ഏകാന്തയും ദയാരഹിതയുമായ ഒരു റീഡറുടെ നോട്ടം
വായനക്കാരുടെ താൽപര്യം നോക്കിയാണോ ഡോസ്റ്റോയെവ്സ്കി ഈ നോവലുകളെല്ലാം എഴുതിയതെന്ന് ഒരാൾ, പുസ്തകക്കെട്ടുകളുടെ ഇരുട്ടുപടർന്ന ഒരു മുറിയിലിരുന്ന് ചോദിക്കുന്നു. മറുപടി കൃത്യമായി ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ എനിക്കു തോന്നുന്നത്, വായനക്കാരെയല്ല, വാരികയുടെ പ്രസാധകരെ ഓർത്താണു ഡോസ്റ്റോയെവ്സ്കി ഭ്രാന്തുപിടിച്ച്
വായനക്കാരുടെ താൽപര്യം നോക്കിയാണോ ഡോസ്റ്റോയെവ്സ്കി ഈ നോവലുകളെല്ലാം എഴുതിയതെന്ന് ഒരാൾ, പുസ്തകക്കെട്ടുകളുടെ ഇരുട്ടുപടർന്ന ഒരു മുറിയിലിരുന്ന് ചോദിക്കുന്നു. മറുപടി കൃത്യമായി ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ എനിക്കു തോന്നുന്നത്, വായനക്കാരെയല്ല, വാരികയുടെ പ്രസാധകരെ ഓർത്താണു ഡോസ്റ്റോയെവ്സ്കി ഭ്രാന്തുപിടിച്ച്
വായനക്കാരുടെ താൽപര്യം നോക്കിയാണോ ഡോസ്റ്റോയെവ്സ്കി ഈ നോവലുകളെല്ലാം എഴുതിയതെന്ന് ഒരാൾ, പുസ്തകക്കെട്ടുകളുടെ ഇരുട്ടുപടർന്ന ഒരു മുറിയിലിരുന്ന് ചോദിക്കുന്നു. മറുപടി കൃത്യമായി ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ എനിക്കു തോന്നുന്നത്, വായനക്കാരെയല്ല, വാരികയുടെ പ്രസാധകരെ ഓർത്താണു ഡോസ്റ്റോയെവ്സ്കി ഭ്രാന്തുപിടിച്ച്
വായനക്കാരുടെ താൽപര്യം നോക്കിയാണോ ഡോസ്റ്റോയെവ്സ്കി ഈ നോവലുകളെല്ലാം എഴുതിയതെന്ന് ഒരാൾ, പുസ്തകക്കെട്ടുകളുടെ ഇരുട്ടുപടർന്ന ഒരു മുറിയിലിരുന്ന് ചോദിക്കുന്നു. മറുപടി കൃത്യമായി ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ എനിക്കു തോന്നുന്നത്, വായനക്കാരെയല്ല, വാരികയുടെ പ്രസാധകരെ ഓർത്താണു ഡോസ്റ്റോയെവ്സ്കി ഭ്രാന്തുപിടിച്ച് എഴുതിയതെന്നാണ്. കാരണം അയാൾ അവരിൽനിന്നു തുടർച്ചയായി പണം കടം വാങ്ങിയിരുന്നു. ഓരോ തവണ വാങ്ങുന്നതും എഴുതാൻപോകുന്ന നോവലിന്റെ പേരിലാണ്. കടത്തിന്റെ സമ്മർദം അയാളെ കൂടുതൽ ക്രിയേറ്റീവ് ആക്കിയതു നമ്മുടെ ഭാഗ്യം. അല്ലെങ്കിൽ അയാൾ പത്തൊൻപതാം നൂറ്റാണ്ടിൽനിന്ന് ഈ നിമിഷത്തേക്ക് വരില്ലായിരുന്നു.
ഡോസ്റ്റോയെവ്സ്കിയെ വെടിവച്ചുകൊന്നിരുന്നെങ്കിലോ എന്ന് ചോദിക്കുന്ന ചാൾസ് ബുകോവസ്കിയുടെ ഒരു കവിതയുണ്ട്. രാഷ്ട്രീയത്തടവുകാരനായിരുന്ന ഡോസ്റ്റോയെവ്സ്കിയെ വെടിവച്ചുകൊല്ലാനായി ജയിലിലെ മതിലിനോടു ചേർത്തുനിർത്തി ഭടന്മാർ തോക്കുചൂണ്ടിയതാണ്. അവസാനനിമിഷം അയാളുടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. സാർ ചക്രവർത്തിയുടെ നിർദേശപ്രകാരം അരങ്ങേറിയ ഒരു നാടകമായിരുന്നു അതെന്നും കേട്ടിട്ടുണ്ട്. എന്തായാലും മരണത്തിൽനിന്നു തിരിച്ചുവന്ന ഡോസ്റ്റോയെവ്സ്കിയാണ് നോട്സ് ഫ്രം ദ് ഹൗസ് ഓഫ് ദ് ഡെഡ്, ഡെവിൾസ്, ഇഡിയറ്റ്, ബ്രദേഴ്സ് കാരമസോവ് എന്നിവയെല്ലാം എഴുതിയത്. ഡോസ്റ്റോയെവ്സ്കി ഫയറിങ് സ്ക്വാഡിനുമുന്നിൽ അവസാനിച്ചിരുന്നുവെങ്കിലോ? അതൊരു പ്രശ്നമേയാകില്ലായിരുന്നു എന്നാണു ബുകോവസ്കി പറയുന്നത്. ലോകത്ത് ശതകോടിക്കണക്കിന് ആളുകൾ ഡോസ്റ്റോയെവ്സ്കിയെ വായിക്കാത്തവരായി ഉണ്ട്. ഇനിയും അങ്ങനെയായിരിക്കും. പക്ഷേ, കവി പറയുന്നു, 'എന്റെ യൗവനത്തിൽ ഇരുട്ടിൽ നിന്ന് അവൻ എന്നെ ഉയർത്തി കൊള്ളാവുന്ന ഒരിടത്ത് വച്ചു. നിന്ദിതരായ മനുഷ്യർക്കൊപ്പം മദ്യശാലയിൽ ഇരിക്കുമ്പോൾ ഞാൻ അത് വിചാരിച്ചു, അവന്റെ വധശിക്ഷ ഇളവു ചെയ്തു കൊടുത്തതു നന്നായി’.
അനായാസ വായന, ഒറ്റയിരുപ്പിൽ വായന തുടങ്ങിയ വിശേഷങ്ങൾ ഉള്ള പുസ്തകങ്ങളെപ്പറ്റിയല്ല നാം സംസാരിക്കുന്നത്. ഡോസ്റ്റോയെവ്സ്കിയെപ്പോലുള്ളവരുടെ ഗോത്രത്തിലെ എഴുത്തുകാരെ വായിച്ചവർ ആ പ്രവൃത്തിയിൽ അനായാസം രസിച്ചുവെന്നു പറയാനാവില്ല. എന്നെപ്പോലുള്ളവരുടെ ഇരുപതുകളിൽ ആ വായനകൾ സ്തോഭജനകമായാണ് അനുഭവപ്പെട്ടത്. ഉദാഹരണത്തിന്, ഡോസ്റ്റോയെവ്സ്കിയുടെ കഥാപാത്രം താൻ കണ്ട സ്വപ്നം വിവരിക്കുന്നുണ്ട് – ഒരു കുഞ്ഞിനെ ഒരു ചിത്രശലഭത്തെയെന്ന പോലെ ഭിത്തിയിൽ ആണിയടിച്ചു തറച്ചശേഷം ആപ്പിൾ തിന്നുകൊണ്ടുകൊണ്ട് ആ വേദന നോക്കിക്കൊണ്ടിരിക്കുന്നു.
ഇതിൽ എന്തെങ്കിലും രസമുണ്ടോ?
ഡോസ്റ്റോയെവ്സ്കിയുടെ ഭാഷ നല്ല ഹ്യൂമർ ഉള്ളതായിരുന്നുവെന്ന് പുതിയ പരിഭാഷകരിലൊരാളായ റിച്ചർഡ് പീവർ അടുത്തകാലത്തു എഴുതിയതു ഞാനോർക്കുന്നു. ഇതിനർത്ഥം റഷ്യനിലെ ഹാസ്യം ഇംഗ്ലിഷിലെത്തുമ്പോൾ നേർത്തുപോകുന്നുവെന്നാണ്.
നല്ല സാഹിത്യം എന്നാൽ , ആഴത്തിന്റെ മുഖങ്ങളിലെ ഇരുട്ട് എന്നു ഉൽപത്തി പുസ്തകത്തിൽ പറയുന്നതുപോലെ, ഭാവനയുടെ ആഴങ്ങളിലെ വടിവുകൾ ഇരുളിനുമീതേയാണു പരിലസിക്കുന്നത്. ആ വെളിച്ചം നാം മിക്കവാറും അറിയുന്നില്ല. നമ്മുടെ അനുഭവത്തിലെ വലിയൊരു സ്ഥലം ജനപ്രിയ കലാരൂപങ്ങൾ കൊണ്ടുപോകുമ്പോൾ, ശേഷിക്കുന്ന ഇടത്ത് വളരെക്കുറച്ചു പേർ മാത്രം അറിയുന്ന കലയും ഉണ്ട്. കുറച്ചുമാത്രം വായിക്കപ്പെടുന്ന എഴുത്തുകാരുടെയും മരണാനന്തരം മാത്രം വായിക്കപ്പെടുന്നവരുടെയുമായ ഈ ഗോത്രം നാശോന്മുഖമെന്നു ഓരോ തലമുറയ്ക്കും തോന്നുമെങ്കിലും അവ അതിജീവിക്കുന്നു. നഗരത്തിലെ ഉണങ്ങിയ മരത്തിന്റെ പോടുകളിലേക്ക് ചേക്കേറുന്ന തത്തകൾ വിരസമായ പകലിന്റെ ഫ്രെയിമിൽ ഒരു ഞെട്ടലാകും പോലെ, ചില എഴുത്തുകൾ ഒരു ജീവിതത്തിൽ നമ്മെ പല ജന്മങ്ങൾ അറിയാൻ സഹായിക്കുന്നു.
ആൾക്കൂട്ടത്തിനു പിന്നാലെ പോകുന്ന പുസ്തകങ്ങൾ ധാരാളമുണ്ടാകുമെങ്കിലും മറ്റു ചില പുസ്തകങ്ങളെ അന്വേഷിച്ച് മനുഷ്യർ ഒറ്റയൊറ്റയായി എത്തുന്നു. ഇങ്ങനെ ഒറ്റകളുടെ വരവുകളാണു ഞാൻ നോക്കിയിരിക്കുന്നത്.
സാഹിത്യം മനസ്സിനെ ദുഷിപ്പിക്കുന്നു എന്നു നാം പൗരാണിക കാലം മുതൽ കേൾക്കുന്നുണ്ട്. ഹോമറിന്റെ കാവ്യം പൗരന്റെ അന്തഃസത്തയെ ജീർണിപ്പിക്കുകയാണു ചെയ്യുന്നതെന്ന ആക്ഷേപം പ്ലേറ്റോക്കുണ്ടായിരുന്നു. നാടകശാലകളിൽ ആളുകൾ പൊട്ടിക്കരയുന്നതും പൊട്ടിച്ചിരിക്കുന്നതും ഭയവിഹ്വലരാകുന്നതും കലയുടെ ദുഃസ്വാധീനമാണെന്നു തത്വചിന്തകൻ കരുതി. അവർ സത്യത്തിൽനിന്നകന്നു മിഥ്യയിൽ അഭയം പ്രാപിക്കുന്ന ദുരവസ്ഥയാണത്.
പൗരാണിക ഗ്രീസിൽ ഉന്നതമായ കലയെന്നത് തത്വചിന്ത മാത്രമായിരുന്നു. ഉന്നതമായ സ്വഭാവഗുണങ്ങളുള്ള ആൾ തത്വചിന്തയിൽ മാർഗദർശനം കണ്ടെത്തുന്നുമെന്നും പ്ലേറ്റോ കരുതി. പ്ലേറ്റോയുടെ ഗുരുവായ സോക്രട്ടീസ് ഏതാണ്ട് ഇതേ ആളായിരുന്നു. കവികളെ വല്ലാതെ പുച്ഛിച്ചിരുന്നുവെങ്കിലും സോക്രട്ടീസ് തടവിൽക്കിടന്നിരുന്ന അവസാനനാളുകളിൽ കാവ്യശകലങ്ങൾ എഴുതാൻ ശ്രമിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
സാഹിത്യം മനുഷ്യരുടെ മനസ്സ് മലിനമാക്കുന്നുവെന്ന സംശയം പശ്ചാത്തലമായി വരുന്ന രണ്ടു വലിയ നോവലുകളുണ്ട്. സെർവാന്റസിന്റെ ഡോൺ കിഹോത്തെ, ഫ്ലോബേറിന്റെ മദാം ബോവറി. ഡോൺ കിഹോത്തെ എന്ന ഗ്രാമീണനെ പരിഹാസ്യനാക്കിയത് അയാൾ വായിച്ചുതള്ളിയ ജനപ്രിയ സാഹിത്യമാണ്. ആ നോവലുകളിലെ കുരിശുയുദ്ധകാല വീരനായകരെപ്പോലെയാണു താൻ എന്നു കരുതിയാണ് ആ മനുഷ്യൻ ഊരുതെണ്ടാനിറങ്ങുന്നത്. സെർവാന്റസിന്റെ നോവലിന്റെ അന്ത്യം ഈ ജനപ്രിയസാഹിത്യം ചുട്ടെരിച്ചുകൊണ്ടാണ്.
ഫ്ലോബേറിന്റെ നായിക മദാം ബോവറി ഒരു ഗ്രാമീണയുവതിയാണ്. ലൈബ്രറിയിൽനിന്നെടുത്തുവായിച്ച റൊമാൻസുകളാണ് അവളെ വഴിതെറ്റിച്ചതെന്ന് അവളുടെ അമ്മായിയമ്മ ആരോപിക്കുന്നുണ്ട്. നമ്മുക്കറിയില്ല അത്. രണ്ടു നോവലിലും നോവലിസ്റ്റ് ഈ കുറ്റാരോപണം നേരിട്ട് നടത്തുന്നില്ലെങ്കിലും പശ്ചാത്തലത്തിൽ ചീത്തപ്പുസ്തകങ്ങളുടെ വലിയ നിഴലുണ്ട്. പതിനേഴാം നൂറ്റാണ്ടിലെയും പത്തൊൻപതാം നൂറ്റാണ്ടിലെയും വായനക്കാരെ മോഹിപ്പിച്ച ആ നിഴൽ ഇപ്പോഴില്ല. അതെസമയം അവ നിമിത്തമായി പിറന്ന കൃതികൾ മാഞ്ഞുപോയതുമില്ല.
ചിലെയിലെ പിനോഷെയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിനു പിന്തുണയ്ക്കുന്ന , തല്ലിപ്പൊളി കവിതയെഴുതുന്ന യുവാക്കളുടെ ഒരു സംഘം റോബർട്ടോ ബൊലാനോയുടെ ഭാവനയിലും ഇടം നേടി. എഴുത്തുകാരാകാൻ കഷ്ടപ്പെടുന്ന അവരുടെ രചനകൾ ബാലിശമായിരിക്കും. അവർ മാത്രം അതറിയുന്നില്ല. ബൈ നൈറ്റ് ഇൻ ചിലെ എന്ന നോവലിൽ ബൊലാനോ ഇത്തരം കവികൾ പങ്കെടുക്കുന്ന ഒരു ക്യാംപിൽ നെരൂദ അതിഥിയായി വരുന്നതിനെ പരിഹസിക്കുന്നുണ്ട് . എന്നാൽ പൊട്ടക്കവി നായകനും നല്ല ദുഃഖിതനും ആയിത്തീരുമെന്നാണ് സ്പാനിഷ് എഴുത്തുകാരനായ അലഹന്ത്രോ സാംബ്രയുടെ ‘ചിലിയൻ പോയറ്റ്’ എന്ന നോവൽ കാണിക്കുന്നത്. അതിൽ ഒരു യുവാവ് ആദ്യം ഒരു വലിയ കാമുകനും തുടർന്ന് വലിയ കവിയുമാകാൻ കൊതിക്കുന്നു. കഷ്ടപ്പെട്ട് പുസ്തകമിറക്കുന്നു. ആ പുസ്തകം ആകെ ഒരു കോപ്പിയോ മറ്റോ ആണു വിൽക്കുന്നത്. കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ താനെഴുതിയതു പരാജയപ്പെട്ടെന്നു മനസ്സിലാക്കിയ നിമിഷം നൈരാശ്യം കൊണ്ട് അയാൾ അറ്റക്കൈയ്ക്ക് ഒരു വലിയ കവിയുടെ കവിത അടിച്ചുമാറ്റി തന്റേതാണെന്ന് പറഞ്ഞ് അവൾക്കു വായിക്കാൻ കൊടുക്കുകയാണ്. അതു വായിച്ചിട്ട് അവളുടെ കണ്ണുകൾ വിടരുന്നു. അതിശയത്തോടെ അവൾ പറയുന്നു. എത്ര മനോഹരമായ കവിത! ഇപ്പൊഴാണു നീയൊരു കവിയായത്! താൻ ചെയ്ത തെറ്റ് അവളോട് ഏറ്റുപറയാൻ അയാൾക്കു കഴിയുന്നില്ല. പ്രശംസയാൽ ചിലിയൻ കവിയുടെ കണ്ണുനിറയുന്നു. വീണ്ടുമൊരിക്കൽ കൂടി എഴുത്തിനു ശ്രമിക്കാതെ അയാൾ പലായനം ചെയ്യുകയാണ്.
സാംബ്രയുടെ നോവലിനെ ഒരു സന്ദർഭമാണു ഞാനിവിടെ വിവരിച്ചത്. എല്ലാ വലിയ കലയെയും തരം പോലെ ഇമിറ്റേറ്റ് ചെയ്യാനുള്ള വെമ്പൽ പരാജയത്തിലേക്ക് മൂക്കുകുത്തും മുൻപേ ഓരോ വ്യക്തിയിലും ഉണ്ടാകും. ഏറ്റവും കോമിക് ആയ പ്രലോഭനമാണിത്.
എഴുത്തിനെ ഗൗരവത്തോടെ കാണുകയും സൂക്ഷ്മതയോടെ ഇടപെടുകയും ചെയ്യുന്ന വായനക്കാർ ന്യൂനപക്ഷത്തിനുള്ളിലെ ന്യൂനപക്ഷമാണെങ്കിലും അവരുടെ മതിപ്പു പിടിച്ചുപറ്റുക അനായാസമല്ല. ഒരാളുടെ എഴുത്തിൽ എന്തെല്ലാം വേണമെന്ന് അയാൾക്കുതന്നെ തീരുമാനിക്കാമെങ്കിലും നല്ല വായനക്കാർ അതിനെ എന്തുചെയ്യുമെന്നതു ഒരു പ്രശ്നമാണ്. വായനക്കാർ വശീകരിക്കപ്പെടുന്നതായി സ്വപ്നം കണ്ടുകൊണ്ട് എഴുത്താൾ പുസ്തകം അച്ചടിക്കു കൊടുക്കുന്നു. ദയാരഹിതയും ഏകാന്തയുമായ ഒരു റീഡർ എവിടെയോ ഉണ്ടെന്നത് അയാളെ ആശങ്കപ്പെടുത്തുന്നുണ്ട്. പച്ചമരത്തോട് അവർ ഇതാണു ചെയ്യുന്നതെങ്കിൽ ഉണക്കമരത്തോട് എന്താവുമെന്ന വാക്യം, പരാജയപ്പെടുന്ന ഓരോഎഴുത്താളിന്റെ ഉള്ളിലും പ്രതിദ്ധ്വനിക്കുന്നുണ്ട്.