സാമ്പത്തികശാസ്ത്രത്തിനുള്ള 2017ലെ നൊബേൽ മെമ്മോറിയൽ പുരസ്കാരം ലഭിച്ചതു അമേരിക്കയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ് തേലറിനാണ്. നഡ്ജ് (nudge) സിദ്ധാന്തത്തിനു തേലർ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ ബഹുമതി. ഇംഗ്ലിഷിൽ നഡ്ജ് എന്നാൽ കൈമുട്ടു കൊണ്ട് മൃദുവായി അടുത്തിരിക്കുന്നവരെ മുട്ടി എന്തെങ്കിലും കാര്യം ചെയ്യാൻ പ്രേരിപ്പിക്കുക എന്നർഥം.
‘മുട്ടു സിദ്ധാന്ത’ത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം ആംസ്റ്റർഡാമിലെ ഷിപ്പോൾ വിമാനത്താവളത്തിലെ പുരുഷന്മാരുടെ മൂത്രപ്പുരകളിൽ അതു നടപ്പാക്കിയ രീതിയായിരുന്നു. യൂറിനലുകളിൽ ശ്രദ്ധിക്കാതെ മൂത്രം ഒഴിക്കുന്നതുകൊണ്ട് ഷിപ്പോൾ എയർപോർട്ടിലെ പുരുഷന്മാരുടെ ശുചിമുറികളുടെ നിലം മൂത്രം കൊണ്ട് മലീമസമായി. അത് തുടർച്ചയായി വൃത്തിയാക്കാൻ ഭീമമായ തുക അധികൃതർക്കു ചെലവിടേണ്ടി വന്നു. അപ്പോഴാണു യൂറിനലുകളിൽ ഈച്ചയുടെ യഥാതഥമായ പടം വരച്ചുവയ്‌ക്കുക എന്ന ആശയം നടപ്പാക്കിയത്. അതിനുശേഷം പുരുഷന്മാർ ‘ലക്ഷ്യം’ കണ്ടുതുടങ്ങി; വൃത്തിയാക്കുന്നതിന്റെ ചെലവ് 80 ശതമാനം കുറഞ്ഞു. ഇന്ന് ലോകത്തിലെ 80 രാജ്യങ്ങളിലെ പല ഭീമൻ കോർപറേഷനുകളിലും ആളുകളുടെ പെരുമാറ്റം സൂക്ഷ്മമായി നീരിക്ഷിക്കുന്ന ‘നഡ്ജ് വിഭാഗങ്ങൾ’ പ്രവർത്തിക്കുന്നുണ്ട്. ചുരുക്കത്തിൽ ജനങ്ങൾക്കു തിരഞ്ഞെടുക്കാനുള്ള അവസരം നൽകിക്കൊണ്ട് ഉദ്ദേശ്യപ്രാപ്തി കൈവരിക്കുക എന്നതാണു നഡ്ജ് സിദ്ധാന്തത്തിന്റെ കാതൽ.
ഇത്രയും പറഞ്ഞത് കൈമുട്ടു കൊണ്ട് പള്ളയിൽ മൃദുവായി സ്പർശിച്ച് ലക്ഷ്യം നേടുന്നതിന്റെ വിപരീതം എന്തായിരിക്കും എന്നതിലേക്ക് എത്താനാണ്.
അതു തീർച്ചയായും തലയിൽ കൊട്ടുവടികൊണ്ട് അടിച്ച് കാര്യം കാണുക എന്നതായിരിക്കും. അതിനൊരു ഉദാഹരണമാണ് ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുന്നതിനു തയാറല്ലെങ്കിൽ ആ കാര്യം എഴുതികൊടുക്കണം എന്ന കേരള സർക്കാരിന്റെ ഉത്തരവ്. പ്രളയകാലത്തെ ഒരുമയ്ക്കും ദാന മനഃസ്ഥിതിക്കും പകരം കക്ഷി / യൂണിയൻ രാഷ്ട്രീയത്തിന്റെ ചേരിതിരിവുകളിലേക്കും ഈ ധനസമാഹരണശ്രമം വഴിവച്ചു. അഖിലേന്ത്യാതലത്തിൽ തന്നെ മാധ്യമങ്ങൾ സർക്കാരിനെ വിമർശിച്ചു. ഹൈക്കോടതിയുടെ പഴി കേട്ടു. സംഭാവനയും ചാലഞ്ചും സ്വമേധയാ ചെയ്യേണ്ട പ്രവൃത്തികളായതിനാൽ അതിനു ജീവനക്കാർക്ക് അവസരം നൽകണമായിരുന്നു. ആരെങ്കിലും തയാറായില്ലെങ്കിൽ (ഒരു ഉദാഹരണമെന്ന നിലയിൽ), വീടുവീടാന്തരം നടന്നു, കമ്പിളിപ്പുതപ്പു വിൽക്കുന്ന മധ്യപ്രദേശുകാരൻ വിഷ്ണു 50 കമ്പിളിപ്പുതപ്പ് പ്രളയബാധിതർക്കു നൽകുന്ന പടംവച്ച് ഒരിക്കൽക്കൂടി അഭ്യർഥിക്കുക. തീർച്ചയായും നഡ്ജ് സിദ്ധാന്തത്തിന്റെ വിശേഷജ്ഞർക്ക് ഇതിലും നല്ല പല നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കാൻ ഉണ്ടാകും.
ആഘോഷങ്ങളിലൂടെയുമാകാം നാടിന്റെ അതിജീവനം
2005ലെ കത്രീന ചുഴലിക്കാറ്റിനുശേഷം നിലംപരിചായ അമേരിക്കയിലെ ന്യൂ ഓർലിയൻസിന്റെ പുനർനിർമാണത്തിൽ സംഗീതം വഹിച്ച പങ്ക് വലുതാണ്. കത്രീന നാശംവിതച്ചു കടന്നുപോയി ഒരാഴ്ചയ്‌ക്കകം പ്രസിദ്ധഗായകൻ ഹാരി കോന്നിക്ക് ജൂനിയർ റേഡിയോയിലൂടെ നടത്തിയ ‘ചുഴലിക്കാറ്റ് ദുരന്ത നിവാരണത്തിന് ഒരു സംഗീതസദസ്സ്’ ആണ് കറുത്ത വർഗക്കാർ ഭൂരിപക്ഷമുള്ള ആ നഗരത്തെ ഉയിർത്തെഴുന്നേൽപിന്റെ വഴിയിൽ എത്തിച്ചത്. തുടർന്ന് പല സംഗീതപരിപാടികൾ... പ്രകൃതിദുരന്തത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കുള്ള യാത്രയിൽ മനുഷ്യർക്കു കല വലിയ കൈത്താങ്ങാണ്.
സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള രാജ്യാന്തര ചലച്ചിത്രോൽസവവും കലാമേളയും വിനോദസഞ്ചാരവകുപ്പിന്റെ ആഘോഷങ്ങളും ഒരുവർഷത്തേക്കു മാറ്റിവച്ച് ആ തുക പുനർനിർമാണത്തിനു വിനിയോഗിക്കണമെന്ന സർക്കാർ ഉത്തരവ്, സാധാരണ ജീവിതത്തിലേക്കുള്ള പുനർപ്രയാണത്തിനു വിഘാതമാകുമെന്നു കണ്ടതുകൊണ്ടാകും കായികമേളയെയും കലോത്സവത്തെയും അതിൽ നിന്ന് ഒഴിവാക്കിയത്. അതു നല്ലകാര്യം തന്നെ. പക്ഷേ, വീണ്ടുവിചാരം കാത്തിരിക്കുന്ന മറ്റു പല മേഖലകളുമുണ്ട്.
നാശം വിതച്ച രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോഴാണു കാൻ ചലച്ചിത്രോത്സവം തുടങ്ങിയത്. കാൻ പോലെ, ന്യു ഓർലിയൻസ് പോലെ ഇത്തരം ആഘോഷങ്ങൾ അതിജീവനത്തിന്റെ പ്രഖ്യാപനങ്ങളാണ്. മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾക്കു മേലുള്ള ചെലവിനെക്കാൾ പല മടങ്ങായിരിക്കും അവയിൽ നിന്നുള്ള വരുമാനം. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഐഎഫ്എഫ്കെയിൽ വരുന്ന സന്ദർശകർ ആ ദിനങ്ങളിൽ തിരുവനന്തപുരത്തെ സമ്പദ്‌വ്യവസ്ഥ പുഷ്ടിപ്പെടുത്തുന്നു.
വിനോദസഞ്ചാരമേഖലയിലെ ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധിയെയും ബാധിക്കും. ചുരുക്കത്തിൽ ഒരുവർഷത്തെ ദുഃഖാചരണം ഖജനാവിനു കോട്ടമായി തീരാനാണിട.
പ്രളയം കവർന്നെടുത്തവയിൽ ഈ കലാരൂപവും
ചെറായി മുതൽ അർത്തുങ്കൽ വരെ തീരദേശത്ത് ക്രിസ്ത്യാനികളുടെ ഇടയിൽ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചവിട്ടുനാടകം അറുപതുകളോടടുപ്പിച്ച് നാശോൻമുഖമായി. പ്രധാനകാരണം വേഷഭൂഷണങ്ങളും അരങ്ങും ഒരുക്കുന്നതിനുള്ള ചെലവായിരുന്നു. പല കുടുംബങ്ങളും ചവിട്ടുനാടക ഭ്രാന്തിൽ ദരിദ്രമായി. പിന്നെയൊരുണർവു വന്നത് എം.എ.ബേബി വിദ്യാഭ്യാസമന്ത്രിയായ കാലത്ത് യുവജനോത്സവത്തിൽ ഒരു ഇനമായി ഇത് ഉൾപ്പെടുത്തിയപ്പോഴാണ്. എന്നാൽ അതോടെ, ആശാൻമാരുടെ ശിക്ഷണത്തിൽ ദീർഘകാലം ചുവടും ചൊല്ലും അഭ്യസിച്ചുപോന്ന ചവിട്ടുനാടകം വെറും പത്തുമിനിറ്റ് ദൈർഘ്യമുള്ള കാപ്‌സ്യൂൾ കലാരൂപമായി മാറിയെന്നതു വിരോധാഭാസം. ഈ തീരദേശകലാരൂപത്തിൽ മലപ്പുറത്തെയും മറ്റ് ഉൾനാടൻ പ്രദേശങ്ങളിലെയും കുട്ടികൾ വിജയികളായി. അവർ പഠിച്ചത് പലപ്പോഴും ‘യൂട്യൂബ്’ നോക്കിയായിരുന്നു. എന്നിരുന്നാലും യുവജനോത്സവത്തിൽ ഇനമായ ശേഷം കലാരൂപത്തിനു പുതിയ ഉണർവ് ഉണ്ടായി - പ്രത്യേകിച്ച് അതിന്റെ പരമ്പരാഗതഭൂമിയായ എറണാകുളം ജില്ലയിലെ ദ്വീപുകളിൽ.
കഥകളിക്കു വള്ളത്തോൾ എന്ന പോലെ ചവിട്ടുനാടകത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ശ്രമിച്ച അന്തരിച്ച സെബീനാ റാഫിയുടെ ജന്മസ്ഥലമായതുകൊണ്ടാകാം ഗോതുരുത്തിലും സമീപപ്രദേശങ്ങളിലും അതിന്റെ പഴയ മഹിമയോടെ ചവിട്ടുനാടകം സംരക്ഷിക്കപ്പെടുന്നു. എന്നാൽ ഈ കല നേരിട്ട പ്രളയക്കെടുതി ഭീകരമാണ്. ഗോതുരുത്തിലെ മൂന്നു സംഘങ്ങൾ, കുറുമ്പതുരുത്തിലെ രണ്ടു സംഘങ്ങൾ, തുരുത്തിപുറത്തെ ഒരെണ്ണം എന്നിവയുടെ വിലപിടിച്ച വേഷങ്ങൾ, കിരീടങ്ങൾ, സിംഹാസനങ്ങൾ, സീനറി കർട്ടനുകൾ, ഖഡ്ഗങ്ങൾ, ലൈറ്റുകൾ എന്നിവ പ്രളയമെടുത്തുപോയി.
കേരള സംഗീതനാടക അക്കാദമിയുടെ മുംബൈയിലെ വെസ്റ്റ് സോൺ ഓഫിസും മുംബൈയിലെ കലാസ്നേഹികളും ഈ ആറു സമിതികളുടെ നഷ്ടം നികത്താൻ ധനസമാഹരണം നടത്തുകയാണ്. അടുത്ത സീസണിൽ ചവിട്ടുനാടകം അവതരിപ്പിക്കും എന്ന ദൃഢനിശ്ചയത്തിലാണു കലാകാരന്മാരും. ഈ കഴിഞ്ഞ പ്രളയം പല കൈകളുള്ള നീരാളിയായിരുന്നു. അതിന്റെ ബന്ധനത്തിൽ ഇത്തരത്തിൽ അധികം അറിയപ്പെടാത്ത പല ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട്. വീണ്ടെടുപ്പിനു പൊതുസമൂഹവും മുന്നോട്ടു വരേണ്ടതുണ്ടെന്നു മുംബൈയിലെ സുമനസ്സുകൾ ഓർമിപ്പിക്കുന്നു.
സ്കോർപിയോൺ കിക്ക്: മൊബൈൽ, വാട്സാപ്, എസ്എംഎസ് തുടങ്ങിയ മാർഗങ്ങളിലൂടെയുള്ള മുത്തലാഖും ക്രിമിനൽകുറ്റമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിച്ചു.
യുവതലമുറ: ബ്രേയ്ക്ക്അപ്പിനും ഇതു ബാധകമാക്കണം.