സ്ത്രീസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സുപ്രീം കോടതിയുടെ ഈ വിധി ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വിധി മാത്രമായി ആഘോഷിക്കപ്പെടരുത്. ഇതു സത്യത്തിൽ സ്ത്രീയുടെ ശക്തിയുടെ സ്ഫോടനമാണ്. 150 വർഷത്തോളമായി നിലനിന്നിരുന്ന നിയമപരമായ കൂച്ചുവിലങ്ങിൽനിന്നു സ്ത്രീയെ അഴിച്ചുവിടുന്ന വിധിയാണിത്. തുല്യത തന്നെയാണ് ഇതിന്റെ കരുത്ത്. അതു വ്യക്തമാക്കാനാണു സ്ത്രീയുടെ അധികാരി പുരുഷനല്ലെന്നു കോടതി പ്രഖ്യാപിക്കുന്നത്. എല്ലാംകൊണ്ടും തുല്യമായ വ്യക്തിത്വമാണു സ്ത്രീയുടേത് എന്നതിന്റെ പ്രഖ്യാപനമാണിത്.
പുരുഷന് ഒരുപാടു സ്വാതന്ത്ര്യമുണ്ട്. എത്ര ദിവസം വേണമെങ്കിലും സുഹൃത്തുക്കൾക്കൊപ്പം പോകാനും ആഘോഷിക്കാനും എന്തും ചർച്ച ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സന്ധ്യമയങ്ങി വീട്ടിലെത്തുന്ന സ്ത്രീയോടു ചോദിക്കുന്നത് ‘നീ എവിടെയായിരുന്നു’ എന്നാണ്. ഇതു സ്ത്രീയുടെ സുരക്ഷയെക്കരുതി മാത്രം ചോദിക്കുന്ന ചോദ്യമല്ല; നീ വഴിവിട്ടു ജീവിക്കുകയാണോ എന്ന ആരോപണവും ആ ചോദ്യത്തിലുണ്ട്. ലൈംഗികതയുടെ കടിഞ്ഞാണിട്ടാണു സ്ത്രീയെ നൂറ്റാണ്ടുകളായി പുരുഷൻ പിന്നിൽനിന്നു പിടിച്ചുകൊണ്ടിരുന്നത്. ആ കടിഞ്ഞാണാണു കോടതിവിധിയിലൂടെ തകർന്നിരിക്കുന്നത്.
സ്ത്രീകൾ വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നത് ഏറിയപങ്കും വൈകാരിക സുരക്ഷിതത്വവും പ്രണയവും കരുതലും തേടിയാണ്. അതേസമയം, പുരുഷനും ഇത്തരം വൈകാരിക ആവശ്യമുണ്ടായേക്കാം. അവരെ സംബന്ധിച്ചിടത്തോളം അവർക്കു ലഭിക്കുന്ന സാധ്യതകൾ വൈകാരികത എന്നതിനെക്കാളേറെ ലൈംഗികമായതാണ്. ബഹുഭാര്യത്വം, ചിന്നവീട്, വേശ്യാലയങ്ങൾ തുടങ്ങി പുരുഷന്റെ ലൈംഗിക സംതൃപ്തിക്ക് ആവശ്യമായ സംവിധാനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൈകാരികമായ പങ്കുവയ്ക്കൽ കുടുംബത്തിനകത്തു സംഭവിക്കുന്നില്ലെങ്കിൽ അവൾക്കു മറ്റ് ഉപാധികളില്ല. ഈയൊരു നിഷേധമാണു കോടതി വിധിയിലൂടെ മറികടക്കപ്പെടുന്നത്. സ്വകാര്യജീവിതം എന്നതു പുരുഷനെപ്പോലെ സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.
പുരുഷനും സ്ത്രീക്കും ലൈംഗിക സംതൃപ്തി ജൈവികമായിത്തന്നെ രണ്ടാണ്. സ്ത്രീക്ക് അതൊരു മാനസികമായ കനത്ത ബന്ധമാണ്. ആദരിക്കൽ, പരിഗണന, സ്നേഹം, കരുതൽ, ലാളന ഇതെല്ലാം സ്ത്രീക്കു വേണം. അതിനെല്ലാം അവസാനമാണു ലൈംഗികത വരുന്നത്. പുറത്തു തേടിപ്പോകുന്നതും ഇതെല്ലാമാണ്. ഇത്രയും കാലം പുരുഷൻ ചിന്തിച്ചിരുന്നതു ശക്തികൊണ്ടാണ്. നിയമപരമായ പിൻബലംകൂടി അതിനുണ്ടായിരുന്നു. ഇനി ഹൃദയംകൊണ്ടു ചിന്തിക്കേണ്ട കാലമാണ്. സ്ത്രീയുടെ ഇച്ഛയ്ക്കു നിയമപരമായ പിന്തുണ കിട്ടുന്നതിന്റെ വിധിയാണിത്. തുല്യമാണെന്ന തോന്നൽ കുടുംബബന്ധം കൂടുതൽ ശക്തമാക്കുകയാണു ചെയ്യുക. പുരോഗമന ചിന്തയുള്ളവർ എന്നു നാം പറയുന്നവർ കൂട്ടത്തോടെയെത്തുന്ന ചലച്ചിത്രോത്സവങ്ങൾക്ക് എത്ര സ്ത്രീകൾക്കു സ്വതന്ത്ര മനസ്സുമായി പോകാനാകും? കുട്ടി, കുടുംബം, വീട് തുടങ്ങിയ പലതും അവളെ പിന്നോട്ടു വലിക്കുന്നു. ഈ വിധിയോടെ ഇതെല്ലാം തുല്യമായി പങ്കിടേണ്ടതാണെന്ന ചിന്ത ശക്തിപ്പെടുകയാണ്.
സ്ത്രീയെ കൂടുതൽ കരുതലോടെയും സ്നേഹത്തോടെയും പുരുഷൻ സമീപിക്കേണ്ടി വരും. വിവാഹശേഷം സ്ത്രീ വീട്ടിലിരിക്കുകയും പുരുഷൻ ജോലിക്കു പോകുകയും ചെയ്യണമെന്ന അധമബോധം ഇല്ലാതാകുന്നതിന്റെ തുടക്കമായി ഇതു മാറിയേക്കാം. ജോലി ചെയ്യാൻ കഴിവുള്ള ആൾ സ്ത്രീയാണെങ്കിൽ അവർ ജോലിക്കുപോകട്ടെ എന്നു ചിന്തിക്കാൻ ഇതു കാരണമാകും. ഇത്രയും കാലം വീടിന്റെ അധികാരിയാണു ജോലിക്കു പോയിരുന്നത്. ഇനി അധികാരിയില്ല.
ജോലിസ്ഥലത്തു സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്നത് ഇനി ഇല്ലാതായേക്കും. ‘അവളെക്കൊണ്ടതു പറ്റില്ല’ എന്നു പറയാനാകാത്ത അവസ്ഥ. കുടുംബബന്ധങ്ങളുടെ ഘടനതന്നെ വിധി മാറ്റി എഴുതിയേക്കും. ഇനിമുതൽ രണ്ടു തുല്യജീവിതങ്ങളാണ് ജീവിതം പങ്കിടുക. നിയമം വന്നാലും ഇതു സ്ത്രീക്കു കിട്ടുമോ എന്നതു വേറെ ചോദ്യം. അടിമത്തത്തെ അംഗീകരിച്ച നിയമം ഇല്ലാതായിരിക്കുന്നു എന്നത് വിശാലമായ ലോകമാണു സ്ത്രീകൾക്കു മുന്നിൽ തുറന്നിടുന്നത്. അതു ലൈംഗികതയുടെ മാത്രം ലോകമല്ലെന്നു നാം തിരിച്ചറിയണം. വളരെ വിപ്ലവകരമായ വിധിയാണിത്.