ചരിത്രവും പുരാണവും ഭാവനയുമൊക്കെ കൂട്ടിക്കുഴച്ച കഥകൾക്ക് എപ്പോഴും ധാരാളം വായനക്കാരുണ്ടായിട്ടുണ്ട്. അമീഷിന്റെ ശിവ പുരാണത്രയം, സയൺ ഓഫ് ഇക്ഷ്വാകു, ഡാൻ ബ്രൗണിന്റെ നോവലുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്. ഡാൻ ബ്രൗണിന്റെ ഏഞ്ചൽസ് ആന്റ് ഡെമണ്‍സും ഇലൂമിനറ്റിയുമൊക്കെ ഓർമയുണ്ടാകുമല്ലോ? എന്നാൽ എപ്പോഴെങ്കിലും അശോക ചക്രവർത്തിയുടെ 9 അജ‍്ഞാതരെക്കുറിച്ച് എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ?
വളരെക്കാലം ബ്രിട്ടീഷ് ഇന്ത്യയില്‍ ചിലവഴിച്ച് താൽബോട്ട് മുണ്ടേ എന്ന നോവലിസ്റ്റ് 1923ൽ എഴുതിയ നോവലാണ് ദ നൈൻ അൺനോൺ. അഡ്വഞ്ചർ എന്ന പൾപ്പ് മാഗസിനിലാണ് ഇവ പരമ്പരകളായി വന്നത്. പിന്നീട് പുസ്തകമായി. പക്ഷേ ഈ നോവലിലൂടെ പരാമർശിക്കപ്പെട്ട എല്ലാം അറിയുന്ന ആ ഒമ്പത് ആളുകളെക്കുറിച്ച് പുനരാഖ്യാനങ്ങളുണ്ടായി. ലൂയിസ് ജാകോലിയറ്റ്, ലൂയിസ് പൊവൽ, ജാക്വസ് ബർജീയർ തുടങ്ങിയവർ അശോക 9 ന്റെ നിർമ്മിതിയിൽ കാര്യമായ പങ്കുവഹിച്ചവരാണ്.
ഷെർലക് ഹോംസ് ഒക്കെപ്പോലെ നോവൽ രൂപത്തിൽനിന്നും ഇന്റർനെറ്റ് ലോകത്തിലേക്ക് ആ സംഘടനയുടെ മിത്ത് പ്രചരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും പഴയതും ഇപ്പോഴും നിലനിൽക്കുന്നതുമായ രഹസ്യസംഘടനയാണ് ഇതെന്നും കഥയിൽ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നുമാണ് എന്തിലും ഒരു മിത്തിന്റെ രസപ്പൊതി കണ്ടെത്താൻ പാടുപെടുന്ന ഒരു കൂട്ടർ വാദിക്കുന്നത്.
അശോക ചക്രവർത്തിയുടെയും ഭാരത ചരിത്രത്തിലെ തന്നേയും നാഴികക്കല്ലായി മാറിയ കലിംഗ യുദ്ധത്തിനുശേഷം യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ഭീകരതയും കണ്ട അശോകൻ ഇനി മേൽ യുദ്ധം ചെയ്യില്ലെന്നും ധർമ്മമാർഗ്ഗത്തിൽ തന്നെയും ലോകത്തെയും നയിക്കുമെന്നും തീരുമാനിച്ചു.
100000 ആളുകള്‍ കൊല്ലപ്പെട്ട ആ യുദ്ധത്തിന്റെ പരിണിത ഫലം ശക്തിയുടെ ദുരുപയോഗത്തെക്കുറിച്ചും അത് ലോകത്തിന് ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചും അശോകനെ ചിന്തിക്കാനിടായാക്കിയത്രെ. അന്നേവരെ ഉപയോഗിക്കപ്പെട്ടതിൽ ഏറ്റവും മികച്ച ആയുധങ്ങളാണ് കലിംഗ യുദ്ധത്തിൽ ഉപയോഗിച്ചത്. ഇത്തരത്തിലുള്ള പല നൂതന ആയുധങ്ങളും വിനാശകാരികളായ നേതാക്കളുടെ കൈവശമെത്തിയാൽ എന്ന ചിന്തയിൽ ലോകത്തിലെ എല്ലായിടത്തും അറിവ് സംഭരിക്കാനായി അദ്ദേഹം 9 പേരെ നീയമിച്ചു. ഇവർ ഓരോ കാലത്തും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് അശോക ചക്രവർത്തിയുടെ ആജ്ഞകൾ നിറവേറ്റുന്നു.
ജീവിതത്തിന്റെ വിവിധ പന്ഥാവിൽ ഉള്ളവരാകാം ഇത്തരത്തിൽ കണ്ടെത്തപ്പെടുന്നവർ. ലാമമാരെ തെരഞ്ഞെടുക്കുന്നതുപോലെ അവരിൽ എന്തെങ്കിലും സവിശേഷത്വം ദര്‍ശിച്ചിട്ടുമാകാം ഈ തിരഞ്ഞെടുക്കൽ. ഈ 9 അജ്ഞാതരുടെ കൈവശം 9 പുസ്തകങ്ങളുണ്ടത്രെ. കാലാകാലങ്ങളായി സമ്പാദിക്കുന്ന അറിവുകൾ അവർ രേഖപ്പെടുത്തി വയ്ക്കുന്നു. ഓരോ സമയത്തും സമൂഹത്തിന്റെ ഉന്നതപദവിയിലുണ്ടായിരുന്ന പലരും ഇത്തരത്തിൽ അശോക 9തിലുള്ളവരാണത്രെ. വിക്രം സാരാഭായ് മുതൽ ഒരു മാർപാപ്പ വരെ ഇത്തരത്തിൽ അശോകന്റെ സീക്രട്ട് 9ൽപ്പെട്ടവരാണെന്നമട്ടിൽ പോകുന്ന കഥകൾ.
എല്ലാക്കാലത്തും ലോകത്തെമ്പാടുമുണ്ടാകുന്ന ശാസ്ത്രനേട്ടങ്ങളിൽ പങ്കാളികളാകുകയും പല വിലപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തി വച്ചശേഷം അടുത്തയാളെ കണ്ടെത്തി അവർ മൺമറഞ്ഞു പോകുന്നു. പല ചരിത്ര മുഹൂർത്തങ്ങളിലും ഇവരുടെ അറിവ് മനുഷ്യരാശിയുടെ രക്ഷക്കെത്തിയിട്ടുണ്ടെന്നും അശോക 9 ആരാധകർ പറയുന്നു. ഏതായാലും ചരിത്രവും ഭാവനയും കൂടിക്കലർന്ന നല്ലൊരു സിനിമയ്ക്ക് ഈ കഥ ഉപകരിച്ചേക്കുമെന്നും അതിനപ്പുറം ഒരു തെളിവും ഇക്കഥയ്ക്കില്ലെന്ന് മറ്റൊരു കൂട്ടരും പറയുന്നു.