സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ബുദ്ധിരാക്ഷസനായ കുറ്റാന്വേഷക കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. മുന്നിലെത്തുന്ന ആളുടെ ജോലിയെന്തെന്നും ജീവിക്കുന്നതെങ്ങനെയെന്നുപോലും ഒരു മാന്ത്രികനെപ്പോലെ ഹോംസ് പറയുമ്പോൾ നാം അമ്പരന്നുപോകും. നിഗമനശാസ്ത്രത്തിലൂടെയും നിരീക്ഷണത്തിലൂടെയും എങ്ങനെയാണ് വിവരങ്ങൾ കണ്ടെത്തിയതെന്ന് പറഞ്ഞ് ഹോംസ് കണ്ണിറുക്കി ചിരിക്കുമ്പോള്‍ നാം വാട്സണെപ്പോലെ മനസ്സിൽ വിളിക്കും-'ഡിയർ ഹോംസ്'!
1887 മുതല്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച ഷെർലക് ഹോംസ് കഥകളുടെ ഇപ്പോഴും തുടരുന്ന "ഹോംസ് ഭ്രാന്ത്" എത്രയെന്നറിയാൻ കഥകളിലെ ഹോംസിന്റെ 221 ബി, ബേക്കര്‍ സ്‌ട്രീറ്റെന്ന അഡ്രസിലേക്കു വരുന്ന എഴുത്തുകളെപ്പറ്റി അറിഞ്ഞാൽ മതിയാകും. ഹോംസ് പുകയുന്ന പൈപ്പുമേന്തി ബേക്കർസ്ട്രീറ്റിലെ ആ മുറിയിൽ കുറ്റവാളികൾക്കായി വേട്ടക്കൊരുങ്ങി ഇപ്പോഴും ഇരിക്കുന്നുവെന്ന് പലരും വിശ്വസിക്കുന്നുവത്രെ. അത്രയും ജനഹൃദയത്തിലിടം നേടിയ കുറ്റാന്വേഷകനായ ഹോംസിന്റെ ശൈലി പിന്തുടർന്ന നിരവധി രചനകളാണുണ്ടായത്. ചിലത് പേരുമാത്രം മാറ്റി അതേപോലുള്ള പറിച്ചുനടീലുകളായി. ഇങ്ങ് മലയാളത്തിൽപ്പോലും അതിന്റെ അലയൊലികളുണ്ടായി.
മലയാളത്തിലെ ആദ്യ അപസര്‍പ്പക കൃതി അപ്പന്‍ തമ്പുരാന്‍ 1904ല്‍ പ്രസിദ്ധീകരിച്ച 'ഭാസ്‌കരമേനോനാ'ണ്. പോലീസ് ഉദ്യോഗസ്ഥനായ ഭാസ്ക്കരമേനോൻ അനുമാനങ്ങളിലെത്താൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയിലായിരുന്നു. ഹോംസിനു ശേഷവും! അപസര്‍പ്പക കഥ പുരോഗമിച്ചു, പക്ഷേ, മറ്റൊരു ഹോംസ് ജനിച്ചില്ല.

കുറ്റന്വേഷണ കലയുടെ അവസാന വാക്കായ ഷെർലക്ക് ഹോംസിനെ പുനർജ്ജനിപ്പിക്കുന്നതിൽ ഒരു പരിധിയോളം വിജയിച്ചത് സിനിമയാണ്. ഷെർലക്ക് സിനിമകളും ടിവി സീരീസുകളും ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നു. ഷെർലക്ക് ഹോംസിനെ പല രൂപങ്ങളിൽ പല ഭാഷകളിൽ നാം കണ്ടിട്ടുണ്ടെങ്കിലും ഒരു സ്ത്രീയായി സങ്കൽപ്പിക്കാനാകുമോ?
അതെ, കൗമാരക്കാരിയായ ഒരു പെൺകുട്ടിയായി ഷെർലക്കിനെ അവതരിപ്പിക്കുന്നത് അമേരിക്കൻ എഴുത്തുകാരിയായ ബ്രിട്ടാനി കാവല്ലറോയാണ്. ഷാർലറ്റ് ഹോംസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. പുസ്തകത്തിന്റെ പേര് സ്റ്റഡി ഇൻ ഷാർലറ്റും. ഷാർലറ്റും ഹോംസും ജാമീ വാട്സണും തങ്ങളുടെ സ്വത്വം തിരിച്ചറിയാൻ ശ്രമിക്കുന്ന കൗമാരക്കാർ. ഇവരുടെ മുതുമുത്തച്ഛൻമാർ ലോകപ്രസിദ്ധരാണ്. ഷെർലകിന്റെയും വാട്സന്റെയും പാരമ്പര്യമാണ് ഇരുവർക്കും പറയാനുള്ളത്. കണക്ടിക്കട്ടിലെ ബോർഡിംഗ് സ്കൂളിൽ ഇരുവരും കണ്ടുമുട്ടുന്നു. സുഹൃത്തുക്കളോട് വിമുഖത കാണിക്കുന്ന ഷാർലറ്റിനും ജാമിക്കും പക്ഷേ ഒരു പ്രത്യേക സാഹചര്യത്തിൽ പരസ്പരം വിശ്വസിക്കേണ്ടി വരുന്നു. സഹപാഠിയുടെ കൊലപാതകത്തിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമവും അവര്‍ മറികടക്കുന്ന പ്രതിസന്ധികളുമാണ് മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന നോവലിലുള്ളത്.ബ്രിട്ടാനി കാവല്ലറോയുടെ ആദ്യ നോവലാണിത്.
കവിതകളിലൂടെ പ്രസിദ്ധയായി എഴുത്തുകാരിയാണ് ബ്രിട്ടാനി കാവല്ലറോ. താനൊരു ഷെർലക്കിയനാണെന്നാണ് ബ്രിട്ടാനി അഭിമാനത്തോടെ പറയുന്നത്. 2013ൽ ഗവേഷണവിദ്യാർഥിയായിരുന്നപ്പോഴാണ് ബ്രിട്ടാനി നോവലെഴുതാനാരംഭിച്ചത്. ആദ്യ പുസ്തകം പുറത്തുവന്നിരിക്കുന്നു. രണ്ടാംഭാഗം പൂർത്തിയാക്കിയശേഷം ഇപ്പോൾ മൂന്നാമത്തെ ഭാഗത്തിന്റെ രചനയിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാംഭാഗം വായിച്ച യുവതീയുവാക്കൾ ഷാർലറ്റിന്റെ സാഹസങ്ങൾക്കായി കാത്തിരിക്കുകയാണത്രെ.