നൈനിറ്റാളിൽ വിമല കാത്തിരിക്കുന്നു, സുധീർകുമാർ മിശ്ര എന്ന കാമുകനെ...
വിമല എന്ന മുപ്പത്തൊന്നുകാരി കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് പിരിഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ സംഗമത്തെ... നൈനിറ്റാളിലെ സ്കൂളിൽ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന വിമല ഹോസ്റ്റിൽ തനിക്ക് കീഴിൽ പാർക്കുന്ന 43
വിമല എന്ന മുപ്പത്തൊന്നുകാരി കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് പിരിഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ സംഗമത്തെ... നൈനിറ്റാളിലെ സ്കൂളിൽ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന വിമല ഹോസ്റ്റിൽ തനിക്ക് കീഴിൽ പാർക്കുന്ന 43
വിമല എന്ന മുപ്പത്തൊന്നുകാരി കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് പിരിഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ സംഗമത്തെ... നൈനിറ്റാളിലെ സ്കൂളിൽ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന വിമല ഹോസ്റ്റിൽ തനിക്ക് കീഴിൽ പാർക്കുന്ന 43
വിമല എന്ന മുപ്പത്തൊന്നുകാരി കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് പിരിഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ സംഗമത്തെ...
നൈനിറ്റാളിലെ സ്കൂളിൽ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന വിമല ഹോസ്റ്റലിൽ തനിക്ക് കീഴിൽ പാർക്കുന്ന 43 പെൺകുട്ടികളും അവധിക്കാലം ആഘോഷിക്കുവാൻ പോകുമ്പോഴും, എവിടേക്കും പോകുന്നില്ല. കുന്നിറങ്ങിപോകുന്ന ചോക്ലേറ്റ് നിറത്തിൽ കവിളുള്ള രശ്മി വാജ്പേയി എന്ന അവസാന പെൺകുട്ടിയെയും വെള്ളാരം കണ്ണുകളുള്ള അവളുടെ കാമുകനെയും നോക്കി നിൽക്കുന്ന വിമല...! അവിടെ നിന്ന് അവൾ നടന്നു കയറിയത് കസേരകളിലും പെട്ടിപ്പുറത്തുമായി ചിതറിക്കിടക്കുന്ന സാരികൾ നിറഞ്ഞ മുറിയിലേക്ക് മാത്രമല്ല. മഞ്ഞ് എന്ന വാക്ക് കേൾക്കുമ്പോൾ വിമല എന്ന ഓർത്തു പോകുന്ന ആയിരക്കണക്കിന് ഹൃദയങ്ങളിലേക്കാണ്.
ഏകാന്തതകളുടെയും സംഘർഷം നിറഞ്ഞ മനസ്സുകളുടെയും അഭയകേന്ദ്രമാണ് 'മഞ്ഞ്'. എംടി കോരുത്തിട്ട വാക്കുകളിലെ സ്ത്രീകളെല്ലാം ഹൃദയത്തിൽ ഇടം പിടിക്കുവാൻ സമർത്ഥരാണെങ്കിലും വിമലയുടെ കാര്യം പ്രത്യേകത നിറഞ്ഞതാണ്. കാത്തിരിപ്പിന്റെ ദുരൂഹതയെ വാരി പുണർന്നു നിൽക്കുന്ന വിമലയെ കണ്ടുമുട്ടിയവരെല്ലാം ആ കാത്തിരിപ്പിൽ അവൾക്കു കൂട്ടായി നൈനിറ്റാളിൽ തുടരുകയാണ്. കഴിഞ്ഞ അറുപത് വർഷമായി... 1964ൽ പ്രസിദ്ധീകരിച്ച നോവൽ അറുപത് വർഷമായി വായനക്കാരുടെ മനസ്സിൽ നിലം തൊടാത്ത ഒരു ഓർമയായി പോന്തി നിൽക്കുന്നു.
സ്നേഹം തേടിയലഞ്ഞ പുഷ്പാ സർക്കാർ രാജി വെച്ച ഒഴിവിലേക്കാണ് വിമല അധ്യാപികയായി എത്തുന്നത്. വാര്‍ഡനായി ജോലി ചെയ്യുന്ന ഹോസ്റ്റലിൽ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്താൽ എത്താവുന്ന സ്വന്തം വീട്ടിലേക്ക് വിമല പോകാത്തത് അവിടെ തനിക്കായി ഒന്നുമില്ല എന്ന അറിവിനാലാണ്. അച്ഛന്‍ പിണങ്ങിപ്പോയ നാട്ടില്‍, പാടം കടന്ന് പൊടിമണൽ നിറഞ്ഞ വെട്ടുവഴിയിലൂടെ അമ്പലത്തിൽ പോയിരുന്ന പെൺകുട്ടിയല്ല അവളിപ്പോൾ. ചൂതുകളിയ്ക്കായി പണം ആവശ്യപ്പെടുന്ന അനിയന്‍, വേലക്കാരൻ വഴി കാമുകന് കത്തുകൾ കൈമാറുന്ന അനുജത്തി എന്നിവർ മാത്രമല്ല, വീട്ടിലേക്ക് പോകാൻ ഇഷ്ടപ്പെടാത്ത അവൾക്ക് ആൽഫ്രഡ് ഗോമസ് എന്ന കാമുകനൊടുത്ത് സമയം ചിലവഴിക്കുന്ന അമ്മയും നല്ല ഓർമ്മയല്ല. അമിത കണിശക്കാരനായിരുന്ന അച്ഛൻ വീണുപോയതോടെ ശിഥിലമായ കുടുംബം ആകെ കാത്തിരിക്കുന്നത് ഇമകൾ മാത്രം ചലിപ്പിക്കുവാൻ കഴിയുന്ന ആ മനുഷ്യന്റെ മരണമാണ്. മകൾ ജീവിതത്തിനായി കാത്തിരിക്കുമ്പോള്‍ അച്ഛൻ മരണത്തിനായി കാത്തുകിടന്നു...
അമർസിങ് എന്ന കാവൽക്കാരനോട് യാത്ര പറഞ്ഞ്, ഇളം മഞ്ഞ സാരിയുടുത്ത് താഴ്‌വാരം താണ്ടി, നിരവധി പരുക്കുകളേറ്റ മേയ്ഫ്ലെവർ എന്ന തോണിക്കരികിലെത്തുന്നു വിമല. പിതാവായ ഖോരസാഹിബിനെ ഒന്നു ദൂരെ നിന്നെങ്കിലും കാണുവാൻ ആഗ്രഹിക്കുന്ന ബുദ്ദു, മറ്റൊരു കാത്തിരിപ്പാണ്. നിറം മങ്ങിയ ഒരു ചിത്രവുമായി, വെള്ളാരം കണ്ണുകളും ചെമ്പൻ മുടിയും മുഖത്ത് പുള്ളിക്കുത്തുമുള്ള ആ പതിനെട്ടുകാരൻ എന്റെ... എന്റെ... എന്ന് ചൊല്ലി പൂർത്തിയാക്കാനാകാതെ പോകുന്നത് വർഷങ്ങളായിട്ടുള്ള അവന്റെ തിരച്ചിലാണ്. തന്റെയുള്ളിലെ മഞ്ഞാണ് അവൻ ഉരുക്കി വാക്കുകളായി പുറത്തുവിടുന്നതെന്ന് മനസ്സിലാക്കിയ വിമലയും പറയുന്നു, "എനിക്കും ഒന്ന് കണ്ടാൽ മതി..."
ലോകം മുഴുവൻ കാത്തിരിക്കുകയാണ്, കാലത്തിന്റെ മഞ്ഞുരുകുവാൻ. അതേ പോലെ തന്നെയാണ് ജീവിതത്തിന്റെ നിറം ബാക്കിയാക്കി ആകെ പതിനഞ്ചു ദിനങ്ങള്‍ മാത്രം മുന്നിലുള്ള സര്‍ദാര്‍ജിയും. സന്ദർശകമായി നൈനിറ്റാളിലെത്തിയ അദ്ദേഹം ഒറ്റപെടലിന്റെ മറ്റൊരു സങ്കീർണതയാണ്. നിഷേധിക്കപ്പെടും എന്നറിഞ്ഞുകൊണ്ടു തന്നെ സ്നേഹം തുറന്നു പറഞ്ഞ്, ഒടുവിൽ കടം ചോദിച്ച ഒരു സായാഹ്ന സവാരി ബാക്കിയുണ്ടെന്ന് വിമലയെ ഓർമ്മിപ്പിച്ച് കടന്നു പോകുന്ന സര്‍ദാര്‍ജി...!
"ഓ പരിഭ്രമിക്കാൻ ഒന്നുമില്ല, വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല, ഒരു ബന്ധവും സങ്കൽപ്പിക്കാതെ, വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്" എന്ന അദ്ദേഹത്തിന്റെ വാചകം തൊടുത്തു വിട്ട പ്രണയശരം തലമുറകളെയാണ് വലച്ചു കളഞ്ഞത്. പ്രണയമില്ലാത്തവരും ഈ കാത്തിരിപ്പുകൾ മനസ്സിലാക്കി, മഞ്ഞുകാലത്തെ തോൽപിച്ച് നദിയിലേക്ക് നോക്കി നിൽക്കുന്ന അവരെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.
1955 മേയ് 19. സുധീറിനെ വിമല ഓർത്തു വെയ്ക്കുന്ന തീയതിയാണ് അത്. തന്റെ മനസ്സിലേക്കും ശരീരത്തിലേക്കും കടന്നു കയറി, മറഞ്ഞ അയാൾ അവസാന ദിവസം സമ്മാനമായി നൽകിയ മ്യൂസിക് നോട്ട്സ് തുന്നി പിടിപ്പിച്ച പിങ്ക് സ്വെറ്റര്‍ ഒരിക്കൽ പോലുമിടാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് അവൾ. ആദ്യ പേജിൽ അയാൾ ഒപ്പിട്ട കവിതാപുസ്തകം എപ്പോഴും നോക്കി നോക്കി പുറംച്ചട്ട അടർന്നുപോയിരിക്കുന്നു.
കാത്തിരിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം പലപ്പോഴും 'മഞ്ഞിനു' നേരെ ഉയരാറുണ്ട്. അത് പരിശുദ്ധിയുടെയോ പ്രണയത്തിന്റെയോ പ്രശ്നമല്ല, വ്യക്തിപരമായ വ്യത്യാസങ്ങളുടേതാണ്. രശ്മി വാജ്പേയി, പുഷ്പാ സർക്കാർ, അമ്മ എന്നിവരുടെ സ്നേഹസങ്കൽപങ്ങള്‍ വിമലയിൽ നിന്ന് വ്യത്യസ്തമാണ്. അതിനെ അംഗീകരിക്കുന്നതിനൊപ്പം തന്റേത് മാത്രമായ പ്രണയതീരുമാനത്തെയും വിമല വില കൽപ്പിക്കുന്നു. "വരും വരാതിരിക്കില്ല..." എന്നു ചൊല്ലി കാലത്തെ തോൽപ്പിക്കുന്ന സ്നേഹസാഗരങ്ങൾ ഭൂമിയിലുണ്ട് എന്ന ഓർമ്മയാണ് 'മഞ്ഞ്'. ഏത് യുഗത്തിലും ഇത്തരം മനുഷ്യരുണ്ട്. അവരിൽ ഒരാളായി വിമല സാഹിത്യത്തിൽ പിറന്നുവെന്ന് മാത്രം. ഇനിയും 'മഞ്ഞ്' വായിക്കപ്പെടും. സാരികൾ നിറഞ്ഞ മുറിയിൽ ജാലകം തുറന്നിട്ട്, ഗിരിശൃംഗങ്ങളുടെ ശബ്ദനിശബ്ദതകൾക്ക് കാതോർത്തുക്കൊണ്ട് വിമല നൈനിറ്റാളിലുണ്ടാകും...!