Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളുകളിൽ ഗൗരവമുള്ള വിഷയങ്ങൾ മുങ്ങിപ്പോകുന്നു:മൈന ഉമൈബാൻ

maina3 എഴുത്ത്, രാഷ്ട്രീയം...മൈന മനസ്സ് തുറക്കുന്നു...

ഞാനൊരു ഹൈറേഞ്ചുകാരിയാണെന്നു പറയാൻ ഇഷ്ടപ്പെടുന്ന ഒരു ഇടുക്കിക്കാരിയുടെ മനസ്സാണ് ഇപ്പോഴും മൈനയ്ക്ക്. കൗതുകമുള്ള ഒരു പേരിന്റെ സ്നേഹങ്ങൾക്കിടയിലും മൈന ഉമൈബാൻ എന്ന പേര് സാഹിത്യ ലോകത്ത് പുത്തൻ തിളക്കമാകുന്നുണ്ട്. അതിമനോഹരമായ ഭാഷയുടെ ഇഴുകിച്ചേരലിനൊപ്പം സത്യസന്ധമായ നിലപാടുകളും കൊണ്ട് എഴുത്തിന്റെ ലോകത്ത് മുന്നോട്ടു നടന്നു നീങ്ങുന്ന വ്യക്തിത്വമാണ് മൈന. "യഥാര്‍ഥ ജീവിതത്തില്‍ നിന്നു വല്ലാതെ അകന്നു നിന്നു ഭാഷയില്‍ സര്‍ക്കസ് പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് സാഹിത്യ രചനകള്‍ നടത്തുന്നതിനോട്" താൽപ്പര്യമില്ല എന്ന് മൈന പറയുമ്പോൾ അതിൽ ഉറച്ച നിലപാടുകളുണ്ട്. മൈന കൂടുതൽ സംസാരിക്കുന്നു:

എഴുത്തിലേയ്ക്ക്‌ വരുന്നത്‌...

എട്ട്, ഒമ്പത് വയസ്സുള്ളപ്പോൾ ഞാൻ എഴുതാൻ തുടങ്ങിയിട്ടുണ്ട്. സാഹിത്യത്തെപ്പറ്റി വലിയ പിടിപാടില്ലാത്ത കാലമായിരുന്നു അന്നൊക്കെ. നാടകമാണ് എഴുതി തുടങ്ങിയത്. സ്കൂളിൽ നാടകം കണ്ട ആവേശം അന്ന് വളരെ വലുതായിരുന്നു  അങ്ങനെ രണ്ടും കൽപ്പിച്ച് എഴുതി തുടങ്ങി. ഇതിവൃത്തമൊന്നും ഓർമയില്ല. നോട്ടുബുക്കിന്റെ പിന്നിലെഴുതി അനിയത്തിമാരേം കസിൻസിനെയുമൊക്കെ അഭിനയിപ്പിക്കുകയായിരുന്നു. ഏഴാം ക്ലാസു കഴിഞ്ഞപ്പോൾ മുതൽ കവിതയെഴുത്തായി. അപ്പോഴുമുണ്ട് നാടകം. നാലു നാടകമൊക്കെ എഴുതി അയൽവീട്ടിലെ കൂട്ടുകാരെയൊക്കെ അഭിനയിപ്പിച്ചു. അയൽക്കാരുടെ മുന്നിൽ വെച്ചായിരുന്നു അവതരണം. ഇളയ അനിയത്തി കുറച്ചു നാൾ മുമ്പ് അതോർത്തെടുത്ത് 'നിനക്ക് നാണമില്ലായിരുന്നോ അന്ന്' എന്ന് ചോദിച്ചു. അതൊക്കെ എഴുത്തിലേക്കുള്ള വരവായിട്ടേ കാണുന്നുള്ളു അതിനെയൊക്കെ കുട്ടിക്കളി ആയിരുന്നിരിക്കാം എന്നാലും എഴുതി തുടങ്ങിയപ്പോൾ കവിതയിൽ പരാജയമാണെന്ന് വേഗം തിരിച്ചറിഞ്ഞു. ലേഖനത്തോടായിരുന്നു കൂടുതൽ അടുപ്പം. 

ലക്ഷണമൊത്ത ഒരു കഥ എഴുതുന്നത് കുറേക്കൂടി കഴിഞ്ഞാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കാഞ്ഞങ്ങാട് നെഹ്‌റുകോളെജ് ബഷീര്‍ അനുസ്മരണ ചെറുകഥാശില്പശാല നടത്തുന്നതിനെക്കുറിച്ചറിഞ്ഞപ്പോള്‍ ആ കഥ അങ്ങോട്ടേക്കയച്ചു. മൂന്നു ദിവസങ്ങളിലായി മലയാളത്തിലെ അറുപതോളം എഴുത്തുകാര്‍.. അത്ഭുതലോകത്ത് എത്തിയപോലെയായിരുന്നു. അവിടെ നിന്നു മടങ്ങുമ്പോള്‍ എഴുതുക, എഴുതുക എന്നേ മനസ്സിലുണ്ടായിരുന്നുള്ളു. കോഴിക്കോട് ജേണലിസം വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് എഴുത്ത് സജീവമാകുന്നത്. ആനുകാലികങ്ങളില്‍ കഥകള്‍ അച്ചടിച്ചു വരാന്‍ തുടങ്ങുന്നത്. 

പുസ്തകങ്ങളെ കുറിച്ച്‌...

maina

ഇതുവരെ ഏഴു പുസ്തകങ്ങള്‍.  ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെണ്‍നോട്ടങ്ങള്‍, കേരളീയ വിഷചികിത്സ പാരമ്പര്യം, ചുവപ്പുപട്ടയം തേടി, ഒരുത്തി. ചന്ദനഗ്രാമം നോവലാണ്.  മറയൂരിനെ കേന്ദ്രമാക്കി എഴുതിയത്. മാതൃഭൂമി നോവല്‍ മത്സരത്തില്‍ പ്രോത്സാഹനാര്‍ത്ഥം തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചത്. ആത്മദംശനവും പെണ്‍നോട്ടങ്ങളും ലേഖനസമാഹരങ്ങളാണ്. 'ചുവപ്പുപട്ടയം തേടി' യാത്രയും 'ഒരുത്തി' കഥകളുമാണ്. 

സോഷ്യൽ മീഡിയ എഴുത്തിൽ..

ബാങ്കില്‍ ജോലി കിട്ടിയ ശേഷം മൂത്ത മകള്‍ ജനിച്ച ശേഷം എഴുതാതിരുന്ന രണ്ടുമൂന്നു വര്‍ഷങ്ങള്‍. ബ്ലോഗിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൗതുകം തോന്നി. ബ്ലോഗെഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം എഴുത്തുകളരിയായിരുന്നു. എഴുത്തില്‍ ധൈര്യമുണ്ടാക്കാന്‍, ഭാഷ നന്നാക്കാന്‍ , ആകാശത്തിനും ഭൂമിക്കുമിടയിലുമുള്ള എന്തിനെ കുറിച്ചുമെഴുതാന്‍.. അങ്ങനെയാണ് ഓൺലൈൻ മാധ്യമം ഒരു മാർഗ്ഗവും ഭൂമിയും ആയി മാറുന്നത്. 

സാമൂഹികമായ ഇടപെടലുകൾ.. 

ബ്ലോഗ് വഴിയാണ് ഓണ്‍ലൈന്‍ വഴി സാമൂഹ്യ സേവനവും ആവാമെന്ന് മനസ്സിലാക്കുന്നത്. ആദ്യം നട്ടെല്ലൊടിഞ്ഞ് തളർന്നു കിടക്കുന്ന പുളിക്കലെ മുസ്തഫയ്ക്ക് വീടുവെച്ചു കൊടുക്കുന്നതിനായിരുന്നു. പിന്നെ പല കാര്യങ്ങൾക്ക്. വിദേശത്ത് കുടുങ്ങി കിടക്കുന്ന / ജയിലില്‍ കിടക്കുന്ന നിരപരാധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് വളരെ യാദൃശ്ചികമായാണ്. മുമ്പ് നാട്ടുപച്ച എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയിരുന്നു. അതില്‍ എഴുതിയിരുന്ന മാലദ്വീപില്‍ അധ്യാപകനായിരുന്ന ജയചന്ദ്രന്‍ മൊകേരിയെ കുറിച്ച് ഇടക്കാലത്ത് ഒരു വിവരവുമില്ലാതായി. ഒരുപാട് വൈകിയാണ് അറിയുന്നത് അദ്ദേഹം മാലദ്വീപില്‍ ജയിലിലാണെന്ന്. വീട്ടുകാരും സുഹൃത്തുക്കളും സര്‍ക്കാരില്‍ ഇടപെട്ട് പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല.

പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു ശ്രമം നടത്തി നോക്കാം എന്നു വിചാരിച്ച് ഇറങ്ങുകയായിരുന്നു. ആദ്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സര്‍ക്കാരില്‍ ഇടപെടാന്‍ കഴിയുന്ന എന്റെ സുഹൃത്തുക്കളെയും ചേര്‍ത്ത് ഫേസ്ബുക്കില്‍ ഒരു ക്ലോസ്ഡ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ മാറി ബിജെപി സര്‍ക്കാര്‍ വന്ന സമയമാണ്. അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യില്‍ വിദേശകാര്യ മന്ത്രിക്ക് നിവേദനം കൊടുത്തയച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കൂടി ഇടപെട്ട് ഫേസ്ബുക്ക് വഴി വലിയൊരു ക്യാംപെയ്ന് തുടക്കമിടുകയായിരുന്നു. മാധ്യമങ്ങള്‍, എഴുത്തുകാര്‍, സാമുഹ്യ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി 18 ദിവസം കൊണ്ട് അദ്ദേഹത്തെ നാട്ടിലെത്തിച്ചു. ജോ മാത്യൂ, അഡ്വ. നൈജല്‍ കുമാര്‍, കെ.പി. റഷീദ്, മൊയ്തു വാണിമേല്‍, മഹേഷ് വിജയന്‍, ശ്രീപാര്‍വ്വതി, അനുപമ മിലി, എ.കെ. ശ്രീജിത്ത്.. തുടങ്ങിയവരാണ് പ്രധാനമായും ഒപ്പമുണ്ടായിരുന്നത്.

ജയചന്ദ്രന്‍ മൊകേരി നാട്ടിലെത്തിയപ്പോഴാണ് അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുന്ന വര്‍ക്കല സ്വദേശി റുബീനയെക്കുറിച്ച്, കോട്ടയം സ്വദേശി രാജേഷ് എന്നിവരെക്കുറിച്ച് അറിയുന്നത്. പിന്നെ അവരെ കൊണ്ടുവരാനുള്ള ശ്രമമായി. ഇടയ്ക്ക് നബീസാ ബീവിയെന്ന പരാലിസിസ് ബാധിച്ച് മാലദ്വീപില്‍ കിടപ്പിലായ വിധവയെ അന്നത്തെ സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ ഇടപെട്ട് നാട്ടിലെത്തിക്കാനായി. രാജേഷ്, റുബീന, സൗദിയില്‍ കള്ളക്കേസില്‍ കുടുങ്ങി ജയിലിലായ പ്രജിത്ത്, കോംഗോ റിപ്പബ്ലിക്കില്‍ കുടുങ്ങിയ നഴ്‌സുമാര്‍... അങ്ങനെ ഇപ്പോഴും തുടരുന്നു. ആദ്യം ഒപ്പമുണ്ടായിരുന്ന പലരും അവരവരുടെ തിരക്കുകളിലേക്ക് പോയി. ഒരു പരിധി വരെ ഞാനും. ജോലിയും കുടുംബവും മറ്റു തിരക്കുകളും ഒക്കെ ചേരുമ്പോള്‍ ഏതിന് പ്രാധാന്യം നല്‍കുമെന്ന ആശങ്കയിലാകും.ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് ഓരോ കാര്യവും വിജയിക്കുന്നത്.

ബാങ്ക്‌ ജോലിയിൽ നിന്നു അധ്യാപനത്തിലേയ്ക്ക്‌ ഉള്ള ചുവടുമാറ്റം..

ഞാൻ ജേർണലിസം ആയിരുന്നു പഠിച്ചത് ആദ്യം. എന്നാൽ അത് പഠിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ബാങ്ക് ടെസ്റ്റ് എഴുതി. പക്ഷെ കോഴ്സ് മുഴുവൻ ആവുന്നതിനു മുൻപ് തന്നെ ജോലി കിട്ടി. പക്ഷെ പിന്നീട് അവധിയെടുത്ത് കോഴ്സ് മുഴുവനാക്കി, എങ്കിലും അങ്ങോട്ട് തന്നെ തിരികെ പോയി. ഇപ്പൊ പിന്നെ ബാങ്കിൽ നിന്നും കുറച്ച് കൂടി ഇഷ്ടപ്പെട്ട തൊഴിലിലേക്കു വന്നു എന്നല്ലാതെ ഒരു മാറ്റം വന്നോ എന്ന് സംശയമാണ്. ഗവേഷണം ചെയ്യുന്നതു കൊണ്ട് അത് തീർക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ.

വിഷ വൈദ്യം.. പുസ്തകം എഴുതാനുണ്ടായ കാരണം...

പാരമ്പര്യ വിഷവൈദ്യം ചെയ്യുന്ന കുടുംബത്തിലെ അംഗമാണ്. അച്ഛൻ പാരമ്പര്യവൈദ്യം ചെയ്യാറുണ്ട്. മൃഗചികിത്സ, ബാലചികിത്സ, വിഷ ചികിത്സ, മാനസിക വിഭ്രാന്തി തുടങ്ങി എല്ലാം ചെയ്തിരുന്നു. ചെറുപ്പത്തിലെ ചികിത്സ അടുത്തറിയാൻ വലിയ താത്പര്യമായിരുന്നു. ആ താത്പര്യമാണ് വിഷവൈദ്യത്തെപ്പറ്റിയുള്ള പുസ്തകങ്ങളിലെത്തിയത്. ആ പുസ്തകം വളരെ നന്നായി വായിക്കപ്പെടുകയും ചെയ്തു. നിരവധി പേര് അതുമായി ബന്ധപ്പെട്ട സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 

വായനയുടെ സ്വാധീനം...

വായന വളരെ നന്നായി തന്നെ സ്വാധീനം ചെലുത്താറുണ്ട്. മുൻപ് കൈയ്യിൽ കിട്ടുന്ന എന്തും വായിക്കുന്ന ശീലമായിരുന്നു. ഇപ്പോ പക്ഷെ കുറേക്കൂടി സെലക്ടീവാണ്.

ട്രോളുകളുടെ പെരുമഴക്കാലം 

ഇപ്പോൾ എന്തെങ്കിലുമൊരു വിഷയം കിട്ടാനിരിക്കുകയാണ് ട്രോളുകളുടെ പെരുമഴയ്ക്ക്.. ആർക്കും പ്രതികരിക്കാം എന്നൊരു ഗുണവശമുണ്ട്. ജനാധിപത്യത്തിൽ അത് ആവശ്യമാണ്. എന്നാൽ യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഇതിനിടയിൽ മുങ്ങിപ്പോകുന്നു. സോഷ്യൽ മീഡിയയിൽ മാത്രമല്ല. എല്ലാ മാധ്യമങ്ങളിലും.

പുതിയ വായനയിൽ... 

പുതിയത് പഴയത് എന്ന വേർതിരിവില്ല. എന്റെ വായനയെ തൃപ്തിപ്പെടുത്തുന്നു എന്നു തോന്നുന്നതൊക്കെ വായിക്കാറുണ്ട്. ഓൺലൈനായും ഓഫ് ലൈനായും. ദെസ്തയോവിസ്കി, എമിലി ബ്രോണ്ടി, ജെയിൻ ഓസ്റ്റിൻ , ചെക്കോവ്, മാർക്കേസ്...ബഷീർ, തകഴി, ഉറൂബ്, മാധവിക്കുട്ടി, ഒ.വി വിജയൻ , ആനന്ദ്, എം.ടി, ടി. പന്മനാഭൻ ... ഇ. സന്തോഷ് കുമാർ, ബെന്യാമിൻ, മീര, ഉണ്ണി ആർ, പ്രിയ എ എസ്, സുഭാഷ് ചന്ദ്രൻ , സന്തോഷ് ഏച്ചിക്കാനം, പ്രവീൺ ചന്ദ്രൻ , വിനോയ് തോമസ്... അങ്ങനെ .

അന്ധമായി തീരുന്ന രാഷ്ട്രീയം

നമ്മുടെ ഭരണാധികാരകൾക്ക്, സമൂഹത്തിന്, സാമ്പത്തിക നയങ്ങൾക്ക് ഒക്കെ എവിടെയൊക്കെയോ പാളിച്ച പറ്റിയിട്ടുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. അന്ധമായി എന്തിന്റെയൊക്കെയോ പുറകേയാണ് ഭൂരിപക്ഷം മനുഷ്യരും. ആളുകൾ മതത്തിലും രാഷ്ട്രീയത്തിലുമൊക്കെ അന്ധരാവുന്നുവെങ്കിൽ അതിൽ സമൂഹം ഉത്തരവാദിയാണ്.

സ്നേഹം മനുഷ്യനെ വ്യത്യസ്തനാക്കുന്നു

സ്നേഹമാണ് മറ്റു ജീവികളിൽ നിന്ന് മനുഷ്യരെ വ്യത്യസ്തരാക്കുന്നതെന്ന് വിശ്വസിക്കുന്നു. ജാതി, മത, രാഷട്രീത്തിനൊക്കെ അതീതമായിരിക്കണം സ്നേഹം. വ്യക്തി ജീവിതത്തിൽ ഞാനത്ര റൊമാന്റിക്കല്ലെന്നാണ് തോന്നുന്നത്. എഴുത്തിലെ റൊമാൻസ് സ്വഭാവത്തിലില്ലല്ലോ എന്ന് പരിഭവം പറയുന്നവരുണ്ട്. സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയാണ് മനുഷ്യൻ ജീവിക്കുന്നതെന്നാണ് തോന്നുന്നത്. അല്ലാതെ ഉണ്ടുറങ്ങി മരിക്കാനല്ല. സ്നേഹത്തിൽ അധികാരം കൊണ്ടുവരുന്നതോ നിർവ്വചനങ്ങൾ കൊണ്ടുവരുന്നതോ എനിക്കിഷ്ടമല്ല. ചോദിച്ചു വാങ്ങുന്നതും. ഒരു പുഴ പോലെ ഒഴുകണം.

പുതിയ പ്രതീക്ഷകൾ

ഒരുപാട് വിഷയങ്ങൾ മനസ്സിലുണ്ട്. എഴുതുന്നെങ്കില്‍ കഥയോ, നോവലോ ആയിരിക്കണമെന്നായിരുന്നു മോഹം. പക്ഷേ, ലേഖനങ്ങളും പ്രതികരണങ്ങളുമൊക്കെയാണ് കൂടുതല്‍. പിന്നെ, എത്രയൊക്കെയായാലും ഒഴിവാക്കാനാവാത്തതല്ലല്ലോ ജോലിയും വീടുമൊക്കെ. ഇതൊക്കെ കുറച്ചു കാലത്തേക്കെങ്കിലും മാറ്റിവെച്ച് എവിടെയെങ്കിലും മാറി നിന്ന് എഴുതണമെന്നൊക്കെയുണ്ട്. പക്ഷേ, അതത്ര എളുപ്പമല്ല. പാതി വഴിയില്‍ നില്‍ക്കുന്ന ഒന്നു രണ്ട് നോവലുകളുണ്ട്. എപ്പോള്‍ തീരുമെന്ന് ഒരു നിശ്ചയവുമില്ല. ഇതിനിടയില്‍ പി.എച്ച്. ഡി ഗവേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏതാദ്യം തീര്‍ക്കും എന്ന കണ്‍ഫ്യൂഷന്‍ ഒരു വശത്ത്.

Your Rating: