മലയാള സാഹിത്യലോകത്ത് കുടുംബ ആധിപത്യം അത്ര പ്രസക്തമല്ല. രാഷ്ട്രീയത്തിൻറെ വേരുറപ്പ് കലാസങ്കേതത്തിൽ ഉണ്ടാകാൻ തരമില്ലല്ലോ.കുടുംബത്തിലുള്ള ഒരാളുടെ എഴുത്തിന്റെ പുറകെ മറ്റുള്ളവരും എഴുതി തെളിഞ്ഞവർ ഇല്ലെന്നല്ല. ബാലാമണിയമ്മയുടെയും മാധവിക്കുട്ടിയുടെയും എഴുത്ത് പാരമ്പര്യം എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. നാലപ്പാട്ടെ പുൽക്കൊടിത്തുമ്പു വരെ എഴുത്തുകാരാണ് എന്ന് ഏതോ സാഹിത്യ ആസ്വാദകൻ പറഞ്ഞു രസിച്ചതുമോർക്കുന്നു. അവിടം കൊണ്ടൊന്നും തീരുന്നതല്ല സാഹിത്യ പാരമ്പര്യം. ഭർത്താവിന്റെ എഴുത്തുപാരമ്പര്യത്തെ പിന്തുടർന്ന് എഴുത്തിന്റെ വഴിയിലെത്തിയ സീതാലക്ഷ്മി കേശവദേവ്, ഫാബി ബഷീർ തുടങ്ങിയവരും ഉണ്ട്. ഇവരൊക്കെ നില നിൽക്കെ തന്നെ മലയാള സാഹിത്യ ശാഖയിൽ ഒരച്ഛനും രണ്ടു പെൺമക്കളും വളരെ ഊർജ്ജസ്വലരായി എഴുത്ത് തുടരുന്നു. പി.കെ ഗോപിയും മക്കളായ സൂര്യയും ആര്യയും.
2016 ലെ ആശാൻ സ്മാരക പുരസ്കാരം ആര്യാ ഗോപി ഏറ്റു വാങ്ങിയെങ്കിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്കാരത്തിന് എഴുത്തുകാരി സൂര്യ ഗോപി അർഹയായി. ഒരേ മരക്കൊമ്പിൽ വിരിഞ്ഞ ഒരേ ഗുണമുള്ള രണ്ടു പൂവുകൾ പോലെ രണ്ടു പെൺകുട്ടികൾ. ഇവർക്ക് രണ്ടു പേർക്കും മുൻപ് സാഹിത്യലോകം ഏറെക്കാലം പി.കെ ഗോപി എന്ന കവിയുടെ പിന്നിൽ അലഞ്ഞിരുന്നു. സിനിമാ ഗാനങ്ങളും കവിതകളും നിരവധി എഴുതി സാഹിത്യ ലോകത്തും സാംസ്കാരിക ലോകത്തും സജീവമായി ഇടപെടുന്നയാളാണ് പി.കെ ഗോപി. കവിത ഹൃദയത്തിലെ സ്‌നേഹത്തിന്റെ ആവിഷ്‌കാരമാണെന്നും അമ്മയുടെ ഹൃദയത്തില്‍ നിന്നാകുമ്പോള്‍ അമ്മിഞ്ഞപ്പാലിന്റെ സ്‌നേഹവും കുടുംബത്തിന്റെ രക്ഷയുമായി കവിത മാറുന്നുവെന്നും പറഞ്ഞ എഴുത്തുകാരൻ.
അച്ഛന്റെ വഴികളിൽ തന്നെ മുന്നോട്ടു പോകാൻ ഇഷ്ടപ്പെടുന്നവരാണ് മക്കളായ സൂര്യയും ആര്യയും. എഴുത്തിൽ രണ്ട് പേരും കുട്ടിക്കാലം മുതൽ തന്നെ സജീവമായി നിൽക്കുന്നവർ. അച്ഛന്റെ വായനയുടെ ലോകം നയിച്ച എഴുത്തിനെ ജീവിതം മുന്നോട്ടു നയിക്കുമ്പോഴും രണ്ടു പേരും ഒഴിവാക്കുന്നതേയില്ല. അച്ഛനോടൊപ്പം അമ്മയും എഴുത്തിൽ കൂടെയുണ്ട് എന്ന് ആര്യാ ഗോപി പറയുമ്പോൾ അച്ഛൻ എഴുത്തിന്റെ വഴിയിലെ ധൈര്യമായും അമ്മ മനസിന്റെ വഴിയിലെ താങ്ങായും കൂടെയുണ്ട് എന്ന് കരുതാം.
നവ എഴുത്തുകാരിൽ ഇരുവരും നന്നായി വായിക്കപ്പെടുന്നവരും ചർച്ച ചെയ്യപ്പെടുന്നവരുമാണ്. അച്ഛന്റെ നിഴലിൽ നിന്നും മാറി എഴുത്തിൽ സ്വന്തമായ പാത വെട്ടി തുറന്നു മുന്നേറുന്നവർ. ഇരുവർക്കും പഠിക്കുന്ന പ്രായം തൊട്ടുതന്നെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ആശാൻ സ്മാരക പ്രകാരം ലഭിച്ച ആര്യാ ഗോപി വിവാഹിതയായെങ്കിലും കാവ്യവഴിയിൽ നിന്നും വേർപെട്ടിട്ടില്ല. പുതിയ ഇംഗ്ലീഷ് കവിതാ പുസ്തകത്തിന്റെ തിരക്കിലാണ് ഇപ്പോൾ ആര്യ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം സൂര്യയ്ക്ക് ലഭിച്ചത് ഉപ്പുമഴയിലെ പച്ചിലകള്‍ ·എന്ന കഥാ സമാഹാരത്തിനാണ്. അച്ഛനും ഒരു മകളും കവിതയുടെ വഴിയിൽ നടക്കുമ്പോൾ സൂര്യയുടെ വഴികൾ കഥയുടേതാണ്. ചെറുകഥയ്ക്കുള്ള അങ്കണം അവാര്‍ഡ്, ഗീതാഹിരണ്യന്‍ ബെസ്റ്റ് സ്റ്റോറി അവാര്‍ഡ്, ഉറൂബ് അവാര്‍ഡ് എന്നിവ ലഭിച്ച സൂര്യ ഇപ്പോൾ എറണാകുളം സെന്റ് തെരേസാസ് കോളജിലെ സീനിയര്‍ റിസേര്‍ച്ച് ഫെലോയാണ്.
മലയാള സാഹിത്യ വഴികളിൽ ഈ അച്ഛന്റേയും രണ്ടു പെൺകുട്ടികളുടെയും പേരുകൾ അടയാളപ്പെടുത്തിയിരിക്കുന്നു. ഇത്തവണത്തെ ഫാദേഴ്സ് ഡേയ്ക്ക് അച്ഛനു കൊടുക്കാൻ ഇവർക്ക് രണ്ടു പേർക്കും ലഭിച്ച പുരസ്കാരങ്ങളല്ലാതെ മറ്റെന്തു വേണം!..