അപകടത്തിൽ ഒരു കാൽ പൂർണമായും നഷ്ടമായ ഒരാൾക്ക് എത്ര ഉയരെ വരെ എത്താമെന്നു ചോദിച്ചാൽ അരുണിമ സിൻഹയുടെ മറുപടി എവറസ്റ്റോളം എന്നായിരിക്കുമെന്നുറപ്പ്.
ഇരുപത്തിയാറാമതെ വയസ്സിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അരുണിമയെ വ്യത്യസ്തയാക്കുന്നത് കൃത്രിമ കാൽ ഉപയോഗിച്ച് ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ വനിത എന്ന നിലയിലാണ്. 2011 ഏപ്രിലിൽ ഒരു ട്രെയിൻയാത്രയ്ക്കിടെ മോഷ്ടാക്കളുമായുണ്ടായ സംഘർഷത്തെത്തുടർന്ന് പുറത്തേക്ക് തള്ളിയിടപ്പെട്ട അരുണിമയുടെ ഇടതുകാലിലൂടെ അടുത്ത ട്രാക്കിലൂടെ പാഞ്ഞുവന്ന ട്രെയിൻ കയറിയിറങ്ങി.
തുടർന്ന്, ചികിത്സയുടെ ഭാഗമായാണു കാൽ മുറിച്ചുമാറ്റിയത്. കൃത്രിമക്കാലുകളുമായി എറവസ്റ്റിനു പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു കൊടുമുടികളും കീഴടക്കി. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി കാൻപൂരിൽ രാജ്യാന്തര സ്പോർട്സ് അക്കാദമി തുടങ്ങാനുള്ള ഒരുക്കത്തിലാണ് അരുണിമയിപ്പോൾ. ആത്മകഥയുടെ മലയാള പരിഭാഷയായ ‘പർവതത്തിൽ പുനർജന്മ’ത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ നഗരത്തിലെത്തിയ അരുണിമ മനസ്സ് തുറന്നപ്പോൾ.
∙ കൃത്രിമക്കാലുമായി എവറസ്റ്റ് ഉൾപ്പടെ അഞ്ചു കൊടുമുടികൾ കീഴടക്കി. ഇനി അടുത്ത ലക്ഷ്യവുമായി ഡിസംബറിൽ അന്റാർട്ടിക്കയിലേക്കു പോകുകയാണെന്നു കേട്ടു?
അതെ, എവറസ്റ്റിനെക്കാൾ കാഠിന്യമേറിയ ഒരു യാത്രയാണ്. ഡിസംബർ 29നു ഡൽഹിയിൽനിന്നു തിരിക്കും. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമേറിയ വിൻസൻ മസിഫ് എന്ന മലയാണു കയറാൻ പോകുന്നത്. ലഡാക്കിൽ കഠിനമായ പരിശീലനത്തിലാണ്. എവറസ്റ്റ് പോലെയല്ല, മരംകോച്ചുന്ന തണുപ്പാണ്. രാവിലെ മുതൽ വൈകിട്ട് വരെയാണു പരിശീലനം. അരയിൽ ബന്ധിപ്പിച്ചിരിക്കുന്ന കയറിന്റെ അറ്റത്തുള്ള ട്രോളിയിൽ ഭക്ഷണമടക്കം 80 കിലോ ഭാരമാണു മലകയറുമ്പോൾ വലിച്ചുകൊണ്ടുപോകേണ്ടത്. തോളിലുള്ള ബാഗിൽ ഇതിനു പുറമെ 15 കിലോയും. ഇതിനായി ട്രക്കുകളുടെ ടയറുകൾ അരയിൽ കെട്ടിവലിച്ചു കൊണ്ടാണു പ്രധാന പരിശീലനം.
∙ അരുണിമയുടെ ജീവിതം സിനിമയാകുകയാണല്ലോ, കങ്കണാ റാവത്തായിരിക്കുമോ അരുണിമയെ അവതരിപ്പിക്കുന്നത്?
കങ്കണയാകാനാണ് 98 ശതമാനം സാധ്യത. 2018ലെ ദീപാവലിക്ക് പടം ഇറങ്ങും. കങ്കണയ്ക്കു പുറമെ, ദീപിക പാദുകോൺ, സോനം കപൂർ തുടങ്ങിയവരും സന്നദ്ധത അറിയിച്ച് എന്നെ ബന്ധപ്പെട്ടിരുന്നു. എന്തായാലും എന്റെ വോട്ട് കങ്കണയ്ക്കു തന്നെ. പടം സംവിധാനം ചെയ്യാൻ അവസരം തരണമെന്നും കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അക്കാര്യത്തിൽ ഞാനല്ലല്ലോ ഉറപ്പ് പറയേണ്ടത്. പ്രോജക്ടിന്റെ ഭാഗമാണെങ്കിലും ഞാൻ സിനിമയിൽ പ്രത്യക്ഷപ്പെടില്ല.
∙ എവറസ്റ്റിന്റെ മുകളിലെത്തിയപ്പോൾ തുള്ളിച്ചാടണമെന്നു തോന്നിയിട്ടുണ്ടാകില്ലേ? എന്താണ് അവിടെനിന്ന് അലറി വിളിച്ചത്?
തുള്ളിച്ചാടിയെന്നോ? മുഖത്തെ മാസ്ക് വലിച്ചൂരി ഞാൻ ആവേശം കൊണ്ട് അലറിവിളിക്കുകയായിരുന്നു. എനിക്ക് വട്ടാണെന്നു പറഞ്ഞവരൊക്കെ കേൾക്കണമെന്നായിരുന്നു മനസ്സിലെ ആഗ്രഹം. സ്വാമി വിവേകനാനന്ദന്റെയും മറ്റു ദൈവങ്ങളുടെയും ചെറിയ രൂപങ്ങൾ ഞാനവിടെ സ്ഥാപിച്ചു, എന്നിട്ട് അവരോടായി ഞാൻ പറഞ്ഞു, ഇവിടെ പല നാട്ടിൽ നിന്നുള്ളവരാണു വരുന്നത്. അവർക്കൊന്നും നമ്മുടെ മന്ത്രങ്ങളും പ്രാർഥനകളും അറിയണമെന്നില്ല. അവരെന്തു പ്രാർഥിച്ചാലും അങ്ങ് സ്വീകരിച്ചേക്കണേ എന്ന്.
∙ ജീവിതം തന്നെ മാറിപ്പോയ അപകടമുണ്ടായില്ലായിരുന്നെങ്കിൽ അരുണിമ ഇന്ന് എന്ത് ആയേനെ?
ഒരു രാജ്യാന്തര വോളിബോൾ താരം ആയേനെ എന്ന് എന്റെ ആത്മവിശ്വാസം എപ്പോഴും എന്നോടു പറയാറുണ്ട്. അപകടമുണ്ടാകുമ്പോൾ ഞാൻ ദേശീയ താരമായിരുന്നല്ലോ. എവറസ്റ്റ് കീഴടക്കുന്നതാണോ, വോളിബോൾ താരമാകുന്നതാണോ വലുതെന്നു ചോദിച്ചാൽ, കണ്ണുമടച്ച് എവറസ്റ്റെന്നു ഞാൻ പറയും.
∙ എവസ്റ്റ് കയാൻ പോയപ്പോൾ വട്ടാണോ എന്നു പലരും ചോദിച്ചിട്ടില്ലേ?
ചോദിക്കാത്തവരാണ് അപൂർവം. മലകയറ്റം ഇഷ്ടമുള്ള ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. അപകടം കഴിഞ്ഞ് എവറസ്റ്റ് കയറണമെന്നു പറഞ്ഞപ്പോൾ സുഹൃത്തിന്റെ അച്ഛൻ എന്നെ വിലക്കി. നിന്റെ കാല് വയ്യാത്തതല്ലേ, നിനക്കിതു പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്.
ഇതു കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എവറസ്റ്റ് കീഴടക്കി തിരികെ വന്നപ്പോൾ നാട്ടുകാർ ഒരുക്കിയ വലിയ സ്വീകരണത്തിനിടയിൽ അദ്ദേഹത്തെ വീണ്ടും കണ്ടു. എനിക്കാദ്യം മുഖം തന്നില്ല. പിന്നീട് മകളെയുമായി എന്റെയടുത്തു വന്നിട്ടു പറഞ്ഞു–" എനിക്കു തെറ്റിപ്പോയി, അന്ന് ഇവളെയും നീ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ അവൾക്കും നിന്നോടൊപ്പം എവസറ്റ് കീഴടക്കാമായിരുന്നു."
∙ ടിക്കറ്റ് ഇല്ലാഞ്ഞിട്ടാണ് എടുത്ത് ചാടിയതെന്നും, മറ്റു ചിലർ അരുണിമ ആത്മഹത്യ ചെയ്യാൻ ചാടിയതാണെന്നുമൊക്കെ പറഞ്ഞിതിനു പിന്നിലെ കാരണമെന്തായിരുന്നു?
ഈ വാദങ്ങൾ നിരത്തിയ വാർത്തകൾ വന്ന പത്രമാണ് എന്റെ ജീവിതം മാറ്റിമറിച്ചതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ആദ്യ പേജുകളിൽ എനിക്കെതിരെയുള്ള ആരോപണങ്ങളായിരുന്നു. അവസാന പേജിൽ എവറസ്റ്റിനെക്കുറിച്ച് ഒരു ലേഖനവുമുണ്ടായിരുന്നു. അതാണ് എന്നെ എവറസ്റ്റിലെത്തിച്ചത്. ഒരു പത്രം ഒരാളെ നിരാശനാക്കുകയും പ്രചോദിതതയാക്കുകയും ചെയ്ത രസകരമായ അവസ്ഥയായിരുന്നു അത്.
∙ ട്രെയിനിൽനിന്നു തള്ളിയിട്ട മോഷ്ടാക്കളെ എന്നെങ്കിലും കണ്ടാൽ എന്താകും പ്രതികരണം?
എനിക്കു മല കയറാൻ കഴിവ് തന്ന ഈശ്വരൻ അവർക്കും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിവ് നൽകണേ എന്ന് ഞാനെപ്പോഴും പ്രാർഥിക്കാറുണ്ട്. അവർ ക്ഷമ ചോദിച്ചു വന്നാൽ ക്ഷമിക്കുക തന്നെ ചെയ്യും.