കൂണുകൾ പെറുക്കുന്ന പെൺകുട്ടി
കഴിഞ്ഞ ഞായറാഴ്ച മലപ്പുറം കാളികാവിലെ വാഫി ക്യാംപസിൽ വിദ്യാർഥികളോടു സംസാരിക്കവേ, ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്താളിന്റെ പേരു പറയാമോ എന്നു ചോദ്യമുയർന്നു. ഇതാദ്യമായിട്ടല്ല ഞാനിതു കേൾക്കുന്നത്. ഓരോ വട്ടവും എനിക്ക് എന്താണു പറയേണ്ടതെന്നു സംശയം വരും. ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയാം, പക്ഷേ അതു
കഴിഞ്ഞ ഞായറാഴ്ച മലപ്പുറം കാളികാവിലെ വാഫി ക്യാംപസിൽ വിദ്യാർഥികളോടു സംസാരിക്കവേ, ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്താളിന്റെ പേരു പറയാമോ എന്നു ചോദ്യമുയർന്നു. ഇതാദ്യമായിട്ടല്ല ഞാനിതു കേൾക്കുന്നത്. ഓരോ വട്ടവും എനിക്ക് എന്താണു പറയേണ്ടതെന്നു സംശയം വരും. ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയാം, പക്ഷേ അതു
കഴിഞ്ഞ ഞായറാഴ്ച മലപ്പുറം കാളികാവിലെ വാഫി ക്യാംപസിൽ വിദ്യാർഥികളോടു സംസാരിക്കവേ, ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്താളിന്റെ പേരു പറയാമോ എന്നു ചോദ്യമുയർന്നു. ഇതാദ്യമായിട്ടല്ല ഞാനിതു കേൾക്കുന്നത്. ഓരോ വട്ടവും എനിക്ക് എന്താണു പറയേണ്ടതെന്നു സംശയം വരും. ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയാം, പക്ഷേ അതു
കഴിഞ്ഞ ഞായറാഴ്ച മലപ്പുറം കാളികാവിലെ വാഫി ക്യാംപസിൽ വിദ്യാർഥികളോടു സംസാരിക്കവേ, ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്താളിന്റെ പേരു പറയാമോ എന്നു ചോദ്യമുയർന്നു. ഇതാദ്യമായിട്ടല്ല ഞാനിതു കേൾക്കുന്നത്. ഓരോ വട്ടവും എനിക്ക് എന്താണു പറയേണ്ടതെന്നു സംശയം വരും. ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയാം, പക്ഷേ അതു പറയാനാവില്ല. കാരണം ഞാൻ ഒരാളോടു മാത്രമായി ഒരിക്കലും ഇഷ്ടത്തിലായിട്ടില്ല. വളരെ നൈരാശ്യമുള്ള ചില നേരങ്ങളിൽ ആഗ്രഹം തോന്നും, ഏറ്റവും ഇഷ്ടമുള്ള ഒരാൾ, കൃത്യമായും ഒരാൾ ഉണ്ടായിരുന്നെങ്കിൽ! അതുകൊണ്ട് ഏറ്റവും ഇഷ്ടമല്ല, ഇഷ്ടങ്ങളാണുളളത്. അതെപ്പറ്റി വിശദീകരിക്കുമ്പോൾ ഇഷ്ടം മാറിക്കൊണ്ടിരിക്കുന്നതും പറയാതിരിക്കാനാവില്ല. ഏറ്റവും ആത്‌മകഥാപരമായ, സ്വകാര്യമായ പറച്ചിലാകുമത്. ആത്മകഥനം അസ്ഥിരമാണ്, അത് ഓരോ ദിവസവും ഓരോ ജീവിതമാണ്.
മേരി ഒലിവർ: “Just now, a moment from years ago: the early morning light, the deft, sweet gesture of your hand reaching for me.”
ഇക്കാലത്തു വായനയും എഴുത്തും താൽപര്യത്തോടെ കൊണ്ടു നടക്കുന്നവരുടെ, വിശേഷിച്ചും വിദ്യാർഥികളുടെ കൂട്ടത്തിൽ ഇരിക്കുന്നതുതന്നെ ഉന്മേഷകരമാണ്. ഇത്തരം ഒത്തുചേരലുകളിൽ സംസാരം തുടങ്ങാനുള്ള ഒന്നോ രണ്ടോ വാക്യങ്ങൾ ആലോചിച്ചുവയ്ക്കുകയല്ലാതെ പ്രസംഗമെന്ന നിലയിൽ ഞാൻ ഒരു തയാറെടുപ്പും നടത്താറില്ല – കേൾക്കാൻ ആളുണ്ടെങ്കിൽ സംസാരം താനേ വന്നുകൊള്ളും.
ആരെയാണു പ്രിയ എഴുത്താളായി തിരഞ്ഞെടുക്കുക എന്ന് ചോദ്യത്തിലേക്ക് വരാം.
നിശ്ചയമായും ഏറ്റവും ഇഷ്ടമുള്ള ഒരു എഴുത്താളുണ്ടാകും. എന്നാലത് ഒറ്റ പേരിൽ ഒടുങ്ങുന്നതല്ല എന്നതാണു സത്യം. ഇഷ്ടങ്ങളും സ്വാധീനങ്ങളും വ്യത്യസ്തമാണ്. ഇഷ്ടം പോയാലും സ്വാധീനം നിലനിൽക്കുന്നു. എല്ലാ ഇഷ്ടങ്ങളും സ്വാധീനങ്ങളായിതീരണമെന്നുമില്ല. ഓരോ സ്വാധീനത്തെയും അപ്രധാനമാക്കാൻ പുതിയതൊന്നു വരുകയും ചെയ്യും എങ്കിലും രസിച്ചു വായിച്ച ഒരെഴുത്താളെ മാത്രം വിചാരിക്കുമ്പോൾ
ആശാൻ, ഉറൂബ്, ബഷീർ, ആനന്ദ്, ഒ.വി. വിജയൻ, ബാലാമണിയമ്മ, പട്ടത്തുവിള കരുണാകരൻ, സക്കറിയ, സി. അയ്യപ്പൻ, ഡി. വിനയചന്ദ്രൻ, വിക്ടർ ലീനസ് എന്നിങ്ങനെ പേരുകൾ തെളിയും..
പക്ഷേ ഇതൊന്നും അങ്ങനെയല്ല. എന്നെ ആദ്യം സ്വാധീനിച്ചതു സ്കൂൾ കാലത്തു വായിച്ച ടോൾസ്റ്റോയിയുടെ കഥകൾ എന്ന പേരിൽ റാഗുദ ഇറക്കിയ പുസ്തകമാണ്. ഓരോ കഥയ്ക്കും ചാർക്കോൾ ചിത്രീകരണമുണ്ടായിരുന്നു. അതിൽ, ഓരോ കഥയും അതിശയകരമായ ഒരു അടുപ്പം ഞാനുമായി ഉണ്ടാക്കി.
ഉദാഹരണത്തിന്, അതിൽ, ഒരു ആനയുടെയും ആനക്കാരന്റെയും കഥ എന്നെ വല്ലാതെ സ്വാധീനിച്ചു; ആനയെ കണക്കറ്റ് ഉപദ്രവിക്കുമായിരുന്ന ആനക്കാരൻ. സഹികെട്ട് അയാളെ ആന ഒരു ദിവസം ചവിട്ടിക്കൊന്നു. ആനക്കാരന്റെ ഭാര്യ ആറോ ഏഴോ വയസ്സുള്ള മകനെ ആനയുടെ മുന്നിൽ നിർത്തിയിട്ട്, ഞങ്ങളെയും നീ കൊന്നോളൂ എന്നു വിലപിച്ചു. ആ കഥയുടെ ഒടുക്കം ആന തുമ്പിക്കൈ ഉയർത്തി ആ കുട്ടിയെ വാരിയെടുക്കുന്നതാണ്… ഉൾക്കിടിലമുണ്ടാകും. അവനെ തന്റെ പുറത്തേറ്റി ആന മടങ്ങുന്നിടത്താണു കഥ തീരുന്നത്.
മറ്റൊരു കഥ: കൂണുകൾ ശേഖരിക്കാൻ പോയ ഒരു ആൺകുട്ടിയും പെൺകുട്ടിയും; കൂണുകൾ നിറച്ച കൂടയുമായി മടങ്ങിവരുമ്പോൾ പാളം മുറിച്ചു കടക്കവേ കൂട മറിഞ്ഞ് കൂണുകൾ വീണുപോകുന്നു. തീവണ്ടി വരുന്നത് കണ്ട് ആൺകുട്ടി ഓടിപ്പോകുന്നു, എന്നാൽ വണ്ടി വരുന്നതു ശ്രദ്ധിക്കാതെ പെൺകുട്ടി കുനിഞ്ഞിരുന്നു കൂണുകൾ പെറുക്കുന്നു. ആ കഥയുടെ ഒടുക്കം ഹുങ്കാരത്തോടെ കടന്നുപോകുന്ന തീവണ്ടിയുടെ കരിമ്പുക മായുമ്പോൾ പാളത്തിലിരുന്നു വീണ്ടും കൂണുകൾ പെറുക്കുന്ന പെൺകുട്ടിയെയാണു നാം കാണുന്നത്.
പിന്നീട് പ്രീഡിഗ്രിക്കാലത്ത് ആനന്ദിന്റെ ആൾക്കൂട്ടം വായിച്ചപ്പോഴാണു ഞാൻ മറ്റൊരു ലോകത്തേക്കു പോയത്. നഗരജീവിതത്തിന്റെ ഏകാന്തതയിലേക്കും നിരാശ്രയത്വത്തിലേക്കും ആദ്യമായി ആകർഷിക്കപ്പെട്ടത് അങ്ങനെയാണ്. നാട്ടിൻപുറകഥകളെക്കാൾ നഗരകഥകളോട് എനിക്ക് ശക്തമായ ആഭിമുഖ്യം തോന്നി. സാമുവൽ ബെക്കറ്റ്, ക്ലാരിസ് ലിസ്പെക്റ്റർ, ടി.എസ്. എലിയറ്റ് എന്നിവരുടെ സ്വാധീനശക്തിയെക്കാൾ വലുതല്ല എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം മൊഡേണിറ്റിയുടെ തുടക്കം ആനന്ദായിരുന്നു.
അതാണു പറഞ്ഞത് സാഹിത്യത്തിൽ സ്ഥിരസ്നേഹമില്ല, സ്ഥിരചിത്തവുമില്ല. വർഷങ്ങൾ പിന്നിടുമ്പോൾ ആനന്ദിനോടും വിജയനോടും ഇഷ്ടം ചില നേരങ്ങളിൽ മാത്രമായി. പക്ഷേ വിക്ടർ ലീനസിനോട് എന്നും ഇഷ്ടമായിരുന്നു. അയാൾ ഒരുദിവസം എന്റെ കഥാപാത്രമാകുമെന്നു ഞാൻ വിശ്വസിച്ചു. ലീനസിനെ വിചാരിച്ച് ഞാൻ കുറെയെഴുതുകയും ചെയ്തു. ആ ഭാവന പക്ഷേ വിജയിച്ചില്ല. ആ താളുകൾ നിലനിന്നില്ല.
ഓർഹൻ പമുക്കിന്റെ ‘ദ് ബ്ലാക് ബുക്ക്’ എന്ന നോവലിൽ നാം കാണുന്ന തിരോഭവിച്ച കോളമിസ്റ്റ് ജലാൽ ആണു ഞാൻ എന്ന് എനിക്കു തോന്നിയിരുന്നു. ഒന്നുമെഴുതാതെയാണു ഞാൻ കാണാതാകുക എന്നുമാത്രം! ജലാലിന്റെ പംക്തിയുള്ള ദിവസം പത്രവായനക്കാർ ഷോപ്പിനു മുന്നിൽ വരി നിൽക്കുമായിരുന്നു, ഒരു ചായ കുടിച്ച് അല്ലെങ്കിൽ ഒരു സിഗരറ്റ് വലിച്ച് തെരുവോരത്തുനിന്നു തന്നെ അതു വായിക്കാൻ. അയാളുടെ പംക്തിയിൽ പുരാതന നഗരവാസികൾക്കായി നിഗൂഢമായ ഒരുപാടു സന്ദേശങ്ങൾ; പദപ്രശ്നം പോലെ ഓരോ വാരാന്ത്യവും വായനക്കാർ അതു പൂരിപ്പിച്ചുകൊണ്ടിരുന്നു. ഒരുദിവസം ജലാലിനെയും സഹോദരിയെയും കാണാതാകുന്നു. തന്റെ ഭാര്യയുടെയും ഭാര്യാസഹോദരന്റെയും ദുരൂഹമായ തിരോധാനത്തിനു പിന്നാലെ പോകുന്ന നരേറ്റർ, ജലാലിന്റെ ഫ്ലാറ്റിനുള്ളിൽ ഒളിച്ചുകയറുന്നു. അവിടെയിരുന്ന് ജലാലിന്റെ പേരിൽ ആ കോളം എഴുതുന്നു. മറ്റൊരാളുടെ പേരിലുള്ള ഈ ഒളിച്ചെഴുത്ത് ഹരം പിടിപ്പിക്കുന്നതായിരുന്നു.
നോവലുകൾക്കുള്ളിൽ നോവലുകളായി കഴിയുമ്പോൾ ഓരോ ആനന്ദത്തിലും കരുതും, ഇതാണ് എന്റെ നോവലിസ്റ്റ്. മനസ്സിനൊപ്പം ശരീരവും തുറക്കപ്പെടുന്നതായും വിശ്വസിക്കും. ഒരു ദിവസം രണ്ട് എഴുത്തുകാർ പ്രത്യക്ഷപ്പെട്ടു – റോബർട്ടോ ബൊലാന്യോയും ഹറുകി മുറകാമിയും. തമ്മിൽ ഒരു ചേർച്ചയുമില്ലാത്ത, രണ്ടു ഭാഷകളിൽനിന്നുള്ള, ഭിന്ന സംസ്കാരത്തിൽനിന്നുളള രണ്ടു എഴുത്തുകാരെ ഞാൻ ഏതാണ്ട് ഒരേകാലത്താണു വായിച്ചത്.
അവർ അപ്രതീക്ഷിതമായി എനിക്ക് ഒരു ‘ഓപ്പൺ സെസമി’ നൽകി. ഭാവനാവനങ്ങളിലെ രഹസ്യ നിലവറ ഭാഷ കൊണ്ടു തുറക്കാനാകുമെന്നു ഞാനറിഞ്ഞു. ‘ദ് വൈൻഡപ് ബേഡ് ക്രോണ്‌ക്കൾ’ ആണ് എഴുത്തിലേക്ക് പെട്ടെന്ന് എടുത്തുച്ചാടാൻ എനിക്ക് ധൈര്യം തന്നത്. ഒരു നോവൽ മാത്രം മതി, അത് എഴുതി ഞാൻ എഴുത്ത് അവസാനിപ്പിക്കുമെന്നും സങ്കൽപിച്ചു. 'സാവേജ് ഡിറ്റക്ടീവ്സിലെ' ബൊലാന്യോയുടെ ശൈലി ശരിക്കും ഒരു ഗ്രാജുവേഷൻ ആയിരുന്നു.
ഒരു ദിവസം കോയമ്പത്തൂരിൽനിന്ന് കോഴിക്കോട്ട് വരെ ഒരു എൻഫീൽഡ് ഓടിച്ച് ഒരു പഴയ കൂട്ടുകാരൻ എന്നെത്തിരഞ്ഞുവന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു മുറിയിൽ ഞങ്ങൾ ഒരുമിച്ചു താമസിച്ചിരുന്നു. കോഴിക്കോട്ട് അവനൊപ്പം വീണ്ടുമിരുന്നപ്പോൾ എനിക്ക് പഴയ കുറെക്കാര്യങ്ങൾ ഓർമ വന്നു. അതിലൊന്ന് ഞങ്ങൾ ഒരുമിച്ചു നടത്തിയ ഒരു യാത്രയായിരുന്നു. അയാൾ പോയശേഷം ഞാൻ ആ ഓർമ്മയെ പൂർണ്ണമായും വീണ്ടും എടുത്തുനോക്കി.
എന്നെ വിചിത്രമായ ഒരു ആധി പിടികൂടി - പ്രേമത്തിലാകും പോലെ അടിവയറ്റിൽനിന്ന് ഒരു ജ്വാല നെഞ്ചിലേക്കു പടർന്നുകയറാൻ തുടങ്ങി. പിറ്റേ ആഴ്ച ഞാൻ എഴുതാൻ തുടങ്ങി.
ഞാൻ ടോൾസ്റ്റോയിയുടെ കഥ ഓർക്കുന്നു, മറ്റെല്ലാം മറന്ന് കൂണുകൾ പെറുക്കുന്ന ആ പെൺകുട്ടിയെ ഓർക്കുന്നു. അവളോടുള്ള ഇഷ്ടം കൊണ്ടാവാം ഞാൻ പുസ്തകങ്ങളിൽ തുടർന്നത്. പുസ്തകത്തിനു പുറത്ത് അവൾ ഇല്ലല്ലോ. അല്ലെങ്കിൽ നോക്കൂ, മറ്റാരോടാണ് അചഞ്ചലമായ ആരാധന, നമ്മുടെ സങ്കൽപത്തോടല്ലാതെ.
ഇപ്പോൾ, ഏറ്റവും വലിയ ഇഷ്ടം വിവരിക്കുമ്പോൾ എത്രയോ പുസ്തകങ്ങളാണ് അപ്പുറം, ഒരു മഞ്ഞുപാളിക്കപ്പുറം നിൽക്കുന്നത്. അവ പരാമർശിക്കപ്പെടുന്നില്ല. അവയെ ഓർമിക്കുന്നുമില്ല. സങ്കുചിതമായ മനസ്സിൽ അത്രയും ഇടമില്ലെന്നാവാം. പക്ഷേ അവ അപ്പുറം അങ്ങനെതന്നെ ഉറച്ചു നിൽക്കുന്നു. ഇടയ്ക്കെല്ലാം ഞാൻ ഇവിടം വിട്ട് അവിടേക്ക് പോകുന്നു. അപ്പോഴെല്ലാം ഇനി തിരിച്ചു വരില്ല എന്നും കരുതും, വെറുതേ.