല്ലാം കൃത്രിമമായി സൃഷ്ടിക്കുകയാണ്. യാഥാർഥ്യമേത്, കൃത്രിമമേത് എന്നു തിരിച്ചറിയാൻ പ്രയാസമാണ്. സംഭവങ്ങൾ ഒരു ഷൂട്ടിങ്പോലെയാണ്. ഇടപെടുമ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്. അങ്ങനെ വരുമ്പോൾ ആരും ഒന്നിലും ഇടപെടാതെയാകുന്നു. ഇത് മാധ്യമമുതലാളിത്തത്തിന്റെ തന്ത്രമാണ്. എല്ലാവരെയും നിശ്ശബ്‌ദരാക്കുക എന്ന തന്ത്രം. ഈ തന്ത്രത്തിനെതിരെയുള്ള പ്രതികരണമായിരുന്നു അഭിനയമുഹൂർത്തങ്ങൾ എന്ന കഥ.
മാധ്യമപരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ കഥ പോകുന്നുണ്ട്. സെൻസറിങ് മാധ്യമങ്ങൾക്കും ആവശ്യമില്ലേ.
തീർച്ചയായും. പ്രായപൂർത്തിയാകാത്തവർ പുറത്തേക്ക് പോകണം എന്നു പറഞ്ഞ് അശ്ലീല സിനിമകൾ പ്രദർശിപ്പിക്കുന്നതുപോലെയാണ് ഇന്നത്തെ വാർത്താവതരണരീതി. അതുകൊണ്ടുതന്നെ സെൻസറിംഗ് ആവശ്യമാണ്. മാധ്യമപ്രവർത്തകന്റെ ഉള്ളിലും സെൻസറിങ് നടക്കണം. എൻ.എസ്.മാധവന്റെ തിരുത്തിലെ ചുല്യാറ്റ് എന്ന എഡിറ്ററെയാണ് നമുക്കിന്ന് ആവശ്യം. വളച്ചൊടിച്ചതും നിർമിച്ചതുമായ വാർത്തകൾ കുന്നുകൂടുന്ന കാലത്ത് മാധ്യമങ്ങൾക്കു നിയന്ത്രണം ആവശ്യമാണ്. അല്ലെങ്കിൽ ജനങ്ങൾതന്നെ നിയന്ത്രണങ്ങൾ ഏറ്റെടുക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ പോകും. ഒരു മികച്ച പത്രപ്രവർത്തകന്റെ പേര് നമുക്ക് പറയാൻ കഴിയുമോ. പി. സായിനാഥിനെപ്പോലുള്ള ഒരാളുടെ പേര് ഇല്ല. അങ്ങനെയൊരാൾ നമുക്കില്ല.
പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടും മാധ്യമരംഗത്ത് സജീവമായി കാണുന്നില്ലല്ലോ.
താൽപര്യമില്ല. പത്രപ്രവർത്തനം എനിക്കു പറ്റിയ ഫീൽഡ് അല്ല. വാർത്ത നിർമിച്ചെടുക്കാൻ കഴിയാത്ത ഒരു ദുർബലനാണ് ഞാൻ. ഇപ്പോഴത്തെ രീതി അതാണല്ലോ. ഒരു പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്‌തുകൊണ്ടിരുന്നപ്പോൾ ഒരു സംഭവം ഉണ്ടായി. റോഡിൽ വണ്ടി തട്ടി ഒരു കുട്ടി മരിച്ചു. കുട്ടിയുടെ ഫോട്ടോ കൊണ്ടുവരാൻ എന്നോട് പറഞ്ഞു. ഞാൻ വീട്ടിൽപ്പോയി കുട്ടിയുടെ ഫോട്ടോയെടുത്തു. കുട്ടിയുടെ മരണം അവർ അറിഞ്ഞിരുന്നില്ല. ഞാൻ പറയുമ്പോഴാണ് കുട്ടിയുടെ മരണം വീട്ടുകാർ അറിയുന്നത്. ഇത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. വാർത്തയെ വൈകാരികമായി സമീപിക്കാൻ പാടില്ലെന്നാണ് തത്ത്വം. പക്ഷേ, എനിക്കത് പാലിക്കാൻ കഴിഞ്ഞില്ല. വീട്ടുകാർക്കൊപ്പം ഞാനും കരഞ്ഞു. ഈ പണി യോജിച്ചതല്ലെന്ന് എനിക്ക് മനസ്സിലായി. ചരമക്കോളം എന്ന കഥ ഈ സംഭവവുമായി ബന്ധപ്പെടുത്തി എഴുതിയതാണ്. ഇന്റേൺഷിപ്പ് കഴിഞ്ഞതിനുശേഷം ഞാൻ ഒരു ദിനപത്രത്തിൽ കാസർകോട് ബ്യൂറോ ചീഫായി ചേർന്നു. കവി പി.രാമനും അക്കാലത്ത് എന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ, രണ്ടു ദിവസം മാത്രമാണ് ജോലി ചെയ്‌തത്. ആ തീരുമാനം ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു.
പീഡനക്കേസിൽ പ്രതിയായ ഭർത്താവിനെ ക്യാമറയ്‌ക്കു മുന്നിൽ നിഷ്കളങ്കനാണെന്നു പറഞ്ഞ് ന്യായീകരിക്കേണ്ടിവരുന്ന മുൻ കലാതിലകമായ ഷർമിളയുടെ കഥയാണ് കലാതിലകം. നെറ്റിയിലെ തിലകം മായ്‌ച്ച് കല എന്ന ഐഡന്റിറ്റി തിരിച്ചെടുക്കാൻ പലർക്കും കഴിയുന്നില്ലല്ലോ.
ശരിയാണ്. പലരും ഭാര്യാപട്ടം അലങ്കരിക്കുന്നത് ഗതികേടുകൊണ്ടാണ്. രാഷ്ട്രീയക്കാരുടെ ഭാര്യമാർ മാധ്യമങ്ങളുടെ മുന്നിൽനിന്ന് ഭർത്താക്കന്മാരെ ന്യായീകരിക്കുന്ന കാഴ്‌ച ഒരുതരം അശ്ലീലമാണ്. പല രാഷ്ട്രീയക്കാരും രക്ഷപ്പെട്ടത് ഭാര്യയെ ശിഖണ്‌ഡിയെപോലെ മുന്നിൽ നിർത്തിയാണ്. ആരോപണവിധേയരാകുന്ന ഭർത്താവിനുവേണ്ടി ചില ചാനലുകൾക്കു മുന്നിൽ വരുന്ന ഭാര്യമാരുടെ അവസ്ഥയാണ് കലാതിലകം എന്ന കഥയുടെ പ്രതിപാദ്യം. നെറ്റിയിലെ തിലകം ഒരടയാളമായി മാറുന്നു. തെറ്റുകാരനാണെന്നറിഞ്ഞിട്ടും സ്വന്തം ഭർത്താവിനെ നാട്ടുകാരുടെ മുന്നിൽ ന്യായീകരിക്കേണ്ടിവരുന്നത് ഭാര്യ എന്ന നിലയിൽ ഒരു സ്‌ത്രീയുടെ ഏറ്റവും വലിയ ഗതികേടാണ്. ഭർത്താവിന്റെ അഴിമതിയും തെറ്റുകുറ്റങ്ങളും ചുമന്നുനടക്കുന്നതിനുള്ള ഒരടയാളമായി നെറ്റിയിലെ തിലകം മാറുന്നു. ഇതിനോടുള്ള വിമർശനമായിട്ടാണ് കഥ വരുന്നത്.
സഹയാത്രികന്റെ ഉത്കണ്ഠ
ശ്വാസം എന്ന കഥ വിവാദങ്ങൾക്ക് കാരണമായ രചനയാണ്. ഇതൊരു കമ്യൂണിസ്റ്റ് വിരുദ്ധ രചനയാണെന്ന ആരോപണം ഉണ്ടായിട്ടുണ്ട്. ഈ കഥയിലും ഇതര സംസ്ഥാന തൊഴിലാളി ഒരു പ്രധാന കഥാപാത്രമാണ്. പാർട്ടി നേതാക്കൾ സമ്പന്നരായി മാറുന്നുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നോ.
മൊത്തത്തിൽ പറയാൻ കഴിയില്ലെങ്കിലും ചിലർ സമ്പന്നരായി മാറുന്നുണ്ട്. ഒരുകാലത്തുണ്ടായിരുന്ന പ്രത്യയശാസ്‌ത്രരീതികളിൽനിന്നും പാർട്ടിക്ക് വ്യതിയാനം സംഭവിച്ചിട്ടുണ്ട്. എ.കെ.ജി., പി. കൃഷ്‌ണപിള്ള, ഇ.എം.എസ്. എന്നിവരുടെ കാലത്തുണ്ടായിരുന്ന പാർട്ടിയല്ല ഇന്നുള്ളത്. പ്രത്യയശാസ്‌ത്രവും മതവുമൊക്കെ സ്ഥാപനവൽക്കരിക്കപ്പെടുന്നതോടെ ജനങ്ങളിൽനിന്നും അകന്നുമാറും. ഒരു ഇലകൊഴിച്ചിൽകാലം. സാമൂഹിക പരിഷ്‌കരണപ്രസ്ഥാനങ്ങൾ രാഷ്ട്രീയാധികാരത്തിന്റെ ഭാഗമായി മാറുന്നത് ആപത്‌കരമായ പ്രവണതയാണ്. ജാതിസംഘടനകളുമായി ഇടതുപക്ഷപാർട്ടികൾ നീക്കുപോക്ക് നടത്തുന്നത് വലിയ അപകടം തന്നെ. മ്‌അദനിയുമായി സന്ധിചേർന്നത് ഒരു കറുത്ത അധ്യായമായി ശേഷിക്കുകയാണ്. എങ്കിലും കേരളത്തിന് പ്രതീക്ഷ ഇടതുപക്ഷത്തിലാണ്.
ശ്വാസം ഒരു പാർട്ടി സഹയാത്രികന്റെ ഉത്‌കണ്‌ഠകളായി കാണണമെന്നാണോ?
ശ്വാസം ഒരു ഉത്‌കണ്‌ഠയിൽനിന്നും വന്ന രചനയാണ്. ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിച്ചിട്ടില്ല. കുറ്റം പറയുന്നത് പാർട്ടി നന്നാകുമെന്ന വിശ്വാസംകൊണ്ടാണ്. എം.എ.ബേബിയെപോലുള്ളവർ നല്ല കഥയാണെന്നും പറഞ്ഞിട്ടുണ്ട്. ഏത് സംഘടനയിലും പിൻതിരിപ്പൻമാരുണ്ടാകും. പാർട്ടിയെ നൈതികതയിൽനിന്നും മാറ്റിനിർത്താൻ അവർ ശ്രമിക്കും. അതിനെതിരെയാണ് എന്റെ കഥ. ഒരു സഹയാത്രികന്റെ ഉൽക്കണ്‌ഠയായി ശ്വാസത്തെ കാണുക.
നവോത്ഥാന കേരളത്തെ സൃഷ്ടിക്കുന്നതിൽ ഒരു പ്രധാന പങ്ക് പന്തിഭോജനമെന്ന സമരമാർഗത്തിനുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഏറ്റവും മികച്ച സമരരീതിയായിരുന്നു ഇത്. എന്നാൽ പുതിയകാലത്ത് ഏറെ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഭക്ഷണം കാരണമാകുന്നു. എന്ത് കഴിക്കണമെന്ന് ആരോ ഒരാൾ തീരുമാനിക്കുന്നു. അതോടൊപ്പംതന്നെ പന്തിഭോജനം മുന്നോട്ടുവച്ച സംസ്കാരം പ്രതിരോധത്തിലാവുകയും ചെയ്യുന്നു.
നമ്മുടെ ചരിത്രത്തെ ഓർമപ്പെടുത്തുന്ന രചനയാണ് പന്തിഭോജനം. ജാതിക്കും മതത്തിനും എതിരെയുള്ള എന്റെ പ്രതികരണമാണിത്. ഗാന്ധിജിയുടെ കാലത്ത് ചർക്ക പ്രതിരോധത്തിന്റെ ചിഹ്നമായിരുന്നു. ഇതുപോലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ ഭക്ഷണത്തെയും ഒരടയാളമാക്കിയ പാരമ്പര്യം കേരളത്തിനുണ്ട്. സർവമതക്കാരും ചേർന്ന ഉജ്വലമായ സൗഹൃദക്കൂട്ടായ്‌മയായിരുന്നു പന്തിഭോജനം. പുതിയകാലത്ത് രൂപപ്പെടുന്ന സൗഹൃദങ്ങൾക്കു പിന്നിലെ കാരണങ്ങളന്വേഷിക്കുകയാണ് പന്തിഭോജനം. ദലിത് വർഗത്തിലെ, സാമ്പത്തികവും വിദ്യാഭ്യാസപരവുമായി സ്വയംപര്യാപ്‌തത നേടിയ പല വ്യക്തികളും സ്വസമുദായത്തിന്റെ ഉന്നമനത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌ത അംബേദ്‌കറുടെ പാത ഉപേക്ഷിക്കുകയും സ്വന്തം വർഗത്തെ ഒറ്റിക്കൊടുത്ത് സവർണരാകാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിത്. ഈ കഥയിലെ രുഗ്‌മിണി ഇത്തരത്തിലുള്ള ഒറ്റുകാരുടെ പ്രതിനിധിയാണ്. വരേണ്യവർഗത്തോട് കൈകോർത്തു നിന്നുകൊണ്ട് കാപ്പക്കുട്ടി എന്ന സ്വന്തം സമുദായക്കാരനെ വഞ്ചിക്കുകയാണ് അവൾ ചെയ്‌തത്.
ഇതര സംസ്ഥാന തൊഴിലാളിയുടെ വിശപ്പും കേരളീയജീവിതത്തിന്റെ സമ്പന്നതയും സമാന്തരമായി ലയിച്ചുചേരുന്ന കഥയാണ് ബിരിയാണി. ഹൃദയസ്‌പർശിയായ പ്രമേയവും അവതരണവും ഈ കഥയെ ശ്രദ്ധേയമാക്കുന്നു. എന്നാൽ കഥയെ ചിലർ മലിനമാക്കുംവിധം വായിച്ചല്ലോ.
അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. കേരളത്തെ നവോത്ഥാനകേരളമെന്നാണ് വിശേഷിപ്പിക്കുന്നത്. ദേശീയസമരവും ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും സോഷ്യലിസ്റ്റ് ആശയങ്ങളുമൊക്കെയാണ് നവോത്ഥാനകേരളത്തെ രൂപപ്പെടുത്തിയത്. ആരാണ് ഗുരു, ആരാണ് ഗാന്ധി എന്നു ചോദിക്കുന്ന തലമുറയാണ് ഇപ്പോൾ വളർന്നുവരുന്നത്. ജാതിയും മതവുമൊക്കെ വർധിതവീര്യത്തോടെ മടങ്ങിവരുന്നു. ഈ പരിസരത്തിലാണ് ബിരിയാണിയുടെ വായന വർഗീയമാകുന്നത്. പക്ഷേ, എഴുതിയ വ്യക്തി വർഗീയവാദിയാണെന്ന് പറയുന്നത് ശരിയല്ല. അത് അയാളുടെ ജീവിതത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. കഥ വർഗീയമാണെന്ന് വേണമെങ്കിൽ വാദിക്കാം. എങ്ങനെ വായിക്കണം എന്നു പറയാൻ ആർക്കും അവകാശമില്ല.
കഥാപാത്രത്തിന്റെ ജാതിയും മതവും നോക്കി രചനകളെ വർഗീയസ്വഭാവത്തോടെ വായിക്കുന്നതിനെ എങ്ങനെ കാണുന്നു?
അതു ശരിയല്ലല്ലോ. വ്യാജ ഇടതുപക്ഷക്കാരാണ് തെറ്റായി വായിച്ചത്. അവരുടെ ഉള്ളിൽ ഉഗ്രൻ വർഗീയതയുണ്ട്. അവർ ഇടതുപക്ഷമൊന്നുമല്ല. അങ്ങനെ പറയുന്നുണ്ടായിരിക്കാം. ഉള്ളിൽ ഇടതുബോധമുള്ളവർ അങ്ങനെ എഴുതില്ലല്ലോ. ഇടതുപക്ഷത്തും ആട്ടിൻതോലിട്ട വർഗീയ ചെന്നായ്‌ക്കളുണ്ട്. മതേതരവാദികൾ എന്നു പറഞ്ഞുനടക്കുന്ന പല ബുദ്ധിജീവികളുടെയും ഉള്ളിൽ നിഴലുപോലെ ഒളിഞ്ഞുകിടക്കുന്ന വർഗീയതയുണ്ട്. അവർ നിരൂപണം എന്ന പേരിൽ എഴുതുന്നത് സ്വകാര്യ താൽപര്യങ്ങളുടെ അജണ്ടകളാണ്. കഥാപാത്രങ്ങൾക്ക് പേരുകൊടുക്കാൻപോലും എഴുത്തുകാരന് സ്വാതന്ത്ര്യമില്ലാതായി. എ, ബി, സി എന്നിങ്ങനെ പേരുകൾ സ്വീകരിച്ചാലും ചിലർ പ്രശ്‌നം സൃഷ്ടിക്കും. ബിരിയാണിയിൽ ജാതി ആരോപിച്ചപ്പോൾ സോഷ്യൽ മീഡിയായിലൂടെ സച്ചിദാനന്ദനും സക്കറിയായും എന്നെ പിൻതുണച്ചിരുന്നു. അവരുടെ സ്‌നേഹം എനിക്ക് ധൈര്യമായി. ബിരിയാണി പ്രസിദ്ധീകരിക്കുന്നതിനു മുൻപു ഡി.സി.ക്ക് ഞാൻ ആറു കഥകൾ നൽകിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചതിനുശേഷം ആ കഥയും പുസ്തകത്തിൽ ചേർക്കാമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ബിരിയാണി ജനകീയശ്രദ്ധ നേടിയത്. എന്നിട്ടും ചിലർ പ്രചരിപ്പിക്കുന്നത് ഞാനും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പത്രാധിപരും ഡി.സി.ബുക്സും ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഈ കഥ എഴുതിയതെന്ന്. ഇതിനുമുമ്പ് കൊമാലയും ഇതുപോലെ ചർച്ചചെയ്യപ്പെട്ട കഥയാണ്. അത് പ്രസിദ്ധീകരിക്കുമ്പോൾ കമൽറാമിനെ നേരിട്ട് പരിചയംപോലുമില്ലായിരുന്നു. കഥയെഴുതുമ്പോൾ കഥാകൃത്ത് അനുഭവിക്കുന്ന മാനസികവ്യഥയും ഒരു പത്രാധിപരുടെ ഉത്തരവാദിത്തബോധവും ഒന്നും കണക്കിലെടുക്കാതെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ചിലർ തട്ടിവിടുന്നത്.
എൻ.എസ്. മാധവന്റെ ഹിഗ്വിറ്റയ്‌ക്കും ഇങ്ങനെ ഒരു വായന ഉണ്ടായിരുന്നല്ലോ?
ഉണ്ടായിരുന്നു. അൻസാരിയുടെ ലേഖനം വായിച്ചിരുന്നു. നിരൂപണത്തിന്റെ വഴിതെറ്റലിൽ ആശ്ചര്യപ്പെട്ടു. കഥയിലെ ആശയങ്ങളുമായി ബന്ധപ്പെട്ട ആഴങ്ങളെ മനസ്സിലാക്കാതെ അതിനുള്ളിൽ കഥാകൃത്ത് ഉദ്ദേശിക്കാത്ത രീതിയിൽ കിടന്ന മതത്തിന്റെ വർഗീയമായ തലങ്ങളെ അന്വേഷിക്കുകയാണ് നിരൂപകൻ ചെയ്‌തത്. ഇത്തരത്തിലുള്ള ആപത്കരമായ നിരൂപണം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. ബിരിയാണി നേരിട്ട വിമർശനത്തിനുശേഷം ഒരു വേദിയിൽ വച്ച് എൻ.എസ്.മാധവനെ കാണുകയുണ്ടായി. അദ്ദേഹം ഒന്നും സംസാരിച്ചില്ല. പക്ഷേ, എന്നെ നോക്കി ചിരിച്ചു. ആ ചിരിക്ക് ഒത്തിരി അർഥങ്ങളുണ്ടെന്ന് തോന്നി. ഒരുപോലെ വേട്ടയാടപ്പെട്ടവരാണല്ലോ ഞങ്ങൾ. ബുദ്ധിജീവികളിൽ നിശ്ശബ്‌ദമായി വളർന്നുവരുന്ന മതവും വർഗീയതയുമൊക്കെ പുറത്തേക്ക് കൊണ്ടുവരാൻ ഈ കഥകൾക്ക് സാധിച്ചു എന്നത് ഒരു വലിയ കാര്യമാണ്.
അറിഞ്ഞോ അറിയാതെയോ സംഘപരിവാറിന്റെ ആശയങ്ങൾക്ക് ഇവയിലൂടെ സ്വീകാര്യത ലഭിക്കുകയാണോ?
സ്വീകാര്യതയ്‌ക്കുവേണ്ടി ചിലർ ശ്രമിക്കുന്നുണ്ട്. അത് ഇടതുപക്ഷത്തുനിന്നുമാകുമ്പോഴാണ് വേദന തോന്നുന്നത്. എന്നെ ഹിന്ദുത്വത്തിന്റെ ഭാഗമാക്കാൻ ചിലർ ശ്രമിച്ചില്ലേ. ഞാൻ വർഗീയവാദിയാണെന്ന് അവർ പറഞ്ഞു. ഒരു എഴുത്തുകാരനെ വർഗീയവാദിയാക്കുമ്പോൾ സംഘപരിവാറിന്റെ ആശയങ്ങൾക്ക് ആക്കം കൂടുകയല്ലേ ചെയ്യുന്നത്. എന്നെ ഹിന്ദുത്വത്തിലേക്ക് റിക്രൂട്ട് ചെയ്‌തുകൊണ്ട് സംഘപരിവാറിന്റെ ആശയങ്ങൾക്ക് സ്വീകാര്യത നൽകാനാണ് ചിലർ ശ്രമിച്ചത്. ബിരിയാണിയുടെ വിമർശകരിൽ സംഘപരിവാർ അജണ്ട ഒളിഞ്ഞിരിപ്പുണ്ടാകാം.
ബിരിയാണിയുടെ വിമർശനവുമായി ബന്ധപ്പെട്ട മറുപടികളിൽ ഞാൻ ഇടതുപക്ഷക്കാരനാണ്. തികഞ്ഞ ഇടതുപക്ഷക്കാരൻ, ഒരിക്കലും സംഘപരിവാർ അനുഭാവിയല്ല എന്ന് ഏറ്റുപറയേണ്ടി വന്നല്ലോ. ഉള്ളിലെ രാഷ്ട്രീയം തുറന്നുപറയേണ്ട സാഹചര്യമാണോ നിലനിൽക്കുന്നത്.
ഞാൻ ലെഫ്‌റ്റാണ്, ലെഫ്‌റ്റാണ് എന്നു വിളിച്ചുപറയേണ്ടിവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് ശരിയല്ലല്ലോ. സത്യം എന്നത് കുറെ ആൾക്കാർ തീരുമാനിക്കുന്നതാണോ. സംഘടിതമായി ചിലർ കഥയെ മോശപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അവരാണ് കഥയിൽ മുസ്‌ലിം വിരുദ്ധത ഉണ്ടെന്ന് പറയുന്നത്. എന്റെ കഥയിൽ വർഗീയതയോ ജാതീയതയോ വലതുപക്ഷസമീപനമോ ഇല്ല എന്നിട്ടും എനിക്ക് വർഗീയവാദിയല്ലെന്ന് പറയേണ്ടിവരുന്നു. ഇത് ഒരു ഗതികേടാണ്. സംഘടിതമായ ആക്രമണത്തിനു മുന്നിൽ പൊരുതി നിൽക്കേണ്ടിവന്നു. യഥാർഥ ഇടതുപക്ഷസുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നതാണ് ഒരാശ്വാസം. സ്വന്തം തന്തയാരാണെന്നറിയാമെങ്കിലും നാട്ടുകാരെ ബോധിപ്പിക്കാൻ ഡി.എൻ. എ. ടെസ്റ്റ് നടത്തേണ്ടിവരുന്ന ഗതികേടിലാണ് ഇന്നത്തെ എഴുത്തുകാർ.
കേരളത്തിനു പുറത്തെ വിശപ്പ്
ബിരിയാണി വേസ്റ്റ് കുഴിയിൽ തട്ടി മൂടുമ്പോൾ വിശന്നു ചത്തുപോയ തന്റെ കുഞ്ഞിനെ ഓർക്കുന്ന ഗോപാൽ യാദവ് എന്ന കഥാപാത്രം മറവിയുടെ മണ്ണിട്ട് എത്ര മൂടിയാലും മലയാളിയുടെ മനഃസാക്ഷിയെ കുത്തിനോവിച്ചുകൊണ്ടിരിക്കും എന്നാണ് കവി പി.പി.രാമചന്ദ്രന്റെ വായന. വിശപ്പ് പ്രമേയമായ മലയാള കഥകളെയെല്ലാം ബിരിയാണി മറികടക്കുകയാണല്ലോ.
കാരൂരിന്റെ പൊതിച്ചോറ്, ഉത്തരക്കടലാസ്, കോവിലന്റെ കഥകൾ ഇതിനെയൊന്നും മറികടക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്‌ക്കും ദൃഢമായ രചനകളാണ് അവ. കേരളത്തിനകത്തെ വിശപ്പാണ് അന്ന് സാഹിത്യം ചർച്ചചെയ്‌തിരുന്നത്. ഞാൻ കേരളത്തിനു പുറത്തെ വിശപ്പിലേക്കാണ് നോക്കിയത്. ശെൽവമണി ഇവർക്കൊപ്പം എന്റെ കഥയെ ഓർമിച്ചതിൽ നന്ദിയുണ്ട്.
കഥാപാത്രങ്ങളും പങ്കെടുത്തവരും എന്ന കഥ നമ്മൾ മറന്നുപോയ, മറക്കാൻ പാടില്ലാത്ത നാടകസംസ്കാരത്തെ ഓർമിച്ചെടുക്കുന്ന രചനയാണ്. കേരളീയ നവോത്ഥാനത്തെ രൂപപ്പെടുത്തുന്നതിൽ നാടകത്തിന് ഒരു വലിയ പങ്കുണ്ടായിരുന്നല്ലോ?
റാഡിക്കൽ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് എന്ന ഒരു കൂട്ടായ്‌മ നാട്ടിലുണ്ടായിരുന്നു. ഞാൻ അതിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അവധിക്കാലങ്ങളിൽ ഞങ്ങൾ നാടകങ്ങൾ അവതരിപ്പിച്ചു. ക്ലബ്ബിലുള്ളവരെല്ലാം ഇടതുപക്ഷക്കാരായിരുന്നു. എങ്കിലും ഞങ്ങൾ സ്വതന്ത്രമായി ചിന്തിച്ചു. എന്റെയുള്ളിൽ ഒരു നാടകസംസ്കാരം വരുന്നത് അങ്ങനെയാണ്. ഈ അനുഭവമാണ് കഥയിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ജേണലിസത്തിന്റെ ഭാഗമായി ഇന്റേണൽഷിപ്പ് ചെയ്‌തുകൊണ്ടിരുന്നപ്പോഴാണ് ഈ കഥ എഴുതുന്നത്. ആ സമയത്ത് ഞാനും മുരളീകൃഷ്‌ണനും ആർ.എസ്.എസിന്റെ പദയാത്രയും ചെഗുവേരയുടെ അനുസ്‌മരണ സമ്മേളനവും ഒരേദിവസം റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്. ഈ വൈരുധ്യം എന്റെ ധർമസങ്കടങ്ങളിൽ ഒന്നായിരുന്നു. ഇങ്ങനെയുള്ള ഒരു റിപ്പോർട്ടറാണ് കഥയിലുള്ളത്. അയാൾക്ക് യാതൊരുവിധത്തിലുമുള്ള രാഷ്ട്രീയബോധമില്ല. പക്ഷേ, വഴിയിൽവച്ച് കണ്ടുമുട്ടുന്ന ഓട്ടോറിക്ഷക്കാരനായ പഴയ നാടകനടൻ അയാളുടെ മനോഭാവത്തെ മാറ്റുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ ചരിത്രം പറയുന്നതോടുകൂടി കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇടതുപക്ഷപ്രസ്ഥാനം കേരളത്തിന്റെ സാമൂഹികമാറ്റത്തിൽ എത്രമാത്രം പങ്കുവഹിച്ചു എന്ന സത്യം തെളിഞ്ഞുവരുന്നു. ഒരു കാലഘട്ടത്തിൽ സമൂഹത്തിനുവേണ്ടി ജീവത്യാഗം ചെയ്‌തവരുടെ ചെലവിലാണ് ഇന്നത്തെ നവമലയാളി അവരുടെ ആർഭാടപൂർണമായ ജീവിതം ആഘോഷിച്ച് തീർക്കുന്നത് എന്ന ആശയത്തിലേക്കാണ് കഥ വരുന്നത്.
മലബാർ വിസിലിങ് ക്രഷ് എന്ന ഓർമപ്പുസ്തകത്തെക്കുറിച്ച് സൂചിപ്പിക്കാമോ?
എന്റെ അനുഭവക്കുറിപ്പുകളാണിത്. ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവിന്റെ സ്‌നേഹവും നിർബന്ധവുമാണ് ഈ കൃതിക്ക് പ്രേരണയായത്. ചന്ദ്രികയിലാണ് പ്രസിദ്ധീകരിച്ചുവന്നത്. എന്റെ കാഴ്‌ചകളും അനുഭവങ്ങളും ചുറ്റുപാടും സംഭവിച്ചതുമൊക്കെ ഒരു കഥപോലെ വായിച്ചുപോകാവുന്ന രീതിയിലാണ് എഴുതിയത്. ബാബറി മസ്‌ജിദുമായി ബന്ധപ്പെട്ട അലഹബാദ് കോടതിവിധി വന്ന വർഷത്തെ ഡിസംബർ 6 ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ഞാൻ കാഞ്ഞങ്ങാട്ടുനിന്നും യാത്രചെയ്‌ത് ഷൊർണൂരിൽ എത്തുന്നു. അവിടെനിന്നും ട്രെയിനിൽ തൃശൂരിലേക്ക് കയറാനായി ചെല്ലുമ്പോൾ ഒരാൾക്കൂട്ടത്തെ കണ്ടു. അന്വേഷിച്ചപ്പോൾ ട്രെയിനിനുള്ളിൽ ബോംബുണ്ടെന്നു പറഞ്ഞു. പൊലീസ് ചുറ്റിലുമുണ്ട്. പക്ഷേ, അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ബോംബ് ചെക്ക് ചെയ്യാനുള്ള ഉപകരണമൊന്നും അവരുടെ കൈയിലില്ലായിരുന്നു. കൂട്ടത്തിൽ ആരോ പറയുന്നതു കേട്ടു. ഒരാൾ കോയമ്പത്തൂരിൽനിന്നും ട്രെയിനിൽ കയറി, തൊപ്പിയും നീട്ടിയ താടിയുമാണ് വേഷം, കൈയിൽ ഒരു പായ്‌ക്കറ്റുമുണ്ടായിരുന്നു. കോയമ്പത്തൂരിൽ നേരത്തെ സ്‌ഫോടനം നടന്നതുകൊണ്ട് ജനങ്ങളുടെ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. റെയിൽവേ പോലീസ് അകത്തുകയറി പരിശോധിച്ചു. ഒരുദ്യോഗസ്ഥൻ പായ്‌ക്കറ്റുമായി പുറത്തേക്ക് വന്നു. അത് രണ്ട് കിലോ അരിയുടെ ഒരു പൊതിയായിരുന്നു. ഭയം മാറിയവരെല്ലാം അകത്തേക്ക് കയറുന്നു. ഇത് എന്റെ സീറ്റാണ്, ഇവിടെ ഞാൻ നേരത്തെ ഇരുന്നതാണ് എന്നൊക്കെ അവർ വിളിച്ചുപറയുന്നുണ്ട്. പൊലീസുകാരൻ പറഞ്ഞു: അരി ഇവിടെ ഇരിക്കട്ടെ, അയാൾ തിരിച്ചുവന്നാലോ. ഉടൻതന്നെ യാത്രക്കാർ പറഞ്ഞു. ഇത് ഇവിടെ വയ്‌ക്കാൻ പറ്റില്ല. ഇത് ബോംബാണെന്ന് ഞങ്ങൾ സങ്കൽപിച്ചുകഴിഞ്ഞു. ഇനിയത് മാറ്റാൻ പറ്റില്ല. യാത്രക്കാർ ബഹളം കൂട്ടിയപ്പോൾ അരിയുമായി പൊലീസുകാരൻ നടന്നുപോയി. ഈ കാഴ്‌ച വല്ലാത്തൊരനുഭവമായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട രണ്ടു കിലോ അരി വിതച്ച ഭയമാണ് എന്റെ ഡിസംബർ ആറിന്റെ ഓർമ. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹികപ്രശ്‌നം ആർക്കും വേണ്ടാത്ത രണ്ടു കിലോ അരിപോലെയായി തീർന്നത് എന്നെ ഏറെ വിഷമിപ്പിച്ചു.
കഥയിൽനിന്നും തിരക്കഥയിലേക്കുള്ള ഒരു എഴുത്തുമാറ്റം വിജയകരമായിരുന്നോ? ചലച്ചിത്രജീവിതത്തെ എങ്ങനെയാണ് സമീപിക്കുന്നത്?
കഥ എഴുതുന്നതുപോലെയല്ല തിരക്കഥയുടെ രചന. ഇവിടെ സ്വാതന്ത്ര്യക്കുറവുണ്ട്. പണമാണ് ഇവിടെ എഴുത്തിനെ നിയന്ത്രിക്കുന്നത്. നിർമാതാവും സംവിധായകനും തമ്മിലുള്ള അസ്വസ്ഥ ജനകമായ ദാമ്പത്യത്തിൽനിന്നുമുള്ള കുട്ടിയാണ് തിരക്കഥയെന്ന് ഒരു ചലച്ചിത്രനിരൂപകൻ പറഞ്ഞിട്ടുണ്ട്. സർഗാത്മകത പിന്നീടേ വരുന്നുള്ളൂ. കമേഴ്‌സ്യൽ മേഖലയിലാണ് ഞാൻ നിൽക്കുന്നത്. മുടക്കിയ കാശ് തിരിച്ചുകിട്ടണം. വാണിജ്യപരമായ നഷ്ടമില്ലാതെ കാര്യങ്ങൾ ചെയ്യണം. അപ്പോൾ സ്വാതന്ത്ര്യം കുറയും. എഴുത്തിൽ വിട്ടുവീഴ്‌ചകൾക്ക് നിർബന്ധിക്കപ്പെടും. ജലാശയത്തിൽ മുഖം നോക്കുന്നവനാണ് എഴുത്തുകാരൻ. ആൾക്കൂട്ടത്തിൽ തന്റെ മുഖം അന്വേഷിക്കുന്നവനാണ് തിരക്കഥാകൃത്ത്. കഥയെഴുത്തിൽ ശ്രദ്ധിക്കുന്നവരൊക്കെ തിരക്കഥയിലേക്ക് വന്നിട്ടുണ്ട്. ഇത് കൂടുതൽ ആശ്വാസകരമാണ്. ഉണ്ണി ആറും വി.ജെ.ജയിംസും പി.വി.ഷാജികുമാറുമൊക്കെ ഈ മേഖലയിൽ ശ്രദ്ധനേടിയവരാണ്. ഇവരോടൊപ്പം പുതിയ സംവിധായകരും വന്നു. ജീവിതത്തെ അടുത്തു നിന്നു സമീപിക്കുന്ന ചിത്രങ്ങളൊക്കെ വരുന്നുണ്ട്. സാഹിത്യത്തോട് താൽപര്യമുള്ളവർ ഈ മേഖലയിൽ വന്നതോടെ ചലച്ചിത്രത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നു. പുസ്തകങ്ങൾ വായിക്കുന്നവർ ഏത് മേഖലയിൽ വന്നാലും അവിടെ മാറ്റങ്ങൾ സംഭവിക്കുക സ്വാഭാവികമാണല്ലോ. പക്ഷേ എന്തൊക്കെ പറഞ്ഞാലും ഈ മേഖലയിൽ എഴുത്തുകാർക്ക് സ്വാതന്ത്ര്യമില്ലെന്ന സത്യം തള്ളിക്കളയാൻ പറ്റില്ല.
ഒരു വർഷത്തോളമായ വിടാതെ പിന്തുടരുന്ന പനി എന്റെയുള്ളിലെ കഫത്തിന്റെ നിരവധി കുമിളകൾ ഉണ്ടാക്കുകയും തൊണ്ടയിൽ മഞ്ഞക്കാലുകൾ അമർത്തിവച്ച് ലക്ഷണംകെട്ട ഒരു പ്രാവിനെപ്പോലെ സദാ കുറുകുകയും ചെയ്‌തപ്പോൾ എന്തിനധികം, ഞാൻ മരിച്ചുപോകുമോ എന്നുവരെ അമ്മ പേടിച്ചു – ബാല്യകാലത്തെക്കുറിച്ച് സന്തോഷ് ഇങ്ങനെ എഴുതിയിട്ടുണ്ട്. മരണത്തോടുള്ള മുഖാമുഖമായിരുന്നോ ബാല്യകാലജീവിതം?
ചെറിയ രീതിയിലുള്ള ടി.ബി.അസുഖം എനിക്കുണ്ടായിരുന്നു. കുട്ടിക്കാലം എനിക്ക് പനിയുടെ കാലമായിരുന്നു. ഓരോ പനിയിലും ഞാൻ കൂടുതൽ മെലിഞ്ഞുവന്നു. ഡോക്‌ടറുടെ നിർദേശപ്രകാരം തൊണ്ണൂറ് ദിവസം ഇഞ്ചക്‌ഷൻ എടുക്കേണ്ടിവന്നു. വീട്ടിൽനിന്നും നാല് കിലോമീറ്റർ ദൂരം ആശുപത്രിയിലേക്ക് നടക്കണം. അവിടെനിന്നും സ്കൂളിലേക്കും കുറച്ചുദൂരമുണ്ടായിരുന്നു. ആകെ സങ്കടമായിരുന്നു സ്കൂൾ യാത്രകൾ. ഇതിനിടെ ആസ്‌മയും ഒപ്പമെത്തി. അമ്മയും അമ്മാവനുമാണ് കുട്ടിക്കാലത്ത് കൂട്ടുണ്ടായിരുന്നത്. അടുത്തവീട്ടിലെ ദേവി എന്ന പെൺകുട്ടി സഹായത്തിനായി സ്കൂളിലുണ്ടായിരുന്നു. അമ്മയാണ് അവളെ പഠിപ്പിച്ചത്. സമയാസമയം മരുന്ന് നൽകിയത് ദേവിയാണ്. കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴും പഠിക്കുമ്പോഴും ഉള്ളിൽ രോഗത്തെക്കുറിച്ചുള്ള പേടിയുണ്ടായിരുന്നു. അന്നു കണ്ട സ്വപ്‌നങ്ങളെല്ലാം രോഗത്തെക്കുറിച്ചായിരുന്നു. മരുന്നും അമ്മയുടെ സ്‌നേഹവും രോഗത്തിന് ആശ്വാസമായി. പതുക്കെ എന്നിൽനിന്നും രോഗം വിട്ടുപോയി.
പുതിയ എഴുത്ത് ഇപ്പോൾ നോവലിലാണ് ശ്രദ്ധ വയ്‌ക്കുന്നത്. വിപുലമായ രചനയിലേക്കാണ് വായനക്കാരുടെയും ശ്രദ്ധ. ബൃഹത് രചനയെന്ന ആശയത്തിലേക്ക് സന്തോഷിന്റെ വരവ് വായനക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാർക്ക് പ്രതീക്ഷിക്കാം. എഴുത്ത് എനിക്ക് എൻജോയ്മെന്റ് നൽകുന്ന ഒന്നാണ്. അതിലേക്ക് മനസ്സ് പാകപ്പെടുമ്പോൾ നോവൽ രചന തുടങ്ങും. സാറാ ജോസഫ് എത്രാമത്തെ വയസ്സിലാണ് ആലാഹയുടെ പെൺമക്കളുമായി വന്നത്. സരമാഗു അറുപതു കഴിഞ്ഞാണ് നോവൽ എഴുതിത്തുടങ്ങിയത്. ആ നോവലുകൾ വളരെ ശ്രദ്ധിച്ചില്ലേ. അതുകൊണ്ട് എനിക്ക് ഇനിയും സമയമുണ്ടെന്ന് വേണമെങ്കിൽ പറയാം. വാസ്തവത്തിൽ ഒന്നിൽക്കൂടുതൽ നോവലെഴുതാനുള്ള പ്രമേയം മനസ്സിലുണ്ട്. മറ്റു തിരക്കുകൾമൂലം നോവലിലേക്ക് എത്താൻ സാധിച്ചിട്ടില്ല. പ്രാരംഭനടപടികളൊക്കെ ആരംഭിച്ചിട്ടുണ്ട്.