ഈ വർഷത്തെ വയലാർ പുരസ്‌കാരത്തിനു എഴുത്തുകാരൻ യു കെ കുമാരൻ അർഹനായി. തക്ഷൻകുന്ന് സ്വരൂപം എന്ന കൃതിക്കാണ് പുരസ്കാരം. ഗ്രാമീണ നാഗരിക ജീവിതത്തിലെ ഇഴുകിച്ചേരലുകളാണ് നോവലിന്റെ പ്രമേയം. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലിൽ ഗ്രാമത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കടന്നുവരുന്നു. ഏറ്റവും പുതിയ രാഷ്ട്രീയ പ്രബുദ്ധതയോട് അടുത്തുനിൽക്കാനുള്ള താത്പര്യം ഇവിടുത്തെ ഗ്രാമീണർ കാണിക്കുന്നു. ഗ്രാമത്തിനു പുറത്തു പോകാത്ത ഗ്രാമീണർ പതിയെ നാഗരിക ജീവിതവുമായി ഇഴുകിചേരുകയും, അടിസ്ഥാനപരമായ ഗ്രാമീണമൂല്യങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ നാഗരികതയെ വരിക്കുകയും ചെയ്യുന്നതാണ് നോവലിന്റെ പ്രമേയം.
വലയം, ഒരിടത്തുമെത്താത്തവര്‍, ആസക്തി, പുതിയ ഇരിപ്പിടങ്ങള്‍, പാവം കളളന്‍, ഒറ്റക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്, റെയില്‍പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു എന്നിവ യു.കെ. കുമാരന്റെ പ്രധാന കൃതികളാണ്.
തക്ഷൻകുന്ന് സ്വരൂപത്തിന് 2012-ലെ വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം, 2014-ലെ ചെറുകാട് അവാർഡ് എന്നിവയും ലഭിച്ചു.