Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെവലിയർ അഗസ്റ്റ്‌ ഡ്യൂപ്പിനെന്ന ആദ്യ ഡിറ്റക്ടീവ്

alex-dupin-alan-poe മലയാളത്തിലെ ഭൂരിഭാഗം അപസർപ്പക നോവലുകൾക്കും ആദ്യകാലത്ത് ഹോംസ് പ്രേതബാധയുണ്ടായിരുന്നു. എന്നാൽ ഹോംസിനും മാതൃകയായ മറ്റൊരു കുറ്റാന്വേഷകനുണ്ടായിരുന്നു. എഡ്‌ഗര്‍ അലന്‍ പോ എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ സ‍ൃഷ്ടിച്ച അഗസ്റ്റ്‌ ഡ്യൂപിന്‍.

ഓടിക്കിതച്ചെത്തുന്ന കോപ്പനെ കണ്ടമാത്രയില്‍ ഇൻസ്പെക്ടർ ഉക്കണ്ടക്കുറുപ്പു പറയുകയാണ്,–'നീ ചോറ്റാനിക്കരക്കുന്നില്‍ക്കൂടിയാണ് വരുന്നത്. ഇടത്തുകൈയാണ് സ്വാധീനം'.  ഏമാന് ജ്യോതിഷം കൂടി വശമുള്ളതിനാൽ രക്ഷ ഇവിടെത്തന്നെയെന്ന് പറഞ്ഞ കോപ്പൻ കാലിൽ വീഴുന്നു. ഇതോടെ നിസാരമെന്നമട്ടിൽ ഉക്കണ്ടക്കുറുപ്പ് ആ രഹസ്യം പറയുന്നു. അയാളുടെ കാലിലെ ചെമ്മണ്ണിന്റെ നിറം നോക്കിയാണത്രെ എവിടെനിന്നും വന്നെന്ന് കണ്ടുപിടിച്ചത്. ഈ നിഗമനശാസ്ത്രം നല്ല പരിചയം തോന്നുന്നല്ലേ. അതെ ഹോംസ് തന്നെ.

മലയാളത്തിൽ എഴുതപ്പെട്ട ഭൂരിഭാഗം അപസർപ്പക നോവലുകൾക്കും ആദ്യകാലത്ത് ഹോംസ് പ്രേതബാധയുണ്ടായിരുന്നു. നിരവധി രചനകളാണ് ഹോംസിനെ മാതൃകയാക്കി ഉണ്ടായത്. പ്രൈവറ്റ് ഡിറ്റക്ടീവെന്ന ആശയംതന്നെ ഹോംസിൽ നിന്നായിരുന്നുവെന്ന് വേണമെങ്കിൽ പറയാം.  എന്നാൽ ഹോംസിനും മാതൃകയായ മറ്റൊരു കുറ്റാന്വേഷകനുണ്ടായിരുന്നു നൂറ്റാണ്ടിനു മുന്‍പ്‌ എഡ്‌ഗര്‍ അലന്‍ പോ എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ സ‍ൃഷ്ടിച്ച അഗസ്റ്റ്‌ ഡ്യൂപിന്‍.

ഡ്യൂപ്പിനല്ല ഹോംസെന്ന് സമർഥിക്കാൻ കോനൽ ഡോയൽ ആദ്യരചനയിൽത്തന്നെ ശ്രമം നടത്തുന്നു. സ്റ്റഡി ഇൻ സ്കാർലെറ്റെന്ന പുസ്തകത്തിലാണ് വാട്സൺ–ഹോംസ് ചരിത്രജോഡികൾ കണ്ടുമുട്ടുന്നത്. വാട്സണ്‍– "താങ്കളെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് എഡ്ഗർ അലൻപോയുടെ ഡ്യൂപ്പിനെയാണ് ഓർമ്മവരുന്നത്. കഥകൾക്ക് പുറത്ത് ഇത്തരം ആളുകളുണ്ടെന്നത് അത്ഭുതംതന്നെ"

ഷെർലക്– "ഡ്യൂപ്പിനുമായുള്ള ഉപമയിലൂടെ താങ്കൾ വിചാരിക്കുന്നത് എന്നെ പ്രശംസിക്കുകയാണെന്നാണ്, പക്ഷേ എന്റെ അഭിപ്രായത്തിൽ ഡ്യൂപ്പിൻ അത്ര കഴിവുള്ളയാളൊന്നുമല്ല.  അരമണിക്കൂറെടുത്ത് സുഹൃത്ത് ചിന്തിച്ചതെന്താണെന്ന് പറയുന്ന ഡ്യൂപിൻ മന്ദനും അതിശയോക്തിയുള്ളയാളുമാണ്, പോ കരുതിയതുപോലെ അത്ര പ്രതിഭാധനനൊന്നുമല്ല". 

ഇത്രയും പറയുന്നതിലൂടെ ഡോയൽ ഷെർലക്കിനെ വേറൊരു വ്യക്തിത്വമാക്കി ഉയർത്തുന്നതിൽ വിജയിച്ചു. ഷെർലക് ഹോംസ് തന്റെ 221 ബി, ബേക്കർ  സ്ട്രീറ്റിൽ ഉണ്ടെന്നുകരുതി ആളുകൾ തേടിയെത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. പക്ഷേ സർ ആർതർ കോനൽ ഡോയൽ തന്നെ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു സർവകാല മാതൃകയാണ് അല്ലൻപോയുടെ കഥകളെന്ന്.

ലോകസാഹിത്യത്തിലെത്തന്നെ ലക്ഷണമൊത്തെ ആദ്യത്തെ കുറ്റാന്വേഷണകഥയായി പറയപ്പെടുന്നത് അമേരിക്കന്‍ ചെറുകഥാകൃത്തും കവിയും സാഹിത്യനിരൂപകനുമായിരുന്ന എഡ്ഗര്‍ അലന്‍  പോയുടെ  റ്യൂ മോര്‍ഗിലെ കൊലപാതകമാണ്. തിന്മയും ഭ്രമാത്മകതയും മരണവും പ്രതികാരവും നരഹത്യയും നിഗൂഢതയും പശ്ചാത്തലമാകുന്ന ആരും ചിന്തിക്കാത്ത ലോകത്തേക്കെത്തിക്കുന്ന കഥകളാണ് പോയുടെ രചനയിലൂടെ പുറത്തുവന്നത്. 

പോ ഗ്രഹാംസ്‌ എന്ന മാസികയില്‍ എഴുതിയ കഥയാണ്‌ 'മര്‍ഡേഴ്‌സ്‌ ഇന്‍ ദി റ്യുമോര്‍ഗ്'‌ (Murders in the Rue Morgue). പാരീസിലെ നഗരപ്രാന്തത്തില്‍ താമസിച്ചിരുന്ന രണ്ടു സ്‌ത്രീകളുടെ നിഷ്ഠൂര കൊലപാതകത്തെക്കുറിച്ചായിരുന്നു ഡ്യൂപിന്റെ ആദ്യ അന്വേഷണം.1840ലെ ഒരു ഗ്രീഷ്‌മകാലത്താണ് ഈ കഥയുടെ ആരംഭം. കഥയെഴുതുന്നയാൾ ഡിറ്റക്ടീവ് ഡ്യൂപ്പിനെ കണ്ടുമുട്ടുന്നതുപോലെയാണ് കഥ പറച്ചിൽ( ഭൂരിഭാഗം ഡിറ്റക്ടീവ് കഥകളും ഈ രീതിയിലാണ്). കഥാകാരനെ നിരീക്ഷിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഡ്യൂപ്പിൻ പറയുന്നുണ്ട്( ഈ രീതി ഹോംസും അനുവർത്തിക്കുന്നുണ്ട് പക്ഷേ എന്തൊക്കെയാണ് തന്നെ ആ നിഗമനത്തിലേക്കെത്തിച്ചതെന്ന് ഹോംസ് വെളിപ്പെടുത്തുന്നുണ്ട്).

മദാം ഇസ്പായനേയും മകളായ റ്യൂമോർഗും ഭീകരമാംവിധം കഴുത്തറത്ത് കൊല്ലപ്പെടുന്നു. ചിമ്മിനിക്കുള്ളിൽ തിരുകിവച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. മാത്രമല്ല വാതിൽ അകത്തുനിന്നും തഴുതിട്ട നിലയില്‍. ആകെ ലഭിച്ചത് ഏതോ വിചിത്രഭാഷ കേട്ടെന്ന് പരിസരവാസികളുടെ മൊഴിയും അൽപ്പം രോമങ്ങളും. ഇവിടെ നിന്നാണ് ഡ്യൂപ്പിന്‍ അന്വേഷണം തുടങ്ങുന്നത്.  ദ മിസ്റ്ററി ഓഫ് മേരി റോഗെറ്റ്, പർലോനെഡ് ലെറ്റ‍ർ എന്നിവയും ഡ്യൂപ്പിനന്വേഷിച്ച കേസുകളായിരുന്നു. ഇതോടെ ഷെവലിയാർ അഗസ്റ്റസ് ഡ്യൂപ്പിൻ ചരിത്രത്താളുകളിലിടം നേടി.