അഴീക്കോട് എന്ന ആഞ്ഞടിക്കുന്ന ശബ്ദം; പ്രഭാഷണമെന്ന സുകുമാരകല
‘സാംസ്കാരികനായകൻ’ എന്ന വാക്ക് സുകുമാർ അഴീക്കോടിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ ആ വാക്കിന് ഇന്നുള്ള അർഥം സിദ്ധിച്ചത് അഴീക്കോട് വേദിയിൽ അവതരിച്ചതോടെയാണ്. ആ വാക്കിനൊരു പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ അത് സദസ്സിലേക്കു വിരലുകൾ ചൂണ്ടി പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിന്റേതാകും.
‘സാംസ്കാരികനായകൻ’ എന്ന വാക്ക് സുകുമാർ അഴീക്കോടിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ ആ വാക്കിന് ഇന്നുള്ള അർഥം സിദ്ധിച്ചത് അഴീക്കോട് വേദിയിൽ അവതരിച്ചതോടെയാണ്. ആ വാക്കിനൊരു പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ അത് സദസ്സിലേക്കു വിരലുകൾ ചൂണ്ടി പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിന്റേതാകും.
‘സാംസ്കാരികനായകൻ’ എന്ന വാക്ക് സുകുമാർ അഴീക്കോടിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ ആ വാക്കിന് ഇന്നുള്ള അർഥം സിദ്ധിച്ചത് അഴീക്കോട് വേദിയിൽ അവതരിച്ചതോടെയാണ്. ആ വാക്കിനൊരു പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ അത് സദസ്സിലേക്കു വിരലുകൾ ചൂണ്ടി പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിന്റേതാകും.
‘സാംസ്കാരികനായകൻ’ എന്ന വാക്ക് സുകുമാർ അഴീക്കോടിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ ആ വാക്കിന് ഇന്നുള്ള അർഥം സിദ്ധിച്ചത് അഴീക്കോട് വേദിയിൽ അവതരിച്ചതോടെയാണ്. ആ വാക്കിനൊരു പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ അത് സദസ്സിലേക്കു വിരലുകൾ ചൂണ്ടി പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിന്റേതാകും. ‘സാംസ്കാരികനായകനെ’ ഇംഗ്ലിഷിലേക്ക് എങ്ങനെ മൊഴിമാറ്റും എന്നതൊരു വെല്ലുവിളിയാണ്. ‘പൊതുബുദ്ധിജീവി (Public Intellectual)’ എന്ന വാക്ക് ‘സാംസ്കാരികനായകൻ’ എന്ന വാക്കിനു മുന്നിൽ ചൂളിപ്പോകും.
സാംസ്കാരികനായകനുള്ള വലിയ ജനസ്വീകാര്യത ‘പൊതുബുദ്ധിജീവി’ക്കു കിട്ടുമെന്ന് ഉറപ്പിക്കാനാകില്ല. പാതിരാത്രിയിൽ പ്രഭാഷണത്തിനു ശേഷം മടങ്ങുമ്പോൾ റോഡരികിലെ തട്ടുകടയ്ക്കരികിൽ കാർ നിർത്തുമ്പോൾ ചായ നീട്ടുന്ന സ്ത്രീ ‘അയ്യോ, ഇതു നമ്മുടെ അഴീക്കോട് സാറല്ലേ’ എന്നു വിസ്മയിക്കുന്നതു പോലൊരു നിമിഷം പൊതുബുദ്ധിജീവികൾക്കു കിട്ടിക്കൊള്ളണമെന്നില്ല.
അഴീക്കോട് മാഷ് നായകനായിരുന്നു; അതിന്റെ എല്ലാ നിറവോടെയും കുറവോടെയും. സൂപ്പർതാരങ്ങളെ നേർക്കുനേർ എതിരിട്ടപ്പോഴും ആളുകൾ അഴീക്കോടിനൊപ്പമായിരുന്നു; ആ പോരിലും അദ്ദേഹമായിരുന്നു നായകൻ. ഉപനിഷദ്ശൃംഗങ്ങളുടെ ഏകാന്തതയെക്കാളും കേൾവിക്കാരേകിയ കൂട്ടാന്തതയിൽ വിഹരിക്കുന്നതിലായിരുന്നു അഴീക്കോട് ഹരം കൊണ്ടത്. വൈക്കം മുഹമ്മദ് ബഷീർ ‘സാഗരഗർജന’മെന്നു വിളിച്ച ആ വാക്കൊലി മുഴങ്ങാത്ത എത്ര ഗ്രാമങ്ങളുണ്ടാകും കേരളത്തിൽ? എത്രയോ സന്ധ്യകളിൽ എത്രയോ സദസ്സുകൾ അഴീക്കോടിന്റെ വരവിനായി കാത്തിരുന്നിട്ടുണ്ടാകും. ചിലപ്പോൾ മണിക്കൂറുകൾ വൈകിയിട്ടും സദസ്സ് കുറഞ്ഞില്ല, നിറഞ്ഞുവന്നതേയുള്ളൂ.
ഖദർജുബ്ബയും മുണ്ടും ധരിച്ച് മൈക്കിൻതണ്ടിനു മുന്നിൽ അഴീക്കോട് നിൽക്കുമ്പോൾ സദസ്സ് ഏകാഗ്രമാകുന്നു. മൈക്കിൽ നിന്നു തലയൽപം വെട്ടിച്ചുപിടിച്ച് രണ്ടു വിരലുകൾ മുന്നിലേക്കു നീട്ടി പതുക്കെ തുടക്കം. സദസ്സിന്റെ പിൻനിരകളിലുള്ളവർക്കു കാതു വട്ടംപിടിച്ചാൽ മാത്രം ചെറുതായി കേൾക്കാം സ്വരം. ആദ്യം അദ്ദേഹം പതുക്കെ വാക്കുകളുടെ പിറകേ പോകുന്നു. പിന്നെ വാക്കുകൾ അദ്ദേഹത്തെയും കൊണ്ടു പറക്കുന്നു. തിരമാലകൾ തീരത്തേക്ക് അലച്ചെത്തുന്നു. രാഷ്ട്രീയവും ഉപനിഷത്തുകളും ഗാന്ധിജിയും സച്ചിന്റെ ബാറ്റിങ്ങും സ്വജനങ്ങളോടു കരുണാമയനായിരുന്ന കരുണാകരനുമെല്ലാം തിരകളിൽ അടിച്ചുകയറുന്നു. ആ വാക്കുകളിൽ മുഗ്ധരായി സ്വയം നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോൾ സദസ്സ്.
അഴീക്കോട് മാഷ് യുദ്ധമുഖം തുറന്നിട്ടുള്ള ദിവസങ്ങളിൽ ആ പ്രഭാഷണം കേൾക്കണം. മികച്ച എതിരാളിയെ കിട്ടിയാൽ അദ്ദേഹം ഫോമിലേക്കുയരും. നിർദ്ദയം രൂക്ഷവിമർശനത്തിന്റെ അമ്പുകൾ തൊടുക്കും ചില അമ്പുകളുടെ അറ്റത്തു കടുത്ത ഫലിതം പുരട്ടിയിട്ടുണ്ടാകും. കയ്യടികളും പൊട്ടിച്ചിരികളും കരുത്താക്കി അഴീക്കോടിന്റെ മുന്നേറ്റം. ഒടുവിൽ തീർത്തും അപ്രതീക്ഷിതമായെന്ന പോലെ വാക്കുകൾ നിർത്തുമ്പോഴേക്കും വർഗീയതയ്ക്കും അധികാരമുഷ്കിനും സാംസ്കാരികമൂല്യച്യുതികൾക്കും എല്ലാമെതിരെ അദ്ദേഹം ആഞ്ഞടിച്ചിട്ടുണ്ടാകും.
കേരളീയസമൂഹത്തെ മതനിരപേക്ഷമാക്കി നിലനിർത്താൻ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. മതഭ്രാന്തിന്റെ ഇരുട്ട് നമ്മെ എന്നേക്കുമായി വിഴുങ്ങുമെന്നു ഭയന്ന ദിനങ്ങളിൽ വാക്കുകൾ കൊണ്ട് എത്ര വിളക്കുകളാണ് അദ്ദേഹം കൊളുത്തിയിട്ടുള്ളതെന്ന് ഓർക്കുമ്പോഴാണ് അഴീക്കോടില്ലാത്തതിന്റെ നഷ്ടം എന്താണെന്നു മനസ്സിലാക്കാനാകുക. അഴിയാക്കോടൊഴി യാക്കോടുഴിയാക്കോടഴീക്കോട്’ എന്നൊരു കുഞ്ഞുണ്ണിക്കവിതയുമുണ്ട്.
അടിയന്തരാവസ്ഥക്കാലത്തു നിശ്ശബ്ദനായെന്നതടക്കം ഒട്ടേറെ വിമർശനങ്ങൾ അഴീക്കോടിനെതിരെ ഉയർന്നിട്ടുണ്ട്. അതിന് തന്റേതായ മറുപടി പറഞ്ഞിട്ടുമുണ്ട്. ക്ഷിപ്രകോപിയും ക്ഷിപ്രസാദിയുമായിരുന്ന അഴീക്കോട് കാര്യമില്ലാത്ത കലഹങ്ങളിൽ കുരുങ്ങിയിട്ടുമുണ്ട്. അവസരവാദിത്തം അദ്ദേഹത്തെയും ചിലപ്പോൾ വീഴ്ത്തിയിട്ടുണ്ട്. അക്കാര്യങ്ങളിൽ വിമർശനാർഹനാണു താനും. എന്നാൽ അഴീക്കോടിനെ രൂക്ഷമായി വിമർശിച്ചവർക്കു പോലും സ്വന്തം പേരിന്റെ കരുത്തിൽ അത്തരമൊരു സദസ്സ് കേരളത്തിൽ ഒരിടത്തും തുറന്നെടുക്കാനായിട്ടില്ല.
അഴീക്കോടിനു ശേഷമുള്ള സാംസ്കാരികസാന്നിധ്യങ്ങളെ നോക്കൂ. കൊണ്ടുനടക്കുന്ന രാഷ്ട്രീയപ്പാർട്ടിയെയോ മത, വർഗീയ സംഘടനകളെയോ ചെറുതായൊന്നു തൊടാൻ പോലും അവർ ഭയക്കുന്നു. ചെറിയ എല്ലിൻകഷ്ണങ്ങളിൽ പോലും അവർ പ്രലോഭിതരാകുന്നു. അമിതാധികാരിക്കു മുന്നിൽ മുട്ടുകുത്തി നമസ്കരിക്കുന്നു.
അഴീക്കോടിനെ നെഞ്ചേറ്റിയ ജനമാകട്ടെ അവരെ വിലമതിക്കുന്നുമില്ല. പാർട്ടികളും സംഘടനകളും തടുത്തുകൂട്ടിയ സദസ്സിന്റെ പോലും ഹൃദയത്തിലോ തലച്ചോറിലോ തൊടാൻ അവർക്കു കഴിയാതെ പോകുന്നു. ‘വിധേയത്വം ഈ വാക്കുകളുടെ ഐശ്വര്യം’ എന്നൊരു അദൃശ്യബാനർ നാം അവരുടെ തലകൾക്കു പിന്നിൽ കാണുന്നു. അഴീക്കോട് അഭിസംബോധന ചെയ്തുകൊണ്ടിരുന്ന പൗരസമൂഹത്തിനു തന്നെ ഇന്ന് ഏതാണ്ടു വംശനാശം സംഭവിച്ചിരിക്കുന്നു. അന്ധമായ വിധേയത്വത്താൽ വന്ധ്യംകരിക്കപ്പെട്ട, അച്ചടക്കമുള്ള, ബുദ്ധിശക്തിയും ആത്മാഭിമാനവും യജമാനൻമാർക്ക് അടിയറവച്ച പുതിയ തരം അനങ്ങാക്കാണികളുടെ സദസ്സുകളാണ് ഇന്നുള്ളത്. അവരുടെ മനസ്സറിഞ്ഞു വിളമ്പുന്ന കല പ്രഭാഷകരും സ്വായത്തമാക്കിയിരിക്കുന്നു.
‘പ്രഭാഷണം സുകുമാരകലയാണ്’ എന്നു വികെഎൻ പറഞ്ഞു. ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, തത്ത്വമസി പോലെ എണ്ണം പറഞ്ഞ പുസ്തകങ്ങളെഴുതുകയും മാരാർക്കും മുണ്ടശ്ശേരിക്കും സമശീർഷനെന്ന പ്രശംസ യൗവ്വനത്തിലേ നേടുകയും ചെയ്തിട്ടും പലപ്പോഴും എഴുത്തുമേശ വിട്ട് പ്രഭാഷണവേദികളിലേക്കുള്ള അതിദൂരം താണ്ടി അഴീക്കോട് സഞ്ചരിച്ചു. അതുകൊണ്ടാണ് ഒരു പുസ്തകം പോലും വായിക്കാത്ത മനുഷ്യർ പോലും ‘നമ്മുടെ അഴീക്കോട് മാഷ്’ എന്നു പറയുകയും ആ വാക്കുകൾക്കു കാതോർക്കുകയും ചെയ്തത്. വരുംകാലത്ത് കേരളീയസമൂഹം അഴീക്കോടിന്റെ അസാന്നിധ്യം കൂടുതൽ തീവ്രമായി അനുഭവിക്കും. കാരണം അഴീക്കോട് ജീവിതകാലം മുഴുവൻ നിശിതമായി എതിർത്തവ സമൂഹശരീരത്തിലേക്ക് ദംഷ്ട്രകളാഴ്ത്തിത്തുടങ്ങിയിട്ടുണ്ട്.