മലയാള കവിതയുടെ താളനിബദ്ധമായ നട്ടെല്ലാണ് കവി ആലങ്കോട് ലീലാകൃഷ്ണൻ. താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നു ഉറക്കെ പറയുമ്പോഴും ഇടതുപക്ഷത്തിന്റെ സാംസ്കാരികതയെയും മാനവികതയെയും എപ്പോഴും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന അടിസ്ഥാന മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധി കൂടിയാകുന്നുണ്ട് അദ്ദേഹം. മികച്ച കവിയായും കഥാപ്രാസംഗികനായും ഒക്കെ ഇരിക്കുമ്പോഴും മാനവികതയുടെ വക്താവുമാണ് അദ്ദേഹം. കവിതയെ കുറിച്ചും കാലത്തിന്റെ കാവ്യ പരിണാമങ്ങളെ കുറിച്ചും കവി സംസാരിക്കുന്നു.
കവിയുടെ കാവ്യ വഴി
എങ്ങനെയാണ്, എവിടെ വച്ചാണ് ഞാൻ കവിയായത്? എനിക്കറിയില്ല. കവിതയെഴുതിയത് എന്തിനായിരുന്നു എന്നതുമറിയില്ല. പക്ഷെ പൊന്നാനിയുടെ കാറ്റിനു പോലും കവിതയുടെ ഗന്ധമുണ്ടായിരുന്നു. അങ്ങനെ ആ ഗന്ധമേറ്റ് കവിയായ ഒരാളായിരിക്കാം ഞാനും. കുടുംബത്തിലോ ഗ്രാമത്തിലോ അത്ര പ്രശസ്തരായ ആരും തന്നെയില്ല, പ്രത്യേകിച്ച് എഴുത്തുകാർ. വീടല്ല സ്‌കൂളാണ് എന്നെ കവിയാക്കിയതെന്ന് പറയാം.
മൂക്കുതല ഗവ. ഹൈസ്‌കൂളിലാണ് ഞാൻ പഠിച്ചത്. ഇപ്പോൾ അത് ഹയർ സെക്കന്ററി സ്‌കൂളാണ്. അന്ന് 1 രൂപ പ്രതിഫലം വാങ്ങി പി ചിത്രൻ നമ്പൂതിരിപ്പാട് സർക്കാരിന് നല്കിയതായിരുന്നു ഏക്കറുകളോളം പരന്നുകിടക്കുന്ന ആ സ്‌കൂൾ. കമ്യൂണിസ്റ്റുകാരും കവികളുമായ പൊൻകുന്നം ദാമോദരൻ, വിദ്വാൻ ഇ കൃഷ്ണൻ, എൻ എൻ തലപ്പിൽ, നടുവട്ടം രവീന്ദ്രൻ എന്നിവരൊക്കെ അന്നവിടുത്തെ അധ്യാപകനായിരുന്നു. സ്‌കൂളിൽ അന്ന് സാഹിത്യ സമിതിയും അതിന്റെ പ്രവർത്തനങ്ങളുമൊക്കെ ഉണ്ടായിരുന്ന കാലവുമാണ്.
ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ എന്തെങ്കിലുമൊക്കെ കുത്തി കുറിയ്ക്കുന്ന ശീലം ഉണ്ടായി തുടങ്ങി. എഴുതുന്നത് മിക്കപ്പോഴും അർദ്ധ പുസ്തകത്തിന്റെ പിന്നിലെ പേജിലായിരിക്കും. അങ്ങനെ ഒരിക്കൽ പുസ്തകം നടുവട്ടം സാർ എടുത്തു നോക്കിയപ്പോഴാണ് ഞാൻ കുത്തികുറിച്ചിരിക്കുന്ന കവിത കണ്ടത്. അന്ന് ശലഭത്തിന്റെ കുറിച്ചും, പൂക്കളെ കുറിച്ചും ഒക്കെയാണ് കവിതയെഴുത്ത്. 'ശലഭത്തിനോട്' എന്നായിരുന്നു അദ്ധ്യാപകൻ കണ്ട കവിതയുടെ പേര്. വായിച്ചു കഴിഞ്ഞ ഉടനെ ക്ലാസ്സ് കഴിയുമ്പോൾ സ്റ്റാഫ് റൂമിൽ ചെല്ലണമെന്നറിയിച്ചു. ചെന്ന് കഴിഞ്ഞപ്പോൾ പുസ്തകത്തിന്റെ പുറത്ത് എന്താണ് എഴുതിയിരിക്കുന്നതെന്നായി ചോദ്യം. ഞാൻ മടിച്ച് മടിച്ച്, ഇനി എഴുതില്ല എന്ന് പറഞ്ഞപ്പോൾ സാർ ഒന്ന് ഉറക്കെ ചിരിച്ചു താൻ ഇനിയും എഴുതണം എന്ന് പറഞ്ഞു. അതായിരുന്നു ജീവിതത്തിൽ ആദ്യമായി ലഭിച്ച അംഗീകാരം.
സാർ തന്നെയാണ് പറഞ്ഞത് ആ കവിത ഏതെങ്കിലും മാസികയ്ക്ക് അയച്ചു കൊടുക്കാൻ. അന്നത്തെ കുട്ടികളുടെ പ്രസിദ്ധീകരണമായ തളിർ മാസികയുടെ അഡ്രസ്സും തന്നു. അന്ന് ഒരു ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയ്ക്ക് എങ്ങനെ പോസ്റ്റാഫീസിൽ പോയി കവർ വാങ്ങണമെന്നോ സ്റ്റാമ്പ് വാങ്ങണമെന്നോ അയക്കണമെന്നോ അറിയില്ല. ഒടുവിൽ അതൊക്കെ കണ്ടെത്തി. കവിത അയച്ചു. പിന്നെ അത് മറക്കുകയും ചെയ്തു. ഒരു നാല് മാസം കഴിഞ്ഞപ്പോൾ സ്‌കൂൾ വിട്ടു വീട്ടിൽ ചെന്നപ്പോൾ പോസ്റ്റ്മാൻ എന്റെ പേരിൽ കൊണ്ടിട്ടു പോയ കവർ പൊട്ടിച്ച് നോക്കിയപ്പോൾ തളിർ മാസിക. അതിൽ എന്റെ കവിതയും!
പിന്നെ എല്ലാവരോടും പറയാനുള്ള അത്യാഗ്രഹമായിരുന്നു. ഓടി നടന്നു എല്ലാവരോടും പറഞ്ഞു. അമ്മാവൻ ഒക്കെ പഠിക്കാനുള്ള സമയത്ത് കവിത എഴുതുന്നു എന്ന് ചോദിച്ചു വഴക്കു പറഞ്ഞതല്ലാതെ ആരും അംഗീകരിച്ചതേയില്ല. പക്ഷെ റോഡുനീളെ നടന്നു പറഞ്ഞവഴിക്ക് അന്തമാൻ ചേട്ടൻ എന്ന ആളാണ് ആദ്യമായി എന്നെ അഭിനന്ദിച്ചത്. ആലങ്കോട് ലീലാകൃഷ്ണൻ എന്ന എന്റെ പേര് മാസികയിൽ കണ്ടു നമ്മുടെ നാടിന്റെ പേര് നീ അച്ചടിച്ചല്ലോ എന്ന് പറഞ്ഞു പ്രശംസിച്ചു. എന്തെങ്കിലും വാങ്ങിക്കോളാൻ പറഞ്ഞു നാലണയും തന്നു. അതായിരുന്നു പുറത്തു നിന്ന് ആദ്യമായി കിട്ടിയ പ്രോത്സാഹനം . പിന്നെ എഴുതി, നിർത്താതെ... അവിടം മുതൽ കവി എന്ന പേരും വീണു.
കഥാപ്രസംഗത്തിന്റെ വഴികൾ
കുട്ടിക്കാലം മുതൽ തന്നെ ഒരുതരം നാണമില്ലായ്മയുണ്ടായിരുന്നു. അതോ അന്തമില്ലായ്മ എന്നാണോ പറയേണ്ടത്? എനിക്കറിയില്ല, എങ്കിലും എവിടെയും എന്തും അവതരിപ്പിക്കാൻ യാതൊരു വൈമനസ്യവും തോന്നീട്ടില്ല. അധ്യാപകർ എന്തെങ്കിലും അവതരിപ്പിക്കാൻ പറഞ്ഞാൽ അത് ഉടനെ ചെയ്യും. അങ്ങനെയാണ് യുവജനോത്സവത്തിനു നാടകം ചെയ്തതും ഓട്ടൻതുള്ളൽ ചെയ്തതും ഒക്കെ. ഓട്ടൻതുള്ളൽ എന്ന കലാരൂപം ക്ഷേത്രത്തിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ അതെ കുറിച്ച് ഒന്നുമറിയില്ല. പക്ഷെ അത്തവണ സബ്ജില്ലാ മത്സരത്തിൽ ഓട്ടൻതുള്ളലിന് ആരും പങ്കെടുക്കുന്നില്ല. ഞാനന്ന് ഒൻപതാം ക്ലാസ്സിലാണ് എന്നാൽ പിന്നെ ഒരുകൈ നോക്കാമെന്നു വിചാരിച്ചാണ്, സ്വന്തമായി കണ്ട ഒരു അനുഭവത്തെ എഴുതിയുണ്ടാക്കി സ്വയം ചുട്ടി കുത്തി കഥ അവതരിപ്പിച്ചത്. അങ്ങനെയുള്ള ആളോടാണ് അധ്യാപകൻ ചോദിച്ചത് ഒരിക്കൽ കഥാപ്രസംഗം അവതരിപ്പിക്കാൻ കഴിയുമോ എന്ന്.
അങ്ങനെ 'ഞാനൊരു അധികപ്പറ്റാണ്' എന്ന പേരിലൊരു കഥയെഴുതി കഥാപ്രസംഗം അവതരിപ്പിച്ചു. പിന്നീട് പത്താം ക്ലാസ്സിലൊക്കെ സ്‌കോളർഷിപ്പ് ലഭിച്ചാണ് പഠിച്ചിരുന്നതെങ്കിലും കുടുംബത്തിലെ സ്വത്ത് തർക്കവും സാമ്പത്തിക പ്രശ്നങ്ങളും കാരണം തുടർന്ന് പഠിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. അത്തവണത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് ഒരു കഥാപ്രസംഗം ചെയ്യാൻ അവസരം കിട്ടി. പക്ഷെ പുരാണകഥ വേണമായിരുന്നു. അങ്ങനെ അത് തനിയെ ചിട്ടപ്പെടുത്തി, സിംപൽ സ്വന്തമായി ഉണ്ടാക്കി, ഒരു കൂട്ടുകാരിയിൽ നിന്ന് ഹാർമോണിയം സംഘടിപ്പിച്ചു, അങ്ങനെ കഥാപ്രസംഗം അമ്പലത്തിൽ അവതരിപ്പിച്ചു. അതോടെ കഥാപ്രാസംഗികൻ എന്നും പേര് വീണു. അന്ന് അത് ഇഷ്ടമായിട്ടു സ്റ്റേജിൽ പലരും പണം കൊണ്ട് തന്നു. 75 രൂപയോളം അവിടെ നിന്ന് കിട്ടി. അന്ന് കോളേജിൽ ചേരാൻ 110 രൂപ വേണമായിരുന്നു കഥാപ്രസംഗത്തിൽ നിന്ന് ലഭിച്ച പണവും കുറച്ചു കൂടി ഇട്ടാണ് പഠിക്കാനായി ചേരുന്നത്. അങ്ങനെ കഥാപ്രസംഗമാണ് എന്നെ പഠിക്കാൻ സഹായിച്ചത്. പിന്നെയും നിരവധി പേരു വിളിച്ച്, നിരവധി വേദികൾ ലഭിച്ചു. ആയിരത്തോളം വേദികളിൽ അവതരിപ്പിച്ചു. സാമ്പത്തികമായും അത് പ്രയോജനപ്പെട്ടു.. രണ്ടു സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയക്കാനുള്ള മൂലധനം ലഭിച്ചത് പോലും അതിൽ നിന്നായിരുന്നു.
സിനിമയിലേക്കുള്ള വഴി
സിനിമയിലേയ്ക്ക് വരേണ്ടി വരികയായിരുന്നു, ഒരിക്കൽപോലും സിനിമ എന്നത് ജീവിതത്തിന്റെ ഭാഗമാക്കണമെന്നു ഞാൻ വിചാരിച്ചിട്ടില്ല. സംവിധായകൻ ജയരാജ് ഒരു കഥയ്ക്കായി സമീപിച്ചു. നല്ല ചിരിയുള്ള ഒരു സിനിമ വേണം എന്നതായിരുന്നു ആവശ്യം. ജയരാജിന്റെ സ്റ്റിൽ ക്യാമറാമാൻ വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്.അങ്ങനെ ഒരു കഥ ചെയ്തു. അന്ന് ദിലീപ് സിനിമയിലേയ്ക്ക് പ്രശസ്തനായി എത്തുന്നതേയുള്ളൂ. അതുകൊണ്ടു ദിലീപിനെയാണ് ഉദ്ദേശിച്ചത്. തിളക്കം എന്ന സിനിമയായിരുന്നു അത്.
പിന്നീട് മലയാളത്തിലെ പ്രശസ്തനായ നടനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു, പക്ഷെ അതിന്റെ അവസാനം അദ്ദേഹം കാലുമാറി. അത് നടന്നില്ല. ഏകാന്തം എന്നൊരു സിനിമയും ചെയ്തിരുന്നു. ഈ മൂന്നു സിനിമകളിൽ എനിക്കേറ്റവും ഇഷ്ടമായത് ഏകാന്തം തന്നെയാണ്. ആ സിനിമയ്ക്ക് കേന്ദ്രസർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം വരെ ലഭിക്കുകയും ചെയ്തു. തിലകനും മുരളിയുമായിരുന്നു അതിലെ നായകന്മാർ.
തിലകന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള കേന്ദ്ര സർക്കാർ പുരസ്കാരം ഏകാന്തത്തിൽ നിന്നാണ് ലഭിച്ചത്, അദ്ദേഹം അത് എപ്പോഴും പറയുമായിരുന്നു. ഏകാന്തം പിന്നീട് ഡി സി ബുക്ക്സ് പുസ്തകവുമാക്കി. പിന്നീട് അഞ്ചോ ആറോ ചിത്രത്തിൽ പാട്ടും എഴുതിയിട്ടുണ്ട്. അതിനു ശേഷം സിനിമ എഴുത്തിലേക്ക് അധികം ശ്രദ്ധിച്ചിട്ടില്ല. പ്രയാസമുള്ള കാര്യമാണ്, എനിക്ക് കവിതയെഴുത്ത് തന്നെയാണ് ഏറ്റവുമെളുപ്പം. നാനാവിധമായ ജീവിത അനുഭവങ്ങളോട് ഏറ്റവും സത്യസന്ധമായി കവിതയിലൂടെ സംവദിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഫാസിസ്റ്റുകളിൽ നിന്ന് ദൈവം മോചിക്കപ്പെടണം..
ദൈവം ഇപ്പോഴും പാവപ്പെട്ടവന്റേതല്ലേ... (ചിരിക്കുന്നു). സത്യത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ നേതാവ് ആകേണ്ടയാളാണ് ദൈവം. ഐക്യമത്യസൂക്തം ഒന്നെടുത്ത് നോക്കൂ. ശരിക്കും കമ്മ്യൂണിസ്റ് ആശയമാണ് അതിൽ പറഞ്ഞിരിക്കുന്നത്. നാലായിരവും അയ്യായിരവും വർഷം പഴക്കമുള്ള ആശയങ്ങളാണ് ഭാരത്തിനുള്ളത്, അത് അത്ര തെറ്റുള്ളതായിരുന്നെങ്കിൽ ഇത്ര നാൾ തുടർന്ന് പോകുമോ? അതിലുള്ള ശരികളെ കുറിച്ച് ഇടതുപക്ഷം ചിന്തിക്കണം, അതിൽ നിന്ന് നല്ലത് തിരഞ്ഞെടുക്കുകയും വേണം. ചോദ്യം ചെയ്യേണ്ടത് ദൈവത്തിന്റെ പേരിൽ പലരും നടത്തുന്ന കോപ്രായങ്ങളും ഭ്രാന്തുമാണ്. ഫാസിസ്റ്റുകളുടെ കൂടെയല്ല ദൈവം സഞ്ചരിക്കുന്നത്, അവരിൽ നിന്ന് നമ്മുടെ ദൈവത്തെ നമ്മൾ മോചിപ്പിക്കണം. വിശ്വാസത്തിനു ഒരു സൗന്ദര്യ ശാസ്ത്രമുണ്ട്, ആ സൗന്ദര്യബോധത്തിൽ നിന്നാണ് ദൈവം ഉണ്ടായി വന്നത്. അതിനെ അതിന്റേതായ രീതിയിൽ ഇടതുപക്ഷം ഉൾക്കൊള്ളണം. തള്ളേണ്ടതിനെ തളളാനും കൊള്ളേണ്ടതിനെ കൊളളാനും പഠിക്കണം.
പുതുകവിതകളുടെ വഴികളിൽ...
പുതിയ കവിത പറയുന്നത് കാലത്തിന്റെ മാറ്റമാണ്. അതിൽ കുറ്റമുണ്ടെന്നു പറയാനാവില്ല. ഇപ്പോൾ സ്വയം പത്രാധിപന്മാരായി മാറിക്കൊണ്ടിരിക്കുകയാണല്ലോ നമ്മൾ, എന്നാൽ അതുതന്നെയാണ് പുതിയ കവിതയുടെ ഏറ്റവും വലിയ പ്രശ്നം. സ്വയം റിജെക്ട് ചെയ്യാൻ ആർക്കും കഴിയുന്നില്ല. നല്ല ഒരു എഴുത്തുകാരനായിരിക്കണമെങ്കിൽ നമ്മൾ ആദ്യം സ്വയം ഒഴിവാക്കപ്പെടാൻ പഠിക്കണം. അത് നിരന്തരമായ വായനയിലൂടെ മാത്രം ആർജ്ജിച്ചെടുക്കാവുന്ന ഒരു കഴിവാണ്. നല്ല വായനയിലൂടെ കൃത്യമായി അത് നമുക്ക് മനസ്സിലാക്കാനും കഴിയും. സ്വയം എഴുത്തുകാരന് വിമർശകൻ ആകാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ എഴുതുന്നതെല്ലാം നല്ലതാണെന്നു തോന്നാം.
ഇപ്പോഴുള്ള പത്രാധിപന്മാർ പോലും ഏതാണ്ട് അങ്ങനെയാണ്, എല്ലാം മികച്ചതെന്ന നിലപാട്. പിന്നെ നല്ല എഴുത്തുകാർ പലരും മറ്റൊരു തലത്തിലേയ്ക്ക് മാറുമ്പോൾ എഴുത്ത് നിലനിർത്താറുമില്ല. ഇപ്പോഴുള്ള ചാനലുകളുടെയും മാധ്യമങ്ങളുടേയുമൊക്കെ പ്രവർത്തകരെ നോക്കൂ, പലരും നന്നായി എഴുതാൻ കഴിവുള്ളവരാണ് പക്ഷെ ജോലിയുടെ സ്വഭാവം, കച്ചവടം എന്നിവയൊക്കെ വരുമ്പോൾ, മത്സരബുദ്ധിയോടെ പ്രവർത്തിക്കേണ്ടി വരുമ്പോൾ എഴുത്തു നഷ്ടപ്പെടുത്തേണ്ട അവസ്ഥ വരുന്നു.
പണ്ടുള്ള എഴുത്തുകാർ വളരെ പരന്ന രീതിയിലുള്ള ജീവിതം ജീവിച്ചവരായിരുന്നു, ഇന്ന് ആർക്കും അത്ര പരന്ന ജീവിതം ജീവിക്കാൻ കഴിയുന്നില്ല. മാത്രമല്ല പണ്ട് കഥകൾക്കായും കവിതകൾക്കായുമൊക്കെ എത്രയോ ക്യാംപുകൾ ഉണ്ടാകുമായിരുന്നു, ഇനി അത്തരം ക്യാമ്പുകളുടെ എണ്ണം വളരെ കുറഞ്ഞു. എഴുത്തുകാർ സ്വയം സൃഷ്ടിക്കപ്പെടേണ്ടവരാണ്. ഏതു തലത്തിൽ എത്തിയാലും അതിജീവനത്തിന്റെ ഭാഗമായി എഴുത്ത് ജീവിതത്തിൽ നിലനിർത്താനാകണം. കാരണം എഴുത്തുകാർ കാലത്തിന്റെ പ്രതിനിധികളാണ്. അവർ നിലനിൽക്കുക തന്നെ വേണം.
മാമ്പഴം ഉണ്ടാക്കിയ കവിക്കൂട്ടം
ശരിക്കും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു മാമ്പഴത്തിന്റെ അനുഭവങ്ങൾ. ആ സമയത്ത് ശരിക്കും പുതിയ എഴുത്തുകാരെ കുറിച്ചൊക്കെ ഒരുതരം അവഗണയോടെ ചിന്തിക്കാൻ തുടങ്ങിയ സമയമായിരുന്നു. പക്ഷെ മാമ്പഴത്തിലെ പരിചയപ്പെടലുകൾ ആ ചിന്തകളെ മാറ്റി മറിച്ചു. അത്രനാൾ വരെ കവിതയിലെ ചൊല്ലുവഴികൾ വളരെ നേർത്തതായിരുന്നു, അയ്യപ്പപ്പണിക്കർ, ചുള്ളിക്കാട്, അങ്ങനെ വളരെ എണ്ണിയാൽ തീരുന്ന കവികളിൽ ഒതുങ്ങി നിന്നിരുന്ന കവിത ചൊല്ലൽ നൂറുകണക്കിന് പുതിയ ചൊല്ലലിലേയ്ക്ക് പറന്ന് വന്നു. മാത്രമല്ല മാമ്പഴം എന്ന പരിപാടി കവിതയുടെ താളത്തിന്റെ ആസ്വാദനത്തെ ചൂണ്ടി കാട്ടിയിരുന്നു. സാധാരണക്കാർ വരെ കവിതയിലേക്ക് ആകർഷിക്കപ്പെട്ടു. സീരിയലുകളുടെ ഇടവേളയിലൊക്കെ ചാനൽ മാറ്റി കണ്ടു തുടങ്ങിയവർ ഒടുവിൽ മാമ്പഴം എന്ന കവിതാ പരിപാടിയുടെ മാത്രം പ്രേക്ഷരായി തീരുകയും ചെയ്തു. ശരിക്കും പറഞ്ഞാൽ പുതിയ തലമുറയ്ക്ക് വഴികൾ ഇല്ലാത്തതല്ല പ്രശ്നം, നമ്മൾ അവരെ വഴി കാട്ടാത്തതാണ് പ്രശ്നം. ആ ഒരു രീതിക്ക് തെല്ലെങ്കിലും മാറ്റം വരുത്താൻ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
സർഗ്ഗാത്മക രാഷ്ട്രീയം
ഇടതുപക്ഷത്തിന്റെ ജീവശ്വാസം എന്ന് പറയാവുന്നത് സാംസ്കാരിക പ്രവർത്തനം തന്നെയാണ്. ഇന്നും ഒരു പരിധി വരെ സി പി ഐ ഒക്കെ ഇത്തരം പ്രവർത്തനങ്ങളിൽ തന്നെ നിൽക്കുന്നുണ്ട്, പക്ഷെ മറ്റുള്ളവ രാഷ്ട്രീയത്തിലേക്ക് തന്നെ ആഴത്തിൽ ഇറങ്ങിപ്പോകുന്നുണ്ട്. പണ്ടത്തെ രാഷ്ട്രീയക്കാരെ എടുത്തു നോക്കൂ, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയം എന്നാൽ അവരിൽ കലാ-സാംസ്കാരിക-സാഹിത്യ പ്രവർത്തകർ തന്നെയാകും ഏറിയ പങ്കും. സർഗ്ഗാത്മകമായ രാഷ്ട്രീയവും രാഷ്ട്രീയമായ ഉള്ളടക്കമുള്ള സർഗ്ഗാത്മകതയും ഒരുമിച്ച് പോകുമ്പോഴായിരുന്നു നല്ല രാഷ്ട്രീയമുണ്ടായിരുന്നത്. അത് ഉണ്ടാക്കിയെടുക്കാൻ ഇടതുപക്ഷം നൽകിയ സംഭാവനകളും വളരെ വലുതാണ്. എന്നാൽ അത് നഷ്ടപ്പെട്ടു പോകുന്നുണ്ട്. അതിനെ അങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോകാൻ ഇടതുപക്ഷത്തിന് കഴിയണം.
ഒരുപരിധിവരെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനമൊക്കെ രാഷ്ട്രീയത്തിൽ നിന്ന് വിഭിന്നമായി നിലനിൽക്കുന്നുണ്ട്, എങ്കിലും പാർട്ടിയിൽ സാംസ്കാരിക പ്രവർത്തകരുടെ അഭാവവും നന്നായുണ്ട്. മാനവികതയിൽ ഊന്നിയുള്ള സാംസ്കാരിക പ്രവർത്തനം ഇടതുപക്ഷത്തിന്റെ ജീവശ്വാസമാണെന്നു മനസ്സിലാക്കണം, അതിലേയ്ക്ക് വരാൻ കഴിയണം. കഴിയും എന്ന് തന്നെയാണ് വിശ്വാസം.