അതിരപ്പള്ളി വിഷയത്തെ കവിതയായി എഴുതി പരിസ്ഥിതി സ്നേഹികളുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്.
അദ്ദേഹത്തിന്റെ നാലുവരി കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. നിലവിൽ വന്നു ഒരു മാസം പോലും പ്രായപൂർത്തിയാകാത്ത ഇടതുപക്ഷ ഭരണം ഇക്കാര്യത്തിൽ പരിസ്ഥിതിയെ നോവിക്കുന്ന നിലപാടിൽ മുന്നോട്ടു പോകരുത് എന്ന് തന്നെയാണു ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്നതും.
കവിത വായിക്കാം:
*ശത്രു*
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വർഗശത്രു.
അവയിലൂടണിമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു.
അതിരറ്റ സ്നേഹത്തണുപ്പാൽ
ച്ചെടികളെ, പലതരം ജീവപ്രകാശനത്തെ
ഉയിരോടു ചേർക്കുന്നൊരതി ജീവനത്തിന്റെ-
യതിരപ്പിളളീ നീയെൻ
ജന്മശത്രു."
അതിരപ്പള്ളി വിഷയത്തിൽ പുതിയ ഭരണ നിലപാടിനെ കുറിച്ചും ആശങ്കയെ കുറിച്ചും കവി മനോരമ ഓൺലൈനിനോട് പ്രതികരിക്കുന്നു:
പുതിയ കാലത്തിൽ വികസനം എന്ത് തന്നെ ആയാലും അത് പരിസ്ഥിതിയെ അഭിസംബോധന ചെയ്യാതെ മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ല എന്നതാണു സത്യം. ശരിയ്ക്കും മനുഷ്യൻ ഇപ്പോൾ യാന്ത്രികതയിൽ നിന്നാണു മുന്നോട്ടു നോക്കുന്നതും ജീവിക്കുന്നതും. നമ്മുടെ വൈദ്യുതി ചിലവുകൾ, മാറുന്ന കാലത്തിന്റെ ആവശ്യകതകൾ എല്ലാം പ്രശ്നങ്ങളാണ്, അത് നോക്കിയേ ഒരു ഭരണവർഗ്ഗത്തിന് മുന്നോട്ടു പോകാൻ ആകൂ. പക്ഷേ അതിരപ്പള്ളി വിഷയത്തിൽ മുന്നോട്ടു പോകുന്നു എന്നത് പ്രകൃതിയെ ഏറെ ബാധിക്കുന്ന ഒന്നാണു.
പുതിയ ഭരണം അധികാരത്തിൽ വന്ന ഉടനെ തന്നെ ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കും എന്ന് ഞാൻ കരുതുന്നില്ല. എല്ലാ വിഷയങ്ങളും പഠിച്ചതിനു ശേഷം അവർ ഉചിതമായ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനികമായ രീതിയിൽ ഏറെ ചിന്തിക്കുന്നവരാണ് ഇന്നത്തെ ഇടതു പക്ഷം. അതുകൊണ്ട് ചിന്തകളും പഠനവും ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
ബദൽ സംവിധാനം പലരും അഭിപ്രായം ആരാഞ്ഞ വിഷയമാണ്. ഇപ്പോൾ മഴ വരുന്നതിനു മുൻപ് കൊടും ചൂട് ഉണ്ടായിരുന്ന സമയത്ത് മരങ്ങൾ നാട്ടു പിടിപ്പിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പലരും സംസാരിച്ചിരുന്നു എന്നാൽ മഴ പെയ്തപ്പോൾ ആ വിഷയം ഇല്ലാതെയായി. അതുപോലെ തന്നെയാണു എല്ലാ വിഷയങ്ങളും. ബദൽ മാർഗ്ഗങ്ങൾ തീർച്ചയായും അന്വേഷിക്കണം.
മറ്റു രാജ്യങ്ങൾ വൈദ്യുതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ നമുക്ക് പറ്റുന്ന മാർഗ്ഗങ്ങൾ ഇവിടെയും കൊണ്ട് വരണം. തിരമാലകൾ വഴിയും സൗരോർജ്ജം വഴിയും ഒക്കെ ബദൽ നിർദ്ദേശങ്ങളാണ്, അതൊക്കെ ശാസ്ത്രജ്ഞർ കണ്ടെത്തി പറയേണ്ട വിഷയങ്ങളാണ്. എന്ത് തന്നെ ആയാലും പരിസ്ഥിതി സംരക്ഷണവും നാടിനു അത്യാവശ്യം വേണ്ടതാണ്, കാരണം വെള്ളത്തിനും വായുവിനും ഒന്നും ബദൽ ഇല്ലല്ലോ.