ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുമ്പോൾ ലോകത്തിന് രണ്ടു പഴയകാല ഉജ്വല കായികതാരങ്ങളെ രാഷ്ട്രത്തലവന്മാരായി ലഭിക്കും. മറ്റേയാൾ ഈ വർഷം ജനുവരിയിൽ ലൈബീരിയയുടെ പ്രസിഡന്റായി സ്ഥാനമേറ്റ ജോർജ് വിയ ആണ്. ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല ക്രിക്കറ്റുകളിക്കാരനും ക്യാപ്റ്റനും ആയി കണക്കാക്കുന്നുവെങ്കിൽ, വിയയെ ആഫ്രിക്കതന്നെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല ഫുട്ബോൾ കളിക്കാരനായി കരുതുന്നു.
രണ്ടുപേരുടെയും തുടക്കം വേറിട്ടതായിരുന്നു. പാക്കിസ്ഥാനിലെ ധനികകുടുംബത്തിൽ പിറന്ന ഇമ്രാന്റെ ഉപരിപഠനം ഓക്സ്ഫഡിലായിരുന്നെങ്കിൽ, ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിലെ ദരിദ്രകുടുംബത്തിൽ പതിമൂന്നു മക്കളിൽ ഒരാളായി ജനിച്ച വിയ, ഹൈസ്കൂൾ പൂർത്തിയാക്കിയില്ല. പിന്നെ, ആഫ്രിക്കയിലെ ദരിദ്രരായ കുട്ടികളെപ്പോലെ ഫുട്ബോൾതന്നെ ശരണം. 1988ൽ, അന്ന് ഫ്രഞ്ച് ലീഗിലെ പ്രമുഖ ടീമായ മൊണോക്കോയെ പരിശീലിപ്പിച്ചിരുന്ന ആർസീൻ വെംഗർ കണ്ടെത്തി മൊണോക്കോയിൽ ചേർത്തപ്പോഴാണ് വിയയുടെ ജീവിതം മാറിയത്. അവിടന്ന് പിഎസ്ജി, പിന്നെ ഇറ്റാലിയൻ ലീഗിലെ മിലാനും വേണ്ടി സ്ട്രൈക്കറായി കളിച്ചു. 1995ൽ യൂറോ ലീഗിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു, ‘സുവർണപന്തും’ കിട്ടി. 1992ൽ പാക്കിസ്ഥാൻ ആദ്യമായും അവസാനമായും ക്രിക്കറ്റ് ലോകകപ്പ് നേടിയത് ഇമ്രാന്റെ നേതൃത്വത്തിലായിരുന്നു. ആ വർഷം തന്നെ കളിനിർത്തിയ ഇമ്രാൻ, അമ്മയുടെ പേരിൽ കാൻസർ ആശുപത്രി സ്ഥാപിക്കാൻ ശ്രമം തുടങ്ങി. 2002ൽ തെഹ്‌രീകെ ഇൻസാഫ് എന്ന പാർട്ടി തുടങ്ങി മത്സരിച്ചെങ്കിലും, തിരഞ്ഞെടുപ്പിൽ പാർട്ടിയിൽനിന്ന് അദ്ദേഹം മാത്രമേ ജയിച്ചുള്ളൂ.
ലൈബീരിയയിലെ രക്തരൂഷിതമായ രണ്ടാമത്തെ ആഭ്യന്തരയുദ്ധത്തിനു ശേഷം, 2005ൽ വിയ സ്വന്തം പാർട്ടിയുണ്ടാക്കി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു തോറ്റു. ഒരേ വർഷം, 2018ൽ, രണ്ടുപേരും രാഷ്ട്രത്തലവന്മാരാകുന്നു. രണ്ടുപേരും തിരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ചത് ഒരേ കാര്യം തന്നെ: അഴിമതി. മൂന്നാംലോകത്തിലെ അപൂർണ ജനാധിപത്യരാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾ ഗത്യന്തരമില്ലാതെ രക്ഷകന്മാരെ തേടും. അപ്പോൾ, പലപ്പോഴും പഴയ കായികനക്ഷത്രങ്ങൾക്കു നറുക്കുവീഴും.
ഗസലിന്റെ ഇമ്പം
കൊച്ചിയും സംഗീതവുമായുള്ള ബന്ധം വളരെ പഴയതാണ്. 1950കളിൽ തോപ്പുംപടിയിലെ, ഇന്നു പൂട്ടിപ്പോയ പട്ടേൽ ടാക്കീസിൽ എത്താത്ത വലിയ ഹിന്ദുസ്ഥാനി സംഗീതജ്ഞർ ഉണ്ടായിരുന്നില്ല; ബിസ്മില്ലാ ഖാൻ, അല്ലാ രാഖാ, രവിശങ്കർ... പിന്നെ മുഹമ്മദ് റഫി ഒന്നിലധികം തവണ. സംഗീതത്തിന്റെ ഉത്സവകാലത്ത് ഫോർട്ട് കൊച്ചിയിലെ തെരുവുകളിലൂടെ പാടിനടന്ന അതുല്യഗായകനായിരുന്ന മെഹബൂബ് ഇന്നും ഓർമിക്കപ്പെടുന്നു. പിന്നെയാണ് യേശുദാസിന്റെ ചരിത്രംകുറിച്ച വരവ്.
ഈ പാരമ്പര്യത്തിലെ ഒരു കണ്ണിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഉമ്പായി. ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ജനിച്ചുവെന്നു കരുതുന്ന ‘ഗസൽ’ എന്ന സംഗീതരൂപത്തിന്റെ വശ്യമാർന്ന ചാരുത, അതിനെ പലയിടത്തും എത്തിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമനിയിൽ ഗസൽ വളരെ പ്രചാരം നേടി എന്നു പറയപ്പെടുന്നു. ഇന്ത്യയിലെ അതിന്റെ പ്രധാന കൈവഴി ഹിന്ദുസ്ഥാനി സംഗീതമായിരുന്നു. അമീർ ഖുസ്രുവും മിർസാ ഗാലിബും ഗസൽ എഴുതിയിരുന്നു. അബീദാ പർവീൺ തൊട്ട് പങ്കജ് ഉദാസ് വരെയുള്ള വലിയൊരു കൂട്ടം ഗസൽഗായകർ അനുവാചകരുടെ മനംകവർന്നു. പ്രേമവും വിരഹവും ആയിരുന്നു ഗസലിന്റെ മുഖ്യപ്രമേയം; ചിലപ്പോൾ ഭക്തിയും. അവയുടെ സാർവലൗകികമായ ആകർഷണം ഈ സംഗീതരൂപത്തെ ഇന്ത്യയിലെ മറ്റു ഭാഷകളിലും എത്തിച്ചു. ഗുജറാത്തിയിലും തെലുങ്കിലും ഗസൽ പ്രമുഖ സംഗീതശാഖയായി.
വൈകിയാണെങ്കിലും മലയാളത്തിലേക്ക് ഗസൽ എന്ന സ്വരഗംഗയെ ആവാഹിച്ചു കൊണ്ടുവന്നത് ഉമ്പായി ആയിരുന്നു. ഗസലിന്റെ മർമം സാഹിത്യമാണെന്നറിഞ്ഞ ഗായകൻ, ഒഎൻവിയെയും സച്ചിദാനന്ദനെയും കൊണ്ടു ഗസൽ എഴുതിച്ചു. ഉമ്പായിയുടെ ഒരു ഗസൽസന്ധ്യ കഴിഞ്ഞാൽ തോന്നുന്ന ശൂന്യതയെ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം കടന്നുപോയി.
സ്കോർപ്പിയോൺ കിക്ക്: വിജയ് മല്യയെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജയിലിന്റെ വിഡിയോ ദൃശ്യങ്ങൾ ബ്രിട്ടിഷ് കോടതി ആവശ്യപ്പെട്ടു.
ഇതേ കാരുണ്യം പണ്ട് സ്വാതന്ത്ര്യസമര സേനാനികളോടും ബ്രിട്ടിഷുകാർക്കു കാണിക്കാമായിരുന്നു.
Read More Articles on Malayalam Literature & Books to Read in Malayalam