…ഇരുണ്ട കാർമേഘക്കൂട്ടം ഉച്ചസൂര്യനെ തടവിലാക്കി.
നീർപ്പോളകൾക്കിടയിൽപതിയിരുന്ന കുളക്കോഴികൾ കൈതപ്പൊന്തകളിലേക്കു പരക്കം പാഞ്ഞു. കായൽപരപ്പിനു മീതേ, ആകാശത്തിന്റെ കറുത്ത നിഴൽ പരന്നു.
‘സൂര്യൻ ഇത്രനേരം കത്തിക്കാളി നിയ്ക്കുവായിരുന്നല്ലോ?’ സഖാവ് ശേഖരൻ ആകാശത്തേക്കു നോക്കി. ‘മഴയൊന്നു ചാറിയിരുന്നേ ഈ തെളയ്ക്കണ ചൊരിമണ്ണൊന്നു തണുത്തേനെയല്ലോ’
തുലാം പത്തായി.
തുലാമഴ ഇതുവരെ പെയ്തു തുടങ്ങിയിട്ടില്ല.
‘ഇതു പെയ്യണ ലക്ഷണവല്ല കേട്ടാ’,സഖാവ് രാമൻകുഞ്ഞ് വയ്പു പുരയ്ക്കകത്തു നിന്നെത്തി നോക്കി. ‘കാർമേഘങ്ങള് ഏതാണ്ടും എടങ്ങേറു കണ്ടിട്ട് അറച്ചുനിയ്ക്കണ മട്ടൊണ്ട്’.
സഖാവ് ശേഖരന്റെ ഉള്ളൊന്നു കാളി.
പണിക്കരച്ചൻ വന്നു സൂചന തന്നു പോയതാണ്.
‘ പുന്നപ്രേലും കാട്ടൂരും മാരാരിക്കുളത്തും പട്ടാളം വെടിവച്ചു. കൊറേപ്പേരു ചത്തു. അക്കണക്കിനു നമ്മടെ ക്യാമ്പും വളയും. വെടിവയ്പ്പൊണ്ടാകും. നമ്മളീ കൊറേപ്പേരുചാവണ്ടിവരും. ജീവനീ കൊതിയുള്ളോരു നിയ്ക്കണ്ടാ. വേഗം പിരിഞ്ഞുപൊയ്ക്കോ’.
അതുകേട്ടതും ആൾക്കാരൊക്കേം കൂടി ആർത്തുവിളിച്ചു. ‘ ഇല്ലാ ഇല്ലാ, ഞങ്ങളാരും പോവ‍്കേലാ.ജീവിക്കുന്നേ മനുഷ്യരെപ്പോലെ ജീവിക്കണം. ഇല്ലേ മരണമെങ്കീ മരണം…’
(ഉഷ്ണരാശി– ദിവാന്റെ നായാട്ട്)
തുലാമഴ പെയ്യാത്തതിന്റെ ആശങ്കയിലാണ് കെ.വി. മോഹൻകുമാറിന്റെ ഉഷ്ണരാശിയിലെ പോരാട്ടചരിത്രംതുടങ്ങുന്നത്. മറ്റൊരു തുലാമഴയ്ക്ക് മലയാളി കാത്തിരിക്കേ ഉഷ്ണരാശിയെ തേടി വയലാർ പുരസ്കാരമെത്തി. കാലംകാത്തുവച്ച സമ്മാനം. പുന്നപ്ര–വയലാറിന്റെ ചരിത്രം പറഞ്ഞ പുസ്തകത്തിനു തന്നെ വയലാർ പുരസ്കാരം ലഭിച്ചത് ചരിത്രത്തിന്റെ പലതരത്തിലുള്ള ഓർമപ്പെടുത്തൽ കൂടിയാകാം.
‘ഉഷ്ണരാശി–കരപ്പുറത്തിന്റെ ഇതിഹാസം’. നോവലിസ്റ്റ് ഇങ്ങനെയാണു വിശേഷിപ്പിക്കുന്നതെങ്കിലും ഇത്കേരളത്തിന്റെയാകെ ചരിത്രമാണ്. ചരിത്രമുറങ്ങുന്ന മണ്ണിൽനിന്നാണ് അറിയാതെപോയ കുറേജീവിതങ്ങളെ മോഹൻകുമാർ കണ്ടെത്തുന്നത്.
പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതുന്നു.‘ മൗനം കുറ്റകരമാകുന്ന ചില മുഹൂർത്തങ്ങൾ ചരിത്രത്തിലുണ്ട്. അങ്ങനെ മൗനം ശിക്ഷാർഹമായ ഭീരുത്വമായിത്തീർന്ന ഒരുകാലഘട്ടത്തിലൂടെ കടന്നുപോയിരുന്ന എന്റെ ദേശത്തിന്റെ ഉയിർപ്പിന്റെ കഥയാണ് ഉഷ്ണരാശി. കരപ്പുറത്ത് ജനിച്ചുവളർന്ന ഒരെഴുത്തുകാരൻ എന്ന നിലയ്ക്ക് അതെഴുതാതെ പോയാൽ ചരിത്രം എന്നെങ്കിലുമെന്നെ കുറ്റക്കാരനെന്നു വിധിക്കും’.
കുട്ടനാടിന്റെ കഥകൾ തകഴി ശിവശങ്കരപ്പിള്ള എഴുതിയതുപോലെ, കൂടല്ലൂർ എംടിക്കെങ്ങനെയെന്ന പോലെ, മയ്യഴിപ്പുഴയുടെ തീരത്തിരുന്ന് എം.മുകുന്ദൻ പറഞ്ഞ മാന്ത്രികകഥകൾ പോലെയാണ് കെ.വി.മോഹൻകുമാർ പുന്നപ്ര സരമചരിത്രത്തിലേക്ക് വായനക്കാരെ കൊണ്ടുപോയത്. രണ്ടുവർഷത്തെ അധ്വാനമായിരുന്നു കേരളചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന്റെ ഉള്ളറകൾ കണ്ടെത്താൻ അദ്ദേഹം ചെലവിട്ടത്.
കരപ്പുറത്തിന്റെ അറിയാക്കഥകൾ തനിക്കു പറഞ്ഞ തന്ന ഒത്തിരിപ്പേരെ അദ്ദേഹം സ്മരിക്കുന്നുണ്ട്. അതിൽ ആദ്യം കാൽവെള്ളയിൽ സർ സിപിയുടെ പൊലീസിന്റെ ബയണറ്റ് മുനകളേൽപ്പിച്ച വടുക്കളുമായി ചരിത്രത്തിലേക്കു നടന്നുകയറി മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ്.
വെടിയുണ്ടകൾ അടയാളമിട്ട ഓർമകളുമായി ജീവിക്കുന്ന അറവുകാട്ടെ പി.കെ. തങ്കപ്പന്, വയലാറിൽ വാരിക്കുന്തവുമേന്തി പട്ടാളത്തെ നേരിട്ട മേസ്തിരി കരുണാകരന്, റൗഡിത്തലവൻ മത്തേപ്പറമ്പിൽ നാരായണനെതിരെ പടനയിച്ച അടിവായ്ക്കൽ വാസുവിന്, ഒളതലക്യാംപിൽ കൊറിയർ മറ്റത്തിൽ ഗംഗാധരന്, വയലാറിന്റെ പട്ടാളത്തിന്റെ വരവുതടയാൻ മുഹമ്മ അയ്യപ്പന്റെ വലംകയ്യായി നിന്ന മാരാരിക്കുളം പാലം പൊളിക്കാൻ മുന്നിട്ടിറങ്ങിയ സി.കെ.കരുണാകരന്, മേനാശേരിയിലെ വിപ്ലവനക്ഷത്രം അനഘാശയൻ അണ്ണൻ,നിലവറയിലെ വെടിവയ്പിനെ അതിജീവിച്ച നാൽവരിൽ അവശേഷിക്കുന്ന ഒരേയൊരു രാഘവന്, പുന്നപ്ര–വയലാർ സ്മരണകൾക്ക് ഈണം പകരുന്ന മേദിനിക്ക്… എന്നിങ്ങനെ ഒത്തിരിപേർക്ക് അദ്ദേഹം നന്ദിപറയുന്നുണ്ട്–ഒരിക്കലും മറക്കാത്ത ഓർമകൾ പങ്കുവച്ചതിന്..
പത്രപ്രവർത്തനത്തിലൂടെയായിരുന്നു കെ.വി.മോഹൻകുമാറിന്റെ ഔദ്യോഗിക തുടക്കം. മലയാള മനോരമയിലും കേരളകൗമുദിയിലും ഒരു പതിറ്റാണ്ട് പ്രവർത്തിച്ച ശേഷമാണ് ഐഎഎസ് ലഭിക്കുന്നത്. ഔദ്യോഗികതിരക്കുകൾക്കിടയിലും അക്ഷരലോകത്തെ അദ്ദേഹം കൈവിട്ടില്ല. ഒത്തിരി കൃതികൾ ഇതിനകംഎഴുതി. അതിൽ ശ്രദ്ധേയമായവയാണ് ജാരവൃക്ഷത്തിന്റെ തണൽ, ശ്രാദ്ധശേഷം, ഹേ രാമ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, പ്രണയത്തിന്റെ മൂന്നാംകണ്ണ് എന്നിവ.
.. ടോൾസ്റ്റോയ് മാർഗിലെ നടപ്പാതയിലൂടെ, വേപ്പുമരങ്ങളുടെ തണൽപ്പറ്റി നടക്കുന്നതിനിടെയാണ് അച്ഛനത്പറഞ്ഞത്: അപൂ,നീ എഴുതണം. നീയൊരുഎഴുത്തുകാരിയായി കാണാനാണ് അച്ഛനിഷ്ടം. ബിൽമിത്രയെ പോലെ , ബിഭൂതി ഭൂഷണെ പോലെ, നമ്മുടെ മാധവിക്കുട്ടിയെ പോലെ, വിജയനെ പോലെ, മുകുന്ദനെ പോലെ…
ദില്ലിയിലെ ക്യാംപസിൽ അച്ഛൻ അവസാനമായി വന്ന ദിവസം. ജന്തർമന്ദറിനു മുന്നിലെ വഴിവാണിഭക്കാരോടു വാങ്ങിയ പൊരിച്ച ചോളത്തിന്റെ ചൂടാറിയിരുന്നില്ല.
‘എഴുതാനാവുമെങ്കിൽ.. എന്നെങ്കിലുമൊരിക്കൽ എന്റെ മോളവിടെ പോകണം. ആ ഐതിഹാസികമായ പോരാട്ടത്തെക്കുറിച്ചെഴുതണം. അച്ഛന്റെ നടക്കാതെ പോയ മോഹമാണത്…’
സഖാവ് സത്യദാസിന്റെ മകൾ അപരാജിതയിലൂടെ സമകാലികതയെ ചരിത്രവുമായി ബന്ധപ്പെടുത്തിയാണ് കരപ്പുറത്തിന്റെ കഥ പറയുന്നത്. നോവലിന്റെ ആദ്യ അധ്യായത്തിനു മുൻപേ പൂജ്യത്തിൽ നിന്നുള്ള തുടക്കം. ഒന്നിനു മുൻപേയുള്ള പൂജ്യം. സംസ്കൃത നാടകത്തിലെല്ലാമുള്ള നാന്ദിപോലെയാണ് മോഹൻകുമാർ ഈയൊരു രചനാരീതി അവലംബിച്ചിരിക്കുന്നത്. ദേശങ്ങൾക്കപ്പുറത്തുനിന്ന് അപരാജിതയെത്തുന്നു, മറന്നുപോകുമായിരുന്ന പലതിനെയും ഓർമ്മപ്പെടുത്താൻ. എല്ലാം മറക്കാൻ എളുപ്പമാണല്ലോ, ഓർമിപ്പിക്കാൻ ആരെങ്കിലുമുണ്ടെങ്കിലേ നമ്മുടെ ചരിത്രങ്ങൾ അവശേഷിക്കുകയുള്ളൂ എന്നൊരു ഓർമ്മപ്പെടുത്തൽകൂടിയുണ്ട് നോവലിൽ. കമ്യൂണിസ്റ്റ് ചരിത്രം മറന്നുകൊണ്ട് മുന്നേറുന്ന പലരെയും ഓർമപ്പെടുത്തുന്നതാണ് അപരാജിതയുടെ അച്ഛന്റെ വാക്കുകൾ. ആ വാക്കുകൾക്കിപ്പോൾ വയലാർ അവാർഡിന്റെ സുഗന്ധം.