സിനിമയും ഫേസ്ബുക്കും കവിതയും

കവിതകളിലെ രാഷ്ട്രീയത്തെക്കുറിച്ച്, കവിതയിലെ പുതിയ വഴികളെക്കുറിച്ച്, സിനിമാപ്പാട്ടെഴുത്തിനെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് റഫീക്ക് അഹമ്മദ് സംസാരിക്കുന്നു.

‘‘കഴിഞ്ഞ മൂന്നു ദശകങ്ങളിൽ രചന തുടങ്ങിയ കവികളിൽ ഓരോ പത്തിലും പത്തായം നിറയ്ക്കാൻ, കുറച്ചു വാക്കുകൾ വിതച്ചു നൂറുമേനി കൊയ്യാൻ കഴിഞ്ഞ കർഷകൻ റഫീക്കാണ്" സാഹിത്യ നിരൂപക എം.ലീലാവതി കവി റഫീക്ക് അഹമ്മദിനെ കുറിച്ച് എഴുതുന്നു. മലയാള കവിതയുടെ ആത്യാധുനിക കാലത്തിനെയും കടത്തി വെട്ടി ഭാവുകത്വം നിറഞ്ഞ റഫീഖിയൻ കവിതകൾ ഇപ്പോഴും വായിക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ആഴത്തിൽ മാനുഷികതയെയും ഹൃദയങ്ങളെയും സ്പർശിക്കുന്ന കവിത്വം ഉണ്ടെന്നു തന്നെയാണു അർത്ഥം.

ഒരു പഴയ കാലത്ത് നിന്ന് കൊണ്ട് കവിതയിലെ പുതിയ വഴികളെ സ്വീകരിക്കുകയും അവയെ സ്വാംശീകരിച്ച് പുത്തൻ കാലത്തിന്റെയും കവിയായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട് റഫീക്ക് അഹമ്മദ്. കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് സംസാരിക്കുന്നു. 

കവിതയെഴുത്തിലെയ്ക്ക് എത്തപ്പെടുന്നത്...

കൃത്യമായി അത് ഏതു കാലത്തിലാണെന്ന് നിർവചിക്കാൻ വയ്യ. എങ്കിലും സ്കൂൾ കാലത്തിൽ തന്നെയാണ്. പക്ഷേ ഒരിക്കലും ഒരു എഴുത്തുകാരൻ ആകണമെന്ന് ആഗ്രഹിച്ചു എഴുതിയതൊന്നും ആയിരുന്നില്ല. കുട്ടിക്കാലം അസുഖങ്ങളുടെ കാലമായിരുന്നു, അതുകൊണ്ട് മറ്റു കുട്ടികളെ പോലെ പുറത്തു പോയി കളിക്കാൻ ഉള്ള സാധ്യതകൾ കുറവായത് കൊണ്ടും ആ സമയം വായന ഒക്കെ കൂട്ടിരുന്നത് കൊണ്ടും എഴുതി പോയതാണ്. വായനയാണ് എന്നെ എഴുത്തുകാരനാക്കുന്നത്. പിന്നീട് കോളേജിൽ ഒക്കെ ആയപ്പോഴാണ് എഴുത്തിനെ കുറിച്ച് കുറച്ചു കൂടി സീരിയസ് ആയി ആലോചിച്ചു തുടങ്ങുന്നത്.

കടമ്മനിട്ട, ചുള്ളിക്കാട് എന്നിവരെ പോലെയുള്ള കവികളുടെ സമയമാണ്. ആധുനികതയുടെ ഇൻഫ്ലുവൻസ് കവിതകളിൽ നിഴലടിക്കുന്ന കാലം. മാത്രമല്ല അടിയന്തരാവസ്ഥ കഴിഞ്ഞു ഉണ്ടായ ഉണർവ്വ് എല്ലായിടത്തും പ്രതിഫലിച്ചിരുന്നു. സാംസ്കാരികമായും രാഷ്ട്രീയമായും സാഹിത്യപരമായും അത് നിഴലിച്ചു, ഒരു ഉണർവ്വുണ്ടായി. അതിനു ശേഷം രാഷ്ട്രീയം ഒക്കെ ശ്രദ്ധിച്ചു, കവിതയിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചു. ഒരു കവി ആകണമെങ്കിൽ നമ്മൾ ജീവിക്കുന്ന കാലത്തെ രീതികൾ കണ്ടെത്തണം. ആ രീതിയിൽ തന്നെ നമ്മളും ഇറങ്ങിയെത്തണം, എങ്കിലെ നിലനിൽക്കാൻ കഴിയൂ. അങ്ങനെ ആവണം എഴുത്തിലേയ്ക്ക് സീരിയസ് ആയി എത്തുന്നത്‌.

കവിതയിലെ ഗദ്യവത്കരണം

ആധുനിക കവിതയുടെ നിലനിൽപ്പ്‌ തന്നെ ഗദ്യകവിതകളിലാണെന്നു തോന്നിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കവിത വൃത്തമുക്തമായി മാറിയിട്ടുണ്ട്. പക്ഷേ കവിത എന്നത് ഇന്ന രൂപത്തിൽ എഴുതണം എന്നതിനെ കുറിച്ച് യാതൊരു നിബന്ധനയുമില്ല. അത് വൃത്തത്തിലെഴുതണം, ഗദ്യത്തിലെഴുത്തണം.. അത്തരം നിർബന്ധങ്ങൾ എഴുത്തിൽ ആവശ്യമില്ല. കവിത എന്നത് എല്ലാത്തിനും അപ്പുറത്തുള്ള ഒന്നാണ്. നമ്മൾ ചെയ്യേണ്ടത് ആ കാവ്യഭാഷയെ നമ്മുടെതാക്കി മാറ്റി ആന്തരിക ശക്തിയെ കണ്ടെത്തുക എന്നതാണു. പിന്നെ ഗദ്യ കവിതയാകുമ്പോൾ ആർക്കും എഴുതാം എന്ന നിലയുണ്ട്‌ ഇപ്പോൾ. മികച്ച ബിംബങ്ങളും വരികളും ഉണ്ടെങ്കിൽ അതും കവിത തന്നെ. കാലം മാറുകയാണ്. ഭാവുകത്വം ഉൾക്കൊണ്ടു തന്നെ കവിതയിൽ വേറിട്ട വഴി അന്വേഷിക്കാനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിലെ കവികൾ

ഇപ്പോൾ നിരവധി കവികളുണ്ട്, സോഷ്യൽ മീഡിയയിൽ. നന്നായി എഴുതുന്നവർ നിരവധിയുണ്ട്. പലപ്പോഴും ഈ മാധ്യമം ആത്മാവിഷ്കാരത്തിനുള്ള ഇടമായി മാറുന്നു. നമ്മുടെ സംഘർഷങ്ങൾ, സ്നേഹങ്ങൾ എല്ലാം വരികളായി മറ്റൊരു കടന്നുകയറ്റം ഇല്ലാതെ നമുക്ക് സ്വയം വായനക്കാരനിലേയ്ക്ക് എത്തിയ്ക്കാനാകും.

സാഹിത്യത്തിൽ നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. സാഹിത്യം ഒട്ടേറെ നവീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വലിയ വിപ്ലവങ്ങളാണ് എഴുത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ നമ്മൾ കാണുന്ന ഗദ്യകവിതകൾ പോലും ഒരുതരം ഇറക്കുമതി ചെയ്ത ആശയമാണ്. എന്തുതന്നെയായാലും കാലത്തിനനുസരിച്ച് എല്ലാത്തിലും മാറ്റം വരണം, പഴയ കാല രീതികൾ ഒക്കെ വച്ച് കൊണ്ട് തന്നെ കവിതയിൽ പുത്തൻ പരീക്ഷണങ്ങൾ വരട്ടെ. അത് നല്ലതാണ്. പക്ഷെ സോഷ്യൽ മീഡിയയിലെ എഴുത്തുകൾ എല്ലാം കവിതകളായി കാണേണ്ട കാര്യമില്ല. നല്ലത് നിലനിൽക്കുമ്പോൾ തന്നെ അങ്ങനെ അല്ലാത്തതുമുണ്ട്.

പലപ്പോഴും അച്ചടി മാധ്യമങ്ങളിൽ ഒക്കെയും സാഹിത്യം വരാൻ കുറച്ചു ബുദ്ധിമുട്ടാണ്, എന്നാൽ ഇവിടെ അത്തരം പ്രശ്നങ്ങളൊന്നുമില്ല, അതുകൊണ്ട് ആർക്കും എഴുതാം. അത്തരം എഴുത്തുകളെ അവരുടെ ആശയങ്ങളുടെ പകർത്തിയെഴുതായി മാത്രം കണ്ടാൽ മതിയാകും. ഒന്ന് വായിക്കുമ്പോൾ എന്തല്ല കവിത, അല്ലെങ്കിൽ എന്താണു കവിത എന്ന് നമുക്ക് മനസ്സിലാക്കാനാകും. മികച്ചത് മാത്രമേ കാലം കടന്നു പോകൂ, അല്ലാത്തവ നിലനിൽക്കില്ല. 

പോയട്രി ഇൻസ്റ്റല്ലെഷൻ പോലെയുള്ള നവ ലോകം

കവിതയെ അവതരിപ്പിക്കാൻ ഒട്ടേറെ വഴികളുണ്ട്. ഇന്നത്തെ കാലത്ത് നിരവധി സാധ്യതകളും നിലനിൽക്കുന്നു. എന്നാൽ സാങ്കേതികതയാണോ കവിത? അല്ല. പക്ഷേ കവിതയെ സാങ്കേതികതയുമായി കൂട്ടിച്ചേർത്ത് നടത്തിയ അനുഭവമായിരുന്നു പോയട്രി ഇൻസ്റ്റലേഷൻ. കവിതയ്ക്ക് ശബ്ദവും ,ശിൽപ്പ ഭംഗിയും നല്കിയാണ് അത് അവതരിപ്പിച്ചത്.

ഇപ്പോൾ കൊച്ചിയിൽ നടക്കുന്ന ഇൻസ്റ്റലേഷനിൽ ദേശീയത എന്ന ആശയത്തെ മുൻനിർത്തി ഒരു കവിത അവതരിപ്പിക്കുന്നുണ്ട്. ദേശഭക്തിയെ കുറിച്ച് ചില വരികൾ എന്നാണു കവിതയുടെ പേര്. എന്തായാലും കവിതയ്ക്ക് പരിണാമ വളർച്ചയുണ്ടാകണം. ജീവ കലയുടെ വളർച്ചയാണത് സൂചിപ്പിക്കുന്നത്. സാങ്കേതികതയെ സർഗാത്മകതയുമായി കൂട്ടി ചേർക്കുമ്പോൾ പുതിയ പ്ലാറ്റ്ഫോമുകൾ ഉണ്ടായിക്കൊണ്ടിരിക്കും. അത് കവിതയുടെ വളർച്ചയ്ക്ക് വേണ്ടത് തന്നെയാണു. പണ്ട് നാം താളിയോലയിൽ എഴുതിക്കൊണ്ടിരുന്നത് ഇപ്പോൾ കമ്പ്യൂട്ടറിലും ഐപാഡിലും എഴുതുന്നു. ഇനി കാലം മാറുമ്പോൾ സാങ്കേതികത പിന്നെയും മാറും,, അവിടെയൊക്കെ സർഗ്ഗാത്മകത പ്രവർത്തിക്കുമ്പോൾ അത് ചരിത്രത്തിൽ എഴുതപ്പെടും.

പറയാൻ മറന്ന പരിഭവങ്ങൾ...

ഒരു കവി ആകണമെങ്കിൽ നമ്മൾ ജീവിക്കുന്ന കാലത്തെ രീതികൾ കണ്ടെത്തണം. ആ രീതിയിൽ തന്നെ നമ്മളും ഇറങ്ങിയെത്തണം, എങ്കിലെ നിലനിൽക്കാൻ കഴിയൂ.

തികച്ചും അപ്രതീക്ഷിതമായിട്ടാണു സിനിമാ പാട്ടിന്റെ ലോകത്തേയ്ക്ക് കടന്നു വരുന്നത്. കവിതകൾ എഴുതുന്നതിന്റെ മികവു മാത്രം. കുറച്ചു സുഹൃത്തുക്കൾ ചേർന്ന് എടുത്ത സിനിമയായിരുന്നു ഗർഷോം. അതിന്റെ ചർച്ചകൾക്കൊക്കെ കൂടെ ചെന്നിരിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദർഭത്തിലാണ് ഈ സിനിമയിലെ പാട്ട് എഴുതാനുള്ള ചോദ്യത്തിലേയ്ക്ക് എത്തുന്നത്‌. രമേശ്‌ നാരായണനായിരുന്നു സംഗീതം. ആദ്യം സമ്മതിക്കാൻ ഞാൻ മടിച്ചു. പിന്നീട് അവരുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതിക്കുകയായിരുന്നു. പിന്നീട് ഒരിടവേള വന്നു. അതിനു ശേഷം പെരുമഴക്കാലത്തിലാണു വീണ്ടും തുടങ്ങുന്നത്. അതിനുശേഷം നിരവധി പാട്ടുകൾ സിനിമയ്ക്ക് വേണ്ടി ചെയ്തു. 

സിനിമയും കവിതയും

തീർച്ചയായും എഴുത്തിൽ കൂടുതൽ സ്പർശിക്കുന്നത് കവിത തന്നെയാണു. അതിന്റെ പ്രധാന കാരണം കവിത എന്നത് എന്റെ സ്വകാര്യ ആവശ്യമാണ്‌. പക്ഷേ സിനിമാഗാനം എന്നത് എന്റെ ജോലിയാണ്. അവിടെ നമ്മൾ മാത്രമല്ല അതിനു പിന്നിൽ പ്രവർത്തിക്കുന്നത്. മറ്റുപലരുമുണ്ട്. അതുകൊണ്ട് ഒരു പാട്ട് എന്നത് ഒരാളുടെയല്ല, പലരുടെയുമാണ്. പക്ഷേ കവിത എന്നത് സ്വകാര്യ അനുഭവമാണ്. എന്തായാലും എഴുതുമ്പോൾ അതിൽ സർഗ്ഗാത്മകത വരുമ്പോഴാണ് അതിനു ഭംഗി വരുന്നത്.

സിനിമാ പാട്ടുകൾ ആണെങ്കിലും ആത്മാവിനെ സമർപ്പിച്ചാണ് നമ്മൾ അത് ചെയ്യുന്നത്, അതുകൊണ്ട് അതിന്റെ ആഴവും ഭംഗിയും അതിനു കൈവരും. പിന്നെ ചില സിനിമകളിൽ സ്വാഭാവികമായും നമുക്ക് സ്വാതന്ത്ര്യം കിട്ടും. അതിൽ നമുക്ക് പൂർണമായും ഇഴുകി ചേർന്ന് ചെയ്യാനുമാകും. എന്നാൽ ചിലതിൽ നിയന്ത്രണങ്ങൾ ഉണ്ടാകും. സംവിധായകന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യേണ്ടി വരും. അത്തരം സന്ദർഭത്തിൽ കുറച്ചൊക്കെ നഷ്ടങ്ങൾ ഉണ്ടാകാം. പിന്നെ സംഗീതം ചെയ്തിട്ട് വരികൾ എഴുതിയാലും വരികൾ എഴുതിയിട്ട് സംഗീതം ചെയ്താലും അത് കേൾവിക്കാരനെ ബാധിക്കുന്ന വിഷയമല്ല. കാരണം അതിന്റെ അവസാനത്തെ റിസൾട്ട് മാത്രമാണു കേൾവിയിൽ വരുന്നത്.

വരികൾ ആദ്യം എഴുതുമ്പോൾ ഉത്തരവാദിത്തം കൂടുതൽ സംഗീതസംവിധായകനായിരിക്കും. വരികൾക്ക് എവിടൊക്കെ സ്ട്രെസ് കൊടുക്കണോ അതുവരെ അവർ ശ്രദ്ധിച്ചു ഇരിക്കണം. എന്നാൽ സംഗീതം ആദ്യം ചെയ്യുമ്പോൾ ഉത്തരവാദിത്തം കൂടുന്നത് എഴുത്തുകാരനാണ്‌. സംഗീതതിനനുസരിച്ചു വരികളെ എഴുതണം. പക്ഷേ രണ്ടായാലും ആസ്വാദകനെ അത് ബാധിക്കേണ്ട കാര്യമില്ല. 

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ...

ആ കവിത ഭാഷാപോഷിണിയിൽ അച്ചടിച്ച്‌ വന്നതാണു. പിന്നീട് അത് സ്പിരിറ്റ് എന്ന സിനിമയിലും ഉപയോഗിക്കപ്പെട്ടു. മരണമാണ് പരാമർശവിഷയമെങ്കിലും അതിതീവ്രമായ പ്രണയം ചാലിച്ചെഴുതിയ കവിതയാണത്. 

"മരണമെത്തുന്ന നേരത്തു നീയെന്റെ

അരികിൽ ഇത്തിരി നേരമിരിക്കണേ

കനലുകൾ കോരി മരവിച്ച വിരലുകൾ

ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ

ഒടുവിലായകത്തേക്കെടുക്കും ശ്വാസ

കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ

മരണമെത്തുന്ന നേരത്തു നീയെന്റെ

അരികിൽ ഇത്തിരി നേരമിരിക്കണേ"

തോരാമഴ .. ഉമ്മുക്കുത്സുവിന്റെ നോവുകൾ

എനിക്ക് പരിചയമുള്ള ഒരു കുടുംബത്തിന്റെ അനുഭവമായിരുന്നു തോരാമഴ എന്ന കവിത. അത് സംഭവിച്ചു വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം ആ ഓർമ്മയിൽ എഴുതിയതാണ് ആ കവിത. ഒരു കുട്ടി മരിച്ചു പോകുന്ന കഥയാണത്. വളരെ ചെറിയൊരു കവിത,;

"ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍

ഉമ്മ തനിച്ചു പുറത്തു നിന്നു

ഉറ്റവരൊക്കെയും പോയിരുന്നു

മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു

ചിമ്മിനി കൊച്ചു വിളക്കിന്റെ

നേരിയ കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു

ഉമ്മറ കല്‍പ്പടി ചോട്ടില്‍

അവളഴിച്ചിട്ട ചെരിപ്പൊന്നൊരുമ്മി നോക്കി

പുള്ളിക്കുറുഞ്ഞി നിസ്സംഗയായ്

പിന്നിലെ കല്ലുവെട്ടാങ്കുഴുക്കുള്ളിലേറി

തെക്കേപ്പുറത്തയക്കോലിലവളുടെ

ഇത്തിരി പിന്നിയ കുഞ്ഞുടുപ്പില്‍

ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു

തട്ടിനോക്കി മരക്കൊമ്പിലേറി

ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍

ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ

പെട്ടന്നു വന്നൂപെരുമഴ

ഉമ്മയോ ചിക്കന്നകത്തു തിരഞ്ഞു ചെന്നു

വില്ലൊടിഞ്ഞെന്ന് ചിണുങ്ങിടാറുള്ളൊരാ

പുള്ളിക്കുടചെന്നെടുത്തു പാഞ്ഞു

പള്ളിപ്പറമ്പില്‍ പുതുതായ് കുമുച്ചിട്ട

മണ്ണട്ടിമേലെ നിവര്‍ത്തി വെച്ചു

ഉമ്മകുത്സു മരിച്ചന്ന രാത്രിതൊട്ട്

ഇന്നോളമാമഴ തോര്‍ന്നതുമില്ല..!"

പലരും ഈ കവിതയെ വൈലോപ്പിള്ളിയുടെ മാമ്പഴവുമായി താരതമ്യപ്പെടുത്താറുണ്ട്. പക്ഷേ ഒരിക്കലും അത്തരമൊരു താരതമ്യം ആവശ്യപ്പെടുന്ന ഒരു കവിതയല്ല അത്. ഇതിൽ ദാർശനിക തലം ഒന്നുമില്ല. മരണത്തിലുള്ള ഒരു അനുഭവം മാത്രം. പക്ഷേ മാമ്പഴത്തിലെ ദാർശനിക തലം വളരെ വലുതാണ്‌. കുട്ടിയുടെ മരണം എന്ന തലത്തിൽ നിന്ന് മാത്രമേ രണ്ടും തമ്മിൽ സാമ്യമുള്ളൂ, വേറെ ഒരു രീതിയിലുമില്ല. പക്ഷേ ഇതേ ആശയമുൾക്കൊണ്ട് മുൻപും നിരവധി സാഹിത്യ രൂപങ്ങൾ ഉണ്ടായിടുണ്ട്. ഇനിയും ഉണ്ടാകും, തീർച്ച. 

കവികൾ സാഹചര്യം അനുസരിച്ച് എഴുതേണ്ടവരോ?

ആരെങ്കിലും എഴുതാൻ പറഞ്ഞാൽ എഴുതാൻ പറ്റുന്ന ഒന്നല്ല കവിത. അത്തരം അനീതികളിൽ നമ്മുടെ ഉള്ളിൽ നിന്ന് പ്രതിഷേധ സ്വരം ഉയരണം, അതിൽ നിന്നാണു വരികൾ ഉണ്ടാകേണ്ടത്.

ആതിരപ്പള്ളി വിഷയത്തിൽ ഞാൻ എഴുതിയത് ഒരു കവിതയാണെന്ന് പറയാൻ കഴിയില്ല. ഒരു ദിവസം രാവിലെ എണീറ്റു പത്രത്തിൽ ഈ വാർത്ത‍ കണ്ടപ്പോൾ അപ്പോഴത്തെ പ്രതിഷേധത്തിൽ എഴുതി പോയ കുറച്ചു വരികൾ മാത്രമാണത്. അത് വാട്സപ്പ് ഗ്രൂപ്പിലാണ് ഇട്ടതും. അത് അവിടുന്ന് പിന്നീട് ഷെയർ ചെയ്യപ്പെടുകയായിരുന്നു. എന്നാൽ അതിരപ്പള്ളി മാത്രമല്ല വിഷയം, നമ്മുടെ ചുറ്റും നിരവധി ക്രൂരതകൾ നടക്കുന്നുണ്ട്, പ്രതികരിക്കേണ്ട നിരവധി വിഷയങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ ആരെങ്കിലും എഴുതാൻ പറഞ്ഞാൽ എഴുതാൻ പറ്റുന്ന ഒന്നല്ല കവിത. അത്തരം അനീതികളിൽ നമ്മുടെ ഉള്ളിൽ നിന്ന് പ്രതിഷേധസ്വരം ഉയരണം, അതിൽ നിന്നാണു വരികൾ ഉണ്ടാകേണ്ടത്. പ്രതിഷേധം ഏതു വഴി വേണേലും ആകാം. ഇതൊന്നും ആരെയും പഠിപ്പിക്കാനാകില്ല. വ്യത്യസ്തമായി പറയേണ്ടത് പറയാൻ ശ്രമിക്കുക അതാണു വിഷയം. 

സോഷ്യൽ മീഡിയയും സപ്പോർട്ടും

ഇന്നത്തെ മാധ്യമം എന്ന നിലയിൽ സോഷ്യൽ മീഡിയ നല്കുന്ന പിന്തുണ വളരെ വലുതാണ്‌. പലരും നമ്മുടെ കവിതകളെ അന്വേഷിച്ചു വരുന്നുണ്ട്. വായിച്ചിട്ട് അന്വേഷണം പറയുന്നവരുമുണ്ട്‌. പരമാവധി മറുപടി നല്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ പറ്റാറില്ല. എങ്കിലും വായനയുടെ വലിയൊരു ലോകം ഇന്നത്തെ സാഹചര്യത്തിൽ എഴുത്തുകാർക്കുണ്ട്.