ഇപ്പോൾ മലകളിൽ നീലക്കുറിഞ്ഞി ആർക്കോ വേണ്ടി വിരിയുന്നു. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ചെടികൾ ഈ ഓഗസ്റ്റ് മാസത്തിൽ മലഞ്ചെരിവുകളിൽ വയലറ്റ്‌രാശി പടർത്തുമ്പോൾ കാണികൾ ഇല്ല. പ്രളയത്തിൽ തകർന്ന റോഡുകളും വാസസ്ഥലങ്ങളും സന്ദർശകരെ മാറ്റിനിർത്തി. എല്ലാ മേഖലകളെയും ബാധിച്ച വിപത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കു വഹിക്കുന്ന വിനോദസഞ്ചാരത്തിനെയും വെറുതെവിട്ടില്ല.
സാധാരണയായി ഒരുവർഷം എതാണ്ട് അഞ്ചുലക്ഷം ആഭ്യന്തര പര്യടകരാണു മൂന്നാറിൽ എത്തുക; ഇതിനു പുറമേയാണ് അരലക്ഷത്തോളം വരുന്ന വിദേശികളും. ഇത്തവണ കുറിഞ്ഞിക്കാലമായതിനാൽ എട്ടുലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കാനുള്ള പരിപാടിയാണു തയാറായത്. ഇടുങ്ങിയ മൂന്നാർ പട്ടണത്തിനായി ശാസ്ത്രീയമായ ഗതാഗതക്രമീകരണപദ്ധതി രൂപീകരിച്ചു. ഹോം സ്റ്റേകളും ഹോട്ടലുകളും റിസോർട്ടുകളും കൂടുതലായി എത്തുന്ന അതിഥികൾക്കായി വമ്പിച്ചതോതിൽ മുതൽമുടക്കി. സന്നാഹങ്ങളെല്ലാം പെരുവെള്ളം കൊണ്ടുപോയി. സഞ്ചാരികൾ വന്നില്ല; പ്രളയത്തെ തുടർന്ന്, സുരക്ഷയെ മുൻനിർത്തി, വിനോദസഞ്ചാരത്തിനു ജില്ലാഭരണകൂടം ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ടുമില്ല.
നീലക്കുറിഞ്ഞി ഇതുവരെ വട്ടവട, ടോപ് സ്റ്റേഷൻ തുടങ്ങി കുറച്ചിടങ്ങളിൽ മാത്രമേ കൂട്ടമായി പൂത്തിട്ടുള്ളൂവെന്നാണു തദ്ദേശവാസികൾ പറയുന്നത്. ഇത്തവണ കണ്ണെത്താ ദൂരംവരെ മലകളും മലഞ്ചെരിവുകളും ഊതനിറം പുതയ്ക്കുമ്പോൾ കാണാൻ ആളുകൾ ഉണ്ടാകുമോ എന്ന ചോദ്യചിഹ്നം അവശേഷിപ്പിച്ചുകൊണ്ടാണു മഴ കടന്നുപോയത്.
രക്ഷാപ്രവർത്തനങ്ങൾ ഇനിയും തീർന്നിട്ടില്ല. പ്രഥമസ്ഥാനം നൽകേണ്ട ശുചീകരണത്തിലും പുനരധിവാസത്തിലും പൊതുജനാരോഗ്യത്തിലുമാണു ജനങ്ങളും അധികൃതരും സ്വാഭാവികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിന്റെ പുനർനിർമാണം തുടങ്ങുമ്പോൾ, ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമായ വിനോദസഞ്ചാരമേഖലയ്ക്ക് ആവശ്യമായ മുൻഗണന നൽകേണ്ടിയിരിക്കുന്നു — പ്രത്യേകിച്ചു കൂടുതൽ സഞ്ചാരികൾ വരാനുള്ള സീസൺ തുടങ്ങാറായിരിക്കുമ്പോൾ. പ്രളയത്തെ കേരളം നേരിട്ട രീതി സംസ്ഥാനത്തിനു രാജ്യാന്തരമായിത്തന്നെ പ്രശംസ നേടിത്തന്നിട്ടുണ്ട്. ഈ വികാരത്തെ സർഗാത്മകമായി ഉപയോഗിച്ച്, മടിച്ചുനിൽക്കുന്ന വിനോദസഞ്ചാരികളെ വരുന്നമാസങ്ങളിൽ കേരളം സ്വാഗതം ചെയ്യാൻ ശ്രമിക്കണം.
മാറണം, ജീവിതവീക്ഷണവും
ഇനിയുള്ള ദിവസങ്ങളിൽ നാം കേൾക്കാൻ പോകുന്ന ഒരു കാര്യമുണ്ട്: ‘ദുരന്തത്തെ ഒരു അവസരമായി കാണുക.’ പ്രളയത്തിനുശേഷമുള്ള പുനർനിർമാണത്തെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം ഇതു കടന്നുവന്നേക്കാം. ആവർത്തനവിരസമാകുമെങ്കിലും ഈ പറച്ചിലിൽ വലിയൊരു സത്യം ഒളിച്ചിരിക്കുന്നു.
2014 മേയിൽ, കേരളത്തിൽ നടന്നതിനെ ഓർമിപ്പിക്കുന്ന രീതിയിൽ തെക്കുകിഴക്കൻ യൂറോപ്പിൽ മഴ പെയ്തു. 120 വർഷങ്ങളായി അത്രയും മഴ പെയ്തിട്ടുണ്ടായിരുന്നില്ല. സെർബിയ, ബോസ്നിയ തുടങ്ങിയ ചെറുരാജ്യങ്ങളിൽ ആൾനാശവും കനത്ത ആസ്തിനഷ്ടവും ഉണ്ടായി. ഈ വെള്ളപ്പൊക്കത്തിനുശേഷം യുഎൻഡിപിയും ലോകബാങ്കും ചേർന്നു വാഷിങ്‌ടണിൽ നടത്തിയ സമ്മേളനത്തിൽ ലോകരാഷ്ട്രങ്ങൾക്കായി പ്രകൃതിദുരന്തത്തിനുശേഷമുള്ള വീണ്ടെടുപ്പിനുവേണ്ടിയുള്ള മാർഗനിർദേശങ്ങൾ തയാറായി; അവയുടെ ഊന്നൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും ജീവനോപായത്തിലും ആയിരുന്നു.
പ്രകൃതിദുരന്തങ്ങളെ ചെറുത്തുനിൽക്കാനുള്ള ആവാസവ്യവസ്ഥ പുനർനിർമാണത്തിന്റെ പ്രധാനഭാഗമാണ്. ഉദാഹരണത്തിന് 2005 ൽ ആറു ലക്ഷം വീടുകൾ നശിപ്പിച്ച പാക്കിസ്ഥാനിലെ ഭൂമികുലുക്കത്തിനുശേഷം ഗൃഹനിർമാണത്തിന് അവിടത്തെ സർക്കാർ സബ്‌സിഡി നൽകുന്നതിനു വച്ച ഒരു വ്യവസ്ഥ പുതിയ വീടുകൾ ഭൂമികുലുക്കത്തെ പ്രതിരോധിക്കുന്ന രീതിയിൽ പണിയണം എന്നതായിരുന്നു. വീടും മലയാളിയും തമ്മിൽ ഗാഢമായ ബന്ധമുണ്ട്. ഇനി മുതൽ ചിന്തിക്കേണ്ടതു മൊത്തം സമ്പാദ്യം വീടിന്റെ മേൽ ചെലവഴിക്കുന്നതിനു പകരം വീട് ചെറുതാക്കി ആ പണം മറ്റുവിധത്തിലുള്ള ആസ്തികളായി സൂക്ഷിച്ചുകൂടേ എന്നാണ്. അപ്പാർട്മെന്റുകളിൽ മിക്കസമയത്തും ഒഴിഞ്ഞുകിടക്കുന്ന വിരുന്നുമുറികൾക്കു പകരം, ഇപ്പോൾത്തന്നെ കേരളത്തിലെ ചില അപ്പാർട്മെന്റുകളിൽ ഉള്ളതുപോലെ, പൊതുവിരുന്നുമുറികൾ പോരേ? സ്വന്തമായി വയ്ക്കുന്നതിനെക്കാൾ പങ്കിടാവുന്നതു പങ്കിടുകയല്ലേ നല്ലത്? ഈ പ്രളയം പഠിപ്പിക്കുന്ന പാഠം പുനർനിർമാണം അടിസ്ഥാനസൗകര്യങ്ങളുടേതു മാത്രമാകരുത്, ജീവിതവീക്ഷണത്തിന്റേതുകൂടിയാകണം എന്നതാണ്.
മാറ്റുവിൻ ചട്ടങ്ങളെ
ഏഷ്യൻ ഗെയിംസിൽ സ്ത്രീകളുടെ 100 മീറ്റർ, 200 മീറ്റർ എന്നീ ഇനങ്ങളിൽ വെള്ളി മെഡൽ നേടിയ ഒഡീഷയിൽനിന്നുള്ള ദ്യുതി ചന്ദിന്റെ പോഡിയത്തിലേക്കുള്ള വഴി മുള്ളുവിതറിയതായിരുന്നു. 2014 ജൂണില്‍ ഡൽഹിയിലേക്ക് അവരെ ചില മെഡിക്കൽ പരിശോധനകള്‍ക്കായി അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വിളിപ്പിച്ചു. പിന്നെ കേൾക്കുന്നതു ദ്യുതി സ്ത്രീ ആണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ്. അവർക്കു പുരുഷഹോർമോണിന്റെ അളവു കൂടുതലാണെന്നാണു കണ്ടെത്തിയത്. അവസാന നിമിഷത്തിൽ ദ്യുതിയെ 2014ലെ കോമൺവെൽത്ത് ഗെയിംസിൽനിന്നു മാറ്റിനിർത്തി. തുടർന്ന് ആ വർഷത്തിലെ ഏഷ്യൻ ഗെയിംസിൽനിന്നും.
ദ്യുതി കഴിഞ്ഞ ദിവസങ്ങളിൽ ട്രാക്കിൽ കാണിച്ച വീര്യം ജീവിതത്തിലും കാണിച്ചു. സ്വിറ്റ്‌സർലന്‍ഡിൽ സ്പോർട്സിനുവേണ്ടിയുള്ള ഇന്റർനാഷനൽ കോർട്ട് ഓഫ് ആർബിട്രേഷന്റെ മുൻപിൽ അവർ അപ്പീൽ നൽകി. കാനഡയിൽനിന്ന് അവർക്കുവേണ്ടി സൗജന്യമായി വാദിച്ച അഭിഭാഷകർ പറഞ്ഞതു പുരുഷഹോര്‍മോണിന്റെ അളവു കൂടുന്നതു കായികതാരങ്ങൾക്കു ന്യായരഹിതമായ മുൻതൂക്കം നൽകുമെന്നതിനു ശാസ്ത്രീയമായ തെളിവുകൾ ഇല്ല എന്നാണ്. അത് അംഗീകരിച്ചുകൊണ്ടു കോടതി, തെളിവു രണ്ടു വർഷത്തിനകം ഹാജരാക്കാൻ ഇന്റർനാഷനൽ അമച്വർ അത്‌ലറ്റിക് ഫെഡറേഷനു (ഐഎഎഎഫ്) സമയം നൽകി. അങ്ങനെ ദ്യുതിയുടെ വിലക്കു മാറി. പിന്നീട് ഐഎഎഎഫ് പുരുഷഹോര്‍മോണ്‍ കൂടുന്നതിനെക്കുറിച്ചുള്ള നയം 400 മീറ്ററിനു മുകളിലുള്ള ഇനങ്ങൾക്കു മാത്രമാക്കി.
സ്ത്രീകായികതാരങ്ങൾ മാത്രം കാലാകാലങ്ങളായി നേരിടുന്ന പ്രശ്നമാണ് അവരുടെ സ്ത്രീത്വം തെളിയിക്കുക എന്നത്. 1960കൾ വരെ അവർക്ക് ഒളിംപിക്സില്‍ പങ്കെടുക്കാൻ ഐഒഎ വിദഗ്ധരുടെ മുൻപിൽ ദേഹപരിശോധനയ്‌ക്കായി നഗ്നമായി പ്രത്യക്ഷപ്പെടണമായിരുന്നു.
1967 മുതലാണ് ഈ ലജ്ജാകരമായ നടപടി നിർത്തലാക്കി ക്രോമസോം പരിശോധന കൊണ്ടുവന്നത്. കായികതാരങ്ങൾ തമ്മിലുള്ള പൊക്കവ്യത്യാസം നൽകുന്നതിൽ കവിഞ്ഞ് ഒരു ന്യായരഹിതമായ മുൻതൂക്കവും പുരുഷഹോര്‍മോണ്‍ കൂടുന്ന അവസ്ഥ നൽകുന്നില്ലെന്നാണു പല വിദഗ്ധരും പറയുന്നത്.
പല പെൺകായികതാരങ്ങളുടെയും ജീവിതം നശിപ്പിച്ച, ഇതു സംബന്ധിച്ച നിയമങ്ങൾ കാറ്റിൽ പറത്തേണ്ടതുണ്ട്.
സ്കോർപ്പിയോൺ കിക്ക്: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ലീഗ്തലത്തിൽ ഗോളടിക്കുന്നതിൽ ലോകറെക്കോർഡ് സ്ഥാപിച്ച ഇന്ത്യയ്ക്ക് സെമിയിൽ തോൽവി..
പവനായി...