സാഹിത്യമെന്നതു സാമൂഹികജീവിതത്തിൽനിന്നു മാറിനിൽക്കുന്ന ഒന്നല്ലെന്നു ജയരാജ് വിശ്വസിച്ചു. ഇടതുരാഷ്ട്രീയത്തിന്റെ വഴിതെറ്റലുകളെക്കുറിച്ചും വ്യാജമായും പിന്നെ ദുരന്തമായുമുള്ള അതിന്റെ ആവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു.

സാഹിത്യമെന്നതു സാമൂഹികജീവിതത്തിൽനിന്നു മാറിനിൽക്കുന്ന ഒന്നല്ലെന്നു ജയരാജ് വിശ്വസിച്ചു. ഇടതുരാഷ്ട്രീയത്തിന്റെ വഴിതെറ്റലുകളെക്കുറിച്ചും വ്യാജമായും പിന്നെ ദുരന്തമായുമുള്ള അതിന്റെ ആവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യമെന്നതു സാമൂഹികജീവിതത്തിൽനിന്നു മാറിനിൽക്കുന്ന ഒന്നല്ലെന്നു ജയരാജ് വിശ്വസിച്ചു. ഇടതുരാഷ്ട്രീയത്തിന്റെ വഴിതെറ്റലുകളെക്കുറിച്ചും വ്യാജമായും പിന്നെ ദുരന്തമായുമുള്ള അതിന്റെ ആവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയം പ്രമേയമാകുന്ന കഥകൾ ഏറെയുണ്ടെങ്കിലും കഥാശരീരമാകെ രാഷ്ട്രീയോൻമുഖമാകുകയും വികാരവിചാരങ്ങൾ പോലും ഒരുതരം രാഷ്ട്രീയപ്രവർത്തനമാകുകയും ചെയ്യുന്ന തരം രചനകൾ മലയാളത്തിൽ കുറവാണ്. എം. സുകുമാരൻ, പട്ടത്തുവിള തുടങ്ങി വളരെക്കുറച്ചുപേർ മാത്രമാണ് ഈ നിഷ്ഠ വച്ചുപുലർത്തുകയും കെട്ടുകാഴ്ചയെന്ന നിലയിൽ കഥകളെ കാണാതിരിക്കുകയും ചെയ്തത്. സൗന്ദര്യസന്ദർഭങ്ങളെന്നതിനെക്കാൾ രാഷ്ട്രീയമായ പൊയ്ത്തിരിച്ചറിവുകളിലേക്കുള്ള ശ്രമങ്ങളായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഓരോ കഥയും. ആത്മവിചാരണകളുടെയും സത്യസന്ധമായ ഏറ്റുപറച്ചിലുകളുടെയും പശ്ചാത്താപങ്ങളുടെയും കറകളഞ്ഞ മുഹൂർത്തങ്ങൾ അവരുടെ രചനകളിലുണ്ടായിരുന്നു. ആ കൂട്ടത്തിലാണ് യു. പി. ജയരാജിന്റെയും സ്ഥാനം. ‘തെയ്യങ്ങളി’ലെ ഗുളികൻപോലും അപാരമായ ഊർജമുള്ള രാഷ്ട്രീയ ഉൺമയായി മാറുന്നുവെന്നു സൂക്ഷ്മമായ വായനയിൽ അറിയാം. സാഹിത്യമെന്നതു സാമൂഹികജീവിതത്തിൽനിന്നു മാറിനിൽക്കുന്ന ഒന്നല്ലെന്നു ജയരാജ് വിശ്വസിച്ചു. ഇടതുരാഷ്ട്രീയത്തിന്റെ വഴിതെറ്റലുകളെക്കുറിച്ചും വ്യാജമായും പിന്നെ ദുരന്തമായുമുള്ള അതിന്റെ ആവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. വിശ്വസിച്ചിരുന്ന രാഷ്ട്രീയത്തിലുള്ള പ്രത്യാശാനഷ്ടത്തിന്റെ സൂചനകൾ ചില കഥകൾ തരുന്നുണ്ട്.

പ്രതിരോധവകുപ്പിനു കീഴിലെ ആയുധനിർമാണശാലയിൽ ജോലിചെയ്യുമ്പോഴാണ്, ‘മഞ്ഞ്’ എന്ന അടിയന്തരാവസ്ഥാവിരുദ്ധ കഥയെഴുതാൻ ഈ എഴുത്തുകാരൻ അസാമാന്യമായ ധീരത പ്രകടിപ്പിച്ചത്. ‘‘പുറത്ത് കൊടുംശൈത്യമുണ്ട്. മഞ്ഞുണ്ട്, ശവംതീനികളായ ഡിറ്റൻഡർ പക്ഷികളുണ്ട്, എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനഃസ്‌ഥൈര്യത്തോടെ നേരിടുകയും പരാജയങ്ങൾക്കു മുന്നിൽ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൗരുഷവും കൂസലില്ലായ്‌മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളിൽ പിന്നെയും പൊട്ടിച്ചിതറുകയാണ്’’. ‘മഞ്ഞി’ൽ കഥാകൃത്ത് ദുരൂഹതകളുടെ പേടകത്തിൽ അർഥങ്ങളെയൊന്നും ഒളിപ്പിച്ചുവച്ചില്ല. ആത്മവഞ്ചന ശീലിക്കാത്ത ഭാവുകത്വബലമുള്ള വായനക്കാർക്കു കാര്യം പിടികിട്ടി. വിദൂരമായ ആകാശച്ചെരിവുകളിൽനിന്നും ഇരപിടിക്കുന്ന പൂച്ചയുടെ നിശ്ശബ്ദജാഗ്രതയോടെ സാവധാനം മലനിരകളിലേക്ക് ഊർന്നിറങ്ങിയ മഞ്ഞിന്റെ പടലങ്ങൾ സമഗ്രാധിപത്യത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും അധികാരപ്രമത്തതയുടെയുമായിരുന്നു എന്നതു വ്യക്തം. ‘മഞ്ഞ്’ വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന ഉടൻ കെ. പി. ശങ്കരൻ അതേക്കുറിച്ച് എഴുതിയിരുന്നു: ‘ഉദ്ബുദ്ധരാക്കുക മാത്രമല്ല, ജയരാജിന്റെ കഥ ചെയ്യുന്നത്. പിന്നെയോ, ഈ മഞ്ഞിനെതിരെ അദൃശ്യമായ പൗരുഷത്തിന്റെ പുഞ്ചിരി ഉള്ളിൽ പൊട്ടിച്ചിതറിക്കുക കൂടിയത്രെ. ഇതിനു പാകത്തിൽ ശൈലിയിൽ ആദ്യന്തം ഈ കഥ പാലിക്കുന്ന സ്വച്ഛമായ ശക്തി സ്തുത്യർഹംതന്നെ’. ‘ആണത്തത്തിന്റെ ഒരു തീനാള’മെന്നാണ് അദ്ദേഹം മഞ്ഞിനെ വിശേഷിപ്പിച്ചത്.

ADVERTISEMENT

അപായസൂചനകൾ കാര്യമാക്കാതെ ഇരുന്നിട്ട് ഒടുവിൽ അടിയന്തരാവസ്ഥയുടെ പാതിരാത്രിയിൽ പൗരാവകാശങ്ങൾ കീറിമുറിക്കപ്പെടുമ്പോൾ നിശ്ശബ്ദസാക്ഷികളാകേണ്ടി വന്നൊരു ജനതയുടെ ഹതവിധി മുനക്കൂർപ്പുള്ള ഗദ്യത്തിൽ ജയരാജ് പകർന്നുവച്ചു. സമഗ്രാധിപത്യത്തിന്റെ പിടിയിലമരുന്ന ഏതു ദേശത്തെയും ജനതയ്ക്ക് അനായാസം മനസ്സിലാകുന്ന സാർവദേശീയമായൊരു സ്വരമാണ് ആ കഥയ്ക്കുള്ളത്. ഒളിച്ചുകടത്തൽ ജയരാജിന്റെ രീതിയോ വഴിയോ ആയിരുന്നില്ല. ശിശിരനിദ്രയിൽനിന്നു മലയാളകഥയെ നടുക്കിയുണർത്തുകയായിരുന്നു യു. പി. ജയരാജിന്റെ കഥകൾ. കഥാകൃത്തിനെപ്പോലെ ആ കഥകളും മാനസികവും ശാരീരികവുമായ വൃദ്ധത്വത്തെ ഭയക്കുകയും സദാ യൗവ്വനോർജത്തെ നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്തു. നിരന്തരം വ്യായാമം ചെയ്ത‍ു ദൃഢമായി ശരീരത്തെ നിലനിർത്താൻ സൂക്ഷ്മത കാണിച്ച കഥാകൃത്ത്, തന്റെ കഥകളിലും അരാഷ്ട്രീയമായ ബലഹീനതകൾ വച്ചുപൊറുപ്പിച്ചില്ല. 

യു. പി. ജയരാജ്, Image Credit: Special Arrangement

രാഷ്ട്രീയമെഴുതുക മാത്രമായിരുന്നില്ല, രാഷ്ട്രീയമായി എഴുതുക കൂടിയായിരുന്നു ജയരാജ്. ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹികശാസ്ത്രത്തിലേക്കുമെല്ലാം ജാഗ്രതയോടെ നോക്കുകയും അവ പകർന്ന സൂക്ഷ്മപാഠങ്ങളെ ഉൾക്കൊള്ളാൻ സദാ സന്നദ്ധത പുലർത്തുകയും ചെയ്തു. പാർക്കിലെ ബെഞ്ചിൽ അടുത്തിരിക്കുന്നൊരാളോടു സംസാരിക്കുന്നതുപോലെയോ അടുത്ത സുഹൃത്തിനെഴുതുന്ന കത്തുപോലെയോ ഹൃദ്യവും അടുപ്പം തോന്നിക്കുന്നതുമായിരുന്നു ജയരാജ് എഴുതിയ കഥകളോരോന്നും. അത് പ്രഘോഷണങ്ങളാകാൻ പരിശ്രമിച്ചില്ല. പ്രിയപ്പെട്ടവരോടുള്ള സംവാദങ്ങളാകാനാണു തുനിഞ്ഞത്. സൂക്ഷ്മസംവേദിയായ ഏതു വായനക്കാരനും അതു തന്നോടുള്ള സംസാരമായി തോന്നിയെന്നിടത്താണ് ജയരാജ് എന്ന കഥാകൃത്ത് വിജയിക്കുന്നത്. 

ADVERTISEMENT

1968ൽ പതിനെട്ടാം വയസ്സിൽ ആദ്യകഥ പ്രസിദ്ധീകരിച്ച ജയരാജ് 49–ാം വയസ്സിൽ വിടപറയുവോളം എഴുതിയ കഥകളെല്ലാം കൂട്ടിയാലും അറുപതിനപ്പുറം പോകില്ല. ആ കഥകളിൽ നിറഞ്ഞിരുന്ന തീവ്രരാഷ്ട്രീയാഭിമുഖ്യമാകട്ടെ സമൂഹത്തിൽനിന്നു തിരോഭവിക്കുകയും ചെയ്തു. എന്നിട്ടും യു. പി. ജയരാജ് എന്ന കഥാകൃത്ത് പുതിയ തലമുറയിലും വായിക്കപ്പെടുന്നുണ്ടെങ്കിൽ അത് ആത്മാർഥത നിറഞ്ഞ തെളിഞ്ഞ ആഖ്യാനം കൊണ്ടാണ്. രൂപത്തിൽ ഭ്രമിക്കുകയും പരീക്ഷണങ്ങളിൽ ആണ്ടുമുഴുകുകയും ചെയ്ത ഒരെഴുത്തുകാരനായിരുന്നില്ല അദ്ദേഹം. അസ്തിത്വവ്യഥകളുടെ കഥകൾ ഫാഷനായിരുന്ന കാലത്തു ജയരാജ് തന്റെ വഴിയേതെന്നു നേരത്തേതന്നെ തിരിച്ചറിഞ്ഞ‍ു. അതു രാഷ്ട്രീയമായ ആത്മപരിശോധനകളുടെയും പോരാട്ടങ്ങളുടെയും പ്രത്യാശകളുടെയും വഴിയായിരുന്നു; ജീവിതനിഷേധത്തിന്റെ വഴിയായിരുന്നില്ല. ‘ഓക്കിനാവയിലെ പതിവ്രതകൾ’ നമ്മെ വിഴുങ്ങുന്ന ആസക്തികളിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. ‘ജീവിതം ഒരു ഏകദിന ക്രിക്കറ്റ് മത്സരം പോലെ ഉദ്വേഗപൂർണമായ’ ഓക്കിനാവ. കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘മറ്റുള്ളവർക്ക് എന്തു സംഭവിക്കുന്നു എന്നു തെല്ലും പരിഗണിക്കാതെ ഒരു ജന്മത്തിൽ സാധ്യമാകുന്ന പരിധിയില്ലാത്ത സുഖഭോഗങ്ങൾ ആകെയും അനുഭവിച്ചുതീർക്കാൻ വെമ്പൽപൂണ്ട ഓക്കിനാവ, നിശ്ചയം ഇന്നല്ലെങ്കിൽ നാളെ ഈ ഉപബോധഭീതികളെയും അതിജീവിക്കുക തന്നെ ചെയ്യും. വി ഷാൽ ഓവർകം. വി ഷാൽ ഓവർകം സം ഡേ. ഓക്കിനാവയിൽ പതിവ്രതകൾ പാടുന്നു.

1972ൽ എഴുതിയ ‘സഞ്ചാരി പറഞ്ഞ കഥകൾ’ തുടങ്ങുന്നതു നോക്കൂ: ‘ഞങ്ങളുടെ വിഷാദചിന്തകളിൽ ഇതൾ വിരിയുന്ന ജനിമൃതികളെപ്പറ്റിയുള്ള ഈ സന്ദേഹങ്ങൾ. ഏതു ദിശയിലേക്കു സഞ്ചരിച്ചാലും മരണത്തിലേക്കുമാത്രം ഞങ്ങളെ കൊണ്ടെത്തിക്കുന്ന കാലത്തിന്റെ ഈ ഇരുണ്ട പാതകൾ’. അസ്തിത്വസന്ദേഹങ്ങളുടെ വഴിയേയാണു കഥ സഞ്ചരിക്കുന്നതെന്നു തോന്നാം. എന്നാൽ അതു തീരുന്നത് ഇങ്ങനെയാണ്: ‘ഇരുണ്ട സന്ധ്യകളേ വിട! സത്യത്തിന്റെ അചുംബിതമായ പാതകൾ ഞങ്ങളുടെ പാദപതനശബ്ദം കാതോർത്തുകിടക്കുന്നു’. നിഷേധാത്മകതയിലേക്കു വഴുതി വീഴാതിരിക്കുകയും വീണാൽ ഉയിർക്കുകയും ചെയ്യുന്ന പ്രസാദാത്മകത ജയരാജ് കഥകളുടെ മുഖമുദ്രയായിരുന്നു. ഏതിരുട്ടിലും രാഷ്ട്രീയശരിയുടെ വഴി തെറ്റാത്ത കഥാകൃത്തായിരുന്നു ജയരാജ്.

English Summary:

Remembering writer U. P. Jayaraj and his works

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT