മലയാള കവിത യുവത്വത്തിൽ നിൽക്കുമ്പോൾ അതിന്റെ പ്രായം അടയാളപ്പെടുത്താൻ എപ്പോഴും ഉണ്ടാവണം ഇരുപുറവും എഴുത്തിൽ യുവത്വം നിറയ്ക്കുന്ന കവികൾ. കവി പി കെ ഗോപിയുടെ കാവ്യപരമ്പരയിൽ നിന്നും വന്നു എന്നതുകൊണ്ട് മാത്രമല്ല ആര്യ ഗോപിയും സൂര്യ ഗോപിയും കവിതാവഴിയിൽ പൂത്തു നിൽക്കുന്നത്, മറിച്ച് രണ്ടു പേരിലും എഴുത്തുകൾക്കുള്ള സാധ്യതകൾ ഏറെ ഉള്ളതിനാൽ തന്നെയാണ്.
കഥയെഴുത്തിലാണ് പക്ഷെ സൂര്യയ്ക്ക് താൽപ്പര്യം. സൂര്യയ്ക്ക് മുട്ടത്തു വര്‍ക്കി കലാലയ കഥാ അവാര്‍ഡ്, പൂര്‍ണ-ഉറൂബ് കഥാമത്സര അവാര്‍ഡ്, മലയാള മനോരമ ശ്രീ കഥാ അവാര്‍ഡ് എന്നിവ ലഭിച്ചപ്പോൾ ഉപ്പുമഴയിലെ പച്ചിലകൾ എന്ന കഥാ സമാഹാരത്തിനു 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരവും ലഭിച്ചിരുന്നു.. എഴുത്തും വായനയും ഒന്നിച്ചു കൊണ്ട് പോകുന്ന സൂര്യയ്ക്ക് വായനയിൽ ഏറെ ഇഷ്ടങ്ങളുണ്ട്.
ജീവിതം ഏറെ സ്വാധീനിച്ച കൃതി ഏത് എന്ന ചോദ്യത്തിന്, ഇന്ദിരാ ഗോസ്വാമിയുടെ 'അപൂര്‍ണമായ ആത്മകഥ' എന്നതാണുത്തരം. ജീവിതത്തെ, ചിന്തകളെ ഒക്കെ ഒരുപാട് മാറാൻ സഹായിച്ച ഒരു എഴുത്താണത്. കൗമാരപ്രായത്തിന്റേതായ ചില പ്രത്യേകതകളിൽ ഒരുപാട് ഉള്ളിലേയ്ക്ക് ഒതുങ്ങിപ്പോയിരുന്ന ഒരു സമയമുണ്ടായിരുന്നു, അപ്പോഴാണ് ഗോസ്വാമിയുടെ ആത്മകഥ വായിക്കുന്നത്, അതുണ്ടാക്കിയ അനുഭവം വ്യത്യസ്തമായിരുന്നു. പ്രായത്തിന്റെ വിഷാദം, അന്തർമുഖത്വം ഒക്കെ ഒരുപരിധി വരെ മാറി ജീവിതത്തെ പ്രതീക്ഷയോടെയും ധൈര്യത്തോടെയും നോക്കിക്കാണാൻ ആ പുസ്തകം സഹായിച്ചിട്ടുണ്ട്.
ഇരുപത്തി മൂന്നാമത്തെ വയസ്സിൽ വിധവയായ എഴുത്തുകാരിയാണ് ഇന്ദിരാ ഗോസ്വാമി. അവരുടെ ആത്മകഥാ രൂപത്തിലുള്ള അനുഭവങ്ങളാണ് അപൂർണമായ ആത്മകഥയിൽ പറയുന്നത്. എന്നാൽ ആ ആത്മകഥ അപൂർണമാണെന്നല്ല തികച്ചും പൂർണത തോന്നിച്ച ഒന്ന് തന്നെയാണ്. ആ പ്രായത്തിൽ വിധവയാകേണ്ടി വന്ന ഒരു സ്ത്രീയുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവ്, പോരാട്ടങ്ങൾ, ജീവിതത്തെ നന്മയുടെ പോസിറ്റീവ് എനർജിയുടെ ഒരു കാഴ്ചപ്പാടിൽ നിന്ന് നോക്കിക്കാണാൻ ഏറെ സഹായിച്ചു. ആസാമിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തു ഏറെ പ്രവർത്തന നിരതയായ ഒരു എഴുത്തുകാരിയായിരുന്നു ഇന്ദിരാ ഗോസ്വാമി.വലിയ എഴുത്തുകാരിയോ പണ്ഡിതയോ ആകുകയല്ല, നല്ല മനുഷ്യനാകുകയാണ് പരമപ്രധാനാമായ കർത്തവ്യമെന്നു മനുഷ്യനോട് പറയാൻ അവർക്കു കഴിഞ്ഞു.
ജീവിതത്തോട് ഏറ്റവും വിചിത്രമായ ഉടമ്പടികളായിരുന്നു അവർ നടത്തിയിരുന്നത്. എന്നാൽ ഏതു വശത്തു നിന്നുമുള്ള വിലക്കുകളോ ഒന്നും അവരുടെ എഴുത്തിനെ ബാധിച്ചതേയില്ല. എപ്പോഴും പാവങ്ങളുടെ കൂടെ നിന്ന് തന്നെയാണ് ഇന്ദിര ഗോസ്വാമി എന്ന സ്ത്രീ സംസാരിച്ചിട്ടുള്ളത്. അവരുടെ ജീവിതവും എഴുത്തും തന്ന ഇൻസ്പിരേഷൻ ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായിരുന്നു. അതുകൊണ്ടു തന്നെ തെല്ലു സങ്കടങ്ങളിലും എന്തെങ്കിലും പ്രശ്നങ്ങളിലും വിഷാദത്തിലാകുമ്പോൾ വായിക്കാൻ തോന്നുന്ന കൃതിയും ഇത് തന്നെയാണ്.
ജീവിതത്തെ കരുത്തുറ്റതാക്കി തീർത്ത മറ്റൊരു പ്രിയ വായന എക്സൽ മുൻതേയുടെ സാൻമിഷേലിന്റെ കഥയാണ്. എഴുതാനിരിക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ ഉള്ളിൽ കേൾക്കാനാകുന്നുണ്ട്. വിശപ്പിനേയും ജീവിത പ്രാരാബ്ധങ്ങളെയും പട്ടിണിയേയും കുറിച്ചെഴുതുന്ന എഴുത്തുകാർ അനുഭവ തലത്തിൽ ദരിദ്രരാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ പലപ്പോഴും സ്വയം ചോദ്യം ചെയ്യലായി മാറാറുണ്ട്. സാൻ മിഷേലിന്റെ ജീവിതത്തിലെ അനുഭവങ്ങളും ആതുരസേവനത്തിലെ ഉൾനനവുകളും വല്ലാതെ ഉലയ്ക്കാറുണ്ട്. രാജകുടുംബം ഉൾപ്പെടുന്ന വരേണ്യ വർഗ്ഗം സേവനത്തിനായി കാത്തു നിൽക്കുമ്പോഴും ഒന്നുമില്ലാത്തവന്റെ ജീവിതത്തിന്റെ ഒപ്പം നിൽക്കുകയും അവന്റെ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരാളുടെ രാഷ്ട്രീയബോധം ജീവിതത്തെയും എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ട്.
ജീവിതം കാട്ടി തന്ന മറ്റൊരു കൃതി ചെറുകാടിന്റെ 'മുത്തശ്ശി' എന്ന നോവലാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെയും അധ്യാപനരംഗത്തെയും മാറ്റങ്ങളുടെ ഒക്കെ ഒരു വ്യക്തിത്വമാണ് ഇതിലെ നാണി മിസ്ട്രസ് എന്ന കഥാപാത്രം. അറിവ് നേടുക, അറിവ് പകരുക എന്നത് ഒരു പോരാട്ടം കൂടിയാണെന്ന് ആ കഥാപാത്രം പറയുന്നുണ്ട്. ഇന്നത്തെ കാലത്തെ അധ്യാപകരും കുട്ടികളും അനുഭവിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം പോലും ഉരുത്തിരിഞ്ഞു വന്നത് അത്തരം പോരാട്ടങ്ങളിൽ കൂടി തന്നെയാണ്. ഒരു അധ്യാപിക എന്ന നിലയിൽ കൂടുതൽ ചരിത്രബോധവും സാമൂഹിക ഉത്തരവാദിത്തവും ജീവിതത്തിൽ പകർത്താൻ 'മുത്തശ്ശി' ഏറെ സഹായിച്ചിട്ടുണ്ട്.
നോവലിസ്റ്റ് സി രാധാകൃഷ്ണന്റെ 'മുൻപേ പറക്കുന്ന പക്ഷികൾ' ആണ് മറ്റൊരു ഇഷ്ടവായന. ചോരയുടെ പ്രളയകാലങ്ങൾക്കു ശേഷം സമത്വ സുന്ദരമായ ലോകത്തിലേക്ക് ചിറകു വിരിയ്ക്കാമെന്ന സ്വപ്നങ്ങൾക്ക് ഒരുപാട് തൂവലുകൾ പിടിപ്പിച്ചു തന്ന പുസ്തകമാണത്. കാലത്തിനു മുൻപേ പറക്കണമെങ്കിൽ ഉൾക്കാഴ്ചകളുടെ കരുത്തു കൂടിയേ കഴിയൂ എന്ന തിരിച്ചറിവുമായിരുന്നു ആ പുസ്തകം. വായനകളിൽ ഇങ്ങനെ ഇഷ്ടങ്ങൾ നിരവധിയുണ്ട്. പൊതുവെ സ്ത്രീപക്ഷ രചനകളോടും അടുപ്പം ഏറെയുണ്ട്. ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷി' ഒക്കെ ഇഷ്ടങ്ങളിൽ ഏറ്റവും മുന്നിൽ തന്നെ നിൽക്കുന്നുണ്ട്.