ഈ മുഖഭാവം അത്രയ്ക്ക് ആശ്വാസകരം; മുഖ്യമന്ത്രിക്ക് കയ്യടിച്ച് പ്രമുഖര്‍

സമാനതകളില്ലാത്ത മഹാദുരന്തം കേരളം മറികടക്കുമ്പോൾ ആ അതിജീവനത്തിന്റെ നേതൃമുഖമായി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസകളുമായി പ്രമുഖർ. ദിവസേന പത്രസമ്മേളനങ്ങളിലൂടെ പ്രളയ ദുരന്തത്തിന്റെ യഥാർത്ഥ  ചിത്രം വരച്ചുകാട്ടി നാടിന് ആത്മവിശ്വാസം പകർന്ന മുഖ്യമന്ത്രിയെപ്പറ്റി സോഷ്യൽ മീഡിയയിലും നിറയെ നല്ല വാക്കുകൾ.

പ്രളയക്കെടുതിയില്‍ കേരള ജനത ഭീതിയില്‍ നിന്നപ്പോള്‍ അവര്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കി കൂടെനിന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ നേര്‍ന്ന് വിഖ്യാത കഥാകാരിയും നോവലിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ പ്രൊഫ. സാറാ ജോസഫ് രംഗത്തെത്തി. പ്രളയം വന്ന് കേരളം മുഴുവന്‍ നശിക്കുമെന്ന് പറഞ്ഞപ്പോഴും തന്റെ പ്രായത്തെപ്പോലും മറന്ന് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓരോ തീരുമാനങ്ങളും സമയോചിതമായി ക്രമീകരിച്ച പിണറായി സര്‍ക്കാര്‍ കേരളത്തിന് അഭിമാനം തന്നെയാണ്. ഭീതിയില്‍ മുഴുകിയ ജനതയ്ക്ക് കരുത്തുനല്‍കി അവര്‍ക്കൊപ്പം നിന്ന പിണറായിക്ക് ഫെയ്‌സ്ബുക്കിലൂടെയാണ് സാറാ ജോസഫ് സ്‌നേഹാദരങ്ങള്‍ അറിയിച്ചത്. 

‘കേരളം ഒറ്റക്കെട്ടായി നേരിട്ട 'ഈ  വിപത്തിൽ സന്നദ്ധ പ്രവർത്തകരായ ഓരോരുത്തരുടെ പങ്കും എടുത്തു പറഞ്ഞ്  മലയാളികളുടെ ഐക്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുകയും ഈ  മഹാദുരന്തത്തെ നാം അതിജീവിക്കും എന്ന ഉറപ്പ് നൽകികൊണ്ട് ആശ്വാസവും  പ്രതീക്ഷയും ഉയർത്തുകയും ചെയ്ത കേരള മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങൾ.

എഴുത്തുകാരി ശാരദക്കുട്ടിയും മുഖ്യമന്ത്രിയെ അഭിനന്ദിച്ച്  രംഗത്തെത്തി. ദുരന്തങ്ങളങ്ങനെയാണ്.  മനുഷ്യരുടെ എല്ലാ മുഖം മൂടികളും അതഴിച്ചുകളയും. ഇതാണ് പിണറായി വിജയന്റെ  ശരിയായ മുഖം എന്ന് ഈ ദിവസങ്ങളിൽ  എപ്പൊഴൊക്കെയോ ഉള്ളിൽത്തട്ടിത്തന്നെ എനിക്കു തോന്നി. എല്ലാവരേയും ചേർത്തു നിർത്തുന്ന ആ മുഖഭാവം അത്രക്ക്  ആശ്വാസകരമാണന്നും ശാരദകുട്ടി കുറിച്ചു.

ചരിത്രത്തിലല്ലാത്തവിധം കേരള സംസ്ഥാനം ഒന്നാകെ വിറങ്ങലിച്ചപ്പോൾ അചഞ്ചലമായി നിലകൊണ്ട സർക്കാർ സംവിധാനങ്ങൾ രാജ്യത്തിന് മാതൃകയാണ്. ആ സംവിധാനത്തിന്റെ അമരക്കാരൻ എന്ന നിലയിലാണ് പിണറായി വിജയൻ തന്റെ റോൾ ഗംഭീരമാക്കിന്ന് നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നു.